UPDATES

ന്യൂസ് അപ്ഡേറ്റ്സ്

66എ; ഈ ഫാസിസ്റ്റ് നിയമം ഇത്രനാളും നിലനിന്നു എന്നതാണ് അത്ഭുതം- സല്‍മാന്‍ പ്രതികരിക്കുന്നു

Avatar

അഴിമുഖം പ്രതിനിധി

ഐ ടി നിയമത്തിന്റെ 66എ വകുപ്പ് സുപ്രീം കോടതി റദ്ദാക്കിയത് ജനാധിപത്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും ലഭിച്ച ഒരു വലിയ സമാശ്വാസമാണ്. സാമൂഹ്യമാധ്യമങ്ങളിലൂടെ അഭിപ്രായ പ്രകടനം നടത്തുന്നവരെ തികച്ചും വിവേചന രഹിതമായി അറസ്റ്റു ചെയ്യാന്‍ നിയമപാലകര്‍ക്ക് അനുവാദം നല്‍കിയിരുന്ന ഈ നിയമത്തിനൊപ്പം കേരള പൊലീസ് നിയമത്തിലെ സമാനമായ 118ഡി വകുപ്പും കോടതി റദ്ദാക്കിയിട്ടുണ്ട്. എന്നാല്‍ ഈ വകുപ്പിനപ്പുറം എന്തൊക്കെ ശേഷിക്കുന്നുണ്ട്? ഐ ടി നിയമത്തിന്റെ നിലവിലെ പോരായ്മകള്‍ എന്തെല്ലാം? നിയമജ്ഞരും ഈ നിയമം ചുമത്തപ്പെട്ട വ്യക്തികളും സാമൂഹ്യ നിരീക്ഷകരും ഉള്‍പ്പെടുന്ന ചര്‍ച്ചക്ക് അഴിമുഖം തുടക്കമിടുന്നു:

ദേശീയഗാനത്തെ അവഹേളിച്ചു എന്ന പേരില്‍ ഭരണകൂടം ഒരു ഭീകരവാദിയെ എന്നപോലെ വേട്ടിയാടിയ സല്‍മാനെ കേരളം മറന്നു കാണില്ല. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് 66 എ റദ്ദാക്കി കൊണ്ടു വന്ന സുപ്രീം കോടതി വിധിയെക്കുറിച്ച് സല്‍മാന്‍ അഴിമുഖത്തോട് പ്രതികരിക്കുന്നു.

“35 ദിവസം ഭരണകൂടം എന്നെ ജയിലഴിക്കുള്ളിലാക്കാന്‍ ഉപയോഗിച്ചത് ഇതേ ഫാസിസ്റ്റ് നിയമമാണ്. ദേശീയഗാനത്തെ അപമാനിച്ചുവെന്ന പേരില്‍ അവര്‍ എന്നെ പിടികൂടിയപ്പോള്‍ എന്നെയൊരു കുറ്റവാളിയാക്കി കുരുക്കിയിടാന്‍ എന്റെ ഫേസ്ബുക്ക് പോസ്റ്റുകളായിരുന്നു അവര്‍ ആയുധമാക്കിയത്. എന്റെ ഫേസ്ബുക്ക് സ്റ്റാറ്റസുകളാണ് അവര്‍ കോടതിയില്‍ എനിക്കെതിരെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പ്രധാനമായും മുഴച്ചുനിന്നത്. ഇത്തരമൊരു ഫാസിസ്റ്റ് നിയമം നേരത്തെ തന്നെ എടുത്തുമാറ്റേണ്ടതായിരുന്നു. ഞാനൊരു ജനാധിപത്യവാദിയല്ല, അനാര്‍കിസ്റ്റ് ആണ്, എങ്കിലും ജനാധിപത്യം നിലനില്‍ക്കുന്നുവെന്ന് പറയുന്നൊരു രാജ്യത്ത് ഇത്തരമൊരു ഫാസിസ്റ്റ് നിയമം ഇത്രനാളും നിലനിന്നിരുന്നുവെന്നത് തന്നെ അത്ഭുതം.”, സല്‍മാന്‍ പറഞ്ഞു

“നിലവില്‍ എനിക്കെതിരെ ചുമത്തപ്പെട്ടിരിക്കുന്നത് ഐടി ആക്ട് 66 എ, ഇന്ത്യന്‍ ശിക്ഷാനിയമം 124 എ പ്രകാരമുള്ള രാജ്യദ്രോഹകുറ്റം, രാജ്യത്തോട് അനാദരവ് കാണിക്കല്‍ എന്നീ നിയമപ്രകാരമുള്ള കുറ്റങ്ങളാണ്. 66 എ റദ്ദാക്കപ്പെടുന്നത് എന്റെ കേസുകളുടെ കാര്യത്തില്‍ അനുകൂലമായ മാറ്റം ഉണ്ടാക്കുമെന്ന് വിശ്വസിക്കുന്നു. അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടട്ടെ…”, സല്‍മാന്‍ പറഞ്ഞു നിര്‍ത്തുന്നു.

സിനിമാ തിയേറ്ററില്‍വെച്ച് ദേശീയഗാനത്തെ അവഹേളിച്ചു എന്നാരോപിച്ചാണ് മനുഷ്യാവകാശ പ്രവര്‍ത്തകനും സാമൂഹ്യ പ്രവര്‍ത്തകനുമായ സല്‍മാന്‍ അറസ്റ്റ് ചെയ്യപ്പെടുന്നത്. ബോധപൂര്‍വ്വം കെട്ടിച്ചമച്ചുണ്ടാക്കിയ കേസാണ് സല്‍മാന്റെ പേരിലുള്ളതെന്ന് അന്നേ ആക്ഷേപം ഉയര്‍ന്നിരുന്നു. തീയേറ്ററില്‍ ദേശീയഗാനം പ്ലേ ചെയ്തപ്പോള്‍ എഴുന്നേറ്റില്ല എന്നതാണ് സല്‍മാന്‍ ചെയ്ത ഏക കൃത്യമായി ആരോപിക്കപ്പെട്ടത്. തീയേറ്റര്‍ പോലെയുള്ള വാണിജ്യ സ്ഥലങ്ങളില്‍ ദേശീയഗാനം ആലപിക്കാന്‍ പാടില്ല എന്നും അങ്ങനെ പാടുകയാണെങ്കില്‍ കാഴ്ചക്കാര്‍ എഴുന്നേല്‍ക്കേണ്ട ആവശ്യം ഇല്ല എന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ വിഷയത്തിലിറക്കിയിട്ടുള്ള നിര്‍ദ്ദേശങ്ങളില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട് എന്നുള്ളിടത്താണ് സല്‍മാന്‍ കുറ്റവാളിയായത്.

ദേശീയഗാനത്തെ അപമാനിച്ച് കൂവി എന്നത് സല്‍മാനുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ നല്കിയ പരാതിയാണ്.  സല്‍മാനെതിരെ പോലീസ് ആരോപിക്കുന്ന കാര്യം ഫേസ്ബുക്കില്‍ ദേശീയഗാനത്തെ അവഹേളിച്ചുകൊണ്ട് ആഗസ്റ്റ് 15ന് ഒരു പോസ്റ്റ് ഇട്ടു എന്നാണ്. എന്നാല്‍ ആ പോസ്റ്റില്‍ പരാമര്‍ശിക്കപ്പെടുന്നത് ദേശീയഗാനമല്ല. മറിച്ച് ‘ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍ കേവലമൊരുപിടി മണ്ണല്ല’ എന്ന സിനിമാ ഗാനമാണ്. 1964ല്‍ പി ഭാസ്കരന്‍ സംവിധാനം ചെയ്ത ‘ആദ്യ കിരണങ്ങള്‍’ എന്ന ചിത്രത്തില്‍ പി. ഭാസ്‌കരന്‍ തന്നെ രചിച്ച് കെ രാഘവന്‍ മാസ്റ്റര്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച് പി. സുശീലയും സംഘവും ആലപിച്ചതാണ് ഈ ഗാനം. ഇന്ത്യയിലെ അങ്ങേയറ്റം വഷളായിക്കൊണ്ടിരിക്കുന്ന ജീവിത സാഹചര്യത്തെ മുന്‍നിര്‍ത്തി ഈ ഗാനത്തിന്റെ ഒരു പാരഡി നിര്‍മ്മിക്കുന്നതിനെ ദേശദ്രോഹമായിക്കാണുന്നതെങ്ങനെയാണെന്ന് സല്‍മാന്‍ ജസ്റ്റീസ് ഫോറം അന്ന് ചോദ്യമുയര്‍ത്തിയിരുന്നു. 

നിയമങ്ങള്‍ പലപ്പോഴും പൗരന്റെ അവകാശങ്ങളെ ഹനിക്കാനുള്ള ഉപാധികളാക്കി ഉപയോഗിക്കുന്ന അധികാരകേന്ദ്രങ്ങള്‍ക്ക് അവരുടെ ഇരകളെ ചൂണ്ടയില്‍ കോര്‍ക്കുമ്പോള്‍ ന്യായമോ നീതിയോ തടസ്സമാകില്ല. ഐടി ആക്ട് 66 എ റദ്ദാക്കപ്പെടുമ്പോള്‍ സല്‍മാനെ പോലെ അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗിച്ചതിന്റെ പേരില്‍ ഭരണകൂടത്തിന്റെ അനിഷ്ടം ഏറ്റുവാങ്ങി രാജ്യദ്രോഹികളായി കുറ്റം ചുമത്തപ്പെട്ട് ഇരുട്ടറകളില്‍ അടയ്ക്കപ്പെട്ട ഒരുപാടുപേര്‍ക്ക് ചെറുതായെങ്കിലും നിശ്വസിക്കാം, സ്വാതന്ത്ര്യത്തിന്റെ ഒരു വാതായനമെങ്കിലും തുറക്കപ്പെടുന്നതോര്‍ത്ത്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍