UPDATES

വിദേശം

സലാം അബ്ദെസലാമിന്റെ കഥയിലില്ലാത്തതും അഭയാര്‍ത്ഥികളുടെ ദുരിതവും

Avatar

ഇഷാന്‍ തരൂര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ബ്രസല്‍സില്‍ നിന്നും സലാ അബ്ദെസലാമിനെ വെള്ളിയാഴ്ച്ച പിടികൂടിയതോടെ യൂറോപ്പിലെ ഏറ്റവും വലിയ കുറ്റവാളി വേട്ടകളിലൊന്നാണ് അവസാനിച്ചത്. ബല്‍ജിയന്‍ പോലീസിന്റെ വലയിലായ അബ്ദെസലാമിന് വെടിവെപ്പില്‍ പരിക്കേല്‍ക്കുകയും ചെയ്തു.

കഴിഞ്ഞ നവംബറില്‍ നടത്തിയ പടിഞ്ഞാറിനെ ഞെട്ടിച്ച പാരീസ് ഭീകരാക്രമണത്തില്‍ പങ്കാളികളായ 10 ആക്രമണകാരികളില്‍ ജീവിച്ചിരിക്കുന്ന ഏക വ്യക്തിയാണ് 26-കാരനായ അബ്ദെസലാം. ആക്രമണത്തില്‍ 130 പേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളിലെ പൌരന്‍മാരായിരുന്നു ഇസ്ലാമിക് സ്റ്റേറ്റിന്റെ അനുയായികളെന്ന് കരുതുന്ന ആക്രമണത്തില്‍ പങ്കാളികളായ എല്ലാ ഭീകരന്മാരും. അബ്ദെസലാം പിടിയിലായതോടെ സംഭവത്തിന്റെ ഗൂഢാലോചനയെക്കുറിച്ചും ആക്രമണത്തെക്കുറിച്ചും അന്വേഷകര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ കോര്‍ത്തെടുക്കാനാകുമെന്ന് കരുതുന്നു.

ഫ്രഞ്ച് തലസ്ഥാനത്ത് നടന്ന ആക്രമണം പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഭീതിയും ആശങ്കയും വലിയതോതില്‍ വളര്‍ത്തി. യു.എസില്‍ ഇത് പ്രസിഡണ്ട് തെരഞ്ഞെടുപ്പിലെ ചര്‍ച്ച വിഷയമായി. സിറിയന്‍ അഭയാര്‍ത്ഥികളെ യു.എസിലേക്ക് കടക്കുന്നത് തടയുന്നതിനുള്ള ഒരു ന്യായീകരണമായി പാരീസ് ഭീകരതയെ റിപ്പബ്ലിക്കന്‍ കക്ഷിയിലെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി മോഹികളടക്കമുള്ള രാഷ്ട്രീയക്കാര്‍ ഉയര്‍ത്തിക്കൊണ്ടുവന്നു. (രാജ്യത്തേക്ക് ഒരൊറ്റ മുസ്ലീമിനെയും കടത്തരുതെന്നാണ് റിപ്പബ്ലിക്കന്‍ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയാകാന്‍ ഏറെ സാധ്യതയുള്ള ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടത്)

അക്രമികളില്‍ ആരുംതന്നെ സിറിയക്കാരോ അഭയാര്‍ത്ഥികളോ ആണെന്നതിന് തെളിവൊന്നും കിട്ടിയിട്ടില്ല എന്നിരിക്കെയാണ് ഈ ആക്രോശങ്ങള്‍. ചില തീവ്രവാദികള്‍ സിറിയന്‍ അഭയാര്‍ത്ഥികളുടെ വ്യാജ രേഖകള്‍ കൈവശം വെച്ചിരുന്നു എന്നു വാര്‍ത്തകളുണ്ട്. സിറിയന്‍ അഭയാര്‍ത്ഥികള്‍ കടന്നുപോകുന്ന ബുഡാപെസ്റ്റിലെ ഒരു തീവണ്ടി സ്റ്റേഷനിലൂടെ അബ്ദെസലാം കടന്നുപോയിട്ടുണ്ടെന്ന് ഹംഗറി അധികൃതര്‍ അവകാശപ്പെടുന്നു. ജിഹാദികളില്‍ നിന്നും പരിശീലനം തേടുന്നതിനായി ഇവരില്‍ പലരും സിറിയയിലേക്ക് യാത്ര ചെയ്തിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.

വിശദാംശങ്ങളെല്ലാം അവ്യക്തമാണ്. അതുപോലെത്തനെ അവസരവാദികളായ രാഷ്ട്രീയക്കാര്‍ വിളിച്ചുപറയുന്ന നിഗമനങ്ങളും. യു.എസില്‍ പ്രത്യേകിച്ചും, ഒരു ഇസ്ളാമിക തീവ്രവാദി അഭയാര്‍ത്ഥിയുടെ രൂപത്തില്‍ എത്താനുള്ള സാധ്യത തീര്‍ത്തും വിരളമാണ്. അമേരിക്കയിലേക്കുള്ള പുനരധിവാസത്തിന് അഭയാര്‍ത്ഥികള്‍ കടന്നുപോകേണ്ട അതിവിശദവും സൂക്ഷ്മവുമായ പ്രക്രിയ ഒന്നു നോക്കിയാല്‍ ഇത് ബോധ്യമാകും.

അഭയാര്‍ത്ഥികള്‍ക്കെതിരായുള്ള എടുത്തുചാട്ടം അബ്ദെസലാമിന്റെ തീവ്രവാദവത്കരണത്തിന്റെ യഥാര്‍ത്ഥ വേരുകളെയും യൂറോപ്പിലെ രാജ്യങ്ങള്‍ നേരിടുന്ന യഥാര്‍ത്ഥ സുരക്ഷാ ഭീഷണികളേയും അവഗണിക്കുകയാണ് ചെയ്യുന്നത്.

മൊറോക്കന്‍ മാതാപിതാക്കളുടെ പുത്രനായ ഈ ജിഹാദിയെന്ന് കരുതുന്ന അബ്ദെസലാമിനും പരിചിതമായ കഥയാണുള്ളത്. പന്തുകളിയും മോട്ടോര്‍സൈക്കിളും വീഡിയോഗെയിമും ഇഷ്ടപ്പെട്ടിരുന്ന ഇയാള്‍ എടുത്തുപറയത്തക്കവണ്ണം ഭക്തനൊന്നുമായിരുന്നില്ല.

“അവന്‍ സാധാരണപോലെ വസ്ത്രധാരണം ചെയ്തിരുന്നു. തീവ്രവാദിയാകുന്നു എന്ന തരത്തില്‍ ഒരു ലക്ഷണവും കാണിച്ചിരുന്നില്ല. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാതെ ഞങ്ങളുടെ കുടുംബം ഒന്നിച്ചുകഴിഞ്ഞിരുന്നു എന്നത് വലിയ നിരാശയാണുണ്ടാക്കുന്നത്,” അയാളുടെ സഹോദരന്‍ മുഹമ്മദ് പറഞ്ഞു.

അതിനുശേഷം ഉണ്ടായത്-ഒരു തരം പ്രത്യയശാസ്ത്രപരമായ തീവ്രവാദം- സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും വിവിധ രാജ്യങ്ങളിലെ രാഷ്ട്രീയക്കാര്‍ക്കും ശരിക്കും ആശങ്കയുണ്ടാക്കേണ്ട കാര്യമാണ്. പക്ഷേ അത് ഏതാണ്ട് 5 ദശലക്ഷത്തോളമെത്തി നില്‍ക്കുന്ന സിറിയന്‍ അഭയാര്‍ത്ഥികളുടെ ദുരിതവുമായി കൂട്ടിക്കെട്ടേണ്ടതില്ല. ലക്ഷക്കണക്കിനാളുകളാണ് യൂറോപ്പിലേക്കുള്ള ദുരന്തസമാനമായ യാത്ര തെരഞ്ഞെടുത്തത്. അതിര്‍ത്തികള്‍ കടക്കാനുള്ള ശ്രമങ്ങള്‍ക്കിടെ ഇക്കൊല്ലം തന്നെ നൂറുകണക്കിനാളുകള്‍ക്ക് ജീവന്‍ നഷ്ടമായി.

“അടിച്ചമര്‍ത്തലില്‍ നിന്നും പലായനം ചെയ്യുന്ന ഒരാള്‍ എന്നാണ് അഭയാര്‍ത്ഥിയുടെ നിര്‍വചനം. അവര്‍ ഭീകരവാദത്തില്‍ നിന്നും ഓടിപ്പോരുകയാണ്,” അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കുമുള്ള യു.എസ് സമിതിയുടെ പ്രസിഡണ്ട് ലാവിനിയ ലിമോന്‍ പറഞ്ഞു. “പാരീസില്‍ സംഭവിച്ചത് അവര്‍ ദിനംപ്രതി നേരിടുകയാണ്.”

അബ്ദെസലാമും കൂട്ടാളികളും നടത്തിയ നൃശംസനീയമായ ആക്രമണത്തിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങളുടെ പാര്‍ശ്വഫലങ്ങളില്‍ ഒന്നാവുകയാണ് അഭയാര്‍ത്ഥികളും. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍