UPDATES

പി സുജാതന്‍

കാഴ്ചപ്പാട്

പി സുജാതന്‍

ന്യൂസ് അപ്ഡേറ്റ്സ്

‘ജനങ്ങളെ കൊള്ളയടിക്കുന്ന മാന്യന്മാര്‍ക്ക്’ ശമ്പളം കൂട്ടിക്കൊടുക്കേണ്ടതുണ്ടോ?

ഉദ്യോഗസ്ഥവൃന്ദത്തിന് മേല്‍ ജോര്‍ജ് ബര്‍ണാഡ്ഷായുടെ ഉഗ്രനായ ഒരു ചാട്ടവാര്‍ അടി മായാതെ വീണു കിടപ്പുണ്ട്. ”ഞാനൊരു മാന്യനാണ്. എന്തെന്നാല്‍ പാവങ്ങളെ കൊള്ളയടിച്ചാണ് ഞാന്‍ ജീവിക്കുന്നത്.” ജനങ്ങളുടെ മേല്‍ കുതിര കയറുകയും എന്നാല്‍ അവരെക്കൊണ്ട് ഉപജീവനം നടത്തുകയും ചെയ്യുന്ന ഉദ്യോഗസ്ഥ പ്രഭുക്കളെ ജനദാസന്മാര്‍ എന്ന് വിളിച്ച് വെറുതെ തമാശിക്കരുത്. അന്നദാതാവായ ജനങ്ങളുടെ വിനീതരായ ദാസന്മാരാണ് തങ്ങള്‍ എന്ന് വില്ലേജ് മാന്‍ മുതല്‍ ചീഫ് സെക്രട്ടറിവരെയുള്ള ഉദ്യോഗസ്ഥപ്പട ആത്മാര്‍ത്ഥമായി കരുതുന്ന കാലത്ത് നമ്മുടെ നാട് സ്വര്‍ഗ്ഗമായിത്തീരും. സത്യമതാണെങ്കിലും അങ്ങനൊരു വിചാരം ഈ ജനാധിപത്യയുഗത്തില്‍ ഒരിക്കലും പ്രതീക്ഷിക്കേണ്ട.

കയ്യൂക്ക് ഉള്ളതുകൊണ്ട് കാര്യക്കാരായവരാണ് കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍. രാഷ്ട്രീയപ്പാര്‍ട്ടികളുടെ കൊടിക്കീഴില്‍ പല പേരുകളില്‍ സംഘടിച്ച് സര്‍ക്കാരുമായി വിലപേശി വയറ് വീര്‍ത്ത് വീര്‍ത്ത് ഒരു വികൃത രൂപമായി കേരളത്തിലെ ഉദ്യോഗസ്ഥര്‍ മാറിക്കഴിഞ്ഞു. ഉദ്യോഗസ്ഥരുടെ സാമൂഹിക വിരുദ്ധമുഖം എത്രമാത്രം ഗര്‍ഹണീയവും ജുഗുപ്‌സാവഹവും ആണെന്ന പരമാര്‍ത്ഥം ഒരു വര്‍ഗ്ഗമെന്ന നിലയില്‍ തിരിച്ചറിയാത്തവര്‍ അവര്‍ മാത്രമാണ്. അവരെ സംഘടിപ്പിക്കുന്നവരും നയിക്കുന്നവരും സ്ഥാപിത താല്‍പ്പര്യക്കാരായതിനാല്‍ അപ്രിയ സത്യങ്ങളൊന്നും അലസ വൈകുന്നേരങ്ങളില്‍പ്പോലും അവരോട് പറയാറില്ല. അദ്ധ്വാനിക്കുന്ന തൊഴിലാളി വര്‍ഗ്ഗത്തിന്റെ മേലങ്കിയാണ് എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ഉദ്യോഗസ്ഥര്‍ക്ക് ചാര്‍ത്തിക്കൊടുത്തിരിക്കുന്നത്. മാസവരുമാനക്കാരനില്‍ നിന്ന് പിരിവ് മുടങ്ങാതെ കിട്ടുമെന്നതിനാല്‍ ഏത് ചൂഷകനേയും പാര്‍ട്ടി പ്രോലിറ്റേറിയനാക്കി വാഴിച്ചുകൊള്ളും.

ജനങ്ങളുടെ മേല്‍ 5277 കോടി രൂപയുടെ കൂടി അധിക ബാധ്യത ചുമത്തുന്ന ശമ്പള പരിഷ്‌ക്കരണ നിര്‍ദ്ദേശങ്ങള്‍ സി എന്‍ രാമചന്ദ്രന്‍നായര്‍ കമ്മിറ്റി കേരളത്തിലെ ഉദ്യോഗസ്ഥര്‍ക്കുവേണ്ടി സര്‍ക്കാരിനു സമര്‍പ്പിച്ചു കഴിഞ്ഞു. രണ്ടായിരം രൂപ മുതല്‍ 12,000 രൂപ വരെ പ്രതിമാസ വര്‍ദ്ധന ഓരോ സര്‍ക്കാര്‍ ജീവനക്കാരനും ലഭിക്കുന്ന തരത്തിലുള്ള ശുപാര്‍ശകളിന്മേല്‍ ഉമ്മന്‍ചാണ്ടി ഗവണ്‍മെന്റ് അടയിരിക്കാനൊന്നും പോകുന്നില്ല. രാജാവിനേക്കാള്‍ വലിയ രാജഭക്തി പ്രകടിപ്പിച്ച് ജീവനക്കാരുടെ സ്വന്തക്കാര്‍ തങ്ങളാണെന്ന് പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കും. ബഹുഭൂരിപക്ഷം വരുന്ന അസംഘടിത ജനവിഭാഗം അതിന്റെ കഷ്ടനഷ്ടങ്ങള്‍ മുഴുവന്‍ നിശ്ശബ്ദം മുതുകിലേറ്റി കഴുതകളെപ്പോലെ ജീവിച്ചുകൊള്ളും. ജനാഭിപ്രായം സ്വരൂപീക്കേണ്ട മാധ്യമങ്ങള്‍ സത്യത്തെ തങ്ങളുടെ താല്‍പ്പര്യാനുസരണം നീട്ടിയും പരത്തിയും ചുരുക്കിയും വിഴുങ്ങിയും കണ്ണുപൊത്തിക്കളിക്കും. ഇതെല്ലാം ഇന്നാട്ടില്‍ കണ്ടുവരുന്ന നടപ്പു ദീനങ്ങളാണല്ലോ.

കേരളത്തില്‍ അഞ്ചുലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാരുണ്ട്. അത്രത്തോളം പെന്‍ഷന്‍കാരുമുണ്ട്. ഇരുകൂട്ടര്‍ക്കും കൂടി റവന്യൂ വരുമാനത്തിന്റെ 93 ശതമാനം തുക മാസാമാസം വീതം വച്ചുകൊണ്ടിരിക്കുന്ന സര്‍ക്കാര്‍ കടമെടുത്ത് വലയുകയാണ്. കടബാധ്യതയും പലിശയും കുമിഞ്ഞുകൂടുന്നു. നികുതി പിരിച്ച് സര്‍ക്കാരിന്റെ വരുമാനം ബലപ്പെടുത്തേണ്ട ഉദ്യോഗസ്ഥര്‍ വ്യാപാരികളും രാഷ്ട്രീയക്കാരുമായി ഒത്തുകളിച്ച് അഴിമതിയിലൂടെ നികുതി വരുമാനത്തെ അട്ടിമറിച്ചുകൊണ്ടിരിക്കുന്നു. അങ്ങനെ നാടിന്റെ വികസനകാര്യങ്ങള്‍ക്ക് ഉപകരിക്കേണ്ട ഏഴു പൈസപോലും ഇല്ലാതാകുന്നു. ആയുരാരോഗ്യം, വിദ്യാഭ്യാസം, ക്രമസമാധാനപാലനം, ഗതാഗതം, പൊതുമരാമത്ത് തുടങ്ങി ജനജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ക്കെല്ലാം കടമെടുത്ത് മുടിയുകയാണ് സംസ്ഥാന സര്‍ക്കാര്‍. വിദ്യാഭ്യാസം ചെയ്ത യുവാക്കളുടെ മുഖ്യ പ്രതീക്ഷ സര്‍ക്കാര്‍ സര്‍വ്വീസ് ആണെങ്കിലും ഭരണച്ചെലവുകള്‍ കുറയ്ക്കുക എന്ന പേരില്‍ ഉള്ള തസ്തികകള്‍ പോലും വെട്ടിക്കുറച്ചുകൊണ്ടിരിക്കുന്നു. പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി കാല്‍നൂറ്റാണ്ടു മുമ്പുവരെ വര്‍ഷം ഒരു ലക്ഷം പേരെങ്കിലും സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചിരുന്നു. ഇപ്പോഴത് പതിനായിരത്തോളം എത്തിയാലായി. വിദ്യാസമ്പന്നരായ തൊഴില്‍ രഹിതര്‍ പെരുകി 35 ലക്ഷം കവിഞ്ഞു. ഈയിടെ പി എസ് സി നടത്തിയ എല്‍.ഡി. ക്ലാര്‍ക്ക് ലപരീക്ഷ എഴുതിയത് പതിനഞ്ചുലക്ഷം ഉദ്യോഗാര്‍ത്ഥികളായിരുന്നു. അപ്രഖ്യാപിത നിയമന നിരോധനം തുടരുകയും വിവിധ വകുപ്പുകളിലെ ഒഴിവുകള്‍ പി എസ് സിയെ യഥാകാലം അറിയിക്കാതിരിക്കുകയും ചെയ്യുന്നതിനാല്‍ ഇവരില്‍ എത്രപേര്‍ക്ക് മൂന്നുകൊല്ലത്തിനുള്ളില്‍ ഗുമസ്തപ്പണി ലഭിക്കുമെന്ന് കണ്ടറിയണം. വിജ്ഞാപനവും പരീക്ഷകളും റാങ്ക് ലിസ്റ്റ് ഉണ്ടാക്കലും മുടക്കമില്ലാതെ തുടരും. അനന്തമായ കാത്തിരിപ്പിന് ഒടുവില്‍ ഉദ്യോഗാര്‍ത്ഥികളില്‍ ബഹുഭൂരിപക്ഷവും വഞ്ചിക്കപ്പെടും. സര്‍ക്കാര്‍ സര്‍വീസില്‍ കടന്നുകൂടാന്‍ കഴിയാതെ പ്രായം കടന്നുപോയവര്‍ മറ്റ് ജീവിതമാര്‍ഗ്ഗങ്ങള്‍ തിരയും.

അതിനിടെ ആയുര്‍ദൈര്‍ഘ്യത്തിന്റെ ശരാശരിക്കണക്ക് നിരത്തി പെന്‍ഷന്‍ പ്രായം ഉയര്‍ത്തിക്കിട്ടണമെന്ന് ആനപ്പുറത്തു കയറിപ്പറ്റിയ എല്ലാ ജീവനക്കാരും ആഗ്രഹിക്കുന്നു. കാലാകാലമുള്ള വേതന വര്‍ദ്ധനവിന് പുറമെ പരമാവധികാലം ഉദ്യോഗം നീട്ടിയെടുക്കണമെന്നാണ് അവരുടെ ആഗ്രഹം. യുവാക്കള്‍ ജനങ്ങളില്‍ ഭൂരിപക്ഷമാകയാല്‍ ന്യൂനപക്ഷമായ ഉദ്യോഗസ്ഥരുടെ ഈ ആവശ്യം പരസ്യമായി അംഗീകരിക്കാന്‍ രാഷ്ട്രീയ ഭരണകൂടം ഭയപ്പെടുന്നുണ്ട്. എന്നാല്‍ പെന്‍ഷനാകുന്നവര്‍ക്ക് മൊത്തമായി ഒറ്റയടിക്കു നല്‍കേണ്ട വന്‍ തുകയുടെ ബാധ്യതയില്‍ നിന്ന് താല്‍ക്കാലികമായി തലയൂരാന്‍ പറ്റുമെന്നതിനാല്‍ പെന്‍ഷന്‍ പ്രായം കൂട്ടാന്‍ ഭരിക്കുന്നവര്‍ രഹസ്യമായി അനുകൂലവുമാണ്. രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ 58 വയസ്സായി സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ശന്‍ പ്രായം ഉയര്‍ത്താന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. തൊഴില്‍രഹിതയുവാക്കള്‍ക്കും സംഘടിത സമ്മര്‍ദ്ദ ഗ്രൂപ്പായ ഉദ്യോഗസ്ഥര്‍ക്കും നടുവില്‍ നിന്നുകൊണ്ട് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ എന്ത് തീരുമാനിക്കുമെന്ന് കണ്ടറിയണം.

അഞ്ചുലക്ഷത്തോളം ഉദ്യോഗസ്ഥര്‍ക്കുവേണ്ടി 321 ലക്ഷം ജനങ്ങള്‍ ക്ലേശിക്കണമെന്ന് ജനാധിപത്യഭരണകൂടം വിചാരിക്കാന്‍ പോലും പാടില്ല. ശുപാര്‍ശ ചെയ്യപ്പെട്ട വേതനവര്‍ദ്ധന നടപ്പായാല്‍ 5277 കോടി രൂപയുടെ അധിക ബാധ്യത വമ്പിച്ച വിലക്കയറ്റമായി സാമാന്യ ജനങ്ങള്‍ അനുഭവിക്കേണ്ടിവരും. ഉദ്യോഗസ്ഥര്‍ സേവനമേഖലയില്‍ ജോലി ചെയ്യുന്നവരാണ്. അവര്‍ പൊതു ഖജനാവിന് നേരിട്ട് മുതല്‍ കൂട്ടുന്നവരോ നൂതന കണ്ടുപിടിത്തങ്ങളിലൂടെ സമൂഹത്തിന് വരുമാനം ഉണ്ടാക്കുന്നവരോ ഉല്‍പ്പാദനോന്മുഖ വൃത്തിയില്‍ ഏര്‍പ്പെടുന്നവരോ അല്ല. സ്റ്റേറ്റിന്റെ വരുമാനത്തില്‍ സിംഹഭാഗവും ശമ്പളമായി സ്വീകരിച്ചിട്ടും പൊതു സേവനമേഖലകളൊന്നും കേരളത്തില്‍ കാര്യക്ഷമമല്ല. സര്‍ക്കാരിന്റെ ആരോഗ്യരംഗം, ഗതാഗതരംഗം, വിദ്യാഭ്യാസരംഗം എന്നിവയൊന്നും വേണ്ടവിധം ഗുണകരമല്ലാത്തതിനാല്‍ ജനങ്ങളില്‍ ഭൂരിഭാഗവും  സ്വകാര്യസംരംഭകരെ ആശ്രയിക്കുന്നു. ഭാരിച്ച ചെലവ് അതിനായി ജനങ്ങള്‍ താങ്ങേണ്ടിവരുന്നു. ജനങ്ങള്‍ക്ക് സ്വീകാര്യമല്ലാത്ത സേവന മേഖലയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കുന്നത് നീതിയാണോ?

ജനാധിപത്യ സമീപനമാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ടത്. ഭൂരിപക്ഷത്തിന്റെ താല്‍പ്പര്യസംരക്ഷകരാകണം ജനാധിപത്യബോധമുള്ള ഭരണകര്‍ത്താക്കള്‍. അങ്ങനെ വന്നാല്‍ അഞ്ച് ലക്ഷം പെന്‍ഷന്‍കാരും അത്രത്തോളം ജീവനക്കാരും ചേര്‍ന്ന് സര്‍ക്കാരിന്റെ വരവില്‍ 93 ശതമാനവും വീട്ടില്‍കൊണ്ടുപോകുന്നതിനെ ആര്‍ക്ക് അനുകൂലിക്കാനാകും? ഓരോ ജീവനക്കാരനെയും ആശ്രയിച്ച് ശരാശരി മൂന്ന് പേര്‍ ഉണ്ടെന്നു കരുതുക. അതായത് 20 ലക്ഷം പേര്‍ക്ക് സുഖമായി ജീവിക്കാന്‍ മൂന്ന് കോടി ജനങ്ങള്‍ കഷ്ടപ്പെടണം എന്ന് ഒരു ജനകീയ സര്‍ക്കാര്‍ ആഗ്രഹിക്കാന്‍ പോലും പാടില്ലാത്തതാണ്. അതുകൊണ്ട് ജനങ്ങളോട് കരുണയുള്ള സര്‍ക്കാര്‍ രാമചന്ദ്രന്‍ നായര്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ അപ്പടി വലിച്ചെറിയട്ടെ. പകരം ഇപ്പോള്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന വേതനം കൊണ്ട് സസുഖം ജീവിക്കാന്‍ പറ്റുന്ന സാഹചര്യം സൃഷ്ടിക്കുക. അവശ്യ വസ്തുക്കളുടെ വില ക്രമാനുഗതം കുറച്ചുകൊണ്ടുവന്നാല്‍ പൊതുജനങ്ങള്‍ക്കെല്ലാം ഉപകാരമാകും.

മനുഷ്യായുസ്സ് കൂടുന്നതനുസരിച്ച് പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതില്‍ അര്‍ത്ഥമില്ല. പകരം സര്‍വീസില്‍ പ്രവേശിക്കുന്നവരുടെ പരമാവധി സേവനകാലം നിശ്ചിതപ്പെടുത്തണം. ഒരാള്‍ ഏതു പ്രായത്തില്‍ ഉദ്യോഗത്തില്‍ പ്രവേശിച്ചാലും ഇരുപത്തഞ്ചോ മുപ്പതോ കൊല്ലം പൂര്‍ത്തിയാകുമ്പോള്‍ പിരിയണം. അപ്പോള്‍ പെന്‍ഷന്‍ പ്രായം എന്നൊന്നില്ല. വൈകി ജോലി കിട്ടുന്നവര്‍ക്ക് സര്‍വീസ് കുറഞ്ഞുപോകുന്നില്ല. ഒരേ തസ്തികയില്‍ പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം പെന്‍ഷന്‍ ആനുകൂല്യം തുല്യമാകുകയും ചെയ്യും. തൊഴിലിന് കാത്തിരിക്കുന്ന യുവാക്കള്‍ക്കും പരാതിയുണ്ടാകില്ല. എന്താണ് നമ്മുടെ സര്‍ക്കാര്‍ ഈ വഴിക്ക് ആലോചിക്കാത്തത്?

രാമചന്ദ്രന്‍ നായര്‍ കമ്മിറ്റി റിപ്പോര്‍ട്ട് സശ്രദ്ധം വായിച്ച് ന്യൂനപക്ഷമായ ജീവനക്കാരുടെ പക്ഷം ചേരണോ ബഹുഭൂരിപക്ഷം ജനങ്ങളുടെ ക്ഷേമം നോക്കണോ എന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് യുക്തംപോലെ തീരുമാനിക്കാം. എട്ടുമാസം കഴിയുമ്പോള്‍ സാമാന്യജനങ്ങളെ അഭിമുഖീകരിക്കേണ്ട രാഷ്ട്രീയ നേതൃത്വം എല്ലാ സ്ഥാപിത താല്‍പ്പര്യങ്ങളും വെടിഞ്ഞ് യാഥാര്‍ത്ഥ്യങ്ങള്‍ക്ക് ഒപ്പം നിലയുറപ്പിക്കേണ്ടതാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ വെറും ഓലപ്പാമ്പാണ്. ആന്റണി സര്‍ക്കാരിന്റെ കാലത്ത് നമ്മള്‍ അത് ഒരിക്കല്‍ കണ്ടതാണല്ലോ. അവകാശ അവധി വേതനമാക്കി മാറ്റുന്ന ആനുകൂല്യം പിന്‍വലിച്ചപ്പോള്‍ രാഷ്ട്രീയ വ്യത്യാസമില്ലാതെ ജീവനക്കാര്‍ അനിശ്ചിതകാലസമരം ചെയ്തു. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഒരു ദോഷവും സംഭവിച്ചില്ല. സമരക്കാര്‍ മടുത്ത് ജോലിക്ക് തിരിച്ചുകയറി. കേരളത്തിലെ ജനങ്ങള്‍ ഒന്നടങ്കം സര്‍ക്കാരിനൊപ്പം നിന്നു. സംഘടിത ശക്തിയുടെ ‘വിപ്ലവം’ കീശ വീര്‍പ്പിക്കാനാണെന്ന് സാമാന്യജനങ്ങള്‍ക്ക് അറിയാം. ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കള്‍ തൊഴിലാളി വര്‍ഗ്ഗമാണെന്ന് ഒരു ലജ്ജയുമില്ലാതെ ചാനല്‍ ചര്‍ച്ചകളില്‍ വന്നിരുന്നു പറയുന്ന ജനപ്രതിനിധികള്‍ നമ്മുടെ വൈകുന്നേരങ്ങളെ കഠിനമായി വീര്‍പ്പുമുട്ടിക്കുകയാണ്. അദ്ധ്വാനിക്കുന്ന വര്‍ഗ്ഗത്തിനു പകരം ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളെക്കൊണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തന്നെ നിറയുന്ന  കാലത്ത് യുവനേതാക്കള്‍ക്ക് ജനങ്ങളെ തിരിച്ചറിയാതെ പോകുന്നതില്‍ അത്ഭുതമില്ല. ജനങ്ങളെ കൊള്ളയടിക്കുന്ന മാന്യന്മാര്‍ എന്ന് ഷാ പറഞ്ഞത് എത്രവലിയ ശരി.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പി സുജാതന്‍

പി സുജാതന്‍

കേരള പത്രപ്രവര്ത്തലന രംഗത്തെ പ്രമുഖ വ്യക്തിത്വമായ പി സുജാതന്‍ അറിയപ്പെടുന്ന രാഷ്ട്രീയ നിരീക്ഷകനും കാര്ട്ടൂ ണിസ്റ്റുമാണ്. കേരള കൌമുദി, കലാകൌമുദി, വീക്ഷണം തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ ജോലിചെയ്തിട്ടുണ്ട്. കലാകൌമുദിയില്‍ എഴുതിയ രാഷ്ട്രീയ ലേഖനങ്ങള്‍ ഏറെ ശ്രദ്ധേയം.

More Posts

Follow Author:
TwitterFacebookLinkedInGoogle PlusYouTube

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍