അഴിമുഖം പ്രതിനിധി
കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഗണ്‍മാനായിരുന്ന സലിംരാജിനെ ഒഴിവാക്കി സിബിഐയുടെ കുറ്റപത്രം. സലിംരാജ് അടക്കം ഏഴ് പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഡെപ്യൂട്ടി തസഹില്‍ദാര്‍ ഉള്‍പ്പടെ അഞ്ചു പേരെ പ്രതികളാക്കിയാണ് സിബിഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. സലിംരാജിന്റെ ഭാര്യയുടെ പേരും പ്രതി പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
മുന്‍ ഡെപ്യൂട്ടി തസഹില്‍ദാര്‍ വിദ്യോദയ കുമാര്‍, നിസാര്‍ അഹമ്മദ്, സുഹറാ ബീവി, മുഹമ്മദ് കാസിം, റുഖിയ ബീവി എന്നിവരെയാണ് തിരുവനന്തപുരം സിബിഐ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം അഡീഷണല്‍ ചീഫ് സെക്രട്ടറി സലിംരാജിനെ പ്രോസിക്കൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയിരുന്നു. കടകംപള്ളി വില്ലേജിലെ 400ല്‍ ഏറെ കുടുംബങ്ങളുടെ 44.5 ഏക്കര്‍ ഭൂമി തണ്ടപ്പേര് തിരുത്തി സ്വന്തമാക്കിയെന്നായിരുന്നു കേസ്. കളമശ്ശേരി തട്ടിപ്പ് കേസിലും സലിംരാജിനെ ഒഴിവാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.