UPDATES

സിനിമ

നിങ്ങള്‍ക്കും വെജിറ്റേറിയനാകാം; എങ്ങനെയെന്ന് ശൈവം പഠിപ്പിക്കും

Avatar

എൻ. രവിശങ്കർ 

പേര് കേട്ട് ഏതോ ഹിന്ദു വര്‍ഗീയ സിനിമയാണ് `ശൈവം’ എന്ന് ധരിക്കേണ്ട. ആംഗല ഭാഷയിൽ Vegetarian  എന്ന് വ്യക്തമായി പോസ്റ്ററിൽ എഴുതിയിട്ടുണ്ട്. തമിഴിൽ ശൈവന്മാരാണല്ലോ പച്ചക്കറി തിന്നുന്നവർ. അശൈവം എന്ന് പറഞ്ഞാൽ ക്രൂരൻമാരായ ഇറച്ചി തീറ്റക്കാർ എന്നും വരും. കറി എന്ന് മാത്രം പറഞ്ഞാൽ തമിഴന് ഇറച്ചിക്കറി ആണല്ലോ. സിനിമ തുടങ്ങുമ്പോൾ ആട്, കോഴി, മീൻ ഇത്യാദികൾ ചന്തയിൽ നിന്നും മേടിക്കുന്നവർ സിനിമ അവസാനിക്കുമ്പോൾ അതേ ചന്തയിൽ നിന്നും വെണ്ടയ്ക്ക, കത്രിക്ക, ചീര എന്നിവ മേടിക്കുന്ന ശൈവന്മാർ ആയി തീരുന്നതെങ്ങിനെ എന്ന് നമ്മെ പഠിപ്പിക്കുന്ന സാമൂഹ്യ പ്രസക്തിയുള്ള ഒരു പടമാണ് `ശൈവം.’ പാപ്പ എന്ന് പേരുള്ള  ഒരു പൂവൻ കോഴിയാണ് ഈ മാറ്റം കൊണ്ടുവരുന്നത്.

പതിവ് പോലെ ഒരു സിനിമാ ഗ്രാമത്തിലാണ് കഥ നടക്കുന്നത്. എന്ന് വെച്ചാൽ, സിനിമാക്കാര്‍ക്ക് മാത്രം അറിയാവുന്ന ഒരു ഊരുണ്ടല്ലോ, ആ ഊര്. കാരൈകുടിയിലെ കോട്ടൈയൂർ എന്ന ഗ്രാമം. ഈ ഗ്രാമത്തിൽ മേൽ ജാതി-കീഴ് ജാതി പ്രശ്നമില്ല, മുതലാളി-തൊഴിലാളി പ്രശ്നമില്ല, ഹിന്ദു-മുസ്ലിം പ്രശ്നമില്ല, സ്ത്രീ-പുരുഷ പ്രശ്നമില്ല. വയലൊക്കെ കാഞ്ഞു കിടക്കയാണെങ്കിലും സുപ്രീം കോടതിയുടെ വിധി പ്രകാരം മുല്ലപ്പെരിയാർ വെള്ളം കിട്ടുമെന്ന് ഉറപ്പുള്ളത് കൊണ്ടാവാം അതും ഒരു വിഷയം അല്ല. ആകെ പ്രശ്നം ഗ്രാമ ദേവനായ കറുപ്പസാമി ഉണ്ടാക്കുന്നതാണ്. കറുപ്പസാമി കോപിച്ചിരിക്കയാണ്. മൂന്നു വര്‍ഷം മുമ്പ് കൊടുത്ത ഒരു നേര്‍ച്ചക്കടം ഇനിയും നിറവേറ്റിയിട്ടില്ല. ഒരു കോഴിയെ തിരുവിഴായ്ക്ക് ബലി കൊടുക്കാമെന്നത്. ഫലമോ?  ജന്മി കുടുംബത്തിൽ ഒന്നും ശരിയാകുന്നില്ല. മിക്കവരും പുറത്താണ്. എങ്കിലും, ജോലിയിൽ പ്രശ്നം. സന്താന സൌഭാഗ്യം ഇല്ല എന്നിങ്ങനെ. അങ്ങനെ അക്കൊല്ലം നേര്‍ച്ചയ്ക്കായി വളര്‍ത്തിയ കോഴിയെ ബലി കൊടുക്കാൻ തീരുമാനിക്കുന്നു. പക്ഷെ, ആ കോഴി വീട്ടിലെ തമിഴ് എന്ന കൊച്ചു കുട്ടിയുടെ ഓമനയാണ്.

തിരുവിഴായ്ക്ക് എത്തിയ കുടുംബാംഗങ്ങളുടെ രസകരമായ ഇടപഴകലുകളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. കുട്ടികൾ തമ്മിലുള്ള വഴക്കുകൾ, പറ്റിക്കലുകൾ, മുതിര്‍ന്ന കസിനുകൾ തമ്മിലുള്ള പ്രണയം പുതുക്കൽ എന്നിങ്ങനെ ചില്ലറ ചില്ലറ കാര്യങ്ങൾ. തമിഴ് എന്ന കുട്ടിയുടെ വീണ വായിച്ചു കൊണ്ടുള്ള ഗാനം, അവളുടെ സത്യസന്ധത, ത്യാഗമനോഭാവം എന്നിങ്ങനെ എല്ലാം നല്ല രീതിയിൽ തന്നെ വികസിപ്പിക്കുന്നുണ്ട്. പക്ഷെ, തമിഴ് ഒരു പണി പറ്റിച്ചു. കോഴിയെ മച്ചിൽ ഒളിപ്പിച്ചു. കോഴിയെ തേടലായി പിന്നെ. മെല്ലെ മെല്ലെ എല്ലാവരും അറിയുന്നു, തമിഴ് കോഴിയെ ഒളിപ്പിച്ചതാണെന്ന്. പക്ഷെ, അവരും അത് ജന്മിയോട് പറയുന്നില്ല. പക്ഷെ, തിരുവിഴായുടെ അന്ന് ജന്മി കോഴിയെ കണ്ടെത്തുന്നു. കോഴിയതാ കറുപ്പ സാമിയുടെ സവിധത്തിൽ. കോഴിയതാ കഴുത്തു വെട്ടുന്നവന്റെ കൈയ്യിൽ. അതാ, തമിഴ് മുന്നോട്ടു വന്നു തന്റെ കുറ്റം എല്ക്കുന്നു. അതാ, കുടുംബത്തിലെ എല്ലാവരും കുറ്റം ഏൽക്കുന്നു. അതാ, കണ്ടിക്കാൻ ഉയര്‍ത്തിയ വീച്ചരിവാൾ തടയപ്പെടുന്നു. അതാ, ജന്മി കോഴിയെ വിടാൻ കല്പ്പിക്കുന്നു. അതാ, ആ കുടുംബത്തിലെ എല്ലാവരും അന്ന് തൊട്ടു ശൈവന്മാർ ആയി മാറുന്നു. 

മലയാളത്തിൽ വെറും കോമഡി ആയി മാത്രം മാറാവുന്ന ഒരു ചിത്രത്തെ സംവിധായകൻ വിജയ്‌ വളരെ ഗൌരവത്തോടെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്തിരിക്കുന്നത് കാണുമ്പോൾ അത്ഭുതം തോന്നും. സാങ്കേതികതയിൽ വളരെ മുന്നിലാണ് ഈ ചിത്രം. നീരവ് ഷായുടെ ചായാഗ്രഹണം പ്രത്യേകിച്ച് എടുത്തു പറയണം. സംഭാഷണങ്ങൾ വളരെ കൃത്യതയുള്ളവയാണ്. പൊതുവെ, ഏറെ അടക്കത്തോടെ, തമിഴരുടെ പൊലിപ്പിക്കലുകൾ ഒന്നും ഇല്ലാതെ സൃഷ്‌ടിച്ച ചിത്രമാണിത്. അതി വൈകാരികത ഒട്ടുമില്ല. കോമഡി ട്രാക്ക് എന്നൊരു സാധനമേ ഇല്ല. വിജയ്‌ നായകനായി‘തലൈവാ’ എന്ന പൊളിപ്പൻ പടം എടുത്ത ആളാണോ ഇത് സംവിധാനം ചെയ്തത് എന്ന് സംശയിക്കും. 

ഏറ്റവും പ്രധാനം ചിത്രത്തിലെ ശബ്ദമിശ്രണമാണ്. ആര്‍ട്ട് പടം എടുക്കുന്ന മലയാളി സംവിധായകർ പോലും ഒട്ടും ശ്രദ്ധിക്കാത്ത ഈ വശം എത്ര മനോഹരമായി ചെയ്യാം എന്ന് വിജയ്‌ കാണിച്ചു തരുന്നു. അത്ര നിശബ്ദ സുന്ദരമാണ് ഈ ചിത്രം പലപ്പോഴും. ശബ്ദത്തിന്റെ ക്വാളിറ്റിയോ അതിഗംഭീരവും. (പാലക്കാട്ടെ മോശം സൌണ്ട് ഉള്ള ടാക്കീസിലെ സ്ഥിതിയാണ് പറഞ്ഞത്.)

നാസർ ജന്മിയായി ശോഭിക്കുന്നു. സാറ അർജുൻ അവതരിപ്പിക്കുന്ന തമിഴ് എന്ന കുട്ടി വേഷമാണ് ചിത്രത്തിൽ മികച്ചു നില്ക്കുന്നത്. വിക്രമിന്റെ മകളായി ‘ദൈവതിരുമഗൾ’ എന്ന വിജയ്‌ ചിത്രത്തിൽ അഭിനയിച്ച പെണ്‍കുട്ടിയാണ് ഇവൾ. നാസറിന്റെ മകൻ ബാഷയും ത്വാര ദേശായിയുമാണ്‌ കമിതാക്കളായ പുതുമുഖങ്ങൾ. മലയാളി ഗായകൻ ഉണ്ണികൃഷ്ണന്റെ മകൾ ഉത്തര പാടിയ മനോഹരമായ ഒരു ഗാനവും ചിത്രത്തിൽ ഉണ്ട്.

ചുരുക്കത്തിൽ ഇതാണ്. ഒരു സാങ്കല്പിക ഗ്രാമത്തിൽ ഒരു സാങ്കല്പിക കുടുംബത്തിൽ കറുപ്പ സാമി എന്ന എല്ലാം അറിയുന്ന ദേവത ഉണ്ടാക്കുന്ന പുകിലാണ് ചിത്രം. ഇതിലൂടെ, നമ്മൾ എല്ലാവരും ശൈവന്മാർ (ഇറച്ചി കഴിക്കാത്തവർ) ആയി തീരണമെന്നു ഈ ചിത്രം നമ്മെ ഉൽബോധിപ്പിക്കുന്നു. കേൾക്കേണ്ടവർ കേള്‍ക്കുക. അല്ലാത്തവർ ചിക്കനടിച്ചു വീട്ടില് പോവുക. ഒരു കാര്യം ഉറപ്പ്. നാമക്കലിൽ ഈ ചിത്രം ഓടില്ല.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍