UPDATES

സിനിമ

വി ഡി രാജപ്പനെ ഞാന്‍ വഞ്ചിച്ചിട്ടില്ല; സാജന്‍ പള്ളുരുത്തിക്ക് പറയാനുള്ളത്

Avatar

പ്രസിദ്ധ കലാകാരന്‍ വി.ഡി രാജപ്പനെ കുറിച്ച് അഴിമുഖം പ്രസിദ്ധീകരിച്ച ചിരിപ്പിച്ച് ചിരിപ്പിച്ച് തളര്‍ന്നുപോയ വി ഡി രാജപ്പന്റെ ജീവിതം; ഇന്ന് പാരഡിയല്ല എന്ന ലേഖനത്തില്‍ ഏറെ വിമര്‍ശിക്കപ്പെട്ട സിനിമാ നടനും മിമിക്രി കലാകാരന്മാരുടെ സംഘടനയായ  മിമിക്രി ആര്‍ടിസ്റ്റ് അസോസിയേഷന്‍ ഓഫ് കേരള(മാ)യുടെ ജനറല്‍ സെക്രട്ടറിയായ സാജന്‍ പള്ളുരുത്തി പ്രതികരിക്കുന്നു. (തയ്യാറാക്കിയത്: രാകേഷ് നായര്‍)

വി ഡി രാജപ്പന്‍ എന്ന കലാകാരനെ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ദുരിതകാലത്ത് വഞ്ചിച്ചുവെന്ന തരത്തിലാണ് അഴിമുഖത്തില്‍ വന്ന വാര്‍ത്തയില്‍ പറയുന്നത് എന്നെക്കുറിച്ച്. എന്നെ അറിയുന്നവരാരുംതന്നെ ഒരിക്കലും വിശ്വസിക്കാത്ത ഒന്നാണ്, ഒരാളെ ഞാന്‍ വഞ്ചിക്കുമെന്നുള്ളത്. എന്റെ കലാജീവിതത്തിനിടയിലോ വ്യക്തിജീവിതത്തിലോ മറ്റൊരാളുടെ ശാപം പിടിച്ചുവാങ്ങിവയ്ക്കുന്ന തരത്തില്‍ ഒന്നും തന്നെ ചെയ്തിട്ടില്ലെന്നു തന്നെയാണ് വിശ്വാസം. അങ്ങനെയുള്ള ഞാന്‍ വി ഡി രാജപ്പനോട് വിശ്വാസവഞ്ചന കാണിക്കുമെന്ന് പറയുന്നത് ഒരിക്കലും സത്യമായതല്ല. അതെവിടെയും തെളിയിക്കാന്‍ ഞാന്‍ സന്നദ്ധനുമാണ്.

എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്? 

കേരളത്തിലെ മിമിക്രി കലാകാരന്മാര്‍ ചേര്‍ന്ന് രൂപീകരിച്ച മിമിക്രി ആര്‍ടിസ്റ്റ് അസോസിയേഷന്‍ ഓഫ് കേരള(മാ)യുടെ ജനറല്‍ സെക്രട്ടറിയെന്ന നിലയ്ക്കാണ് ഞാന്‍ രാജപ്പന്‍ ചേട്ടനെ കാണാന്‍ പോകുന്നത്. ഞങ്ങളുടെ സംഘടനയ്ക്ക് ഒരു ആശംസ രാജപ്പന്‍ ചേട്ടന്റെ വകയായി ഉണ്ടാകണമെന്ന അതിയായ ആഗ്രഹമായിരുന്നു എനിക്ക്. അതനുസരിച്ചാണ് സജയന്‍( മിമിക്രി ആര്‍ട്ടിസ്റ്റ് സജയന്‍ മിത്രങ്കരി), എബി എന്നിവരോടൊപ്പം രാജപ്പന്‍ ചേട്ടനെ കാണാന്‍ ഞാന്‍ പോകുന്നത്. വളരെ ദയനീയമായിരുന്നു ഞങ്ങള്‍ കാണുമ്പോള്‍ രാജപ്പന്‍ ചേട്ടന്റെ അവസ്ഥ. അന്ന് ഞാനും സജയനും ചേര്‍ന്നാണ് രാജപ്പന്‍ ചേട്ടനെ മുടിയും താടിയുമെല്ലാം വെട്ടിയൊതുക്കിയതും മറ്റും. ഒരു വലിയ കലാകരന്റെ ജീവിതാവസ്ഥ ഇത്രമേല്‍ ദുരിതപൂര്‍ണമായത് ഒട്ടൊന്നുമല്ല എന്നെ വേദനിപ്പിച്ചത്. രാജപ്പന് ചേട്ടന് ആവശ്യമായ മരുന്നിനും മറ്റും ഞങ്ങളെ കൊണ്ട് കഴിയുന്ന സഹായം എന്തെങ്കിലും അദ്ദേഹത്തിന് ചെയ്യാമെന്ന് രാജപ്പന്‍ ചേട്ടന്റെ ഭാര്യ സുലോചന ചേച്ചിയോട് ഞങ്ങള്‍ പറഞ്ഞതുമാണ്. അതുപക്ഷെ സംഘടനയ്ക്ക് സ്വന്തമായൊരു ഫണ്ട് രൂപപ്പെട്ടശേഷമെ നല്‍കാന്‍ കഴിയൂവെന്നും വ്യക്തമായി പറഞ്ഞിരുന്നു.

രാജപ്പന്‍ ചേട്ടനെ ഞാന്‍ പോയി കണ്ടതിന്റെ ഫോട്ടോ പുറത്തുവന്നതോടെയാണ് ആ കലാകരന്റെ ജീവിതാവസ്ഥ പുറംലോകം അറിയുന്നത് തന്നെ. അതിലൂടെ ഞാനൊരു പബ്ലിസിറ്റിയും ആഗ്രഹിച്ചിരുന്നില്ല. വി ഡി രാജപ്പന്‍ ഇന്ന് എങ്ങനെയാണ് ജീവിക്കുന്നതെന്ന് ലോകത്തിന് കാണാന്‍ ഞാനൊരു കാരണമായെന്നുമാത്രം. തുടര്‍ന്നാണ് മഴവില്‍ മനോരമയില്‍ ഞങ്ങള്‍ അവതരിപ്പിച്ച ‘സിനിമ ചിരിമ’ എന്ന പ്രോഗ്രാമില്‍ പാരഡി റൗണ്ടില്‍ രാജപ്പന്‍ ചേട്ടനെ കുറിച്ചുള്ള ഓര്‍മ്മകളും ഞങ്ങള്‍ ഉള്‍പ്പെടുത്തുന്നത്. രാജപ്പന്‍ ചേട്ടന്‍ ഒരു മിമിക്രി കലാകരന്‍ അല്ലാതിരുന്നിട്ടു കൂടി എന്റെ ആഗ്രഹമായിരുന്നു അത്. ഇതിന്റെ ആവശ്യമായി രാജപ്പന്‍ ചേട്ടന്റെ ബൈറ്റ് ഷൂട്ട് ചെയ്യണമെന്ന് ചാനലില്‍ നിന്ന് ആവശ്യപ്പെട്ടു. ഈ ആവശ്യാര്‍ത്ഥം അദ്ദേഹത്തിന്റെ മൂത്തമകനെ ഞാനൊരു പത്തുതവണയെങ്കിലും വിളിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാര്യയെ വിളിക്കുമ്പോഴും പല ഒഴിവുകഴിവുകളും പറയുകയാണ്. മകന്റെ കാലുപിടിക്കുന്ന തരത്തില്‍ ഞാന്‍ അപേക്ഷിച്ചു നോക്കി. അദ്ദേഹത്തെ വിറ്റുകാശുണ്ടാക്കാനല്ലെന്ന് എനിക്കവനോട് പറയേണ്ടി വന്നു. ഒടുവില്‍ എനിക്ക് മാത്രമായി കാണാന്‍ അനുവാദം തന്നു (എന്തിനുവേണ്ടിയാണ് അവരിങ്ങനെ ആരെയും രാജപ്പന്‍ ചേട്ടനെ കാണാതെ തടയുന്നതെന്ന് അന്വേഷിക്കുക). ഒടുവില്‍ ഒരുവിധത്തില്‍ ഞങ്ങള്‍ക്ക് അദ്ദേഹത്തെ കാണാന്‍ സാധിച്ചു.

ഇതിനിടയില്‍ ഒരുകാര്യം കൂടി പറയാതെ വയ്യ. മറ്റുള്ളവന്റെ വേദന മനസ്സിലാകാത്തവനാണന്ന് എന്നെപ്പറ്റി പറയുന്നവരോട്, ശരീരം തളര്‍ന്ന അച്ഛനും മാനസിക വളര്‍ച്ച പൂര്‍ത്തിയാകാത്തൊരു അനിയനും എന്റെ വീട്ടിലെ ഒരോ മുറിയിലായുണ്ട്. അവരുടെ എല്ലാ കാര്യങ്ങളും നോക്കിയിട്ടാണ് ഞാനൊരു ദിവസം പുറത്തേക്ക് ഇറങ്ങുന്നത്. ആരുടെയും സഹതാപം പിടിച്ചുവാങ്ങാനല്ല, ജീവിതത്തിന്റെ കാഠിന്യം അറിയാത്തൊരുവനല്ല ഞാനെന്ന് അറിയാന്‍ വേണ്ടി പറഞ്ഞെന്നുമാത്രം.

അച്ഛനെ കുളിപ്പിക്കാന്‍ ചൂടാക്കിവച്ച വെള്ളം എന്റെ മേല്‍ വീണ് ഗുരുതരമായി പൊള്ളലേറ്റ് കിടക്കുന്ന സമയത്താണ് ചാനലില്‍ നിന്ന് വിളിച്ച് എത്രയും വേഗം രാജപ്പന്‍ ചേട്ടന്റെ ഭാഗം ഷൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുന്നത്. ഞാനെന്റെ അവസ്ഥ അവരോട് പറയുകയും തുടര്‍ന്ന് അവര്‍ അയച്ച വണ്ടിയില്‍ കിടന്നാണ് രാജപ്പന്‍ ചേട്ടന്റെ വീട്ടില്‍ ഞാനെത്തുന്നത്. അന്നാണ് ഞങ്ങള്‍ അദ്ദേഹത്തിനുള്ള സഹായധനത്തിന്റെ ഒരു ചെക്ക് കൊടുക്കുന്നത്. അതുകൊടുക്കുമ്പോള്‍ തന്നെ പ്രത്യേകം അദ്ദേഹത്തിന്റെ ഭാര്യയോട് പറഞ്ഞിരുന്നു, ഇതിപ്പോള്‍ കാശ് ആയിട്ടില്ല, ഷൂട്ട് ചെയ്യാന്‍ വേണ്ടി മാത്രമാണ്, സംഘടനയ്ക്ക് ഫണ്ട് വരുന്ന മുറയ്ക്ക് എല്ലാമാസവും ചേട്ടന്റെ മരുന്നുകള്‍ക്കും മറ്റുമായി അയ്യായിരം രൂപ വീതം എത്തിക്കാമെന്ന് പറഞ്ഞ് ചേച്ചിയുടെ ബാങ്ക് അക്കൌണ്ട് നമ്പറും വാങ്ങിച്ചു.

‘മാ’യില്‍ അംഗംപോലുമല്ലാതിരുന്ന രാജപ്പന്‍ ചേട്ടനുവേണ്ടി സംഘടനയ്ക്കുള്ളില്‍ സംസാരിച്ച് എല്ലാവരുടെയും സമ്മതം വാങ്ങിയതും ഞാനായിരുന്നു. വീണുപോയ ഞങ്ങളുടെ സഹപ്രവര്‍ത്തകരെ സാഹായിക്കുന്ന കൂട്ടത്തില്‍ രാജപ്പന്‍ ചേട്ടനും ഒരു സഹായം കൊടുക്കണം എന്ന ആവശ്യം എന്റെ സുഹൃത്തുക്കള്‍ സന്തോഷത്തോടെ അംഗീകരിക്കുകയായിരുന്നു. അല്ലാതെ സാജന്‍ പള്ളൂരുത്തിയോ മിമിക്രി കലാകാരന്മാരുടെ സംഘടനയോ വി ഡി രാജപ്പന് ഒരു ലക്ഷം രൂപ കൊടുക്കാമെന്നോ അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളും നോക്കിക്കോളാമെന്നോ ആരോടും പറഞ്ഞിട്ടില്ല.

എന്നാല്‍ ഞങ്ങള്‍ പോയി പിറ്റേദിവസം തൊട്ട് ചേച്ചി കാശിനു വേണ്ടി വിളിക്കാന്‍ തുടങ്ങി. ചാനല്‍ പ്രോഗ്രാമുകളെ കുറിച്ച് അറിയാവുന്നവര്‍ക്ക് മനസിലാവുന്നതാണ്, ഒരോ എപ്പിസോഡിനും പണം നല്‍കുന്ന രീതി ചാനലുകളില്ല. സിനിമ ചിരിമ 125 എപ്പിസോഡ് ഉള്ള പ്രോഗ്രാമയിരുന്നു, ഒന്നുകില്‍ മുഴുവന്‍ എപ്പിസോഡും പൂര്‍ത്തിയായ ശേഷം അല്ലെങ്കില്‍ ഏതാനും എപ്പിസോഡുകള്‍ മാത്രം ബാക്കിയാകുമ്പോള്‍ മാത്രമാണ് ചാനല്‍ പണം തരുകയുള്ളൂ. പണം വരാത്തതുകൊണ്ടുമാത്രമായിരുന്നു, രാജപ്പന്റെ ചേട്ടന് പണം എത്തിക്കാന്‍ കാലതാമസം നേരിട്ടത്. വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നിര്‍മല്‍ പാലാഴിക്ക് ഒരു ലക്ഷം, മറ്റു ചിലര്‍ക്ക് ഇരുപത്തയ്യായിരം വീതം, രാജപ്പന്‍ ചേട്ടനടക്കം പത്തോളം പേര്‍ക്ക് മാസം അയ്യായിരം വീതം എന്നിങ്ങനെയാണ് സംഘടന കൊടുക്കാന്‍ തീരുമാനിച്ചിരുന്നത്. ചാനലില്‍ നിന്ന് പ്രതിഫലം കിട്ടാന്‍ വൈകുന്നതും സംഘടനയ്ക്കുണ്ടായിരുന്ന ഫണ്ടിന്റെ അപര്യാപ്തയുമാണ് ഈ തുക എത്തിക്കാന്‍ കാലതാമസം നേരിടേണ്ടി വന്നതിന്റെ കാരണം. സംഘടന സഹായം ചെയ്യാമെന്നു പറഞ്ഞവരില്‍ രാജപ്പന്‍ ചേട്ടന്റെ കുടുംബമൊഴിച്ച് മറ്റാരും തന്നെ ഒരുതരത്തിലുള്ള ആക്ഷേപവും ഇതുവരെ ഉന്നയിച്ചിട്ടില്ലെന്നും അവര്‍ക്കാര്‍ക്കും സഹായം ലഭ്യമാകാതെയിരുന്നിട്ടില്ലെന്നും തിരക്കിയാല്‍ മനസ്സിലാകുന്നതാണ്.

ഒടുവില്‍ ചാനലില്‍ നിന്ന് പതിനായിരം രൂപ വാങ്ങി രാജപ്പന്‍ ചേട്ടനുള്ള സഹായത്തിന്റെ ആദ്യഗഡു ഫെഡറല്‍ ബാങ്കിന്റെ അക്കൌണ്ടിലേക്ക് ഇട്ടു. ഈ പണം പിറ്റേ ദിവസം തന്നെ അവര്‍ പിന്‍വലിക്കുകയും ചെയ്തു. ഈ കാശ് കിട്ടി രണ്ടു ദിവസം കഴിഞ്ഞ് ചേച്ചി വീണ്ടും എന്നെ വിളിച്ചു, ഒരു സിറപ്പ് വാങ്ങാന്‍ 160 രൂപ തരുമോയെന്ന് ചോദിച്ചു. എന്നെ ഞെട്ടിച്ചു കളഞ്ഞു ആ ചോദ്യം. പതിനായിരം രൂപ കിട്ടി രണ്ടുദിവസം പോലും കഴിയും മുമ്പേയാണ് വീണ്ടും നൂറ്റിയറുപത് രൂപ ചോദിച്ച് വിളിച്ചിരിക്കുന്നത്! ഞാനന്ന് ചേച്ചിയോട് പറഞ്ഞത്, രാജപ്പന്‍ ചേട്ടന് മരുന്നുകള്‍ വാങ്ങാന്‍ വേണ്ടി മാസാമാസം ഒരു തുക തരാനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്, അതിന് സംഘടനയ്ക്ക് ഫണ്ട് വരേണ്ടതുണ്ടെന്നും. പക്ഷെ ചേച്ചി പിന്നെയും പിന്നെയും വിളിച്ചുകൊണ്ടിരിക്കുകയാണ്. ഒരു വി ഡി രാജപ്പനെ മാത്രമല്ല സംഘടനയ്ക്ക് സഹായിക്കേണ്ടതെന്ന് ഓര്‍ക്കണം. 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇതിനിടയിലാണ് ഓണം വരുന്നത്. ‘സിനിമ ചിരിമ’യില്‍ ഓണത്തോടനുബന്ധിച്ച് ഏതെങ്കിലും സെലിബ്രിറ്റിയെ കൊണ്ടുവരണം. ആ ആന്വേഷണമാണ് സുരേഷ് ഗോപിയില്‍ എത്തുന്നത്. ഒന്നരമണിക്കൂര്‍ പങ്കെടുക്കാമെന്ന് സമ്മതിച്ചെത്തിയ സുരേഷേട്ടന്‍ അന്ന് മൂന്ന് എപ്പിസോഡിനുവേണ്ടിയുള്ള സമയം ചെലവഴിച്ചാണ് അവിടെ നിന്ന് പോയത്. അന്നാണ് ഞാനും രാജപ്പന്‍ ചേട്ടനുമൊന്നിച്ചുള്ള ഫോട്ടോ അദ്ദേഹം കണ്ടതെന്നു എന്നോടു പറയുന്നതും രാജപ്പന്‍ ചേട്ടന് എന്തെങ്കിലും സഹായം ചെയ്യണമെന്ന ആഗ്രഹം പ്രകടിപ്പിക്കുന്നതും. തനിക്ക് നല്‍കാനുദ്ദേശിക്കുന്ന പ്രതിഫലം വേണ്ടെന്നും ഒരു ലക്ഷം രൂപ വി ഡി രാജപ്പന് അദ്ദേഹത്തിന്റെ വകയായി നല്‍കണമെന്ന്‍ സുരേഷ് ഗോപി പറഞ്ഞു. അല്ലാതെ സുരേഷ് ഗോപി അദ്ദേഹത്തിന്റെ കൈയില്‍ നിന്നും ഒരുലക്ഷം രൂപയെടുത്ത് രാജപ്പന്‍ ചേട്ടന് നല്‍കിയേക്കൂ എന്നു പറഞ്ഞ് ചാനലില്‍ ഏല്‍പ്പിക്കുകയല്ലായിരുന്നു. ഈ പരിപാടി സംപ്രേക്ഷണം ചെയ്തപ്പോള്‍ രാജപ്പന്‍ ചേട്ടന്റെ കുടുംബം അത് കാണുകയും പിറ്റേദിവസം തൊട്ട് സുരേഷ് ഗോപി തന്ന കാശ് എവിടെയെന്ന് ചോദിക്കാനും തുടങ്ങിയത്.

സുരേഷ് ഗോപി ഒരുലക്ഷം ഞങ്ങളാരെയും ഏല്‍പ്പിച്ചിട്ടുപോയിട്ടില്ല. അദ്ദേഹത്തിന് പ്രതിഫലമായി നല്‍കാന്‍ ഉദ്ദേശിക്കുന്ന തുകയില്‍ ഒരു ലക്ഷം കൊടുക്കാന്‍ മാത്രമാണ് പറഞ്ഞത്. ഞാന്‍ നേരത്തെ പറഞ്ഞതാണല്ലോ ചാനലില്‍ നിന്ന് പണം കിട്ടാനുള്ള കാലതാമസം. പക്ഷെ അതു മനസ്സിലാക്കാന്‍ സുലോചന ചേച്ചി തയ്യാറായില്ല. അവര്‍ നിരന്തരം വിളിച്ചുകൊണ്ടിരുന്നു. പിന്നെയവര്‍ സുരേഷ് ഗോപിയുടെ സെക്രട്ടറിയെ വിളിക്കുകയും തുടര്‍ന്ന് സുരേഷേട്ടനെ തന്നെ നേരിട്ട് വിളിക്കുകയും ചെയ്തു. ചേച്ചിയുടെ പ്രാരബ്ദം പറച്ചില്‍ കേട്ടിട്ടാകണം സുരേഷേട്ടന്‍ എന്നെ വിളിച്ചു. ഞാനദ്ദേഹത്തോട് കാര്യങ്ങള്‍ പറഞ്ഞു. സുരേഷ് ഗോപി വിളിച്ചശേഷം ഞാന്‍ ചേച്ചിയെ വിളിച്ചു. ശരിയാണ്, ആക്രാന്തം കാണിക്കരുതെന്ന് ഞാന്‍ ചേച്ചിയോട് പറഞ്ഞതാണ്. ഒരാള്‍ നമ്മളെ സഹായിക്കാന്‍ ഉദ്ദേശിക്കുമ്പോള്‍ ഇങ്ങനെ ആക്രാന്തം കാണിക്കുന്നത് ശരിയാണോയെന്ന് ഞാന്‍ ചോദിച്ചതാണ്. ഒരുദിവസം എന്നെ ജോണി സാഗരികയും വിളിച്ചു. അദ്ദേഹത്തോടും അവര്‍ ഞാന്‍ പണം കൊടുത്തിട്ടിലെന്ന തരത്തില്‍ പറഞ്ഞു. ജോണി ചേട്ടന് എന്നെ നന്നായി അറിയാം, സാജന്‍ ഒരിക്കലും അങ്ങനെ കാണിക്കില്ലെന്നറിയാമെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്.

ഇതിനിടയില്‍ സുരേഷേട്ടന്‍, അദ്ദേഹത്തിന് ശല്യമായിട്ടായിരിക്കണം, എന്നെ ഇതേ ആവശ്യത്തിനായി പലപ്പോഴായി വിളിക്കാന്‍ തുടങ്ങി. ഇതോടെയാണ് എന്റെ സുഹൃത്തുക്കളും സംഘടനയുടെ ഉത്തരവാദിത്വപ്പെട്ടവരുമെല്ലാം എത്രയും വേഗം എങ്ങനെയെങ്കിലും ആ തുക രാജപ്പന്‍ ചേട്ടന് കൊടുത്തേക്കാന്‍ പറയുന്നത്. ചാനലില്‍ നിര്‍ബന്ധം പറഞ്ഞ് ഞാന്‍ ആ തുക വാങ്ങി. സാമാന്യേന കാര്യങ്ങള്‍ അറിയാവുന്നവര്‍ക്കറിയാം ഇത്രയും വലിയ തുകയ്ക്ക് ടാക്സ് കട്ട് ചെയ്തിട്ടു ബാക്കിയെ തരൂ എന്ന്. കാശ് കിട്ടി പിറ്റേദിവസം തന്നെ രാജപ്പന്‍ ചേട്ടന്റെ വീട്ടിലെത്തി പണം കൈകമാറുകയും ചെയ്തു. എത്രവലിയ ആവേശത്തോടെയാണ് അവരാ കാശ് വാങ്ങിയെതെന്ന് പണം കൈമാറുന്ന ഫോട്ടോ കണ്ടാല്‍ മനസ്സിലാകും. അന്നവിടെ നിന്ന് പോകാന്‍ നേരത്ത് ചേച്ചി എന്നോട് പറഞ്ഞത്, ഇനി സാജന്‍ ഞങ്ങള്‍ക്കൊന്നും ചെയ്യത്തില്ലായിരിക്കുമല്ലേ എന്നാണ്. ഒരിക്കലുമില്ല, കഴിയുന്നതൊക്കെ ചെയ്യുമെന്ന് ഞാന്‍ ഉറപ്പുകൊടുത്തു. എനിക്കങ്ങനെ മറക്കാന്‍ കഴിയുന്നൊരാളല്ല വി ഡി രാജപ്പന്‍.

സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഒരു സഹായവും ചെയ്തിട്ടില്ലെന്നാണ് ചേച്ചി പറയുന്നത്. അതും തെറ്റാണ്. രണ്ടുവര്‍ഷം മുമ്പ് കെ സി ജോസഫ് സാര്‍ സിനിമ വകുപ്പ് നോക്കിയിരുന്ന സമയത്ത് രാജപ്പന് ചേട്ടന് ഇരുത്തയ്യായിരം രൂപ ധനസഹായം നല്‍കിയതാണ്. മന്ത്രിയുടെ പി എ, എന്റെ സുഹൃത്തായിരുന്നതിനാല്‍ എന്നോടാണ് ഇങ്ങനെയൊരു സഹായം പ്രഖ്യാപിച്ചിട്ടുള്ള കാര്യം പറയുന്നത്. ഈ തുകയും വി ഡി രാജപ്പന്റെ കുടുംബം വാങ്ങിയിട്ടുണ്ട്. 

പക്ഷെ, ഇപ്പോള്‍ ഞാനൊരു വഞ്ചകനായി മാറിയിരിക്കുകയാണ്. എന്താണ് ഞാന്‍ ചെയ്ത തെറ്റ്? ഒരു മനുഷ്യനെ സഹായിക്കാന്‍ ശ്രമിച്ചതോ? അതിനുള്ള ശിക്ഷയാണോ ഇത്? മനസ്സറിഞ്ഞ് ഇന്നുവരെയും ഒരാളെയും ചതിക്കാത്തവനാണ് ഞാന്‍. അങ്ങനെയുള്ള എനിക്കാണ്, ഒരു കലാകാരനെ അദ്ദേഹത്തിന്റെ ദുരവസ്ഥയില്‍ സഹായിക്കാന്‍ പോയതിന് ഇത്രവലിയ ശിക്ഷ കിട്ടിയിരിക്കുന്നത്.

അഴിമുഖം പ്രസിദ്ധീകരിച്ച വാര്‍ത്തയോട് പ്രതികരിച്ച്, സാജന്‍ പള്ളൂരുത്തിക്കൊപ്പം വി ഡി രാജപ്പന്റെ വീട്ടില്‍ പോയ മിമിക്രി കലാകാരനും ‘മാ’യുടെ പ്രതിനിധിയുമായ സജയകുമാര്‍ മിത്രങ്കരി പറഞ്ഞകാര്യങ്ങള്‍.

വി ഡി രാജപ്പന്റെ ബന്ധുവും ആ വീട്ടില്‍ മിക്കവവാറും പോയി അദ്ദേഹത്തെ കാണുന്നൊരാളുമാണ് ഞാന്‍. സിനിമ ചിരിമയില്‍ രാജപ്പന്‍ ചേട്ടനെ കൂടി ഉള്‍പ്പെടുത്തണമെന്ന് സാജന്‍ ചേട്ടനോട് പറയുന്നതും ഞാനാണ്. അതനുസരിച്ചാണ് സാജന്‍ ചേട്ടനും ഞാനും രാജപ്പന്‍ ചേട്ടനെ കാണാന്‍ പോകുന്നത്. വളരെ ദയനീയമായൊരു അവസ്ഥയിലാണ് ഞങ്ങള്‍ അദ്ദേഹത്തെ കാണുന്നത്. സംഘടന വഴി അദ്ദേഹത്തിന് എന്തെങ്കിലും ചെയ്യണമെന്ന് ഞങ്ങള്‍ തീരുമാനിക്കുന്നതും അന്നാണ്. സംഘടനയ്ക്ക് ഫണ്ടൊന്നും റെഡിയാകാതെയാണ് ഞങ്ങള്‍ ഒരു കവര്‍ ഏല്‍പ്പിക്കുന്നത്. ഇപ്പോള്‍ പണമില്ലെന്നും കിട്ടുന്ന മുറയ്ക്ക് ചേച്ചിയുടെ അകൗണ്ടിലേക്ക് ഇടാമെന്നും ഞങ്ങള്‍ വ്യക്തമായി ചേച്ചിയോട് പറഞ്ഞിരുന്നതാണ്. ഷൂട്ട് ചെയ്യാന്‍ വേണ്ടി മാത്രമാണ് അങ്ങനൊരു കവര്‍ കൈമാറിയത്.

ഇതിനെക്കുറിച്ച് അഴിമുഖത്തിലൂടെ ചേച്ചി പറഞ്ഞ ആ കാര്യങ്ങളൊക്കെ ശരിയാണ്, കവര്‍ കൊടുത്തെങ്കിലും അതപ്പോള്‍ തന്നെ തിരികെ വാങ്ങുകയും ചെയ്തു. അതുപക്ഷേ പറ്റിക്കാനൊന്നുമല്ല, സത്യാവസ്ഥ പറഞ്ഞുകൊണ്ടുതന്നെയാണ്. എന്നാല്‍ ഫണ്ട് വരാനും ചേച്ചിക്ക് പണമിട്ടുകൊടുക്കാനും വൈകിയെന്നത് സത്യമാണ്. അഴിമുഖത്തില്‍ പറഞ്ഞിരിക്കുന്നത് നിഷേധിക്കുന്നില്ല. ചേച്ചി സാജന്‍ ചേട്ടനെ ഒരുപാട് വട്ടം വിളിക്കുകയും ചേട്ടന്‍ ഫോണ്‍ എടുക്കാതിരുന്നപ്പോള്‍ എന്നെ വിളിക്കുകയും ചെയ്തു. എങ്ങനെയെങ്കിലും പണമിട്ടുകൊടുക്കണമെന്ന് ഞാന്‍ പറഞ്ഞതനുസരിച്ച് പതിനായിരം രൂപയുടെ ചെക്ക് എന്റെ പേരില്‍ അയച്ചു തരികയും അത് ഞാന്‍ ചേച്ചിയെ ഏല്‍പ്പിക്കുകയും ചെയ്തു. അതേപോലെ സുരേഷ് ഗോപിയും ചാനലിനോടാണ് തന്റെ പ്രതിഫലത്തില്‍ നിന്ന് ഒരുലക്ഷം രാജപ്പന്‍ ചേട്ടനു കൊടുക്കാന്‍ പറയുന്നത്.

ഈ പണമൊക്കെ കൊടുക്കാന്‍ താമസം നേരിട്ടു എന്നുള്ളത് സത്യമാണ്. എന്നാല്‍ സാജന്‍ പള്ളുരിത്തിയോ സംഘടനയോ വി ഡി രാജപ്പനെ ഒരുതരത്തിലും വഞ്ചിക്കാന്‍ ശ്രമിച്ചിട്ടില്ല.

വി ഡി രാജപ്പന്റെ അടുത്ത സുഹൃത്തും നടനുമായ കുഞ്ചന്‍ പ്രതികരിക്കുന്നു

വി ഡി രാജപ്പനും ഒരു സ്റ്റാര്‍ ആയിരുന്നു; സൂപ്പര്‍ സ്റ്റാര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍