UPDATES

unni krishnan

കാഴ്ചപ്പാട്

unni krishnan

ന്യൂസ് അപ്ഡേറ്റ്സ്

ഉള്ളില്‍ കടലടക്കിയ അമ്മമാര്‍

unni krishnan

നിങ്ങളുടെ കുട്ടികള്‍ കൂട്ടുകാരല്ലാതായിത്തീരുന്നു; കറുത്ത മുഖവും കടുത്ത നാക്കുമുള്ള വിമര്‍ശകരായി മാറുന്നു, കോശകീടം പോലെ ഉറ പൊട്ടിച്ച് പരുഷമായ പക്വതയുടെ മാഹാത്മ്യത്തില്‍ പുറത്തു വരുന്ന കാലം; ചായ പകര്‍ന്നു കൊടുക്കാനോ ഇസ്തിരിയിടാനോ അല്ലാതെ അവര്‍ക്ക് നിങ്ങളെ വേണ്ട… എന്നാല്‍ നിങ്ങള്‍ക്ക് അവരെ വേണം ,അത്രയേറെ നിങ്ങള്‍ക്ക് അവരെ വേണം അതുകൊണ്ടു അവര്‍ നിങ്ങളെ തനിച്ചാക്കി പൊയ്കഴിയുമ്പോള്‍ നിങ്ങള്‍ അവരുടെ പുസ്തകങ്ങളും സാധനങ്ങളും തൊട്ട് രഹസ്യമായി കുറച്ചു നേരം തേങ്ങിക്കരയുന്നു ‌‌-  മാധവിക്കുട്ടി

 

കോഴിക്കോടിനടുത്ത് വാഴക്കാട് എന്ന സ്ഥലത്ത് അകന്ന കുടുംബത്തിലുള്ള ഒരു ബന്ധു വീട്ടില്‍ ഞാന്‍ ഇടക്കെല്ലാം പോയിരുന്നത് ആ വീട്ടിലെ വല്ല്യുമ്മച്ചിയെ കാണാനായിരുന്നു. തലമുറകള്‍ക്ക് മുന്‍പുള്ള അവരുടെ കഥകള്‍ കേട്ടിരിക്കുന്നതു കൊണ്ടും യാത്ര പറയുമ്പോള്‍ കെട്ടിപ്പിടിക്കുന്നതു കൊണ്ടുമാണ് എന്നെ അവര്‍ക്കിഷ്ടമെന്ന് ആ വീട്ടിലുള്ളവരെല്ലാം എന്നെ കളിയാക്കാറുണ്ട്. സ്നേഹത്തിന്റെ ഗന്ധമാണ് അമ്മയ്ക്ക്. മധുരവും ആഴവുമുള്ള കടല്‍ പോലെയാണമ്മ .ചില സമയങ്ങളില്‍ ശാന്തമായ നീര്‍ച്ചോല പോലെയും. പൂച്ചകളെ ദൂരെ കൊണ്ടുപോയി കളയുന്നത്ര ലാഘവത്തോടെ അമ്മമാരെ ഉപേക്ഷിക്കുന്ന കാലമാണിത്. മക്കള്‍ക്ക് നോക്കാന്‍ സൗകര്യമില്ലാത്തതു കൊണ്ട് ചില അമ്മമാര്‍ വൃദ്ധസദനങ്ങളില്‍ എത്തപ്പെടുന്നു. സ്വന്തം ഇഷ്ടപ്രകാരം ജീവിതത്തിന്റെ അവസാന കാലത്തെങ്കിലും സ്വന്തം താത്പര്യങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കാനാണെന്ന് പറഞ്ഞ് റിട്ടയര്‍മെന്റിനു ശേഷം വൃദ്ധസദനത്തില്‍ പോയി ചേര്‍ന്ന ഒരമ്മയെ എനിക്കറിയാമായിരുന്നു. അവിടുത്തെ ചിട്ടവട്ടങ്ങള്‍ സഹിക്കാനാവാതെ, എനിക്ക് തോന്നുമ്പോ ഉറങ്ങാനും തോന്നുമ്പോ കിടക്കാനും കഴിയാനാവാതെ അവരുടെ ടൈംടേബിളിനനുസരിച്ചു ജീവിക്കാന്‍ പറ്റുന്നില്ലാ എന്നു പറഞ്ഞു പിന്നീടവര്‍ തിരിച്ചു പോന്നു.

 

ബാല്യകാല സുഹൃത്തുക്കള്‍ എല്ലാവരും കൂടി ഒത്തുചേര്‍ന്ന് ഒരു യാത്ര പോയ ദിവസം ബാല്യകാലത്തെ വികൃതികളെ കുറിച്ചും കൗമാരത്തിലെ സ്വപ്നങ്ങളെ കുറിച്ചും അന്നത്തെ പറയാതേയും അറിയാതേയും പോയ പ്രണയത്തെകുറിച്ചുമെല്ലാം സംസാരിക്കുന്നതിനിടെ എപ്പോഴോ ഒറ്റപ്പെട്ടുപോകാനിടയിലുള്ള വാര്‍ദ്ധക്യത്തെകുറിച്ചും പറയുകയുണ്ടായി. ജീവിതത്തില്‍ അങ്ങനെ ഒരവസ്ഥ വന്നാല്‍ നമുക്ക് എല്ലാവര്‍ക്കും ഒന്നിച്ചു താമസിക്കാം, പുസ്തകം വായിച്ചും പാട്ടു കേട്ടും ഇടക്ക് കുഞ്ഞു കുഞ്ഞു യാത്രപോയും നമുക്ക് നമ്മുടെ വാര്‍ദ്ധക്യം ആഘോഷമാക്കാം എന്നായി എല്ലാവരും. അപ്പോഴെല്ലാം എനിക്ക് അടുത്ത് പരിചയമുള്ള, ഞാന്‍ കണ്ട അമ്മമാരെ കുറിച്ച് ഓര്‍ത്തുനോക്കുകയായിരുന്നു ഞാന്‍. നല്ല മഴയുള്ള ഒരു ജൂണ്‍ മാസ രാത്രിയില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ച് ഞാനൊരു അമ്മയെ കണ്ടിരുന്നു. പുലര്‍ച്ചെ നാലു മണിയായിരുന്നു അപ്പോള്‍ സമയം. തണുപ്പില്‍ മൂടിപ്പുതച്ചുറങ്ങേണ്ട ആ പാതിരാനേരത്ത്, തിരക്കിട്ട് നീങ്ങുന്ന യാത്രക്കാരുടെ മുന്‍പിലൂടെ കയ്യിലുള്ള ലോട്ടറി ടിക്കറ്റ് നീട്ടിക്കാണിച്ച് നിശബ്ദയായി നടന്ന് നീങ്ങുന്ന 70 വയസു തോന്നിക്കുന്ന ഒരമ്മ. നിശബ്ദമായ പിടച്ചിലോടെ മുന്നില്‍ വന്ന് എന്നില്‍ സങ്കടക്കടലായി നിറഞ്ഞ ആ അമ്മയെ കുറിച്ചോര്‍ക്കുമ്പോള്‍ നെഞ്ചിലൊരു വേദനയാണ്.

 

 

എനിക്ക് ആരാധന തോന്നുന്ന ഒരമ്മയുണ്ട്. കൊല്‍ക്കത്തയില്‍ യാത്ര പോയ ദിവസമാണ് ഞാന്‍ അവരുമായി അത്ര അടുത്തത്. എഴുപതു വയസു കഴിഞ്ഞിട്ടും മനോഹരമായി മോഹിനിയാട്ടം ചെയ്യുന്ന അവര്‍ കൊല്‍ക്കത്താ കലാമണ്ഡലത്തിന്റെ പ്രിന്‍സിപ്പാളാണ്. ജയില്‍ ജീവിതവും പാര്‍ട്ടി പ്രവര്‍ത്തനവുമായി കമ്മ്യൂണിസ്റ്റുകാരനായ അച്ഛന്‍ തിരക്കിലായപ്പോള്‍ അച്ഛന്റെ അടുത്ത കൂട്ടുകാരനായ വള്ളത്തോള്‍ കുട്ടികളെ ഏറ്റെടുത്ത് ഷൊര്‍ണൂരിലേക്ക് കൊണ്ടു പോയി സ്വന്തം മക്കളെ പോലെ വളര്‍ത്തിയതും വിവാഹാലോചന വന്നപ്പോള്‍ കൊല്‍ക്കത്തയിലാണ് പയ്യന് ജോലി എന്നു കേട്ടപ്പോള്‍ നാടുകാണാനുള്ള ആഗ്രഹത്തിനു കല്യാണത്തിനു സമ്മതിച്ചതുമെല്ലാം അവര്‍ പറയുമ്പോള്‍ കേട്ടിരിക്കാന്‍ തന്നെ രസമാണ്. നാനാതുറയില്‍ പെട്ട പല പ്രായക്കാരായ കൂട്ടുകാര്‍ക്കിടയില്‍ രാഷ്ട്രീയവും സാഹിത്യവും കലയുമെല്ലാം ചര്‍ച്ചചെയ്യുന്നതും തര്‍ക്കിക്കുന്നതും പൊട്ടിച്ചിരിക്കുന്നതുമെല്ലാം നോക്കിയിരിക്കെ എഴുപതു വയസിനുമുകളിലാണവരുടെ പ്രായം എന്നാരും പറയില്ല. ഞാനേറെ ഇഷ്ടപ്പെടുന്ന മറ്റൊരമ്മയുണ്ട്. എന്റെ കൂട്ടുകാരി സുഷമയുടെ മുത്തശ്ശി അമ്മായിയാണവര്‍. മക്കള്‍ രണ്ടാളും പ്രോജക്റ്റിന്റേയും തിരക്കിന്റേയും കാരണം പറഞ്ഞ് വീട്ടിലേക്കുള്ള വരവ് നീട്ടി വെക്കുമ്പോള്‍, അല്ലെങ്കില്‍ കാരണമില്ലാത്തൊരു സങ്കടത്താല്‍ മനസ്സ് നോവുമ്പോള്‍ ഒക്കെ ഞാനും സുഷയും കുഞ്ഞു കുഞ്ഞു യാത്രകള്‍ പോവാറുണ്ട്. ഒറ്റപ്പാലത്തുള്ള ഞങ്ങളുടെ സാറിന്റെ വീട്ടിലോ ഒരു സിനിമക്കോ അല്ലെങ്കില്‍ അല്‍പ്പമകലെയുള്ള മറ്റുകൂട്ടുകാരുടെ വീട്ടിലോ എത്തുന്നത്ര ദൂരമേയുള്ളു ആ യാത്രക്ക്. ഒട്ടും തിരക്കില്ലാതെ, തോന്നിയവഴിയിലൂടെയൊക്കെ വണ്ടി ഓടിച്ചു വെറുതേ ഒരു യാത്ര. ഈ ചെറു പെണ്‍ യാത്രകള്‍ എനിക്കേറെ ഇഷ്ടമാണ്.

 

നമുക്കിന്ന് എന്റെ മുത്തശ്ശി അമ്മായിയെ കാണാന്‍ പോകാം, അര മണിക്കൂറില്‍ ഞാനെത്തും, ഒരുങ്ങി നിന്നോളൂ എന്നൊക്കെ പറഞ്ഞ് ഒരുച്ച നേരത്താണ് കൂട്ടുകാരിയുടെ ഫോണ്‍ വന്നത്. ഇരുട്ടുന്നതിനു മുന്‍പ് എത്തിക്കോണം എന്ന നിബന്ധനയിലാണ് സമ്മതം കിട്ടിയത്. നാട്യങ്ങളില്ലാത്ത, ഗ്രാമീണ പെരുമാറ്റമുള്ള സ്നേഹത്തിന്റെ ഭസ്മഗന്ധമുള്ള ആ മുത്തശ്ശിയെ എനിക്കിഷ്ടമാണ്. നാട്ടിലെ അമ്പലത്തിലെ ഉത്സവങ്ങളെ കുറിച്ചും പഴയ ആചാരങ്ങളെ കുറിച്ചും മുകളിലെ അറയിലേക്ക് പെണ്ണുകാണാന്‍ കയറിവന്ന ചെക്കനെ ആരും കാണാതെ കണ്ണാടിയിലൂടെ നോക്കിയതുമൊക്കെ പറയുന്നത് കേട്ടിരിക്കാം.

 

 

കാറിന്റെ ഹോണടി ശബ്ദം കേട്ടിട്ടും ആരെയും കണ്ടില്ല. ഇത്തിരി ബലമുള്ള ഇരുമ്പ് ഗേറ്റ് തള്ളിത്തുറന്ന് കയറിയപ്പോള്‍ ആദ്യം കണ്ണില്‍ പെട്ടത് വിശാലമായ വളപ്പിനുള്ളിലെ തലയെടുപ്പുള്ള നാലുകെട്ടാണ്. പ്ലാവും മാവും തണല്‍ വിരിച്ച തൊടി. കൃഷിയിറക്കാത്ത കൃഷിയിടങ്ങള്‍ .നിറയെ ആളുകളുണ്ടായിരുന്ന ആ വീട്ടില്‍ ഇപ്പോള്‍ മനുഷ്യ ജീവിയായി ആ മുത്തശ്ശി മാത്രം. ഞങ്ങളുടെ ശബ്ദം കേട്ട് പുറത്തേക്കുവന്ന അവര്‍ കൂട്ടുകാരിയോടൊപ്പം എന്നെ കണ്ടപ്പോള്‍ വിടര്‍ന്നു ചിരിച്ചു. എന്റെ കൈയെടുത്ത് സ്വന്തം കയ്യില്‍ വെച്ചു ചേര്‍ത്തിരുത്തി. മക്കളും പേരമക്കളും ഓണക്കാലത്ത് വിരുന്നു വന്നതും കൃഷിയിറക്കാന്‍ പണിക്കാരെ കിട്ടാത്തതുമെല്ലാം പറഞ്ഞ് കൊണ്ട് ആ വീട്ടിലെ പ്രിയപെട്ട ഇടങ്ങളെല്ലാം കൊണ്ടുപോയി കാണിച്ചു തന്നു. മരഗോവണി കയറുമ്പോള്‍ ഒറ്റക്ക് കിടക്കാന്‍ പേടിയാവില്ലേ എന്ന് അറിയാതെ ചോദിച്ചു പോയി. ഇപ്പോ കൂട്ടുകെടക്കാനൊന്നും ആരേം കിട്ടില്ലാ കുട്ട്യേ, ഫോണ്‍ ഉണ്ടെങ്കില്‍ ഒരു പേടിയുമില്ല. സന്ധ്യയാവുമ്പോള്‍ വാതിലുകളെല്ലാം അടയ്ക്കും, ടി.വി കാണും, വായിക്കും എന്നൊക്കെ പറഞ്ഞപ്പോള്‍ അത്ര സീരിയസ് വായനയാണെന്ന് ഞാന്‍ കരുതിയിരുന്നില്ല. തലയിണക്കരികില്‍ പകുതി വായിച്ചു മടക്കി വെച്ച പുസ്തകം വെറുതെ ഒന്നു തുറന്നു നോക്കി. കടമ്മനിട്ടയുടെ ശാന്ത! 

 

ഖസാക്കും നെട്ടൂര്‍ മഠവും മയ്യയി പുഴയുടെ തീരങ്ങളും വീണ്ടും വീണ്ടും വായിച്ചതും കുമാരനാശ്ശാന്റെയും പി കുഞ്ഞിരാമന്‍ നായരുടെയും  കവിതകള്‍ ചൊല്ലിക്കേള്‍ക്കാനിഷ്ടപ്പെടുന്ന പേരമകളെകുറിച്ചും പറയുന്നതുമൊക്കെ കേട്ട് കഥ കേള്‍ക്കുന്ന കുഞ്ഞുമനസുമായി മുന്നിലിരുന്നപ്പോള്‍ വൈകുന്നേരത്തേക്ക് മഴയുമെത്തി. വാര്‍ദ്ധക്യത്തില്‍ ഒറ്റപ്പെട്ടുപോയിട്ടും യാതൊരു പരിഭവവും പരാതിയും പറയാതെ, കുട്ടികളുടെ തിരക്കുകള്‍ തിരിച്ചറിയുന്ന, വായിച്ചും ടി.വി കണ്ടും ഇഷ്ടപെട്ട കാര്യങ്ങളിലേക്ക് മനസ് തിരിച്ചു വിട്ട ധൈര്യവതിയായ ഒരു അമ്മ. യാത്ര പറഞ്ഞപ്പോള്‍ സ്നേഹ വായ്പ്പോടെ കൈത്തലങ്ങള്‍ കൂട്ടിപിടിച്ചു കൊണ്ട് അവര്‍ പറഞ്ഞു; ഇനിയും വരൂ… തിരിച്ച് പോരുമ്പോള്‍ ഞാനൊന്നു തിരിഞ്ഞു നോക്കി. അങ്ങ് പുറകില്‍ മുഖം നിറയെ ചിരിയുമായി ഒരമ്മക്ക് മാത്രം പുലര്‍ത്താനാവുന്ന അതിരില്ലാത്ത സ്നേഹത്തോടെ ഉള്ളിലെ കടല്‍ ക്ഷോഭങ്ങള്‍ പുറത്ത് കാണിക്കാതെ നില്‍ക്കുന്ന ആ അമ്മയുടെ മുഖം എനിക്ക് മറക്കാനാവില്ല.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍