UPDATES

സജിന്‍ പി.ജെ

കാഴ്ചപ്പാട്

സജിന്‍ പി.ജെ

യാത്ര

ബാലു: മാനൊളുകിറ വരയില്‍ ഒരാണ്‍ ജീവിതം

ബാലുവിനെ ഞാന്‍ ആദ്യമായി കാണുന്നത് മാങ്ങാപ്പാറക്കുടിയിലേയ്ക്കുള്ള യാത്രയിലാണ്. ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളിലെ എത്തിപ്പെടാന്‍ ഏറ്റവും ദുര്‍ഘടമായ ഒരിടത്ത് മാട്ടുശോലൈ മല മറച്ചുപിടിച്ചിരിക്കുകയാണ് മാങ്ങാപ്പാറ മുതുവാന്‍ കുടിയെ. മറയൂര്‍ കാന്തല്ലൂര്‍ റോഡില്‍ പെരഡിപള്ളത്തുനിന്നും ഇടത്തേയ്ക്കുള്ള മണ്‍വഴിയിലൂടെ ഏകദേശം എട്ടു കിലോമീറ്ററോളം സഞ്ചരിച്ചു വേണം ഇവിടെയെത്താന്‍. ഈ വഴിയില്‍ തന്നെയാണ് ഒള്ളവയല്‍ മുതുവാന്‍ കുടിയും. ഒള്ളവയല്‍ വരെ ജീപ്പ് പോകുമെങ്കിലും തലേന്നു പെയ്ത മഴയില്‍ വഴി മുഴുവനും തകര്‍ന്നതിനാല്‍ ഞങ്ങള്‍ക്ക് പെരഡിപള്ളത്തുനിന്നും നടക്കേണ്ടിയിരുന്നു. മറയൂരില്‍ നിന്നുമാണ് ഞങ്ങളുടെ ജീപ്പില്‍ ബാലു കയറിയത്. അയാളുടെ വീട് അവിടെയാണ്.

ഞങ്ങളേയും കയറ്റി അതിവേഗം പാഞ്ഞുകൊണ്ടിരുന്ന ഫോറസ്റ്റിന്റെ ജീപ്പിനുള്ളില്‍ ബാലുവിനുകൂടി ഇരിക്കാന്‍ ഇടമുണ്ടായിരുന്നില്ല. അതിനാല്‍ അയാള്‍ തറയിലാണിരുന്നത്. ഫോറസ്റ്ററുടെ തുടര്‍ച്ചയായുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്ന തിരക്കിലും ബാലു എല്ലാവരെയും നോക്കി പരിചയഭാവത്തില്‍ ചിരിച്ചു. ഈ മനുഷ്യന്റെ ഉള്ളില്‍ ഒരു കഥയുണ്ട് എന്ന് എനിക്ക് ബാലുവിനെ കണ്ടപ്പോഴെ തോന്നിയിരുന്നു. ജീപ്പ് പെരഡിപള്ളത്ത് നിന്നപ്പോള്‍ ദൂരെ അവ്യക്തമായ ചിത്രങ്ങള്‍ പോലെ മലനിരകള്‍ ചിതറി. അവ പുതച്ചിരുന്ന പുലരിമഞ്ഞിന്റെ ഷിഫോണ്‍ പതിയെ പതിയെ ഊര്‍ന്നു വീഴുന്നതേയുണ്ടായിരുന്നുള്ളൂ. ബാലു ഒരിക്കല്‍ കൂടി ഞങ്ങള്‍ എല്ലാവരോടും കുടിയില്‍ കാണാം എന്നു പറഞ്ഞു നടപ്പു തുടങ്ങി. ഞാന്‍ എന്തെങ്കിലും പറയുന്നതിനു മുന്നെ അയാള്‍ തലയില്‍ ഒരു ചാക്കുനിറയെ ഞങ്ങള്‍ക്കുള്ള അരിസാമാനങ്ങളുമായി വഴിയില്‍ ഒരു വളവില്‍ മറഞ്ഞു കഴിഞ്ഞിരുന്നു. എന്തായാലും മാങ്ങാപ്പാറക്കുടിയിലെത്തിയാല്‍ ബാലുവിനോട് സംസാരിക്കണം എന്നു തന്നെ ഞാന്‍ തീരുമാനിച്ചു.

കുറെ ദൂരം നടന്നപ്പോള്‍ വഴിയുടെ വലതുവശം ചേര്‍ന്ന് ‘മാനൊളുകിറ വര’യുടെ തണലില്‍ പ്രാതല്‍ കഴിക്കാന്‍ ഞാനും കൂട്ടുകാരും ഇരുന്നു. പണ്ടു കാലത്ത് ആളുകള്‍ വരയാടിനെ വേട്ടയാടിയിരുന്ന മലയാണത്. ആടുകള്‍ ഒരുപാടുണ്ടായിരുന്ന അക്കാലത്ത് അവയെ മനുഷ്യര്‍ കൂട്ടം ചേര്‍ന്ന് മലയുടെ വിളുമ്പിലേയ്ക്ക് ഓടിക്കും. അറ്റത്തെത്തിയാല്‍ വേറെ വഴിയില്ലാതെ അവ താഴേയ്ക്ക് കുതിക്കും. അപ്പോള്‍ പ്രാണഭയം അവയുടെ കണ്ണുകളില്‍ ഒരു തടാകം പോലെ നീലിച്ചു കിടക്കുന്നത് ഞാന്‍ ഒരു ഉള്‍ക്കിടിലത്തോടെ ഓര്‍ത്തു. കോടമഞ്ഞിന്റെ മറനീക്കി കയറുപൊട്ടിയ പട്ടം പോലെ താഴേയ്ക്ക് പൊഴിയുന്ന അവയെ കാത്ത് നേരത്തെതന്നെ ആളുകള്‍ മലയടിവാരത്ത് നിലയുറപ്പിച്ചിട്ടുണ്ടാവും. മാന്‍ ഓടുന്ന മല. അതാണ് തമിഴില്‍ മാനൊളുകിറ വര.

 

 

മാനൊളുകിറ വരയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്ത ഒരു ചെറുപ്പക്കാരനെപ്പറ്റി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ സുഹൃത്ത് ധനുഷ്‌കോടി പറഞ്ഞു. അവന്‍ ആരായിരുന്നു എന്നോ, എന്തിനായിരുന്നു അവന്‍ ആത്മഹത്യ ചെയ്തതെന്നോ നാളിതുവരെയായി ആര്‍ക്കും അറിയില്ല. താഴേയ്ക്ക് പതിക്കുമ്പോള്‍ ആ ചെറുപ്പക്കാരന്റെ മനസ്സില്‍ എന്തായിരുന്നിരിക്കും? അവന്റെ കണ്ണുകളില്‍ അങ്ങു ദൂരെ താഴ്‌വാരം ഒരു പ്രതീക്ഷയായി തിളങ്ങിയിരിക്കണം. അത്രമേല്‍ സുന്ദരമായ ഒന്നിനെ ഇത്രവേഗത്തില്‍ ഒരാള്‍ ഉടച്ചു കളയുന്നത് എത്രമേല്‍ അതിനെ അയാള്‍ ഇഷ്ടപ്പെടുന്നതുകൊണ്ടാവും? ആല്‍ബേര്‍ കമ്യൂ പറയുന്നത് ആത്മഹത്യ മാത്രമാണ് യഥാര്‍ത്ഥ ദാര്‍ശനിക പ്രശ്‌നം എന്നാണ്. ഒരുപക്ഷെ ആ ചെറുപ്പക്കാരനോടൊപ്പം ആ ദാര്‍ശനിക വ്യഥയും അവസാനിച്ചിരിക്കുന്നു എന്നു വേണം കരുതാന്‍. ഭക്ഷണം കഴിച്ച് കാട്ടരുവിയില്‍ നിന്നും വെള്ളവും കുടിച്ച് ഞങ്ങള്‍ യാത്ര തുടര്‍ന്നു.

 

ഒള്ളവയല്‍ക്കുടിക്കു പിന്നില്‍ ഒരു കോട്ടപോലെ ഉയര്‍ന്നു നില്‍ക്കുകയാണ് ചെറുമല. അതിനു പിന്നിലായിട്ടാണ് ഈ യാത്രയിലെ ഏറ്റവും വിഷമം പിടിച്ച കയറ്റങ്ങളിലൊന്നായ മാട്ടുശോലൈ മല. 1817 മീറ്ററാണ് മാട്ടുശോലൈ മലയുടെ ഉയരം. ചെറുമല കയറി മുകളിലെത്തിയാല്‍ അല്പനേരം വിശ്രമിക്കാം. പിന്നെ വീണ്ടും കയറ്റം. മാട്ടുശോലൈ മലയുടെ ഒരു വശം ചെങ്കുത്തായ പാറകളാണ്. അതീവ ശ്രദ്ധയോടെ മാത്രമേ ഇവിടം കയറാനും ഇറങ്ങാനും പാടുള്ളൂ. ഒരടി തെറ്റിയാല്‍ എല്ലാ യാത്രകളും അവസാനിപ്പിക്കുന്ന ആ ദീര്‍ഘദൂര യാത്രയ്ക്ക് നമുക്കു ഒറ്റയ്ക്കു പോവേണ്ടി വരും! മല കയറി ഇറങ്ങിയാല്‍ കറിവേപ്പിന്‍ ചോലയാണ്. അത്രയും നേരം നാം അനുഭവിക്കുന്ന ക്ലേശങ്ങളെല്ലാം നൊടിയിടകൊണ്ട് അലിഞ്ഞില്ലാതാകുന്ന കുളിര്‍മ്മ. വേരുകള്‍ കൊണ്ടും ചില്ലകള്‍ കൊണ്ടും പരസ്പരം പുണരുന്ന കാടിന്റെ തണുപ്പ്. ഞങ്ങള്‍ ചെല്ലുമ്പോള്‍ ചോലയില്‍ ഒരു റോഡോഡെന്‍ഡ്രോണ്‍ പൂത്തു നില്‍ക്കുന്നുണ്ടായിരുന്നു. എങ്ങും പക്ഷികളുടെ പാട്ടുകള്‍. ഒരു നിമിഷം കൊണ്ട് മറ്റേതോ ലോകത്തില്‍ എത്തിപ്പെടുന്നതു പോലെ തോന്നും. വഴിയില്‍ നമ്മുടെ ദേഹത്തുരുമ്മുന്ന മരത്തടികള്‍ക്ക് ഐസിന്റെ തണുപ്പ്.

 

ചോലയിലൂടെ നടന്ന് ഞങ്ങള്‍ മാങ്ങാപ്പാറക്കുടിയിലെത്തിയപ്പോള്‍ വൈകുന്നേരമായിരുന്നു. മുതുവാന്‍മാര്‍ അവരുടെ ചെറിയ കൂടിച്ചേരലുകള്‍ക്കും മറ്റും ഉപയോഗിക്കുന്ന കുടിലാണ് സത്രം. കുടിയിലെ ആണുങ്ങള്‍ രാത്രി ചിലവഴിക്കുന്നതും ഇവിടെ തന്നെ. ഞങ്ങള്‍ക്ക് താമസം ഒരുക്കിയിരുന്നതും സത്രത്തിലായിരുന്നു. മണ്‍കട്ടകള്‍ കൊണ്ട് കെട്ടിയുണ്ടാക്കിയ ആ ചെറിയ കുടിലിന് മുന്നില്‍ അഗാധമായ കൊക്കയാണ്. കോടമഞ്ഞില്ലെങ്കില്‍ അങ്ങു ദൂരെ തമിഴ്‌നാട്ടിലെ വൈഗ അണക്കെട്ടിന്റെ സംഭരണി കാണാം. ബാലു നേരത്തെ തന്നെ ചോറും സാമ്പാറും ഉണക്കമീന്‍ വറുത്തതും തയ്യാറാക്കി വെച്ചിരുന്നു. ഭക്ഷണം കഴിച്ചു കഴിഞ്ഞ് കുടിയുടെ വലതുവശം ചേര്‍ന്ന് അകാശത്തേയ്ക്കു കയറി പോവുന്ന കാശിമല ചവിട്ടിയേക്കാം എന്നു ഞങ്ങള്‍ തീരുമാനിച്ചു. പക്ഷെ പാതി വഴി എത്തിയപ്പോഴേയ്ക്കും മഴ മലയിറങ്ങി വന്നു ഞങ്ങളെ തിരിച്ചു പറഞ്ഞു വിട്ടു. മാങ്ങാപ്പാറ കുത്തിയൊലിച്ചു പോകുന്നതു പോലെ മഴ നനഞ്ഞുകൊണ്ടിരിക്കുമ്പോള്‍ താഴെ തമിഴ്‌നാടിന്റെ കാടുകള്‍ വെയിലില്‍ തിളക്കുകയാണ്. ഒരേ സമയം ഈ രണ്ടു കാഴ്ചകളും കാണുമ്പോള്‍ മാത്രമാണ് നാം പശ്ചിമഘട്ട മലനിരകളുടെ പ്രാധാന്യം ഏറ്റവും കൂടുതല്‍ തിരിച്ചറിയുക. പ്രകൃതിയില്‍ ഒരു ചുള്ളിക്കമ്പ് ഒടിഞ്ഞു വീഴുന്നതിനുപോലും ഒരു കാരണമുണ്ട്. അന്നേരമാണ് നാം ദുര മൂത്ത് മണ്ണുമാന്തികളുമായി അതിക്രമിച്ചു കയറുന്നത്! എല്ലാത്തിനും ഒരു അറുതിയുണ്ട്. അത് ഒടുക്കത്തെ ഒരു വറുതിക്കാലമായി എന്നാണാവോ നമുക്കുമേല്‍ കത്തിയിറങ്ങുക?

 

 

മഴ മാറിയപ്പോള്‍ ഇരുട്ട് വീണു തുടങ്ങിയിരുന്നു. ബാലുവിനോട് സംസാരിക്കാന്‍ ഒരു ഒഴിവു കിട്ടുന്നതേയില്ല. അയാള്‍ എപ്പോഴും തിരക്കിലാണ്. രാത്രി ഭക്ഷണം തയ്യാറാക്കുന്നതിനിടയില്‍ കുടിയിലെ മൂപ്പനോടും മറ്റുള്ളവരോടും അയാള്‍ നിര്‍ത്താതെ സംസാരിച്ചുകൊണ്ടിരുന്നു. പകല്‍ മുഴുവന്‍ നടന്നതിന്റെ ക്ഷീണം കാരണം എപ്പോഴാണ് ഞാന്‍ മയക്കത്തിലേയ്ക്ക് കൂപ്പുകുത്തിയത് എന്ന് ഓര്‍മ്മയില്ല. ഉണരുമ്പോള്‍ കഞ്ഞിയും കറികളും തയ്യാറായിരുന്നു. പുറത്ത് നിലാവ് തളിര്‍ത്തു നില്‍ക്കുന്നു. കഞ്ഞി കുടിച്ചിട്ട് ഞാന്‍ കുറച്ചു നേരം വെളിയില്‍ ഇറങ്ങി നിന്നു. അസ്ഥികള്‍ ഉറയുന്ന തണുപ്പാണ്. വീണ്ടും അകത്തു കയറി. അപ്പോഴേയ്ക്കും കൂടെയുള്ളവര്‍ എല്ലാവരും ഉറങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. ബാലുവും പതിയെ ഉറങ്ങാന്‍ തുടങ്ങുകയാണ്. എന്നാലും വേണ്ടില്ല വെറുതെ കുറച്ചുനേരം സംസാരിക്കാമെന്നു കരുതി ഞാന്‍ ബാലുവിനോട് ഒരു ബീഡി ചോദിച്ചു. പോക്കറ്റില്‍ നിന്നും തെറുപ്പു ബീഡി ഒരെണ്ണം എനിക്കു നേരേ നീട്ടിയിട്ട് അയാള്‍ വീണ്ടും കിടന്നു. പിന്നെ ഞാന്‍ ബാലുവിനെ ശല്യപ്പെടുത്താന്‍ പോയില്ല. സത്രത്തിനു വെളിയില്‍ നിലാവില്‍ കാട് ഒരു തടാകം പോലെ തോന്നിച്ചു.

 

നേരം വെളുത്തപ്പോള്‍ ഒരു ചിത്രകാരന്റെ പാലറ്റില്‍നിന്നും വെള്ളനിറം പടര്‍ന്നതു പോലെ വെള്ളിമേഘങ്ങള്‍ കുടിക്കു താഴെ കൊക്കയില്‍ ഉറകൂടി നിന്നു. നീല ആകാശവും പഞ്ഞിക്കെട്ടുകള്‍ പോലെ ഒഴുകുന്ന മേഘങ്ങളും! കാശിമലയുടെ പിന്നില്‍ നിന്നും സൂര്യകിരണങ്ങള്‍ ചിതറുന്നു! ബാലു ഉപ്പുമാവ് തയ്യാറാക്കിയിരുന്നു. അതും കഴിച്ച് രാവിലെ തന്നെ ഞങ്ങള്‍ മടക്ക യാത്ര തുടങ്ങി. ബാലു അപ്പോഴും എനിക്ക് അപ്രാപ്യനായി തുടര്‍ന്നു. ഞങ്ങള്‍ ആണ് ആദ്യം പോന്നത്. ബാലു പിന്നാലെ വന്നോളാം എന്നു പറഞ്ഞു. ചോല കടന്ന് വീണ്ടും ഞങ്ങള്‍ മാട്ടുശോലൈ മലയുടെ അടിവാരത്തിലെത്തി. മുന്നില്‍ കുത്തനെയുള്ള കയറ്റമാണ്. ഉച്ചയാവും മുന്നെ മല കയറണം. ഇല്ലെങ്കില്‍ വെയിലു കൊണ്ട് കരിഞ്ഞു പോകും. ഇളവെയിലിനു പോലും നല്ല ചൂടാണ്. അല്പനേരം വിശ്രമിച്ചിട്ട് കയറ്റം തുടങ്ങാമെന്നു കരുതി ഞാന്‍ ചോലയില്‍ ഒരു മരത്തിനു താഴെ ഇരുന്നു. കൂട്ടത്തിലുള്ള രണ്ടുപേര്‍ മുന്നെ പോയിരുന്നു. രണ്ടുപേര്‍ പിന്നാലെ വരുന്നുണ്ട്. ചോലയിലെ മുറ്റിത്തഴയ്ക്കുന്ന തണുപ്പില്‍ ചില്ലകളില്‍ നിന്നും ചില്ലകളിലേയ്ക്ക് ട്രപ്പീസ് കളിക്കാരനെ പോലെ പറന്നു കളിക്കുന്ന ഒരു കാടുമുഴക്കിയേയും നോക്കി ഇരിക്കുകയായിരുന്നു ഞാന്‍. അപ്പോഴാണ് കാടിന്റെ സംഗീതത്തെ മുറിച്ചുകൊണ്ട് ഒരു സിനിമാപാട്ട് കേട്ടു തുടങ്ങിയത്. ഏതോ പഴയ തമിഴ് പടത്തിലെ പാട്ടായിരുന്നു അത്.

 

പതിയെ പതിയെ ആ പാട്ട് എനിക്കടുത്തേയ്ക്ക് നീങ്ങിനീങ്ങി വന്നുകൊണ്ടിരുന്നു. അത് ബാലുവായിരുന്നു. അയാളുടെ ഫോണില്‍ നിന്നുമായിരുന്നു ആ പാട്ടു വന്നുകൊണ്ടിരുന്നത്.
‘സാര്‍, ഇവിടെയിരുന്നാല്‍ വീണ്ടും ക്ഷീണിക്കത്തേയുള്ളൂ. വാ, മുകളിലെത്തിയിട്ടു വിശ്രമിക്കാം.’
ഇപ്പോള്‍ വിട്ടുകളഞ്ഞാല്‍ ഇനി ഒരിക്കലും ബാലുവിനോട് സംസാരിക്കാന്‍ എനിക്കു കഴിഞ്ഞെന്നു വരില്ല. ഞാന്‍ അയാളോടൊപ്പം മല കയറാന്‍ തന്നെ തീരുമാനിച്ചു. എന്ത് അനായാസമായിട്ടാണ് അയാള്‍ തലച്ചുമടുമായി മല കയറുന്നത്! ബാലുവിനൊപ്പമെത്താന്‍ എനിക്കു പലപ്പോഴും നടത്തത്തിന്റെ വേഗത കൂട്ടേണ്ടതായി വന്നു. അടുത്തെത്തിയ ആദ്യത്തെ അവസരത്തില്‍ തന്നെ ഞാന്‍ അയാളുടെ കുടുംബത്തെപ്പറ്റി ചോദിച്ചു. ബാലുവിനും ഭാര്യക്കും രണ്ടു മക്കളാണ്. ഒരു ആണൂം ഒരു പെണ്ണൂം. പെണ്‍കുട്ടി ബി.എസ്.സി വരെ പഠിച്ചു. അവളുടെ കല്യാണം കഴിഞ്ഞ് ഇപ്പോള്‍ ഒരു കുട്ടിയുമുണ്ട്. ബാലുവിന്റെ സംസാരത്തില്‍ മകനോട് എന്തോ വിരോധമുള്ളതു പോലെ എനിക്കു തോന്നി. അതുകൊണ്ട് ഞാന്‍ അവനെക്കുറിച്ചു ചോദിച്ചു. മറയൂരിലെ ബി.ജെ.പിയുടെ പ്രാദേശിക നേതാവാണ് തന്റെ മകന്‍ എന്നു മാത്രം പറഞ്ഞിട്ട് അയാള്‍ വീണ്ടും തന്റെ മകളെപ്പറ്റി സംസാരിക്കുന്നത് തുടര്‍ന്നു. എനിക്ക് ബാലുവിന്റെ പെരുമാറ്റത്തില്‍ കൗതുകം തോന്നി. ഒരു അച്ഛന്‍ തന്നെ പറ്റി സംസാരിക്കാന്‍ പോലും ഇഷ്ടപ്പെടാതിരിക്കാന്‍ വണ്ണം എന്തു തെറ്റായിരിക്കും ആ മകന്‍ ചെയ്തിട്ടുണ്ടാവുക? ‘എന്താണ് താങ്കള്‍ മകനെ പറ്റി സംസാരിക്കാന്‍ മടിക്കുന്നത്?’ ഞാന്‍ ബാലുവിനോട് ചോദിച്ചു. തികച്ചും അപ്രതീക്ഷിതമായി ബാലു അപ്പോള്‍ പൊട്ടിത്തെറിച്ചു.

 

 

‘അവന്‍ എന്നെ ധിക്കരിച്ചു സാര്‍! ആര്‍ക്കു വേണ്ടിയാണ് ഞാനിക്കാലമത്രയും എന്റെ ചോര നീരാക്കിയത്? ഇത്രനാളും ഈ ആനക്കാട്ടില്‍ ജീവന്‍ പണയപ്പെടുത്തി ഞാന്‍ കഴിഞ്ഞു കൂടിയത് ആര്‍ക്കു വേണ്ടിയായിരുന്നു? പറയണം സാര്‍.’

ബാലുവിന്റെ വികാരങ്ങളെ ഞാന്‍ മുറിവേല്‍പ്പിച്ചു എന്നു എനിക്കു തോന്നി. ഞാന്‍ അതിന് അയാളോട് ക്ഷമ ചോദിച്ചു.

‘അല്ല സാര്‍, നിങ്ങളല്ല. എന്റെ മകന്‍, അവനാണ് എന്നെ വേദനിപ്പിച്ചത്.’

എങ്ങനെ? അയാള്‍ രാഷ്ട്രീയത്തിലേയ്ക്ക് എടുത്തുചാടിയതു കൊണ്ടാണോ? ബാലു കുറെ നേരം നിശബ്ദനായി. പിന്നെ അയാള്‍ പറഞ്ഞു തുടങ്ങി.

 

‘ഞാന്‍ അവനെ ഒരു കുറവും വരുത്താതെ ആണ് സാര്‍ വളര്‍ത്തിയത്. അവന്‍ ചോദിച്ചതെല്ലാം ഞാന്‍ കൊടുത്തു. കാശിനു കാശ്, സ്‌നേഹത്തിനു സ്‌നേഹം. പഠിച്ചു മിടുക്കനായി നല്ലൊരു ജോലി വാങ്ങണമെന്നേ എനിക്കു ആഗ്രഹമുണ്ടായിരുന്നുള്ളൂ. പക്ഷെ എന്നെ അവന്‍ ചതിച്ചു. പരീക്ഷയില്‍ തോറ്റ് പഠിപ്പും മതിയാക്കി ഒരു ദിവസം അവന്‍ വീട്ടില്‍ കയറി വന്നു. ഞാന്‍ ആകെ തകര്‍ന്നു പോയി സാര്‍. ദേഷ്യവും സങ്കടവുമൊക്കെ വന്നെങ്കിലും ക്ഷമിക്കാന്‍ ഞാന്‍ തയ്യാറായിരുന്നു. ഒന്നുമല്ലെങ്കിലും ഞാന്‍ അവന്റെ അപ്പനായി പോയില്ലെ! ഒരു അപ്പന്‍ അതല്ലാതെ വേറെ എന്തു ചെയ്യാനാണ്? അതു കഴിഞ്ഞപ്പോളാണ് അവന്റെ ഒരു ഒടുക്കത്തെ പ്രേമം!’

 

ബാലു അത് പറഞ്ഞത് ആശ്ചര്യവും അവജ്ഞയും കൂടിക്കുഴഞ്ഞ ഒരു പ്രത്യേക രീതിയിലായിരുന്നു. അത് കേട്ടപ്പോള്‍ പ്രണയിച്ചു വിവാഹം കഴിച്ച എനിക്കു പോലും ഒരു പെണ്‍കുട്ടിയെ ഇഷ്ടപ്പെടുന്നത് അത്ര ശരിയല്ല എന്നു തോന്നിപ്പോയി! അതുകൊണ്ട് ഞാന്‍ ചോദിച്ചു.
‘ഒരാള്‍ പ്രണയിക്കുന്നതില്‍ എന്തു തെറ്റാണുള്ളത് ബാലു?’
‘പ്രേമിക്കുന്നതിലല്ല സാര്‍ കുഴപ്പം, സ്വന്തം അച്ഛന്റെ സ്വപ്നങ്ങള്‍ തകര്‍ത്തിട്ട് ഒരു പെണ്ണുമായി ഒളിച്ചോടുന്നതിലാണ് കുഴപ്പം.’
‘എന്തായിരുന്നു താങ്കളുടെ സ്വപ്നങ്ങള്‍?’

‘ഞാന്‍ കണ്ടെത്തുന്ന പെണ്ണിനെ അവന്‍ കല്യാണം കഴിക്കണമായിരുന്നു. ആ വിവാഹം നല്ല രീതിയില്‍ ഞാന്‍ നടത്തി കൊടുക്കുമായിരുന്നു. അവന്‍ അതൊന്നും ഓര്‍ത്തില്ല. എന്തിനേറെ പറയുന്നു, അവന്‍ അവന്റെ പെങ്ങളെക്കുറിച്ചു പോലും ചിന്തിച്ചില്ല! എല്ലാം അവന്റെ തോന്നിയവാസം.’
പെട്ടെന്ന് എനിക്ക് ഞാന്‍ ഏതോ പഴയ തമിഴ് പടം കാണുകയാണെന്നു തോന്നി. ആങ്ങളയുടെ പ്രണയം പെങ്ങന്മാരുടെ ഭാവി തകര്‍ക്കുമെന്നു വേവലാതിപ്പെടുന്ന ഒരു സധാരണ അച്ഛനായി ബാലു അഭിനയിക്കുകയാണോ? ഇത്തരം രംഗങ്ങള്‍ക്ക് ഒഴിവാക്കാനാവാത്ത വയലിനില്‍ നിന്നും മോങ്ങിയുയരുന്ന ചിരപരിചിതമായ ആ ശോകസംഗീതത്തിനായി ഞാന്‍ ചെവിയോര്‍ത്തു. പക്ഷെ ബാലുവിന്റെ മൊബൈല്‍ ഫോണില്‍ നിന്നും വന്നിരുന്ന പാട്ടുകള്‍ മാത്രമെ എനിക്കു കേള്‍ക്കാന്‍ കഴിഞ്ഞുള്ളൂ. അവയിലൊന്നു ഇങ്ങനെയായിരുന്നു. ‘മാമ്പഴത്തെ വണ്ട് വാസമലര്‍ ചെണ്ട്, യാര്‍ വരവൈ കണ്ട് വാടിയത് ഇണ്ട്ര്….!’

 

 

1962-ല്‍ പുറത്തിറങ്ങിയ ‘സുമൈതാങ്ങി’ എന്ന ജെമിനി ഗണേശന്‍ ചിത്രത്തിലെ ഗാനമായിരുന്നു അത്. ഒരു കുടുംബത്തിന്റെ ഭാരം മുഴുവനും സ്വന്തം ചുമലില്‍ ഏറ്റുന്ന ഒരാളുടെ കഥയായിരുന്നു അത്. എന്തുകൊണ്ട് ബാലു അത്തരം പാട്ടുകള്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നു എന്നു എനിക്കു ബോധ്യമായി. ശിവാജിയുടെയും ജെമിനിയുടെയും ഒക്കെ പടങ്ങള്‍ കാണാനായി മൈലുകള്‍ താണ്ടി ഉദുമല്‍പ്പേട്ടയ്ക്കും ചിലപ്പോഴൊക്കെ കോയമ്പത്തൂര്‍ വരേയ്ക്കും പോയിരുന്ന ചെറുപ്പകാലം ബാലു ഓര്‍ത്തു.

‘അന്ന് ഞങ്ങള്‍ക്ക് ഏക്കര്‍ കണക്കിനു സ്ഥലമുണ്ടായിരുന്നു സാര്‍. എന്റെ അപ്പന്‍ അന്‍പത് ഏക്കര്‍ സ്ഥലം ഒരാള്‍ക്ക് ഒരു പശുവിനു പകരമായി നല്കി!’

 

അതില്‍ ഒരു അതിശയോക്തി എനിക്കു തോന്നാതിരുന്നില്ല. പക്ഷെ എല്ലാം നഷ്ടപ്പെട്ടവന്റെ ഹൃദയവ്യഥയ്ക്ക് യുക്തി വേണമെന്നു പറയാന്‍ എനിക്കു അപ്പോള്‍ തോന്നിയില്ല. ഞങ്ങള്‍ മാട്ടുശോലൈ മലയുടെ മുകളില്‍ എത്തിയിരുന്നു. തണുത്ത കാറ്റ് വീശിയടിക്കുന്നുണ്ടായിരുന്നു. വഴിയരുകില്‍ ഒരു പാറയുടെ മുകളില്‍ ഞാന്‍ ബാലുവിനെ കേട്ടുകൊണ്ടിരുന്നു.

 

‘ഇന്നിപ്പോള്‍ എനിക്ക് പതിമൂന്ന് സെന്റ് സ്ഥലം മാത്രമാണുള്ളത്. എല്ലാം വിധിയാണ്. എന്റെ ഭാര്യക്ക് രക്ത സമ്മര്‍ദ്ധം അധികമാണ്. അവള്‍ക്ക് ആര്‍ത്തവസംബന്ധിയായ ചില പ്രശ്‌നങ്ങളുമുണ്ട്. ചിലപ്പോഴൊക്കെ ചോര നില്‍ക്കില്ല. പല ഡോക്ടര്‍മാരേയും കാണിച്ചു. അവരെല്ലാം ഓരോ മരുന്നും കൊടുത്തു. പക്ഷെ ഒരു ഫലവും ഉണ്ടായില്ല. എന്റെ അമ്മായി അമ്മയും ഞങ്ങളോടൊപ്പമാണ്. അവര്‍ ദേഹം അപ്പാടെ തളര്‍ന്നു കിടപ്പിലാണ്. എല്ലാത്തിനും ഒരാളുടെ സഹായം വേണം. വീട്ടിലുള്ളപ്പോള്‍ ഞാനാണ് അവരുടെ തീട്ടവും മുള്ളിയും എടുക്കുന്നത്. എപ്പോഴെങ്കിലും ഞാന്‍ പൊട്ടിത്തെറിക്കുമെന്ന് എന്റെ ഭാര്യയ്ക്കു പേടിയാണ്. പക്ഷെ ഞനൊരിക്കലും അങ്ങനെ ചെയ്യില്ല സാര്‍. എന്റെ അമ്മയായിരുന്നു ഈ അവസ്ഥയിലെങ്കില്‍ അവള്‍ ഇതൊക്കെ ചെയ്യുമായിരുന്നില്ലേ? അതുകൊണ്ട് ഇതെന്റെ കടമയാണ്.’

 

സത്യം പറഞ്ഞാല്‍ ബാലു തന്റെ മകന്റെ പ്രണയത്തെപ്പറ്റി പറഞ്ഞപ്പോള്‍ എനിക്കു തോന്നിയ വികാരങ്ങളല്ല ഇപ്പോള്‍ എനിക്കയാളോട് തോന്നിയത്. മാമൂലുകളുടെയും പിതൃബോധത്തിന്റെയും തടവറയില്‍ കുടുങ്ങിയ മറ്റേതൊരു ആണിനേയും പോലെ തന്നെയാണ് ബാലുവും. പക്ഷെ അയാള്‍ അത് മാത്രമല്ല. കനിവും സ്‌നേഹവുമൊക്കെ കൂടിക്കുഴഞ്ഞ ഒരു കാട്ടുമുരിക്കാണ് അയാള്‍. ഒരു സാധാരണക്കാരനായിട്ട് ബാലുവിനെ അടയാളപ്പെടുത്താന്‍ ശ്രമിച്ചതില്‍ എനിക്ക് കുറ്റബോധം തോന്നി. സാമാന്യവത്ക്കരണങ്ങളുടെ കറുപ്പിനും വെളുപ്പിനുമിടയില്‍ നാം പെട്ടെന്നു കാണാതെ പോകുന്ന എത്രയോ നിറങ്ങളുണ്ട് എന്ന് ഞാന്‍ ഓര്‍ത്തു.

 

പിന്നീടൊന്നും ബാലുവിനോട് ചോദിക്കാന്‍ എനിക്കു തോന്നിയില്ല. ഒള്ളവയലില്‍ പോയിട്ടു തിരിച്ചു വരികയായിരുന്ന ആദിമന്നാനും മല്ലിയമ്മയും ഞങ്ങള്‍ക്ക് അരുകിലെത്തി. അവര്‍ മാങ്ങാപ്പാറക്കുടിയിലേയ്ക്ക് പോവുകയാണ്. ബാലുവിന്റെ അടുത്ത സുഹൃത്താണ് ആദിമന്നാന്‍. ചെറുപ്പം മുതലുള്ള അവരുടെ സൗഹൃദം വെറ്റിലയും ചുണ്ണാമ്പും പുകയിലയുമായി കുഴഞ്ഞ് ചുമക്കുന്നത് ഞാന്‍ കണ്ടു. മല്ലിയമ്മ ഇരിന്നിരുന്നത് ഒരു കുറിഞ്ഞിയുടെ അരികിലായിരുന്നു. അവരുടെ ചേലയുടെ നിറം നീലയും. കുറിഞ്ഞി പൂക്കുന്ന കാലമായാല്‍ പ്രകൃതി ഈ മലയാകെ നീലയുടെ ചിക്കുപാ വിരിച്ചിടും. പക്ഷെ അതിനിനി വര്‍ഷങ്ങള്‍ കഴിയേണം. അതുവരേയ്ക്കും മല്ലിയമ്മയുടെ നീല പോളീസ്റ്റര്‍ സാരി മതിയാവും എന്ന് എനിക്കു തോന്നി. ചക്രവാളത്തില്‍ മഴമേഘങ്ങള്‍ ഉരുണ്ടു കൂടുന്നുണ്ടായിരുന്നു. മലയടിവാരത്തു നിന്നും കോടമഞ്ഞ് ഞങ്ങളെ വന്നു മൂടി. അപ്പോള്‍ ഉച്ചയായിരുന്നു. മുറുക്കി കഴിഞ്ഞപ്പോള്‍ ആദിമന്നാനും മല്ലിയമ്മയും അവരുടെ വളര്‍ത്തു നായ കറുപ്പനേയും കൂട്ടി മഞ്ഞിലേയ്ക്ക് നടന്നു പോയി. ഞാനും ബാലുവും മലയിറങ്ങി താഴേയ്ക്കും.

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍