UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സാക്ഷി മാലിക്ക്; ജീവിതത്തോട് ഗുസ്തി പിടിച്ചു നേടിയ വെങ്കലം

Avatar

ശാലിനി ശശിധരന്‍

ഉരുക്കു പോലെയുള്ള ശരീരവും ആത്മവിശ്വാസം തുടിക്കുന്ന മുഖവുമായി ഇന്നൊരു പെണ്‍കുട്ടി ഒളിമ്പിക്‌സ് ഗുസ്തി മത്സരത്തിലെ ഗോദയിലേക്ക് നടന്നു കയറി; സാക്ഷി മാലിക്ക്. വെറും ആറു മിനിറ്റ് നീണ്ടു നില്‍ക്കുന്ന ഒരു യുദ്ധത്തിനായി. മത്സരം തുടങ്ങി ആദ്യ രണ്ടര മിനിട്ടു കഴിഞ്ഞപ്പോള്‍ തന്നെ, ‘ഇതൊരു സ്ഥിരം ഇന്ത്യന്‍ പരാജയ കഥ’ എന്ന് കാണികള്‍ തീരുമാനിച്ചു. എതിരാളി കിര്‍ഗിസ്ഥാന്‍കാരിക്ക് അഞ്ചു പോയിന്റ്. സാക്ഷിക്ക് അപ്പോഴും പൂജ്യം. പക്ഷെ മത്സരം തീരാന്‍ വെറും പത്ത് നിമിഷം ബാക്കി നില്‍ക്കേ സാക്ഷി സമനില പിടിച്ചു. അടുത്ത പത്തു നിമിഷങ്ങള്‍ സാക്ഷിയുടെ കായിക ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു. ഇന്ത്യയുടെ ഒളിമ്പിക്‌സ് മെഡല്‍ സ്വപ്നങ്ങള്‍ ഉയര്‍ത്തെഴുന്നേറ്റ നിമിഷങ്ങള്‍. 

നിര്‍ണായകമായ ആ നിമിഷങ്ങളെക്കുറിച്ച് സാക്ഷി തന്നെ പറയുന്നു.

‘മത്സരത്തിലെ അവസാന പത്ത് നിമിഷം ആണെന്ന് കരുതി വിഷമിച്ചില്ല. ഓരോ രണ്ടു നിമിഷത്തിലും ഞാന്‍ അടവുകള്‍ മാറ്റി പ്രയോഗിച്ചു കൊണ്ടേയിരുന്നു. വിജയിക്കുമെന്ന് എനിക്കുറപ്പായിരുന്നു. ആ പത്തു നിമിഷം എന്റെ ജീവിതം മാറ്റി മറിച്ചു.’ 

സാക്ഷിയുടെ മാത്രമല്ല, ഇന്ത്യയുടേയും ഒളിമ്പിക് ചരിത്രം മാറുകയായിരുന്നു. ജയിച്ചെന്നുറപ്പായപ്പോള്‍ സാക്ഷി കോച്ചിന്റെ കൈകളിലേയ്ക്ക് ഓടിയണഞ്ഞു. വിജയത്തില്‍ മതിമറന്ന പരിശീലകന്‍ സാക്ഷിയെ തോളിലേറ്റിയപ്പോള്‍, ഇന്ത്യക്കാര്‍ ഒന്നടങ്കം അവളെ നെഞ്ചിലേറ്റുകയായിരുന്നു. ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം ത്രിവര്‍ണ പതാക പുതച്ച്, നന്ദി സൂചകമായി അവള്‍ നിലത്ത് മുഖമമര്‍ത്തി. പന്ത്രണ്ടു വര്‍ഷം ഉള്ളില്‍ കൊണ്ടുനടന്ന തീജ്വാല ആനന്ദകണ്ണീരായി.

ഹരിയാനയിലെ റോത്തക്കില്‍ നിന്നും ഇരുപത് കിലോമീറ്റര്‍ പടിഞ്ഞാറ് മാറി, മോക്ര എന്നൊരു ചെറിയ ഗ്രാമം. ഈ കുഗ്രാമത്തില്‍ നിന്നാണ് സാക്ഷി മാലിക്ക് എന്ന ഇരുപത്തിമൂന്നുകാരിയുടെ വരവ്. സുദേഷ് മാലിക്കിന്റെയും സുഖ്ബീര്‍ മാലിക്കിന്റെയും മകളായി ഒരു ഇടത്തരം കുടുംബത്തില്‍ ആണ് സാക്ഷി ജനിച്ചത്. പന്ത്രണ്ടു വയസ്സുള്ളപ്പോള്‍ തുടങ്ങിയതാണ് സാക്ഷിയുടെ ഗുസ്തി പിടിക്കല്‍. ‘ഗുസ്തി ആണുങ്ങള്‍ക്ക് പറഞ്ഞിട്ടുള്ളതാണ്’ എന്ന് കളിയാക്കിയ ഗ്രാമത്തോടായിരുന്നു ആയിരുന്നു അവളുടെ ആദ്യത്തെ മത്സരം. സാക്ഷിയുടെ ആദ്യത്തെ കോച്ചായ ഈശ്വര്‍ ദഹിയ എന്ന ഗുസ്തിക്കാരനെ ഗ്രാമവാസികള്‍ എതിര്‍ത്തു. വീട്ടിലിരുന്നു ഭക്ഷണമുണ്ടാകുകയും കല്യാണം കഴിക്കുകയും കുട്ടികളെ പെറ്റു വളര്‍ത്തുകയും ചെയ്യേണ്ടവളെ ഗോദയില്‍ ഇറക്കുകയോ?

അന്ന് ഈശ്വര്‍ ദഹിയയും സാക്ഷിയുടെ മാതാപിതാക്കളും അവളുടെ ഒപ്പം നിന്നില്ലായിരുന്നെങ്കില്‍, ഒളിമ്പിക്‌സ് മെഡല്‍ നേടുന്ന നാലാമത്തെ വനിതയായി സാക്ഷി മാറില്ലായിരുന്നു. ഇന്ത്യയുടെ ഒളിമ്പിക്‌സ് നാണക്കേടിന് ഇനിയും നീളം കൂടിയേനെ. ‘ഒരു വെങ്കല മെഡല്‍ നേടിയത് ഇത്ര വലിയ സംഭവമോ’ എന്ന രീതിയിലുള്ള പല അഭിപ്രായങ്ങളും ഇന്നത്തെ ദിവസം കേള്‍ക്കുകയുണ്ടായി. ഈ മെഡലിന്റെ വലിപ്പം അറിയണമെങ്കില്‍, അതിനു പിറകില്‍ സാക്ഷി ചെലവിട്ട പന്ത്രണ്ടു വര്‍ഷങ്ങളുടെ കഥ അറിയണം. അവള്‍ ജീവിച്ച സമൂഹത്തിന്റെ സാഹചര്യങ്ങള്‍ മനസ്സിലാക്കണം. ഹരിയാന; സമൂഹത്തിലെ മുകള്‍ത്തട്ടില്‍ ഉള്ളവര്‍ പോലും പെണ്‍കുഞ്ഞ് ജനിക്കുന്നത് ദുശ്ശകുനമായി കാണുന്ന ഒരു നാട്. ആണ്‍ – പെണ്‍ ജനസംഖ്യാ അനുപാതത്തില്‍ ഇന്ത്യയില്‍ മുപ്പതാം സ്ഥാനത്ത് നില്‍ക്കുന്ന, 1000 ആണ്‍കുട്ടികള്‍ക്ക് 879 പെണ്‍കുട്ടികള്‍ മാത്രമുള്ള ഒരു സംസ്ഥാനമാണ് ഹരിയാന. അവിടെ നിന്നൊരു പെണ്‍കുട്ടി വേണ്ടി വന്നു, നൂറു കോടി ഇന്ത്യക്കാരുടെ മാനം കാക്കാന്‍!

ഒളിമ്പിക്‌സില്‍ ഗുസ്തി വിഭാഗത്തില്‍ മെഡല്‍ നേടുന്ന ആദ്യത്തെ വനിതയാണ് സാക്ഷി മാലിക്ക്. ഇതിനു മുന്‍പ് നാല് ഒളിമ്പിക്‌സ് മെഡലുകള്‍ ഗുസ്തിക്കാര്‍ ഇന്ത്യയ്ക്ക് വാങ്ങിത്തന്നിട്ടുണ്ട്. ഇതിനു മുന്‍പ് ഗ്ലാസ്സ്‌ഗ്ലോവിലെ കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ വെള്ളി നേടിയതാണ് സാക്ഷിയുടെ ഒരു സുപ്രധാന നേട്ടം. എന്നാല്‍ ഊണിലും ഉറക്കത്തിലും താന്‍ സ്വപ്നം കണ്ടത്, ഒരു ഒളിമ്പിക്‌സ് മെഡലായിരുന്നു എന്ന് സാക്ഷി ഒരു അഭിമുഖത്തില്‍ പറയുന്നു.

ഇന്ത്യന്‍ കായിക താരങ്ങള്‍ സെല്‍ഫി എടുക്കാന്‍ മാത്രമാണ് ഒളിമ്പിക്‌സിനു പോകുന്നതെന്ന് പരിഹസിക്കുന്ന ബുദ്ധിജീവികള്‍ ഉള്ള നാടാണ് നമ്മുടേത്. ഓരോ ഒളിമ്പിക്‌സും കഴിയുമ്പോള്‍ കൂടുതല്‍ താണ ശിരസ്സുമായി ഇന്ത്യ മടങ്ങുന്നുണ്ടെങ്കില്‍ അതിനു കാരണം അവഗണിക്കപ്പെട്ടു പോകുന്ന അനേകം കായിക താരങ്ങളാണ്. ഓരോ കായികതാരവും കടന്നു പോകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് സാക്ഷി പറയുന്നതിങ്ങനെ.

‘പന്ത്രണ്ടു വര്‍ഷമായുള്ള എന്റെ പരിശ്രമമാണിത്. ഊണിലും ഉറക്കത്തിലും ഈ ഒരു ചിന്തമാത്രമാണ് എന്നെ നയിച്ചിരുന്നത്. വളരെയധികം സമ്മര്‍ദ്ദം ഓരോ കായികതാരവും അനുഭവിക്കുന്നുണ്ട്. അത് പുറത്ത് നിന്ന് നോക്കുന്നവര്‍ക്ക് ഒരിക്കലും മനസ്സിലാക്കാന്‍ സാധിക്കില്ല. ഗുസ്തിയില്‍ ഇനിയും മെഡലുകള്‍ ഇന്ത്യ നേടും. നമുക്കതിനു കഴിയുമെന്ന് ഞാന്‍ ചെയ്തു കാണിച്ചില്ലേ?’ 

ആത്മവിശ്വാസത്തിനും ആഹ്ലാദത്തിനും അപ്പുറം, അതൊരു സാക്ഷ്യപ്പെടുത്തലാണ്. ‘ചെമ്മീന്‍ ചാടിയാല്‍ ചട്ടിയോളം’ എന്നൊരു പഴഞ്ചൊല്ലു തന്നെയുള്ള നാട്ടില്‍, എളിയ സാഹചര്യങ്ങളില്‍ നിന്നും, ധൈര്യം മാത്രം കൈമുതലാക്കി ഹരിയാനയില്‍ നിന്നും ഒരു പെണ്‍കുട്ടിക്ക് റിയോയിലെ ഒളിംപിക് പോഡിയം വരെയെത്താന്‍ സാധിക്കും എന്ന സാക്ഷ്യപ്പെടുത്തല്‍. സാക്ഷീ, ജീവിതത്തോട് ഗുസ്തി പിടിച്ചു നീ നേടിയ ഈ വെങ്കലത്തിന് സ്വര്‍ണ്ണത്തേക്കാള്‍ തിളക്കമുണ്ടെന്നറിയുക.

(വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ ശാലിനി ബംഗളൂരുവില്‍ ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറായി ജോലി ചെയ്യുന്നു)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍