UPDATES

സക്കീര്‍ ഹുസൈന്‍ കീഴടങ്ങണം: കോടിയേരി

അഴിമുഖം പ്രതിനിധി

കൊച്ചിയില്‍ വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയായ സി.പി.എം കളമശ്ശേരി മുന്‍ ഏരിയാ സെക്രട്ടറി വി.എ സക്കീര്‍ ഹുസൈന്‍ പൊലീസിന് കീഴടങ്ങണമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഗുണ്ടാകേസില്‍ ആരോപണവിധേയനായ സക്കീര്‍ ഹുസൈന്‍, നിയമത്തിന് മുന്നില്‍ ഹാജരാകണം. കഴിഞ്ഞദിവസം സക്കീര്‍ ഹുസൈന്‍ പാര്‍ട്ടി ഓഫിസിലെത്തിയത് പരിശോധിക്കുമെന്നും കോടിയേരി വ്യക്തമാക്കി.

സക്കീര്‍ ഹുസൈന്‌റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഹൈകോടതി കീഴടങ്ങാന്‍ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സക്കീര്‍ഹുസൈന്‍ കളമശേരി ഏരിയ കമ്മിറ്റി ഓഫിസില്‍ എത്തിയത്. ഇതോടെ പൊലീസും ഓഫിസ് പരിസരത്തേക്ക് എത്തി. രണ്ടാഴ്ചയോളമായി ഒളിവില്‍ കഴിയുന്ന സക്കീര്‍, വിധി പുറത്തു വന്നതിന് പിന്നാലെ മൂന്ന് മണിയോടെയാണ് പാര്‍ട്ടി ഓഫിസിലെത്തിയത്. പാര്‍ട്ടി ഓഫിസ് പരിസരത്ത് സ്‌പെഷല്‍ ബ്രാഞ്ച് പൊലീസ് എത്തിയതോടെ അറസ്റ്റ് ഉണ്ടാകുമെന്ന് അഭ്യൂഹമുണ്ടായി. എന്നാല്‍ ഉന്നതരില്‍ നിന്നും അനുമതി കിട്ടാതെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു പൊലീസ്. ഏരിയ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല വഹിക്കുന്ന ടി.കെ.മോഹനന്‍ ഓഫിസിലത്തെി അടിയന്തര യോഗം ചേരുകയും തുടര്‍ന്ന് സക്കീര്‍ഹുസൈന്‍ പാര്‍ട്ടി ഓഫിസിനകത്തുണ്ടെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. ഏഴ് ദിവസത്തിനകം കീഴടങ്ങാനാണ് കോടതി നിര്‍ദേശമെന്നും മറ്റ് കാര്യങ്ങള്‍ ആലോചിച്ച് തീരുമാനിക്കുമെന്നും മോഹനന്‍ പറഞ്ഞു.

എറണാകുളം വെണ്ണല സ്വദേശിയായ വ്യവസായി ജൂബി പൗലോസിനെ ഭീഷണിപ്പെടുത്തിയെന്നാണ് സക്കീറിന് എതിരായ കേസ്. ബിസിനസ് തര്‍ക്കത്തിലിടപെട്ട്, സിവില്‍കേസ് പിന്‍വലിക്കണമെന്നും ധാരണാപത്രത്തില്‍ നിന്ന് പിന്മാറണമെന്നും ആവശ്യപ്പെട്ടായിരുന്നു ഭീഷണി. മറ്റ് പ്രതികളായ സിദ്ദീഖ്, ഫൈസല്‍ എന്നിവര്‍ ജൂബിയെ കാറില്‍ തട്ടിക്കൊണ്ടുപോയി സിപിഎം ഏരിയാ കമ്മിറ്റി ഓഫിസിലെത്തിച്ചെന്നും ഏരിയാ കമ്മിറ്റി സെക്രട്ടറിയായിരുന്ന സക്കീര്‍ ഹുസൈന്‍ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. സിദ്ദീഖിനെയും ഫൈസലിനെയും ഒക്ടോബര്‍ 31ന് അറസ്റ്റ് ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍