UPDATES

സിനിമ

പെന്‍സില്‍ കൊടുത്ത കൈകളിലേക്കു സാജന്‍ തിരിച്ചു നല്‍കിയത് ഓസ്‌കര്‍

Avatar

വിഷ്ണു എസ് വിജയന്‍

തിരുവനന്തപുരം നാലാഞ്ചിറ എബനേസര്‍ ലൈനില്‍ കണ്ടത്തില്‍ സ്‌കറിയയുടെയും തങ്കമ്മയുടെയും മൂന്നു മക്കളില്‍ മൂന്നാമന് വേണമെങ്കില്‍ തന്റെ സഹോദരന്മാരെ പോലെ എഞ്ചിനീയറോ ഡോക്ടറോ ആകാമായിരുന്നു. അല്ലെങ്കില്‍ മാതാപിതാക്കളെ പോലെ അദ്ധ്യാപകവൃത്തി സ്വീകരിക്കമായിരുന്നു. എന്നാല്‍ അതില്‍ നിന്നെല്ലാം അയാള്‍ മാറിനിന്നു. കാര്‍ട്ടൂണുകളോട് കൂട്ടുകൂടി. ആ ചങ്ങാത്തിന് ഇപ്പോള്‍ ഓസ്‌കറിന്റെ തങ്കത്തിളക്കമുണ്ട്.

കാത്തിരുന്നു കാത്തിരുന്നു ലിയനാര്‍ഡോ ഡികാപ്രിയോ ഓസ്‌കാര്‍ നേടിയതിന്റെ സന്തോഷത്തേക്കാള്‍ മലയാളിക്ക് ഇത്തവണ അഭിമാനമേകുന്നത് സാജന്‍ സ്‌കറിയയുടെ ഓസ്‌കര്‍ നേട്ടം തന്നെയാണ്. ക്യാരക്റ്റര്‍ സൂപര്‍വൈസറിലൂടെ വീണ്ടും ഓസ്‌കാര്‍ മധുരം കേരളക്കരയെ തേടിയെത്തിയിരിക്കുന്നു.

മികച്ച ആനിമേഷന്‍ ചിത്രത്തിനുള്ള പുരസ്‌കാരം കരസ്ഥമാക്കിയ ഇന്‍സൈഡ് ഔട്ടിന്റെ കഥാപാത്രരൂപീകരണം നടത്തിയത് സാജന്‍ സ്‌കറിയ ആണ്. ലോകോത്തര ആനിമേഷന്‍ കമ്പനിയായ പിക്സ്റ്റാറിലെ ക്യാരക്ടര്‍ സൂപര്‍വൈസര്‍ ആണ് സാജന്‍ ഇപ്പോള്‍. സാജന്റെ ഈ നേട്ടത്തില്‍ അദ്ദേഹത്തെക്കാള്‍ സന്തോഷിക്കുന്ന മറ്റു രണ്ടുപേരുണ്ട്. സാജന്റെ മാതാപിതാക്കള്‍, സ്‌കറിയയും തങ്കമ്മയും.

ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു അപകടം സംഭവിച്ച് അവന്റെ കാലൊടിഞ്ഞു. അന്ന് സ്‌കൂളില്‍ പോകാന്‍ പറ്റാതായപ്പോള്‍ അവന് ഞങ്ങള്‍ ബാലമാസികകള്‍ വാങ്ങിക്കൊടുത്തു. അതിലൊന്ന് ടിന്‍ ടിന്‍ കഥകള്‍ ആയിരുന്നു. അതിലെ കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ അവനെ വല്ലാതെ ആകര്‍ഷിച്ചു. അവന്‍ അതുപോലെ ചിത്രങ്ങള്‍ വരച്ചുതുടങ്ങി. അതി മനോഹരമായിരുന്ന ആ ചിത്രങ്ങള്‍. അവനാണ് വരച്ചതെന്ന് ആരും വിശ്വസിച്ചില്ല. അധ്യാപകര്‍ക്കൊക്കെ വലിയ അതിശയം ആയിരുന്നു. പിന്നീട് അവന് ചിത്രരചനയോടുള്ള താല്പര്യം കൂടിക്കൂടി വന്നു. വരയില്‍ ആയി കൂടുതല്‍ ശ്രദ്ധ. ഞങ്ങള്‍ അത് എതിര്‍ക്കാന്‍ പോയില്ല. പിന്നീടു വളര്‍ന്നപ്പോള്‍ പുതിയ സാങ്കേതിക വിദ്യയില്‍ ചിത്രം വരക്കുന്നതിലുമൊക്കെയായി അവന്റെ കമ്പം. സാജന്റെ ചിത്രരചന പ്രേമത്തെപ്പറ്റി അമ്മ ഓര്‍ക്കുന്നതിങ്ങനെ. അന്ന് വരച്ച ആ കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ ഇപ്പോളും അവര്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട്.

സര്‍വോദയ വിദ്യാലയത്തില്‍ പ്രാഥമിക വിദ്യാഭ്യാസവും കോഴികോട് ആര്‍ ഇ സിയില്‍ കമ്പ്യൂട്ടര്‍ എഞ്ചിനിയറിങ്ങും പൂര്‍ത്തിയാക്കിയ സാജന്‍ പിന്നീടു ടെക്‌സാസ് എ ആന്‍ഡ് എം സര്‍വകലാശാലയില്‍ നിന്നു വിഷ്വലൈസേഷന്‍ സയന്‍സില്‍ ബിരുദം നേടി. പഠനം പൂര്‍ത്തിയാക്കിയ ശേഷം 2001ല്‍ പിക്സ്സ്റ്റാര്‍ സ്റ്റുഡിയോയില്‍ ടെക്‌നികല്‍ ഡയറക്ടര്‍ ആയി. ഫൈന്റിംഗ് നിമോയില്‍ ആനിമേഷന്‍ ക്യാരക്ടര്‍ ടീമില്‍ ടെക്‌നികല്‍ ഡയറക്ടര്‍ ആയി ആണ് തുടക്കം. ശുഭകരമായൊരു തുടക്കം ആയിരുന്നു. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല.

അവന് അവന്റെ മേഖലയെ അത്രമേല്‍ ബഹുമാനിക്കുകയും ആത്മാര്‍ത്ഥമായി സമീപിക്കുകയും ചെയ്യുന്ന ഒരാള്‍ ആണ്. സിനിമയുടെ ചിത്രീകരണത്തിനായി അവന്‍ തന്റെ മക്കളുമായി നിരന്തരം സംസരിക്കുമായിരുന്നു. ആയിടക്ക് അവന്‍ അവരോടു ഏറ്റവും കൂടുതല്‍ സംസാരിച്ചതും ആ സിനിമയെപ്പറ്റി ആകണം. അതവന്റെ ഒരു ഡ്രീം പ്രൊജക്റ്റ് പോലെയായിരുന്നു. മകന്റെ കലയോടുള്ള അടങ്ങാത്ത ആത്മാര്‍ഥതയെപ്പറ്റി പറയുമ്പോള്‍ സ്‌കറിയക്ക് നൂറു നാവ്.

കാര്‍സും, ടോയ്‌സ്‌റ്റോറിയുമൊന്നും നമ്മുടെ കുട്ടികള്‍ എളുപ്പങ്ങു മറക്കില്ല. ഈ ചിത്രങ്ങള്‍ക്കെല്ലാം കഥാപാത്രരൂപീകരണം നടത്തിയത് സാജന്‍ ആണ് എന്ന സത്യം ഇവിടെ പലര്‍ക്കും ഇന്നലെ വരെ അറിയില്ലാരുന്നു. തങ്ങളുടെ സിനിമയിലെ കഥാപാത്രങ്ങളെ കളിപ്പാട്ടമായി പുറത്തിറക്കുന്ന ഒരു ഏര്‍പ്പാട് പണ്ടുമുതലേ ഡിസ്‌നിക്കുണ്ട്. രണ്ടുമാസം മുമ്പ് കാര്‍സ് 2 ലെ കഥാപാത്രങ്ങളെ എയര്‍പോര്‍ട്ട് അഡ്വഞ്ചര്‍ കളക്ഷന്‍ എന്ന പേരില്‍ പുറത്തിറക്കിയപ്പോള്‍ അതിലൊന്നിന് നല്‍കിയത് സാജന്റെ പേരായിരുന്നു. സാജന്‍ സ്‌കറിയയില്‍ നിന്ന് കടമെടുത്ത ‘സാജന്‍കാറിയ’!

കാര്യം ആനിമേഷനും മറുനാട്ടിലാണ് താമസവുമെങ്കിലും പത്മരാജന്‍ സിനിമകളുടെ കടുത്ത ആരാധകന്‍ ആണ് സാജന്‍.

സാജന് ഇത്രയും ചെയ്യാന്‍ കഴിഞ്ഞതിലുള്ള ക്രെഡിറ്റ് നല്‍കേണ്ടത് സാജന്റെ അമ്മച്ചിക്കും അപ്പച്ചനും തന്നെയാണ്. മക്കളുടെ ഇഷ്ടങ്ങള്‍ മാനിക്കാതെ അവരെ തങ്ങളുടെ വഴിക്ക് തെളിക്കാന്‍ ശ്രമിക്കുന്ന രക്ഷകര്‍ത്താക്കള്‍ക്ക് സ്‌കറിയ സാറിനെയും തങ്കമ്മ ടീച്ചറെയും കണ്ടു പഠിക്കണം.

പെന്‍സില്‍ കൊടുത്ത കൈയ്കളിലേക്ക് മകന്‍ ഓസ്‌കര്‍ വെച്ച് കൊടുക്കുന്നു. അതിലും വലിയ സന്തോഷം വേറെ എന്തുണ്ട്…. സ്‌കറിയ സാറിനെ നോക്കി തങ്കമ്മ ടീച്ചര്‍ പറയുന്നു. സ്‌കറിയ മാഷ് ചിരിക്കുകയാണ് തികഞ്ഞ അഭിമാനത്തോടെ…

(അഴിമുഖത്തില്‍ ജേര്‍ണലിസം ട്രെയിനിയാണ് വിഷ്ണു)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍