അണിമ മുയ്യാരത്ത്
നമ്മുടെ തുണിക്കടകളിൽ വൈവിധ്യമാർന്ന വസ്ത്രങ്ങളണിഞ്ഞു നില്ക്കുന്ന ബൊമ്മകളെയാണ് മാനിക്വിനുകൾ എന്ന് പറയുന്നത്. ചില്ലു കൂട്ടിനകത്തിരുന്ന് ഇത്തരം വടിവൊത്ത മാനിക്വിനുകൾ നമ്മളെ കടകളിലേക്ക് വലിച്ചടുപ്പിക്കാറുണ്ട്. ഈ വലിച്ചടുപ്പിക്കൽ തന്നെയാണ് കടകളിൽ മാനിക്വിനുകൾ സ്ഥാപിക്കുന്നതിന്റെ ഉദ്ദേശവും. വന്‍കിട കുത്തകകളും ഇടത്തരം കച്ചവടക്കാരും ഒരു പോലെ പ്രയോഗിക്കുന്ന ഒരു വാണിജ്യ തന്ത്രമാണിത്.
ആകർഷകമായ ടെക്സ്റ്റൈൽ ഷോപ്പുകളിൽ ചുളിവേതുമില്ലാത്ത സാരിയിൽ ശരീരം ഒതുക്കി നിർത്തി, ചിരി ഒട്ടും ചോരാതെ നമുക്ക് മുൻപിൽ എത്ര നേരം വേണമെങ്കിലും തുണിത്തരങ്ങൾ വാരി വിതറുന്ന സെയില്‍സ് വുമണ് തസ്തികയിൽ ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികളെ മനുഷ്യ മാനിക്വിനുകളെന്നോ ചലിക്കുന്ന മാനിക്വിനുകളെന്നോ വിളിക്കുന്നതിൽ തെറ്റില്ല. ഉപഭോക്താക്കളെ വസ്ത്രങ്ങൾ തിരഞ്ഞെടുക്കാൻ സഹായിക്കുക എന്ന ജോലിയിലുപരിയായി ടെക്സ്റ്റൈൽ ഷോറൂം ആകർഷകമായി നിലനിര്‍ത്തുക എന്ന ദൗത്യം കൂടി ഇവര്‍ക്കുണ്ട്.
ജില്ലാ ലേബർ വകുപ്പിന്റെ കണക്കുകൾ പ്രകാരം കോഴിക്കോട് നഗരത്തിൽ മാത്രമായി രണ്ടായിരത്തിലേറെ സ്ത്രീ തൊഴിലാളികളാണ് വസ്ത്ര വ്യാപാര രംഗത്ത് (textile retail sector) ജോലി നോക്കുന്നത്. ഇത് കണക്കിൽപ്പെട്ട തൊഴിലാളികളുടെ എണ്ണമാണ്. രജിസ്റ്റർ ചെയ്യപ്പെട്ടവയായി 501 തുണിക്കടകളാണ് കോഴിക്കോട് നഗരത്തിലുള്ളത്. ഇവയിൽ തൊഴിലാളികളായി അംഗീകരിക്കപ്പെടാതെ ദിവസക്കൂലി നിരക്കിലും കോൺട്രാക്റ്റ് അടിസ്ഥാനത്തിലും തൊഴിലെടുക്കുന്ന സ്ത്രീകളുടെ എണ്ണമൊന്നും ലേബർ വകുപ്പിന്റെ രേഖകളിൽ ഇല്ലാത്തവയാണ്. രജിസ്ട്രേഷൻ പോലുമില്ലാതെ പ്രവര്‍ത്തിക്കുന്ന കടകളുമുണ്ട്. എന്നാൽ രജിസ്ട്രേഷൻ ഇല്ലാതെയും തൊഴിൽ നിയമങ്ങൾ പാലിക്കാതെയും പ്രവര്‍ത്തിക്കുന്ന കടകൾക്കെതിരെ നടപടി കൈക്കൊള്ളാൻ ലേബർ വകുപ്പ് തയ്യാറാവുന്നില്ല. ഭൂരിഭാഗം കടകളും തൊഴിൽ നിയമങ്ങൾ പാലിക്കാൻ തയ്യാറാവാത്ത അവസ്ഥാ വിശേഷം ഉള്ളപ്പോളും ലേബർ വകുപ്പ് പ്രോസിക്യൂഷൻ നടപടികൾ കൈക്കൊള്ളുന്നത് ഒന്നോ രണ്ടോ കടകൾക്കെതിരെയാണ്.
തൊഴിൽ സുരക്ഷയോ തൊഴിൽ നിയമങ്ങളനുശാസിക്കുന്ന സാമൂഹ്യ സുരക്ഷയോ കൂടാതെ തുഛമായ ശമ്പളത്തിന് തൊഴിലിടങ്ങളിൽ യന്ത്രങ്ങളെ പോലെയാണ് ഈ സ്ത്രീ തൊഴിലാളികൾ ജോലി ചെയ്യുന്നത്. ഇവരിൽ വലിയൊരു ശതമാനവും ജീവിക്കാൻ മറ്റു മാർഗങ്ങളില്ലാത്തവരാണ്. കുടുംബത്തിന്റെ മുഴുവൻ ഭാരവും സ്വന്തം ചുമലിൽ വഹിക്കുന്നവരുടെ എണ്ണവും കുറവല്ല. വിധവകളായവരും വിവാഹ മോചനം നേടിയവരുമായ നിരവധി സ്ത്രീകൾ ഇവരിലുൾപ്പെടുന്നു. ഇവർ പ്രതികരിക്കാത്തത് ആകെയുള്ള വരുമാനമാര്‍ഗ്ഗമായ ഈ തൊഴിൽ നഷ്ടപ്പെട്ടു പോകുമോ എന്ന ഭയം കൊണ്ടാണ്.
മൂല്യമില്ലാത്ത അദ്ധ്വാനം
സെയില്‍സ് ഗേളുകളടങ്ങുന്ന അസംഘടിത മേഖല തൊഴിലാളികളോടു സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണന സ്ഥാപന മുതലാളിമാരുടെ നിലപാടിനെക്കാൾ ഖേദകരമാണ്. 2009 ജൂലൈ മാസത്തിലാണ് തൊഴിലാളികളുടെ കുറഞ്ഞ വേതന നിരക്ക് (minimum wages) അവസാനമായി പുതുക്കി നിശ്ചയിച്ചത്. മിനിമം വേതന നിയമമനുസരിച്ച് (minimum wages Act,1948) തൊഴിലാളികളുടെ കുറഞ്ഞ വേതനം കാലാകാലങ്ങളിൽ പുതുക്കി നിശ്ചയിക്കാനുള്ള ബാദ്ധ്യത സര്‍ക്കാറിനുണ്ട്. ഇത് പുതുക്കി നിശ്ചയിക്കാനുള്ള ഏറ്റവും കൂടിയ കാലാവധി അഞ്ചു വര്‍ഷമാണ്. എന്ന് പറയുമ്പോൾ 2014 ജൂലൈ മാസത്തിലെങ്കിലും ഇത് പുതുക്കി നിശ്ചയിക്കേണ്ടിയിരുന്നതാണ്, എന്നാൽ 2016 ആയിട്ടും പുതിയ വേതന നിരക്ക് നിലവിൽ വന്നിട്ടില്ല ഇത് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള തികഞ്ഞ അനാസ്ഥയാണ് ചൂണ്ടിക്കാണിക്കുന്നത്.
2009 ലെ സർക്കാർ വിജ്ഞാപന പ്രകാരം സെയിൽസ് ഗേൾ തസ്തികയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ എറ്റവും കുറഞ്ഞ വേതനം 7415 രൂപയാണ് . ഈ തുക പോലും ശമ്പളമായി ലഭിക്കാതെയാണ് ഭൂരിഭാഗം സ്ത്രീ തൊഴിലാളികളും ദിവസത്തിൽ പന്ത്രണ്ടു മണിക്കൂറോളം തൊഴിൽ ചെയ്യുന്നത്. 8 മണിക്കൂറിലേറെ ജോലി ചെയ്യുന്നതിന് അധിക വേതനത്തിനുള്ള (overtime wages) അവകാശം തൊഴിലാളികൾക്കുണ്ടെന്നിരിക്കെയാണ് മിനിമം വേതനം പോലും ലഭിക്കാതെ തൊഴിലാളികൾ അധിക സമയം ജോലി ചെയ്യുന്നത്.
വസ്ത്ര വ്യാപാര മേഖലപോലുള്ള പോലുള്ള അസംഘടിത തൊഴിൽ മേഖലകളിലേക്ക് നിവൃത്തികേടു കൊണ്ടാണ് സ്ത്രീകൾ എത്തിപ്പെടുന്നത്. ഇത്ര തുച്ഛമായ കൂലിക്ക് തൊഴിലെടുക്കാൻ പുരുഷ തൊഴിലാളികളെ കിട്ടുകയുമില്ല. നിർമ്മാണ മേഖലയിലും ക്വാറി പോലുള്ള തൊഴിലിടങ്ങളിലുമെല്ലാം പുരുഷ തൊഴിലാളികൾക്ക് പതിന്മടങ്ങ് കൂലി ലഭിക്കുകയും ചെയ്യും. ഇത്തരം മേഖലകളിലാവട്ടെ സ്ത്രീ തൊഴിലാളികൾക്ക് പുരുഷന്മാരേക്കാൾ കുറഞ്ഞ വേതനമാണ് ലഭിക്കുന്നത്.
“കസ്റ്റമേഴ്സ് ഒൺലി ടോയിലേറ്റ്”
നിത്യേനെയുള്ള അമിത അദ്ധ്വാനത്തിനിടയിൽ തുണിക്കടകളിലെ സ്ത്രീ തൊഴിലാളികൾ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങൾ നിരവധിയാണ്. ഇവരെ സംബന്ധിച്ചിടത്തോളം ഒന്ന് മൂത്രമൊഴിക്കണമെങ്കിൽ മാനേജരുടെ അനുവാദം വാങ്ങിക്കണം. ‘പഞ്ചിംഗ്’ വ്യവസ്ഥയും നിലവിലുണ്ട്, മൂത്രമൊഴിക്കാൻ പോകുന്ന സമയവും തിരിച്ചു വരുന്ന സമയവും രേഖപ്പെടുത്തപ്പെടും.
കോഴിക്കോട് മിട്ടായി തെരുവിലും മറ്റുമുള്ള പല തുണിക്കടകളിലും ടോയിലെറ്റ് സംവിധാനമേയില്ല, പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻ ഹോട്ടലുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് സ്ത്രീ തൊഴിലാളികൾ. നൂറിലേറെ തൊഴിലാളികൾ ജോലി ചെയ്യുന്ന മിട്ടായി തെരുവിലെ ഒരു വലിയ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ടോയിലെറ്റ് സംവിധാനം സജ്ജീകരിച്ചിട്ടുണ്ടെങ്കിലും. ഇത് തൊഴിലാളികൾക്ക് വേണ്ടി തുറന്നു കൊടുക്കാറില്ല. ഇത് മുഴുവൻ സമയവും താക്കോലിട്ടു പൂട്ടുകയും കസ്റ്റമേഴ്സ്സ് ആരെങ്കിലും ആവശ്യപ്പെട്ടാൽ തുറന്നു കൊടുക്കുകയുമാണ് ചെയ്യുന്നത്. ഇതിനു പുറത്തു ഒരു വെള്ള കടലാസിൽ ‘കസ്റ്റമേഴ്സ് ഓൺലി’ എന്നെഴുതി ഒട്ടിച്ച് വച്ചിട്ടുണ്ട്. ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം തുണിക്കടയിൽ ഇത്തരമൊരു സംവിധാനം അത്യാവശ്യമൊന്നുമല്ല എന്നാൽ തൊഴിലാളികളെ സംബന്ധിച്ചടുത്തോളം പ്രത്യേകിച്ച് സ്ത്രീ തൊഴിലാളികളെ സംബന്ധിച്ചടുത്തോളം അതൊരനിവാര്യതയാണ്.
”ഇരിക്കരുത്”
കേരള ഷോപ്സ് ആൻഡ് കൊമേർഷ്യൽ എസ്റ്റാബ്ലിഷ്മെന്റ്റ് നിയമ (Kerala Shops and Commercial Establishments Act,1960) പ്രകാരം കച്ചവട സ്ഥാപനങ്ങളെ ചെറിയ സ്ഥാപനങ്ങളെന്നും ഇടത്തരം സ്ഥാപനങ്ങളെന്നും വലിയ സ്ഥാപനങ്ങളെന്നും (big establishments, medium etablishments and small establishments) മൂന്നായി തിരിച്ചിരിക്കുന്നു. ഇതിൽ വലിയ വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലെ സ്ത്രീ തൊഴിലാളികളാണ് ഏറ്റവും കൂടുതൽ അവകാശ ലംഘനങ്ങൾ അനുഭവിക്കുന്നത്. ഇവിടങ്ങളിൽ സെയിൽസ് ഗേളുകൾ ഇരിക്കാറേ ഇല്ല. തോഴിലിടത്തിൽ സ്റ്റൂളും കസേരയുമോന്നും ഇല്ലെന്നു മാത്രമല്ല കസ്റ്റമറില്ലാത്തപ്പോൾ പോലും ഇരിക്കുകയോ വിശ്രമിക്കുകയോ ചെയ്യരുതെന്ന് പ്രത്യേക നിർദ്ദേശവുമുണ്ട്. പല വലിയ കടകളിലും പന്ത്രണ്ടു മണിക്കൂർ ജോലിക്കിടയിൽ ഉച്ചഭക്ഷണത്തിനുള്ള (അര മണിക്കൂറിന്റെ) ഒരു ചെറിയ ഇടവേളയാണ് ഉണ്ടായിരിക്കുക. ഈ സമയം ഒന്നിനും തികയുകയില്ല. പകലന്തിയോളം അദ്ധ്വാനിച്ചു വീട്ടിലെത്തിയാൽ വിശ്രമിക്കാമെന്നു വച്ചാൽ അതും നടക്കില്ല, കാരണം സ്ത്രീ തൊഴിലാളികൾ വീട്ടിലും തൊഴിലാളികളാണ്. സ്ത്രീകളായതുകൊണ്ട് തന്നെ അവർ തൊഴിലിടത്തിലും കുടുംബത്തിലും അമിത ചൂഷണത്തിന് വിധേയരാകുന്നു. കോഴിക്കോട്ടെ ഒരു വിശാലമായ തുണിക്കടയിൽ സെയിൽസ് ഗേൾ തസ്തികയിൽ ജോലി ചെയ്യുന്ന ഒരു സ്ത്രീ തൊഴിലാളി ചോദിച്ചത് ”വീട്ടിലെത്തിയാൽ ഞങ്ങൾക്ക് ഇരുന്നു കൊണ്ട് അടിച്ചു വാരാനും, പാത്രം കഴുകാനും, തുണി അലക്കാനുമൊക്കെ പറ്റുമോ?” എന്നാണ്.
കോഴിക്കോട്ടെ ഒരു പ്രമുഖ ടെക്സ്റ്റൈൽ ഷോപ്പിൽ തൊഴിലാളികൾക്ക് വേണ്ടിയുള്ള വാഷ് റൂമിൽ ഇങ്ങനെ എഴുതിയിരിക്കുന്നു.
”മാനേജരുടെ അനുവാദം കൂടാതെ ഇവിടെ ഇരിക്കരുത്”.
‘ഇരിക്കരുത്’ എന്ന് പ്രത്യേകം നിർദേശിക്കുന്നതിന്റെ കാരണം തൊഴിലിടത്തിലെവിടെയും ഒരു സ്റ്റൂളോ കസേരയോ തൊഴിലാളികള്‍ക്ക് അനുവദിച്ചിട്ടില്ലാത്തതിനാൽ അവസരം കിട്ടിയാൽ ചിലരെങ്കിലും വാഷ് റൂമിൽ പോയി നടു നിവര്‍ത്തിയേക്കാം എന്ന് ബോദ്ധ്യമുള്ളതുകൊണ്ടാണ്. മുഴുവൻ സമയവും കാമറയുടെ നിരീക്ഷണത്തിലായതിനാൽ ആരുമറിയാതെ നിലത്തിരുന്നുകളയാം എന്ന പ്രതീക്ഷയും വേണ്ട. ‘ഇരിക്കരുത്’ എന്ന് ഇത്ര കർശനമായി വാഷ് റൂമിൽ എഴുതിവെക്കണമെങ്കിൽ നേരത്തേ പലരും ഗത്യന്തരമില്ലാതെ വാഷ് റൂമിൽ പോയി ഇരിക്കാറുണ്ടായിരുന്നു എന്നു വേണം മനസിലാക്കാൻ.
ഇവരിൽ ഭൂരിഭാഗം തൊഴിലാളികളും ചെറുപ്രായത്തിൽ തന്നെ വേരികോസ് വെയിൻസ്, മൂത്രാശയ സംബന്ധമായ രോഗങ്ങൾ, ഗർഭാശയ സംബന്ധമായ രോഗങ്ങൾ എന്നിവ അനുഭവിക്കുന്നവരാണ്. അധിക സമയം തുടർച്ചയായി നിൽക്കുന്നത് മൂലം സ്ത്രീകളിൽ ഗർഭാശയത്തിനു സ്ഥാനഭ്രംശം (prolapse of uterus)സംഭവിക്കാമെന്നു പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അധിക സമയം നിന്ന് ജോലി ചെയ്യുന്നവരിൽ വേരികോസ് വെയിൻസ് ഒരു ജോലി സംബന്ധമായ രോഗമായി (occupational disease) കണക്കാക്കാവുന്നതാണ്. നിന്ന് ജോലി ചെയ്യുന്നവരുടെ ഇടയിൽ വെരികോസ് വെയിയിൻസിനുള്ള സാദ്ധ്യത കൂടുതലാണെന്ന് പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യയിൽ ഇത്തരം പഠനങ്ങൾ വേരികോസ് വെയിനിനു ചികിത്സ തേടുന്ന രോഗികൾക്കിടയിലും തോട്ടം തൊഴിലാളികൾക്കിടയിലും ട്രാഫിക് പോലീസുകാർക്കിടയിലും മറ്റും നടന്നിട്ടുണ്ട്.
നമ്മുടെ രാജ്യത്ത് തൊഴിലാളികളുടെ ഇരിക്കുവാനുള്ള അവകാശത്തെ പറ്റി തൊഴിൽ നിയമങ്ങളിലെവിടെയും തന്നെ കൃത്യമായി പരാമർശിച്ചിട്ടില്ല. ശക്തമായ തൊഴിൽ നിയമങ്ങളുള്ള പല രാജ്യങ്ങളിലും തൊഴിൽ നിയമ സംഹിതകളിൽ തൊഴിലാളികളുടെ അനുപാതത്തിനനുസരിച്ചു അവര്‍ക്ക് ഇരിക്കാനുള്ള ഇരിപ്പിടങ്ങൾ തൊഴിൽസ്ഥാപനത്തിൽ ഉണ്ടായിരിക്കണമെന്ന് നിഷ്കര്‍ഷിക്കുന്നുണ്ട്. കാലിഫോർണിയയിൽ കിൽബി എന്നു പേരുള്ള ഒരു സ്ത്രീ തൊഴിലാളി അവർ കാഷിയറായി ജോലി ചെയ്തിരുന്ന സി.വി.എസ് ഫാര്‍മസിക്കെതിരെ തൊഴിലിടത്തിൽ ഇരിക്കുവാനുള്ള അവകാശത്തെ ചൊല്ലി കേസ് കൊടുത്തിരുന്നു. തൊഴിലിടത്തിൽ തനിക്കു ഇരുന്നു കൊണ്ട് തൊഴിൽ ചെയ്യാൻ കസേര തരാത്തതിനാൽ നഷ്ടപരിഹാരത്തുക വേണമെന്നായിരുന്നു കിൽബിയുടെ ആവശ്യം. കിൽബി vs സി.വി.എസ് ഫാർമസി എന്ന ഈ കേസിൽ കാലിഫോർണിയ ലേബർ കോഡിൽ തൊഴിലാളികളുടെ ഇരിക്കുവാനുള്ള അവകാശത്തെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പുകൾ കോടതി ചർച്ച ചെയ്യുന്നുണ്ട് . അവരുടെ തൊഴിൽ നിയമ സംഹിത പ്രകാരം, തൊഴിൽ ഇരുന്നുകൊണ്ട് ചെയ്യാവുന്നതാണെങ്കിൽ മുഴുവൻ സമയം ഇരിപ്പിടം നല്കാനുള്ള ബാദ്ധ്യത കട ഉടമകൾക്കുണ്ട്. നിന്ന് കൊണ്ട് മാത്രം ചെയ്യാവുന്ന തൊഴിലാണെങ്കിൽ ഇടവേളകളിലും തൊഴിൽ ചെയ്തുകൊണ്ടിരിക്കാത്തപ്പോളും ഇരിക്കുവാൻ ജോലി ചെയ്യുന്നതിന് വളരെ അടുത്തായി തന്നെ ഇരിപ്പിടങ്ങൾ ഏർപ്പെടുത്തിയിരിക്കണം. നമ്മുടെ നാട്ടിലെ മൂന്നും നാലും കാഷ് കൗണ്ടറുകളുള്ള മാളുകളിലും സൂപ്പർമാർക്കറ്റുകളിലും വന്‍കിട ടെക്സ്റ്റൈൽ ഷോപ്പുകളിലും തൊഴിലാളികൾക്ക് ഇരിപ്പിടങ്ങളില്ല. മുഴുവൻ സമയവും ഇരുന്നു ചെയ്യാവുന്ന ജോലി ആണെങ്കിൽ കൂടി ഇരിപ്പിടങ്ങൾ നല്കാറില്ല. വ്യക്തവും കർശനമായ തോഴിൽ നിയമങ്ങളും അവകാശ ബോധമുള്ള തൊഴിലാളികളും കുറവായതിനാലാവാം ഇന്ത്യ പോലുള്ള മൂന്നാം ലോക രാജ്യങ്ങൾ കുത്തകകൾക്ക് വേരൂന്നാൻ പ്രിയപ്പെട്ട മണ്ണായി മാറുന്നതും.
ഭരണവും സംരക്ഷണവും പുരുഷാധിപത്യവും
വസ്ത്ര വ്യാപാര രംഗത്ത് സെയിൽസ് വുമൺ/മാൻ തസ്തികയിൽ സ്ത്രീകൾക്കാണ് മുൻഗണന. തുച്ഛമായ വേതനത്തിന് സ്ത്രീകൾക്ക് മുൻഗണന കൊടുത്തു കൊണ്ട് ഈ ജോലിയെ സ്ത്രീകളുടെ ജോലിയാക്കി മാറ്റുന്നതു തന്നെ സ്ത്രീ വിരുദ്ധപരമായ ഒരു ലിംഗ വിവേചനമാണ്. എന്നാൽ ഇതേ കടകളിൽ മാനേജീരിയൽ തസ്തികകളിൽ കൂടുതലും പുരുഷന്മാരാണ് എന്നത് തികച്ചും യാദൃശ്ചികമാവാൻ ഇടയില്ല. ഉദാഹരണത്തിന് വലിയ ടെക്സ്റ്റൈൽ ഷോപ്പുകളിൽ (Big textile establishments) തൊഴിലിടത്തിൽ സെയില്‍സ് ഗേൾസിനെ നിയന്ത്രിക്കാനും നിരീക്ഷിക്കാനും ക്യാമറകൾക്ക് പുറമേ ഫ്ലോർ മാനേജർമാരും സൂപ്പർവൈസർമാരുമുണ്ട്. അതിശയകരമെന്നു പറയട്ടെ ഈ ഫ്ലോർ മാനേജർമാരും സൂപ്പർവൈസർമാരും പുരുഷന്മാരാണ്! സ്ത്രീ തൊഴിലാളികള്‍ക്ക് സെയില്‍സ് വുമണ് തസ്തികയിൽ നിന്ന് സൂപ്പർവൈസർ തസ്തികയിലേക്ക് സാധാരണ സ്ഥാനക്കയറ്റം കൊടുക്കാറില്ല. എങ്ങാനും സ്ഥാനക്കയറ്റം കൊടുത്താലും ഇവരുടെ അദ്ധ്വാനശേഷി കുറയുമ്പോൾ ഇവരെ സെയില്‍സ് വുമണ് തസ്തികയിലേക്ക് തരം താഴ്ത്തുന്ന പതിവുമുണ്ട്. ഈ തരംതാഴ്ത്തൽ തൊഴിലാളികളെ മാനസികമായി തളർത്തുകയും അവർ രാജിവെച്ചു പോവുകയും ചെയ്യും. ഇങ്ങനെയാണ് പിരിച്ചുവിടുമ്പോൾ കൊടുക്കേണ്ടുന്ന ആനുകൂല്യങ്ങളിൽ നിന്ന് മാനേജ്മെന്റുകൾ തലയൂരുന്നത്. വീട്ടിലെന്ന പോലെ തൊഴിലിടത്തിലും സ്ത്രീകളെ അടക്കി നിര്‍ത്താനും ഭരിക്കാനുമുള്ള അധികാരം പുരുഷന്‍മാര്‍ക്ക് നൽകുന്നത് മറ്റൊരു തന്ത്രത്തിന്റെ ഭാഗമാണ്. അവകാശ ബോധവും പ്രതികരണശേഷിയുമുള്ള പുരുഷതൊഴിലാളികള്‍ക്ക് മാനേജർ പദവി കൊടുത്താൽ അവർ മാനേജ്മെന്റിനെതിരെ സംഘടിക്കാനുള്ള സാധ്യതയില്ല. സ്ത്രീ തൊഴിലാളികൾ പൊതുവെ അസംഘടിതരായതിനാൽ അവര്‍ക്കും പുരുഷ തൊഴിലാളികൾക്കുമിടയിൽ ഒരു വൈരം വളർത്തുന്നത് മാനേജ്മെന്റിന് ഗുണമുള്ള കാര്യമാണ്.
വലിയ തുണിക്കടകളിൽ സാരിയാണ് സെയിൽസ് ഗേളുകളുടെ യൂണിഫോം. അത് വെറുതെ ഉടുത്താൽ പോര ചുളിവുകളില്ലാതെ പരസ്യങ്ങളിൽ മോഡലുകൾ ഉടുക്കുന്നത് പോലെ ഭംഗിയായി ഉടുത്തിരിക്കണം. രാവിലത്തെ ഓട്ടപ്പാച്ചിലിനിടയിൽ ഭക്ഷണം കഴിച്ചില്ലെങ്കിലും കുഴപ്പമില്ല സാരി മനോഹരമായി ഉടുത്തിരിക്കണം. തൊഴിലെടുക്കുന്നവർക്ക് ഒട്ടും ആശാസ്യമായ വസ്ത്രമല്ല സാരി. ധരിച്ചിരിക്കുന്ന ആളുടെ ചലന സ്വാതന്ത്ര്യത്തെ ഇത്രമേൽ പരിമിതപ്പെടുത്തുന്ന മറ്റൊരു വസ്ത്രമുണ്ടാവില്ല. സാരി യൂണിഫോമാക്കുന്നതിന്റെ പുറകിലുള്ള യുക്തി വ്യക്തമാണ്. മനോഹരമായി സാരി ധരിച്ചിരിക്കുന്ന സ്ത്രീ തൊഴിലാളികൾ സ്ഥാപനത്തിനൊരലങ്കാരമാണ്. ഈ യുണിഫോമിന്റെ വില അവരുടെ വേതനത്തിൽ നിന്നും കുറയ്ക്കുകയും ചെയ്യും എന്നതാണ് വൈരുധ്യം.
കൂടുതൽ കച്ചവടം നടത്തുന്ന തൊഴിലാളികള്‍ക്ക് പ്രോത്സാഹനമായി ഇൻസെന്റിവ് തുക (incentive) നല്കുന്ന പതിവ് മിക്ക കടകളിലുമുണ്ട്. ഇത് കച്ചവടത്തിൽ ലാഭമുണ്ടാക്കാൻ വേണ്ടി മാത്രമല്ല, തൊഴിലാളികൾക്കിടയിൽ മത്സരവും ഭിന്നിപ്പും വളർത്തുന്നതിനു കൂടി വേണ്ടിയാണ്. പല കടകളിലും തൊഴിലാളികൾ പരസ്പരം സംസാരിച്ചാൽ പിഴ ഈടാക്കും. തൊഴിലാളികൾക്കിടയിൽ തന്നെ മാനേജ്മെന്റിന് ചാരന്മാരുമുണ്ടായിരിക്കും. എങ്ങാനും തൊഴിലാളികൾ പരസ്പരം ഐക്യപ്പെടുകയോ സംഘടിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ അത് മാനേജ്മെന്റിനെ അറിയിക്കാൻ ഇവർ സാദാ ജാഗരൂകരായിരിക്കും. ഇത്തരം ചാരന്മാരെ വല്ല വിധേനയും കട ഉടമകൾ സൃഷ്ടിച്ചെടുക്കും.
ഈ ജോലിയിൽ സ്ത്രീകൾക്ക് മുൻഗണന ലഭിക്കുന്നതിന്റെ ഒരു പ്രധാന കാരണം സ്ത്രീ തൊഴിലാളികൾ അസംഘടിതരാണ് എന്നുള്ളതാണ്. അസംഘടിതരായതുകൊണ്ടുതന്നെ അവരെ നിയന്ത്രിക്കാനും വരുതിയിൽ നിർത്താനും എളുപ്പമാണ് എന്ന മുൻധാരണ തൊഴിലുടമകൾക്കുണ്ട്. ഇവരെ സംഘടിപ്പിക്കുന്നതിനാവട്ടെ നമ്മുടെ മുഖ്യധാരാ ട്രേഡ് യുണിയനുകൾ യാതൊരു പങ്കും വഹിക്കുന്നില്ല. ഈ മേഖലയിൽ ഭൂരിഭാഗവും സ്ത്രീ തൊഴിലാളികളായതിനാലാവാം വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികൾക്കും അവർ നിയന്ത്രിക്കുന്ന പുരുഷാധിപത്യ ട്രേഡ് യുണിയനുകൾക്കും ഇവരെ സംഘടിപ്പിക്കാൻ യാതൊരു താൽപര്യവുമില്ലാത്തത്. മെച്ചപ്പെട്ട കൂലി നിരക്കും തൊഴിൽ സുരക്ഷയുമുള്ള സംഘടിത തൊഴിൽ മേഘലയിൽ നിന്നും സ്ത്രീകളെ അകറ്റി നിർത്തുന്നതിൽ ഈ ട്രേഡ് യുണിയനുകൾ ഒരു പങ്കു വഹിക്കുന്നുമുണ്ട്. ഈ മാറ്റി നിര്‍ത്തൽ പലപ്പോഴും ‘സംരക്ഷണം’ എന്ന വ്യാജേനയാണ് നടക്കുന്നത്. ഫാക്ടറികളിലും മറ്റും പല ജോലികളിൽ നിന്നും സ്ത്രീകളെ മാറ്റി നിർത്തുന്നത് സംരക്ഷണത്തിന്റെ പേരിലാണ്. ഉദാഹരണത്തിന് ഫാക്ടറികളിൽ കോട്ടൻ ഓപണറിൽ കൊട്ടോണ് പ്രസ് ചെയ്യുന്നതിൽ നിന്ന് കുട്ടികളോടൊപ്പം സ്ത്രീകളെയും വിലക്കിയിരിക്കുന്നു. എന്നാൽ ഇത്തരം ജോലികളെല്ലാം തന്നെ രണ്ടാം ലോക മഹായുദ്ധകാലത്ത് സ്ത്രീ തൊഴിലാളികൾ ചെയ്തിരുന്നതാണ്.പിന്നീട് യുദ്ധാനന്തരം തിരിച്ചെത്തുന്ന പുരുഷ തൊഴിലാളികള്‍ക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ വേണ്ടി സംരക്ഷണത്തിന്റെ പേരും പറഞ്ഞ് ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയായിരുന്നു.
പ്രതിരോധങ്ങൾ, കൂട്ടായ്മകൾ
ഒരു ജനവിഭാഗത്തെയും എല്ലാ കാലവും അടിച്ചമർത്തുക സാദ്ധ്യമല്ല. ഏതു ജനതയും എത്ര മാത്രം അടിച്ചമർത്തപ്പെടുന്നുവോ അത്രമാത്രം ശക്തിയോടെ തിരിച്ചടിക്കുന്ന കാഴ്ച്ചയാണ് നാളിതുവരെ ലോകം കണ്ടിട്ടുള്ളത്. അതിന് തെളിവാണ് കോഴിക്കോട് മിട്ടായി തെരുവിലെ സ്ത്രീ തൊഴിലാളികളാരംഭിച്ച ‘പെണ്‍കൂട്ട്’ എന്ന സ്ത്രീ കൂട്ടായ്മ . മുഖ്യധാര ട്രേഡ് യുണിയനുകളുടെ നിരന്തരമായ അവഗണനയും ലാഭക്കൊതിയന്മാരായ കച്ചവട മുതലാളിമാരുടെ ചൂഷണവും വീട്ടിലും തൊഴിലിടത്തിലുമായുള്ള ഇരട്ട അദ്ധ്വാനവുമെല്ലാം ഈ സ്ത്രീ തൊഴിലാളികളെ പെൺകൂട്ടിന്റെ രൂപീകരണത്തിലേക്ക് നയിച്ചു. ഇവരിൽ പലരും നേരത്തേ പല രാഷ്ട്രീയ പാർട്ടികളുടെയും, ട്രേഡ് യുണിയനുകളുടെയും ഭാഗമായിരുന്നു. എന്നാൽ തങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാനോ പരിഹരിക്കാനോ ഒരു പുരുഷാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയും തയ്യാറാവുന്നില്ലെന്ന തിരിച്ചറിവിൽ നിന്നാണ് പെൺകൂട്ട് പ്രവർത്തകർ സ്വയം സംഘടിക്കാനും സംഘടിപ്പിക്കാനുമാരംഭിക്കുന്നത്.
മൂത്രപ്പുര സമരം മുതൽ ഇരിക്കൽ സമരം വരെ എത്തി നില്ക്കുന്ന പെണ്‍കൂട്ടിന്റെ പോരാട്ടങ്ങൾ കേരളത്തിന്റെ തൊഴിലാളി വർഗ ചരിത്രത്തിലും സ്ത്രീ പക്ഷ മുന്നേറ്റങ്ങളുടെ ചരിത്രത്തിലും വ്യത്യസ്ഥമായ ഒരേടായിരിക്കും. 2010 ലാണ് മൂത്രപ്പുര സമരം നടന്നത്. മിട്ടായി തെരുവിൽ പല കടകളിലുമായി ജോലി ചെയ്യുന്ന സ്ത്രീകൾക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ തൊഴിലിടത്തിലെവിടെയും മൂത്രപ്പുരകളില്ലാത്തതിൽ പ്രതിഷേധിച്ചായിരുന്നു ഇത്. സമരത്തിന്റെ ഫലമായി മിട്ടായി തെരുവിലെ പല ബിൽഡിങ്ങുകളിലും മൂത്രപ്പുരകൾ നിർമ്മിക്കപ്പെടുകയും ഈ പ്രശ്നം ഒരു പരിധിവരെ പരിഹരിക്കപ്പെടുകയും ചെയ്തു. പെണ്‍കൂട്ടിൽ നിന്നും അസംഘടിത മേഖല തൊഴിലാളി യുണിയൻ-കേരള(AMTU-Kerala) എന്ന സ്ത്രീ പക്ഷ ട്രേഡ് യുണിയൻ ഉദയം ചെയ്തു. ഇന്ന് അയ്യായിരത്തോളം സ്ത്രീ തൊഴിലാളികൾ ഈ സംഘടനയിൽ അംഗങ്ങളാണ്.
ഇരിക്കൽ സമരം
വസ്ത്രവ്യാപാര രംഗത്തെ സ്ത്രീ തൊഴിലാളികൾ തങ്ങളുടെ തൊഴിലവകാശങ്ങൾ നേടിയെടുക്കാൻ വേണ്ടി നടത്തിയ സമരങ്ങളാണ് ഇരിക്കൽ സമരമെന്നു അറിയപ്പെടുന്നത്. അവയെ ഇരിക്കൽ സമരങ്ങൾ എന്ന് വിളിക്കുന്നത് ഇരിക്കുവാനുള്ള അവകാശത്തെ ഒരു മൗലിക അവകാശമായി ഉയർത്തിപ്പിടിച്ചുകൊണ്ട് നടന്ന സമരങ്ങൾ എന്ന നിലയിലാണ്. 2013 മെയ് ഒന്നിന് ടെക്സ്റ്റൈൽ റീടൈയിൽ മേഖലയിലെ സ്ത്രീ തൊഴിലാളികൾ പെണ്‍കൂട്ടിന്റെ നേതൃത്വത്തിൽ നടത്തിയ സമരപ്രഖ്യാപനമാണ് ഇരിക്കൽ സമരങ്ങളുടെ ആരംഭം. ഇരിക്കൽ സമരങ്ങൾ പിന്നീട് തൃശ്ശൂരിലും ആലപ്പുഴയിലും അരങ്ങേറി. അരങ്ങേറിയ ഓരോ ഇടത്തും സമരം വിജയം കണ്ടു. ഇരിക്കൽ സമരങ്ങളെ കുറിച്ചുള്ള പഠനത്തിൽ ശ്രദ്ധയിൽപ്പെട്ട മറ്റൊരുകാര്യം സമരാനന്തരവും സമരത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളെ പരാജയപ്പെടുത്താൻ വസ്ത്ര വ്യാപാര മുതലാളിമാർ നടത്തുന്ന ശ്രമമാണ്.
ഉദാഹരണത്തിന് തൃശ്ശൂരിൽ സമരം ചെയ്ത 5 സ്ത്രീ തൊഴിലാളികളെ മാനേജുമെന്റ് എല്ലാ ആവശ്യങ്ങളും അംഗീകരിച്ചു തിരിച്ചെടുത്തത് അവർ അതുവരെ തൊഴിൽ ചെയ്തുകൊണ്ടിരുന്ന, നൂറിലേറെ തൊഴിലാളികൾ ജോലി ചെയ്തുകൊണ്ടിരിക്കുന്ന കടയിലേക്കല്ല, പകരം അവരുടെ തന്നെ ടെക്സ്റ്റൈൽ ഡിപ്പോയിലേക്കാണ്. ഇവിടെ ഇവർ ചെയ്തുകൊണ്ടിരിക്കുന്ന തൊഴിൽ കടയിലെ ബില്ലുകൾ നോക്കി വിറ്റഴിഞ്ഞ തുണിത്തരങ്ങളുടെ എണ്ണം രേഖപ്പെടുത്തലാണ്. എല്ലാ ബില്ലുകളും കംപ്യൂട്ടറൈസ്ഡ് ആയ ഒരു സ്ഥാപനത്തിൽ ഇങ്ങനെയൊരു തസ്തിക തന്നെ ആവശ്യമില്ലാത്തതാണ്. ഇല്ലാത്ത ഒരു തസ്തിക സൃഷ്ടിച്ച സമരക്കാരായ 5 സ്ത്രീ തൊഴിലാളികളെ മാത്രം ഡിപ്പോയിലേക്ക് മാറ്റുന്നതു ഇവരെ മറ്റു തൊഴിലാളികളിൽ നിന്നും ഒറ്റപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് എന്ന് കരുതേണ്ടിയിരിക്കുന്നു.
ഇരിക്കൽ സമരത്തിന്റെ ഫലമായി കേരള ഷോപ്സ് ആന്‍ഡ് കോമെര്‍ഷ്യൽ എസ്റ്റാബ്ലിഷ്മെൻറ് ആക്റ്റ് സംസ്ഥാന സർക്കാർ ഭേദഗതി ചെയ്തു. ഭേദഗതി ചെയ്തു എന്നു പറയുമ്പോളും ഇത് വെറുമൊരു നാമമാത്രമായ ഭേദഗതിയായിരുന്നു. ഷോപ്സ് ആന്‍ഡ് കൊമേഷ്യൽ എസ്റ്റാബ്ലിഷ്മെൻറ് ആക്റ്റ് ഭേദഗതി ചെയ്തു കൊണ്ട് 2013 ൽ പുറപ്പെടുവിച്ച ഓര്‍ഡിനൻസിൽ പ്രധാനമായും 3 ഭേദഗതികളാണുള്ളത്.
1. വ്യാപാര സ്ഥാപനങ്ങളെ തൊഴിലാളികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ചെറിയ സ്ഥാപനമെന്നും ഇടത്തരം സ്ഥാപനമെന്നും വലിയ സ്ഥാപനമെന്നും മൂന്നായി തിരിച്ചു.
2. അൻപതിൽ കൂടുതൽ തൊഴിലാളികളെ ജോലിക്ക് എടുക്കുന്നുണ്ടെങ്കിൽ അവർക്ക് ഹോസ്റ്റൽ സംവിധാനം നൽകിയിരിക്കണം.
3. ചട്ടലംഘനങ്ങൾ നടത്തിയാൽ മാനേജുമെന്റുകള്‍ക്കുമേൽ ചുമത്താവുന്ന പിഴ വർദ്ധിപ്പിച്ചു.
ഇതിൽ വ്യാപാര സ്ഥാപനങ്ങളെ മൂന്നായി തിരിച്ചത് പ്രകാരം ഇരുപതിൽ കൂടുതൽ പേർ ജോലി ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളും വലിയ എസ്റ്റാബ്ലിഷ്മെന്റുകളാണ്. ഇനി അൻപതിൽ കൂടുതൽ പേർ തോഴിലെടുക്കുന്നുണ്ടെങ്കിൽ സ്ഥാപനത്തിന് ഹോസ്റ്റൽ സംവിധാനമുണ്ടായിരിക്കണം. ഈ ഹോസ്റ്റൽ സംവിധാനം ഏർപ്പെടുത്തുന്ന കാര്യത്തിൽ തൊഴിലുടമകൾക്ക് യാതൊരു വിരോധവും ഉണ്ടാവേണ്ട കാര്യമില്ല. എന്തെന്നാൽ തൊഴിലാളികളെ വളർത്തു മൃഗങ്ങളെ പോലെ അധീനതയിൽ നിര്‍ത്താനുള്ള ഒരുപാധിയാണത്. ഇങ്ങനെ ഹോസ്റ്റലിൽ താമസിക്കുന്നവർ പൂർണമായും മാനേജ്മെന്‍റിന്റെയും മുതലാളിമാരുടെയും നിയന്ത്രണത്തിലായിരിക്കും. ഇവരെ എത്ര നേരം വേണമെങ്കിലും ജോലി എടുപ്പിക്കാം. പല വലിയ തുണികടകൾക്കും ഹോസ്റ്റൽ സംവിധാനം ഉണ്ട് താനും. ഇവർ മറ്റു തൊഴിലാളികളെക്കാൾ കൂടുതൽ ചൂഷണം ചെയ്യപ്പെടുന്നുണ്ട് എന്ന കാര്യത്തിൽ സംശയമില്ല. മാത്രവുമല്ല ഹോസ്റ്റലുകൾ വാസയോഗ്യമാണോ എന്നുറപ്പുവരുത്തേണ്ടതിനെ കുറിച്ച് ഭേദഗതിയിലെവിടെയും പറയുന്നുമില്ല.
നിയമലംഘനം നടത്തുന്ന തൊഴിലുടമകളിൽ നിന്നും ഈടാക്കാവുന്ന പിഴ വർദ്ധിപ്പിച്ചതാണ് മറ്റൊരു പ്രധാന ഭേദഗതി. ഇപ്പോൾ രജിസ്ട്രേഷൻ ഇല്ലാതായോ തൊഴിൽ നിയമങ്ങൾ പാലിക്കാതെയൊ പ്രവർത്തിക്കുന്ന കടകള്‍ക്കുമേല്‍ അയ്യായിരം രൂപ വരെ പിഴ ചുമത്താവുന്നതാണ്. പിഴ ചുമത്തുന്നതിൽ വലിയ സ്ഥാപനമെന്നോ ഇടത്തരം സ്ഥാപനമെന്നോ ചെറിയ സ്ഥാപനമെന്നോ വ്യത്യാസമില്ല. ദിവസവും ലക്ഷക്കണക്കിന് കച്ചവടം നടക്കുന്ന വസ്ത്ര വ്യാപാര സ്ഥാപനങ്ങളെ സംബന്ധിച്ചടുച്ചിടത്തോളം തൊഴിലാളികൾക്ക് അധിക വേതനം കൊടുക്കുന്നതിനേക്കാൾ ലാഭകരം പിഴ അടക്കുന്നത് തന്നെയാണ്. വസ്ത്ര വ്യാപാര രംഗത്തെ തൊഴിലാളികളുടെ ഉന്നമനത്തിനു വേണ്ടി നിയമ നിര്‍മ്മാണം നടത്താൻ സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ കേരള ഷോപ്സ് ആൻഡ് കൊമേർഷ്യൽ എസ്റ്റാബ്ലിഷ്മെന്റ്റ് നിയമം ഒന്നുടച്ചു വാർക്കുക തന്നെ വേണ്ടി വരും. എന്നാൽ വസ്ത്ര വ്യാപാര രംഗത്തെ സ്ത്രീ തൊഴിലാളികൾ തെളിയിച്ചു കൊണ്ടിരിക്കുന്നത് ഏതു നിയമ നിർമ്മാണത്തേക്കാളും ശക്തി സ്ത്രീകളുടെ സംഘടിതമായ ചെറുത്തു നിൽപ്പുകൾക്കുണ്ടെന്നാണ്.
(അഭിഭാഷകയും ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ ഫെല്ലോയുമാണ് ലേഖിക)
*കടപ്പാട്: സംഘടിത
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)