UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘സഖാവ്’ ചോരണം; പ്രതീക്ഷയും ശ്രീനിവാസനും ചില ധര്‍മ്മ സങ്കടങ്ങളും

Avatar

ചെറിഷ്  ടോറന്റോ

‘സഖാവ്’ എന്ന കവിത നവമാധ്യമങ്ങളിലൂടെ ഏറെ പ്രശസ്തി നേടിയ സാഹചര്യത്തോടൊപ്പം അതിന്റെ സൃഷ്ടാവിനെച്ചൊല്ലി ഇപ്പോൾ വിവാദം പുകയുകയാണല്ലോ. ഒരു കലാസൃഷ്ടിയുടെ ഉൽപ്പത്തിയെക്കുറിച്ചുള്ള തര്‍ക്കങ്ങള്‍ക്കപ്പുറം കേരളത്തിൽ നിലവിലുള്ള നിരവധി സാമൂഹിക രാഷ്ട്രീയ വിഷയങ്ങൾ ഒളിഞ്ഞും തെളിഞ്ഞും കിടക്കുന്നുണ്ട് ഏതാനും വരികൾ മാത്രമുള്ള ഈ കവിതയിലും അതിന്റെ വിവാദത്തിലും.

ഒരു കലാലയത്തിലെ എല്ലാ മരങ്ങളിലും സംഘടനയുടെ പോസ്റ്റർ ഒട്ടിച്ചു നടക്കുന്ന ഒരു സഖാവുണ്ടായിരുന്നു. ആ മരക്കൂട്ടങ്ങളിൽ  ചെറുപ്പമുള്ള ഒരു മരത്തിനു ഈ സഖാവിനോട് പ്രണയം തോന്നി. എന്നാൽ തന്റെ പ്രണയം അറിയിക്കുവാൻ മരത്തിനു ഭയമായിരുന്നു. അതിനാൽ അതുവരെ പൂക്കാത്ത തന്റെ ചില്ലകളിൽ ഒക്കെയും മഞ്ഞ നിറമുള്ള മനോഹരമായ പൂക്കൾ നിറച്ചു കൊണ്ട്  ആ സഖാവ്  മരച്ചോട്ടിൽ ഇരിക്കുമ്പോൾ അവന്റെ ചുമലിലേക്കിട്ടു കൊടുത്ത്‌   തന്റെ പ്രണയം അറിയിക്കുവാൻ ആ മരം തീരുമാനിച്ചു. എന്നാൽ പൂക്കൾ വിരിഞ്ഞു വന്നപ്പോഴേക്കും രാഷ്ട്രീയ അക്രമങ്ങളുടെ പേരിൽ സഖാവിനെ പോലീസ് അറസ്റ്റു ചെയ്തു ജയിലിൽ അടച്ചു. ജയിലിൽ  നിന്നിറങ്ങിയ സഖാവിനെ രാഷ്ട്രീയ എതിരാളികൾ പകപോക്കൽ കാരണം വകവരുത്തിയിരുന്നു. എന്നാൽ പൂമരം സഖാവിന്റെ ദുരന്തമറിയാതെ പ്രണയ വിരഹം കൊണ്ട് വിവശയായ  തന്റെ പ്രിയതമനെ കാത്തിരുന്നു.

സാധാരണ മുഴുവൻ സമയം രാഷ്ട്രീയം കളിച്ചു നടക്കുന്ന വിദ്യാർഥികൾ കലായാലയത്തിൽ കാലുകുത്തുന്നത് വർഷാവസാനം നടക്കുന്ന കൊല്ലപ്പരീക്ഷ എഴുതാനാണ്. എന്നാൽ പരീക്ഷ  എത്തിയിട്ടും സഖാവ് എത്തിയില്ല. കാരണം അറിയാതെ ഒരിക്കലും തിരിച്ചെത്താത്ത കൊല്ലപ്പെട്ട കാമുകന് വേണ്ടി അനന്തമായ കാത്തിരിപ്പ് തുടരുന്ന പൂമരത്തിന്റെ കരളലിയിക്കുന്ന  ഹൃദയസ്പര്‍ശിയുമായ പ്രമേയമാണ് ഈ ചെറിയ കവിതയ്ക്കുള്ളത്.

കേവലം പോസ്റ്റർ ഒട്ടിച്ചു നടന്നിട്ട് ഒടുവിൽ ഒന്നും നേടാതെ ജീവിതം ഹോമിച്ച സഖാവും അവനെ പ്രണയിച്ച പൂമരവും കവി ഭാവനയിൽ സമകാലിക രാഷ്ട്രീയത്തിന്റെ പ്രതീകങ്ങളത്രെ. പാർട്ടി ജില്ലയായ കണ്ണൂരിൽ അടിക്കടി നടക്കുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ചു നടനും സംവിധായകനുമായ ശ്രീനിവാസൻ ഈയിടെ പ്രതികരിച്ചത് ഇതേ വിഷയത്തിൽ തന്നെ. നേതാക്കന്മാർ തമ്മിൽ കാണുമ്പോൾ സൗഹൃദം പ്രകടിപ്പിക്കുമ്പോൾ താഴെത്തട്ടിലെ പ്രവർത്തകർ പരസ്പരം തല്ലിയും കൊന്നും നശിക്കുന്നുവെന്നും വിധവകളും അനാഥരുമുള്ളത് നേതാക്കളുടെ വീടുകളിലല്ല, പ്രവർത്തകരുടെ വീടുകളിലാണെന്നുമാണ് ശ്രീനിവാസൻ പറഞ്ഞത്.

വര്‍ഷങ്ങള്‍ക്ക് മുൻപ് എട്ടാം ക്‌ളാസിൽ പഠിക്കുന്ന സമയത്തു പ്രതീക്ഷ ശിവദാസ് എന്ന പെൺകുട്ടി ‘സഖാവ്’ എന്ന കവിത എസ്. എഫ്ഐ. യുടെ മുഖമാസികയായ സ്റ്റുഡന്‍റിന് അയച്ചു കൊടുത്തിരിന്നുവെന്നും അത് പ്രസിദ്ധീകരിച്ചില്ല എന്നും പെൺകുട്ടി അവകാശപ്പെടുന്നു. ഈ പെൺകുട്ടിയുടെ സഹോദരനായ നിഖിൽ പാലക്കാട് ഒറ്റപ്പാലം എൻ.എസ്.എസ്  കോളേജിൽ പഠിക്കുന്ന കാലത്തു തന്റെ സഹോദരിയോട്‌ കോളേജിൽ രാഷ്ട്രീയ വിശേഷങ്ങൾ പങ്കുവെച്ചതിൽ നിന്നുൾക്കൊണ്ട പ്രമേയമാണ് കവിതയുടെ ആധാരം. ആ കലാലയത്തിൽ ഇപ്പോഴുമുള്ള പീത പുഷ്പങ്ങളുള്ള വാകമരമാണ്  കഥയിലെ വിരഹിണിയായ നായിക.

എന്നാൽ പിന്നീട്  കോട്ടയം സി. എം. എസ്  കോളേജ് മാഗസീനിൽ സാം മാത്യു എ. ഡി എന്ന സഖാവിന്റെ പേരിൽ കവിത 2013 -ൽ ചെറിയ മാറ്റങ്ങൾ വരുത്തി പ്രസിദ്ധീകരിക്കപ്പെട്ടു എന്ന് പറയുന്നു. മഹാത്മാ ഗാന്ധി സർവകലാശാലയിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായ സാമിന്റെ ഇതര സൃഷ്ടിയായ ‘ഒഴിവു കാലം’ എന്ന കവിതയും സ്വന്തം ആലാപനത്തിൽ യു ട്യൂബിൽ  അവതരിപ്പിച്ചിട്ടുണ്ട്. 

ആര്യ ദയാൽ എന്ന പെൺകുട്ടി ‘സഖാവ്’ എന്ന കവിത സെൽഫി വീഡിയോ എടുത്ത് നവ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ കവിതയ്ക്ക് പ്രചാരം ലഭിക്കുകയും സാം മാത്യു സോഷ്യല്‍ മീഡിയ ഹീറോ ആയി മാറുകയും ചെയ്തു. 

ഒരാളുടെ കലാസൃഷ്ടി മറ്റൊരാൾ കൈവശപ്പെടുത്തുന്നത് ഒരു തരത്തിലും ന്യായീകരിക്കാവുന്ന ഒന്നല്ല. എഡിറ്ററുടെ ഭാഗത്തു ഇങ്ങനെ വീഴ്ച വന്നെങ്കിൽ അത് പ്രസ്‌ഥാനത്തിന്റെ പ്രവർത്തനങ്ങളുടെയും പ്രസിദ്ധീകരണങ്ങളുടെയും വിശ്വാസ്യത മൊത്തമായി ചോദ്യം ചെയ്യപ്പെടുകയാണ്. പെൺകുട്ടിയുടെ കയ്യിൽ തെളിവുകളില്ല എങ്കിലും ഈ വിവാദം ഒരു വിദ്യാര്‍ത്ഥി പ്രസ്ഥാനത്തെ തന്നെയാണ് പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്.  

അതേസമയം അവകാശമുന്നയിച്ച പ്രതീക്ഷക്കെതിരെ കടുത്ത വിമർശനമാണ് സഖാക്കൾ നടത്തുന്നത്. ഈ  അവകാശവാദം ഉന്നയിച്ചതുകൊണ്ട് പ്രസ്ഥാനം അപകീർത്തിപ്പെടുമെന്ന വ്യാകുലതയാണ് അഭിപ്രായപ്രകടനങ്ങളിലൂടെ പ്രകടമാകുന്നത്. പ്രസ്ഥാനത്തിന്റെയും നേതൃത്വത്തിന്റെയും ഏതു പ്രവർത്തിയെയും അത് നീതിയായാലും അനീതിയായും ന്യായീകരിക്കുകയെന്ന പാര്‍ട്ടിക്കൂറാണ് ഇവിടെ തെളിയുന്നത്. കവിത മോഷ്ടിച്ചു എന്ന വസ്തുത വെളിപ്പെടുത്താതെ സ്വയം ഉള്ളിലൊതുക്കി കൂറുള്ള പ്രവർത്തകയായി ആത്മത്യാഗം ചെയ്യുകയാണ് പ്രതീക്ഷ ചെയ്യേണ്ടിയിരുന്നത് എന്നാണ് അവര്‍ പറയുന്നത്. സമാനമായ പല ധർമ്മ സങ്കടങ്ങളും പ്രസ്ഥാനവുമായി ബന്ധപ്പെട്ടു സമൂഹത്തിലുണ്ട്. ഈ കവിതയുടെ വിവാദത്തിന്റെ പേരിൽ പെൺകുട്ടിയുടെ നിസ്സഹായമായ  പ്രതികരണങ്ങളിൽ ഈ സാമൂഹ്യ പ്രശ്നവും പ്രതിഫലിക്കുന്നുണ്ട്. 

സമാന സാഹചര്യത്തിൽ മോഷ്ടിക്കപ്പെടുന്ന ഏതു കലാസൃഷ്ടിയുടെയും കാര്യത്തിലുമെന്ന പോലെ ഒരു അന്വേഷണം ഈ കാര്യത്തിലും നടക്കേണ്ടതുണ്ട്. പ്രസ്ഥാനത്തെയും പ്രത്യയ ശാസ്ത്രങ്ങളെയും നെഞ്ചിലേറ്റുന്നതും പോറ്റുന്നതും പൊതുസമൂഹം ആണെന്നിരിക്കെ “ഇത് ഞങ്ങളുടെ കാര്യമാണ്, നിങ്ങൾ ഇടപെടേണ്ടതില്ല” എന്ന നിലപാട് പുനർവിചിന്തനം ചെയ്യപ്പെടേണ്ടതുണ്ട്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

(കാനഡയിലെ ടൊറാന്റോയില്‍ എഞ്ചിനീയറാണ് ലേഖകന്‍) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍