UPDATES

ശമ്പളം വൈകുന്നു; മാധ്യമത്തില്‍ ജീവനക്കാര്‍ സമരത്തിലേക്ക്

അഴിമുഖം പ്രതിനിധി

മലയാളത്തിലെ പ്രമുഖ ദിനപത്രമായ മാധ്യമത്തിലെ ജീവനക്കാര്‍ സമരത്തിലേക്ക്. ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് മാധ്യമം ജേര്‍ണലിസ്റ്റ് യൂണിയന്റെയും മാധ്യമം എംപ്ലോയീസ് യൂണിയന്റെയും നേതൃത്വത്തില്‍ ജീവനക്കാര്‍ സമരം ആരംഭിച്ചിരിക്കുന്നത്. ജൂണ്‍ 6 പ്രതിഷേധദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി പത്രപ്രവര്‍ത്തകരും മറ്റു ജീവനക്കാരും കറുത്ത ബാഡ്ജ് ധരിച്ചാണ് ഇന്ന് ജോലിക്ക് ഹാജരായിരിക്കുന്നത്. കേരളത്തിലും പുറത്തുമുള്ള എല്ലാ യൂണിറ്റിലെയും ജീവനക്കാര്‍ ഈ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. ജീവനക്കാര്‍ക്കുള്ള ശമ്പളം ലഭിക്കുന്നത് പത്താം തീയതി വരെ നീളുന്ന പ്രവണത കുറെക്കാലമായി തുടരുകയാണ്. ശമ്പളം മനപൂര്‍വം വൈകിപ്പിക്കുന്ന നടപടിയാണ് ഇവിടെ നടക്കുന്നത്. ഇതിനെതിരെയാണ് ജേര്‍ണലിസ്റ്റുകളും നോണ്‍-ജേര്‍ണലിസ്റ്റുകളുമടക്കം ഇത്തരമൊരു സമരത്തിലേക്ക് നിങ്ങുന്നത്. ഇപ്പോള്‍ സ്ഥാപനത്തിനുള്ളില്‍ തന്നെ പ്രതിഷേധങ്ങള്‍ രൂപപ്പെടുത്താനാണ് ഉദ്ദേശം. പുറത്തേക്ക് തല്‍ക്കാലം സമരം വ്യാപിപ്പിക്കുന്നില്ലെന്നും യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചു.

കേരളത്തില്‍ അടുത്തകാലത്തായി മാധ്യമസ്ഥാപനങ്ങളില്‍ ജീവനക്കാര്‍ക്കെതിരെ നടക്കുന്ന തൊഴിലാളിദ്രോഹ നടപടികള്‍ ഏറിവരുകയാണ്. പ്രതികരിക്കുന്നവരെ സ്ഥലം മാറ്റിയും പുറത്താക്കിയുമൊക്കെയാണ് മാനേജ്‌മെ്ന്റ് ഈ പ്രതിഷേങ്ങളെ പ്രതിരോധിക്കുന്നത്. കഴിഞ്ഞ ദിവസമാണ് മാതൃഭൂമിയില്‍ നിന്ന് ചീഫ് സബ് എഡിറ്ററും യൂണിയന്‍ പ്രവര്‍ത്തകനുമായിരുന്ന സി നാരായണനെ നിയമവിരുദ്ധമായി പിരിച്ചുവിട്ടത്. വേജ്‌ബോര്‍ഡ് ശുപാര്‍ശ നടപ്പാക്കണം എന്നാവശ്യപ്പെട്ട് ശക്തമായ പ്രതിഷേധങ്ങള്‍ മാതൃഭൂമിയില്‍ നടത്തിയതിന്റെ വിരോധമാണ് നാരായണനെ പുറത്താക്കിയതിലൂടെ സ്ഥാപനം നടപ്പാക്കിയിരിക്കുന്നത്. ജോലി സ്ഥിരതയോ സാമ്പത്തിക സുരക്ഷയോ ഇല്ലാത്ത അവസ്ഥയിലാണ് കേരളത്തിലെ ഭൂരിഭാഗം മാധ്യമസ്ഥാപനങ്ങളിലെയും മാധ്യമപ്രവര്‍ത്തകരടക്കമുള്ള ജീവനക്കാര്‍. ഇതിനെതിരെ ശക്തമായ വികാരം മാനേജ്‌മെന്റുകള്‍ക്കെതിരെ ഉയര്‍ന്നു വരുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍