UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഴിക്കുള്ളിലായ താരം; നാം പക്വമായൊരു ജനാധിപത്യത്തിലേക്കുള്ള യാത്രയില്‍ തന്നെയാണ്

Avatar

എഡിറ്റോറിയല്‍/ ടീം അഴിമുഖം

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഊര്‍ജ്വലസ്വതയെ കുറിച്ചും അതിന്റെ നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യത്തെ കുറിച്ചും എന്തെങ്കിലും സംശയമുള്ളവര്‍ക്ക്, ചില കേന്ദ്രങ്ങളില്‍ നിന്നും പ്രതികൂലമായ ശ്രമങ്ങള്‍ നടക്കുമ്പോള്‍ പോലും ഇന്ത്യ ഒരു പക്വമായ ജനാധിപത്യത്തിലേക്കുള്ള യാത്രയിലാണെന്ന് ഇന്ന് മുംബെയില്‍ നടന്ന സംഭവവികാസങ്ങള്‍ ഒന്ന് പരിശോധിക്കുമ്പോള്‍ മനസിലാക്കാന്‍ സാധിക്കും. 

മാധ്യമ സര്‍ക്കസുകാര്‍ പുറത്ത് കലാപങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നപ്പോള്‍, അകത്ത് കോടതി മുറിയില്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഡി ഡബ്ല്യു ദേശ്പാണ്ടെ തന്റെ ഉച്ച ഉയര്‍ത്താതെ വളരെ ശാന്തനായി സല്‍മാന്‍ ഖാനോട് ഇങ്ങനെ പറഞ്ഞു: ‘നിങ്ങളായിരുന്നു ആ കാര്‍ ഓടിച്ചിരുന്നത്’ എന്ന്. അതിന് ശേഷം ഹിന്ദി സൂപ്പര്‍താരത്തിനെതിരെ തെരുവില്‍ ഉറങ്ങിക്കിടന്നവരെ കാറിടിച്ച് കൊന്നതുമായി ബന്ധപ്പെട്ട് ചാര്‍ത്തപ്പെട്ട എട്ടു കുറ്റങ്ങളും തെളിഞ്ഞതായി ജഡ്ജി പ്രഖ്യാപിച്ചു. 

ഇരകള്‍ ദരിദ്രരും കുറ്റവാളികള്‍ സമ്പന്നരോ ശക്തരോ ആയിരിക്കുമ്പോള്‍ പോലും അയഥാര്‍ത്ഥവും യഥാര്‍ത്ഥവുമായ എല്ലാ സമ്മര്‍ദ്ദങ്ങളെയും അതിജീവിച്ചുകൊണ്ട് നിയമത്തിന്റെ കരങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ നമ്മുടെ കീഴ്‌ക്കോടതി ജഡ്ജിമാര്‍ നടത്തുന്ന ശ്രമങ്ങളുടെ ആദ്യത്തെ ഉദാഹരണമല്ല ഇത്. അവസാനത്തേതാവാനും നിര്‍വാഹമില്ല. ഇന്ത്യയുടെ കീഴ്‌ക്കോടതികള്‍ പ്രദര്‍ശിപ്പിക്കുന്ന തീവ്രമായ സ്വാതന്ത്ര്യബോധമാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സവിശേഷ സ്വഭാവങ്ങളില്‍ ഒന്ന്. അലഹബാദ് ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ജഗ്‌മോഹന്‍ സിന്‍ഹയുടെ അത്തരത്തിലുള്ള വിധി ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ നിര്‍ണായകമായി മാറിയിരുന്നു. 1975ല്‍ അലഹബാദ് ഹൈക്കോടതി അന്നത്തെ ഇന്ത്യയില്‍ സര്‍വശക്തയായി വിരാജിച്ചിരുന്ന പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്കെതിരായി പ്രഖ്യാപിച്ച ആ വിധി രാജ്യത്തെ അടിയന്തിരാവസ്ഥയിലേക്ക് നയിച്ചു. അതുകൊണ്ട് തന്നെ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ നിന്നും പുറത്ത് വരുന്ന ഒത്തുതീര്‍പ്പുകളില്ലാത്ത അത്തരം വിധികള്‍ എല്ലാക്കാലത്തും അധികാരത്തില്‍ ഇരിക്കുന്ന ആളുകള്‍ക്കും എണ്ണിയാലൊടുങ്ങാത്ത മോഷ്ടാക്കളായ ഇടപ്രഭുക്കന്മാര്‍ക്കും എല്ലാക്കാലത്തും ശക്തമായ മുന്നറിയിപ്പായി വര്‍ത്തിച്ചു. 

എന്നാല്‍ സമീപകാലത്തായി ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ അതിന്റെ സുവര്‍ണ ചരിത്രങ്ങളുയര്‍ത്തിയ പ്രതീക്ഷകളോട് നീതിപുലര്‍ത്തുന്നില്ല എന്ന തോന്നല്‍ ചിലരിലെങ്കിലും ശക്തമായിരുന്നു. എന്നാല്‍ നമ്മുടെ നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസം നഷ്ടപ്പെട്ടവര്‍ക്കുള്ള സമാശ്വാസമായാണ് ഇപ്പോള്‍ സല്‍മാന്‍ ഖാനെതിരായ വിധി പുറത്ത് വന്നിരിക്കുന്നത്. കുറ്റവാളി എത്ര ശക്തനും സ്വാധീനശേഷിയുള്ളവനും ആയാലും ന്യായയുക്തമായ വിധിപ്രസ്ഥാവങ്ങളെ അതൊന്നും ബാധിക്കില്ലെന്നുള്ള ശക്തമായ സന്ദേശമാണ് ഈ വിധി. എന്നാല്‍ ബാഹ്യശക്തികളുടെ സമ്മര്‍ദങ്ങളില്‍ നിന്നും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ പൂര്‍ണമായും മുക്തമാണെന്ന് ആ ഒറ്റവിധികൊണ്ട് മാത്രം തീര്‍പ്പ് കല്‍പ്പിക്കാന്‍ നമുക്ക് സാധിക്കുകയുമില്ല. 

ഇന്ത്യന്‍ കീഴ്‌ക്കോടതികളില്‍ നിന്നും ഉന്നത നീതിപീഠങ്ങളില്‍ നിന്നും പുറത്തുവന്ന ഇത്തരത്തില്‍ തീക്ഷ്ണ സ്വാതന്ത്ര്യബോധം പ്രതിഫലിപ്പിക്കുന്ന അസംഖ്യം വിധികളുടെ അടിസ്ഥാനത്തില്‍ വേണം ഇപ്പോള്‍ നടക്കുന്ന ദേശീയ ജൂഡീഷണല്‍ നിയമന കമ്മീഷനെ (എന്‍ജെഎസി) കുറിച്ചുള്ള ചര്‍ച്ചകളെ നോക്കിക്കാണാന്‍. 

ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുന്നതില്‍, ഇന്ത്യയുടെ ചീഫ് ജസ്റ്റിസിനും നീതിന്യായ വ്യവസ്ഥയ്ക്കുമുണ്ടായിരുന്ന അപ്രമാദിത്വത്തെ എന്‍ഡിഎ സര്‍ക്കാര്‍ ചോദ്യം ചെയ്തിരിക്കുന്നു. ‘ന്യായാധിപന്മാരെ നിയമിക്കുന്നതില്‍ ഇന്ത്യയുടെ ചീഫ് ജസ്റ്റിസിനുള്ള അപ്രമാദിത്വം ഭരണഘടനയോ, ഭരണഘടനാ സംബന്ധമായ ചര്‍ച്ചകളോ അംഗീകരിക്കുന്നില്ലെങ്കില്‍ 1993ലെ വിധിയിലൂടെ ഭരണഘടനയ്ക്ക് നല്‍കിയിരിക്കുന്ന വ്യാഖ്യാനങ്ങളെ (ഇന്ത്യയുടെ മുഖ്യന്യായാധിപന്റെ അപ്രമാദിത്വത്തെ അംഗീകരിക്കുന്ന വിധത്തില്‍) കുറിച്ച് ഒമ്പത് ജഡ്ജിമാരടങ്ങിയ ബഞ്ച് വീണ്ടും വാദം കേള്‍ക്കണം,’ എന്ന് അഞ്ച് ജഡ്ജിമാരടങ്ങുന്ന ഭരണഘടന ബഞ്ചിന് മുന്നില്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ടഗി വാദിച്ചു. 

എന്നാല്‍ ജസ്റ്റിസുമാരായ ജെഎസ് ഖേഹാര്‍, ജെ ചെലമേശ്വര്‍, മദന്‍ ബി ടാക്കൂര്‍, കുര്യന്‍ ജോസഫ്, എകെ ഗോയല്‍ എന്നിവരടങ്ങുന്ന ആ ബഞ്ച്, ‘നിങ്ങളുടെ അധികാരപരിധിയില്‍ വച്ച് ആ വിധി (1993ലെ) പരിഗണനയ്ക്ക് വന്നപ്പോള്‍ (1998ല്‍) നിങ്ങള്‍ അത് (കോളീജ്യം സംവിധാനം) അംഗീകരിക്കുകയായിരുന്നു,’ എന്ന് അറ്റോര്‍ണി ജനറലിനെ ഓര്‍മ്മിപ്പിച്ചു. 1998ല്‍ അടല്‍ ബിഹാരി വാജ്‌പേയുടെ കീഴില്‍ അധികാരത്തിലുണ്ടായിരുന്ന കഴിഞ്ഞ എന്‍ഡിഎ സര്‍ക്കാരിനെ കുറിച്ചായിരുന്നു കോടതിയുടെ പരാമര്‍ശം. ‘ഏറ്റവും മോശമായ രീതിയില്‍ കുഴഞ്ഞുമറിഞ്ഞു കിടക്കുന്ന വിഷയമാണിതെന്നും നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യവുമായി ഇതിന് ഒന്നും ചെയ്യാനില്ലെന്നും,’ മുതിര്‍ന്ന കൗണ്‍സലായ രാജീവ് ധവാന്‍ കോടതിയില്‍ വാദിക്കുകയും ചെയ്തു. 

എന്‍ജെഎസി സംബന്ധിച്ച് നിരവധി ചോദ്യങ്ങള്‍ക്ക് ഇനിയും ഉത്തരം ലഭിക്കാനുണ്ട്. എന്‍ജെഎസിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന പ്രഗത്ഭരായ വ്യക്തികളുടെ സ്വഭാവത്തെ സംബന്ധിക്കുന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യങ്ങളില്‍ ഒന്ന്. ഉന്നത നീതിപീഠത്തിന് മുന്നില്‍ ഓരോ കാലത്തും നിലനില്‍ക്കുന്ന സര്‍ക്കാരുകള്‍ക്ക് എത്ര സ്വാധീനം ഉണ്ടാവും? ഇപ്പോള്‍ത്തെ നീതിന്യായ സ്ഥാപനങ്ങളെ സ്വാധീനിക്കാനും തങ്ങളെ പിന്തുണയ്ക്കുന്നവരെ നിര്‍ണായസ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കാനും അധികാരത്തിലുള്ള രാഷ്ട്രീയക്കാര്‍ നടത്തുന്ന എത്രയെത്ര ശ്രമങ്ങളുടെ കഥകളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്? അങ്ങനെ ഉന്നത ന്യായാധിപ സ്ഥാനങ്ങളില്‍ എത്തിയ അനര്‍ഹരായ ന്യായാധിപന്മാര്‍ നടത്തിയ വിധിന്യായങ്ങളെ സംബന്ധിച്ച കഥകള്‍ ഇപ്പോള്‍ തന്നെ ചര്‍ച്ചകള്‍ക്ക് വിധേയമായിട്ടുണ്ട്. ഉന്നത നീതിപീഠങ്ങളില്‍ സ്ഥാനം ലഭിച്ചവര്‍ തങ്ങളുടെ ഔദ്യോഗിക ജീവിതത്തിന് ശേഷം സ്ഥാനമാനങ്ങള്‍ക്കായി പായുന്നതും ഭരണപാര്‍ട്ടികളുടെ വാലാട്ടികളായി മാറുന്നതും നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നു. 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഈ സാഹര്യത്തില്‍ എന്‍ജെഎസിയെയും മറ്റ് നീതിന്യായപരിഹാരങ്ങളെ കുറിച്ചും കൂടുതല്‍ ആഴത്തിലുള്ള ചര്‍ച്ചകള്‍ ആവശ്യമായി വരുന്നു. ഇക്കാര്യത്തിലുള്ള ഏത് തിരക്കിട്ട നീക്കവും പ്രതികൂലമായ ഫലങ്ങള്‍ സൃഷ്ടിക്കും. അങ്ങനെ വന്നാല്‍ ഭാവിയില്‍ സല്‍മാന്‍ ഖാനെ പോലെ സ്വാധീനമുള്ള ആളുകള്‍ കുറ്റകൃത്യങ്ങള്‍ ചെയ്ത ശേഷം സ്വതന്ത്രമായി ഇന്ത്യന്‍ പൊതുജീവിതത്തില്‍ വിഹരിക്കുന്നത് നമ്മള്‍ കാണേണ്ടി വരും. അങ്ങനെ ഉണ്ടാവാതിരിക്കണമെങ്കില്‍, ഇന്ന് രാവിലെ മുംബെ വീക്ഷിച്ച ചിത്രം വീണ്ടും വീണ്ടും നമ്മുടെ കണ്‍മുമ്പില്‍ ആവര്‍ത്തിക്കണമെങ്കില്‍, നീതിപീഠത്തിന്റെ ന്യായദീക്ഷയെ കുറിച്ച് നമ്മുടെ ദരിദ്രരും പ്രാന്തവല്‍കൃതരുമായ ജനവിഭാഗങ്ങള്‍ക്കുള്ള വിശ്വാസം നിലനില്‍ക്കണമെങ്കില്‍, എന്‍ജെഎസിയെ കുറിച്ച് കൂടുതല്‍ വ്യാപകമായ ചര്‍ച്ചകള്‍ ഉണ്ടാവണം. മുംബെയിലെ പൊടിപിടിച്ച കോടതി മുറിയില്‍ നിന്നും പുറത്ത് വരുന്ന ഏറ്റവും പ്രധാനപ്പെട്ട മുന്നറിയിപ്പും അതാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍