UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജോലി ചെയ്തതിന് ശമ്പളമില്ല; ഡോക്ടര്‍മാരുടെ സാമൂഹ്യപ്രതിബദ്ധതയെക്കുറിച്ച് വാചാലരാകുന്നവരറിയുന്നുണ്ടോ?

Avatar

ഡോ. ജിനേഷ്

അതൊരടിപൊളി സമയമായിരുന്നു. വാര്‍ഡിലും അത്യാഹിത വിഭാഗത്തിലുമൊക്കെ മിക്കവാറും കുടുങ്ങിക്കിടക്കുമായിരുന്നെങ്കിലും മെഡിസിനിലെ ഷെമിനും രാജേഷും ജിതേഷും സജിയും സര്‍ജറിയിലെ ബിപിനും അജയ്യും ഓര്‍ത്തോയിലെ സുബിനും രോഹിത്തും സൈക്കാട്രിയിലെ അശോകും ടോണിയും ഇഎന്‍ടിയിലെ പ്രവീണും സൂരജും പിന്നെ ബയോക്കെമിസ്ട്രിയിലെ സനൂപും ഫാര്‍മക്കോളജിയിലെ ഹരിയും ഒക്കെ ആഴ്ചയിലൊരിക്കലെങ്കിലും കണ്ടുമുട്ടിയിരുന്ന കാലം. ചില വൈകുന്നേങ്ങളിലെങ്കിലും ഷട്ടില്‍ കളിക്കുന്ന കാലം. റാണി ഫൈനലിയറായിരുന്നതിനാല്‍ ആള്‍ക്ക് ഡ്യൂട്ടി ഇല്ലാത്ത ദിവസങ്ങളില്‍ ഞാന്‍ വീട്ടില്‍ പോകുമ്പോള്‍ 9.30-10 മണിയാകും. അത്യാഹിതത്തിലോ മാനസികാരോഗ്യ വിഭാഗത്തിലോ ഡ്യൂട്ടി ആണേല്‍ രാത്രി മുഴുവന്‍ ഞാന്‍ ഫ്രീ ടിടിയോ ഷട്ടിലോ. ആ സമയത്താണ് ഞങ്ങളുടെ പിജി അസോസിയേഷന്‍ ആരംഭിക്കുന്നത്. സമരം ചെയ്യാതെ ആവശ്യങ്ങള്‍ നേടിയെടുക്കണമെന്നതായിരുന്നു എല്ലാവരുടെയും നയം. മറ്റൊന്നും കൊണ്ടല്ല, ഞങ്ങള്‍ പണിമുടക്കിയാല്‍ മെഡിക്കല്‍ കോളേജുകള്‍ ഏതാണ്ട് നിശ്ചലം, കാരണം വാര്‍ഡുകള്‍, അത്യാഹിത, ഐസിയു വിഭാഗങ്ങളിലെല്ലാം 24 മണിക്കൂര്‍ ജോലി ചെയ്യാന്‍ പിജി, ഹൗസ് സര്‍ജന്‍ ഡോക്ടര്‍മാരേയുള്ളൂ. ഹൗസ് സര്‍ജന്‍, എംബിബിഎസ് എന്നിവരുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും പൊതുവായ ധാരണയുണ്ടായി. എന്തായാലും എല്ലാവരും തമ്മില്‍ നല്ല ബന്ധം, ജോലിഭാരമുണ്ടെങ്കിലും സമാധാനവും സന്തോഷവും.

അങ്ങനിരിക്കെ ബോണ്ട് സമരമാരംഭിച്ചു. മന്ത്രിക്കുള്ള എഴുത്തുകളും നിരാഹാരവും മെഴുകുതിരി ജാഥയുമൊക്കെയായി മെഡിക്കല്‍ വിദ്യാര്‍ത്ഥി സമൂഹമൊറ്റക്കെട്ടായി നീങ്ങി, എട്ടു മണിക്കൂര്‍ പണിമുടക്ക് സമരത്തില്‍ കാര്യങ്ങള്‍ തീരുമാനമായി. പ്രതിപക്ഷവും മുന്‍ ആരോഗ്യമന്ത്രി ശ്രീമതി പി കെ ശ്രീമതിയും പിസി വിഷ്ണുനാഥ് എംഎല്‍എയും SFI, KSU, AIDSO തുടങ്ങിയ സംഘടനകളും KGMCTA, KGPMTA, KGMOA, KGFMA, IMA തുടങ്ങിയ മെഡിക്കല്‍ സംഘടനകളും സമരത്തെ പിന്തുണച്ചു. അങ്ങനെ മൂന്നു വര്‍ഷമാക്കിയ ബോണ്ട് ഒന്നിലേക്ക് പിന്‍വലിപ്പിച്ചു. നിബിനും കൃഷ്ണദാസും ജയ്ഷീദും ഡാനിയും ജിതിനും ഷംനാദും സജിത്തും ശബരിയും പ്രശാന്തുമൊക്കെ ഓടിയ ഓട്ടത്തിന് കയ്യും കണക്കുമില്ല.

അങ്ങനിരിക്കെയാണ് മറ്റൊരു പ്രശ്‌നം. ചില മാസങ്ങളില്‍ ശമ്പളം വൈകുന്നു, 10, 11 ഒക്കെയാവുന്നു. എല്ലാവരും കുടുംബവും കുട്ടികളുമൊക്കെയുള്ളവര്‍. മെഡിസിന്‍, സര്‍ജറി എന്നീ വിഭാഗങ്ങളില്‍ നിന്നാണ് പ്രശ്‌നം. ഹാജര്‍ അയയ്ക്കുന്നത് വൈകുന്നു. ലോഗ് ബുക്ക് എല്ലാവരും വയ്ക്കാത്തതാണ് കാരണം. ഒന്നോ രണ്ടോ പേര്‍ ലോഗ് ബുക്ക് വച്ചില്ലെങ്കില്‍ കോളേജിലാകെ 414 പിജി ഡോക്ടര്‍മാര്‍ക്ക് ശമ്പളമില്ല. പ്രിന്‍സിപ്പളുമായി നടത്തിയ ചര്‍ച്ചയില്‍ എല്ലാമാസവും 7-ആം പ്രവര്‍ത്തി ദിനത്തിന് മുന്‍പ് ശമ്പളം തന്നിരിക്കുമെന്ന് ധാരണയായി. എല്ലാ രണ്ടാം തിയതിയും ഞങ്ങള്‍ കുറച്ചുപേര്‍ ഓഫീസുകള്‍ കയറി ഏതൊക്കെ വിഭാഗങ്ങളില്‍ നിന്നും ഹാജര്‍ ലഭിച്ചില്ല എന്നെഴുതിയെടുക്കും, ഡിപ്പാര്‍ട്ട്‌മെന്റുകളിലെല്ലാം കയറിയിറങ്ങും, ഹാജര്‍ പോയോ എന്നുറപ്പിക്കും. മെഡിസിന്‍, സര്‍ജറി വിഭാഗങ്ങളില്‍ ഇടക്കൊക്കെ പ്രശ്‌നങ്ങള്‍ തുടര്‍ന്നു എങ്കിലും അത് മറ്റുള്ളവരെ ബാധിക്കാതായി. പ്രതികരിച്ചാല്‍ പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന ഭീഷിണിയുള്ളതിനാലവര്‍ പ്രതികരിച്ചതുമില്ല. എന്നാലും ഇനി ആവര്‍ത്തിച്ചാല്‍ ഇടപെടാന്‍ തന്നെ അസോസിയേഷന്‍ തീരുമാനിച്ചു.

അങ്ങനെയിരിക്കെ 2012 സിസംബര്‍ മാസം. എട്ടാം തിയതി ആയിട്ടും എനിക്കും അജിത്തിനും ശമ്പളമില്ല. കുറേ നാളായി കുഴപ്പമില്ലാതിരിക്കുകയല്ലേ, ഉടനെ കിട്ടുമെന്ന് ഞങ്ങള്‍ കരുതി. 10 ആയിട്ടും ശമ്പളമില്ല, ഞങ്ങളുടെയും റേഡിയോ തെറാപ്പിയുടെയും ഹാജര്‍ ഓഫീസില്‍ എത്തിയിട്ടില്ലെന്നറിഞ്ഞു. നേരത്തെ അവിടെ അന്വേഷിച്ചപ്പോള്‍ അവര്‍ പറഞ്ഞുമില്ല. എന്തായാലും ഇത് ശരിയാവില്ലെന്ന് അജിത്തും പറഞ്ഞു. പരീക്ഷ എന്നൊക്കെ പറഞ്ഞ് റേഡിയോ തെറാപ്പിക്കാര്‍ വലിഞ്ഞു.

ഞാനും അജിത്തും ചേര്‍ന്ന് അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കാന്‍ നോട്ടീസ് നല്‍കി. സംഘടനാ നേതൃത്വം പിന്തുണയും നല്‍കി. 15-ന് നിരാഹാരം ആരംഭിക്കാന്‍ തീരുമാനിച്ചു.

14-ന് ഉച്ചക്ക് 11.30-ന് പ്രിന്‍സിപ്പള്‍ ഡോ. റംല ബീവിയുടെ ഫോണ്‍. ശമ്പളം ചെക്കായി തരാമെന്ന്, വ്യക്തിപരമായി നല്‍കുന്ന സഹായം വേണ്ട, അവകാശപ്പെട്ട ശമ്പളം മാത്രം മതിയെന്നു മറുപടി നല്‍കി. വ്യക്തിപരമല്ല, കോളേജ് നല്‍കുന്ന ചെക്കാണ്, വാങ്ങൂ എന്ന് പ്രിന്‍സിപ്പള്‍. അങ്ങനെ ഞങ്ങള്‍ വാങ്ങിയ ചെക്കിന്റെ ചിത്രമാണിത്.

അന്ന് 10-ആം തിയതി കഴിഞ്ഞതിന് നിരാഹാരം പ്രഖ്യാപിച്ചു. അന്ന് പിന്തുണയായി കേരളത്തിലെ ഏറ്റവും ശക്തമായ മെഡിക്കല്‍ സംഘടനകളിലൊന്ന്, KMPGA. ഇന്നോ, 20 കഴിഞ്ഞാലും പ്രതികരിക്കാനാവുന്നില്ല. കാരണം ഇന്ന് പ്രിന്‍സിപ്പാളടക്കം പരിചയമുള്ളവര്‍, ഡെപ്യൂട്ടി സൂപ്രണ്ടൊക്കെ ആത്മാര്‍ത്ഥ സൂഹൃത്തുക്കള്‍; പിന്തുണ ഫേസ്ബുക്കിലെ സുഹൃത്തുക്കളും. പിജി കഴിഞ്ഞ് ഒരു വര്‍ഷം ബോണ്ടും കഴിഞ്ഞതോടെ സംഘടനയിലുമില്ല…

എല്ലാം ശരിയാക്കാമെന്ന് പറഞ്ഞുവന്നവര്‍ ചെയ്യുന്നതും കൂടി നോക്കാം. തസ്തികകള്‍ സൃഷ്ടിച്ച്, നിയമനങ്ങള്‍ നടത്തുമെന്ന് പറഞ്ഞവര്‍ ബോണ്ട് കൂട്ടിയും എയിംസ് പോലെ മികവിന്റെ കേന്ദ്രങ്ങളാക്കും കേരളത്തിലെ മെഡിക്കല്‍ കോളേജുകളെന്ന് പറഞ്ഞവര്‍ പ്രവേശന യോഗ്യതകള്‍ കുറച്ചും എല്ലാം ശരിയാക്കുന്നുണ്ട്. പ്രകടന പത്രികക്ക് വിരുദ്ധമാണിതെല്ലാം…

യുവ ഡോക്ടര്‍മാര്‍ക്ക് സാമൂഹ്യ പ്രതിബദ്ധതയില്ല എന്നും പറഞ്ഞ് ഈ വഴി ദയവായി വരരുത്.

കിട്ടാതെ ഇരിക്കുന്ന ശമ്പളം എത്ര എന്നും കൂടി പറയാം- മാസം 38000. പിജി ചെയ്തപ്പോള്‍ 45000-ഉം ബോണ്ട് ചെയ്തപ്പോള്‍ 50000-ഉം ഇതേ കോളേജില്‍ നിന്നും ലഭിച്ചിരുന്നു. പ്രൈവറ്റ് പ്രാക്ടീസും മരുന്ന് കമ്പനി ലാബ് കൈക്കൂലിയൊന്നുമില്ല മാഷേ. അമ്മൂനെന്തെങ്കിലും വേണമെന്ന് പറയുന്നത് കേള്‍ക്കുമ്പോളുള്ള നിസ്സഹായവസ്ഥ ഓര്‍ത്ത്, സങ്കടത്താലെഴുതിയതാ. അവളോട് പറയാമ്പറ്റില്ലല്ലോ ഈ സാമൂഹ്യ പ്രതിബദ്ധതയുടെ കഥ.

സാമൂഹ്യപ്രതിബദ്ധത എന്ന ഒറ്റവാക്കില്‍ മെഡിക്കോസിന്റെ അഭിമാനം പണയം വച്ച മെഡിക്കല്‍ മേഖലാ വിദഗ്ദ്ധര്‍ക്കായി സമര്‍പ്പിക്കുന്നു…

(കോട്ടയം മെഡിക്കല്‍ കോളേജില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫോറന്‍സിക് മെഡിസിന്‍ ലക്ചറര്‍ ആയ ഡോക്ടര്‍ ജിനേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍