UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പെരുപ്പിച്ച മസില്‍ പവറുകാരുടെ ലോകത്ത് പാവങ്ങള്‍ക്കും എവിടെയെങ്കിലും ഉറങ്ങേണ്ടതുണ്ട്

Avatar

വി കെ അജിത്‌ കുമാര്‍

ലോകം  മസില്‍മാന്‍മാരുടേതാണ്. അസ്ഥിക്ക് മുകളില്‍, തൊലിക്ക് താഴെയുള്ള മാംസളമായ ഭാഗങ്ങളെ രൂപപ്പെടുത്തിയെടുക്കുന്നത് പല രീതികളിലാണ്. നിരന്തരമായ കഠിന ജോലിയിലൂടെ- ചുമടെടുത്തും റിക്ഷാവലിച്ചും നിലമുഴുതും രൂപപ്പെടുന്നതും ഹോര്‍മോണിന്‍റെയും പുതിയ ബോഡി ബില്‍ഡിംഗ് പരിപാടിയുടെയും ഫലമായി പെരുപ്പിച്ചെടുക്കുന്ന മസിലും  തമ്മില്‍ വ്യത്യാസമുണ്ട്.  ഇന്ന് പെരുപ്പിച്ചെടുക്കുന്ന ഈ പേശികള്‍ക്ക് കടുത്ത പരിഗണനയാണ്. ആറു പായ്ക്കും എട്ടു  പായ്ക്കും ഉദരപേശികളുമായി നിലവിലുള്ള ഒരു പേശി നിറയ്ക്കാന്‍ പെടാപ്പാടു പെടുന്നവനെ വെല്ലുവിളിക്കുമ്പോഴാണ്, പെരുപ്പിച്ചപേശികളുടെ യഥാര്‍ത്ഥ ഭാവം തെളിയുന്നത്.

അവര്‍ക്ക് ചുറ്റും ആരാധികമാര്‍ നിറയുമ്പോഴും അവരുടെ ഫോട്ടോകള്‍ പെണ്‍കുട്ടികള്‍ സ്വകാര്യമുറികളിലെ ചുവരില്‍ പതിയ്ക്കുമ്പോഴും അവരാല്‍ പൊക്കിയെടുക്കപ്പെടാന്‍ അദമ്യമായി ആഗ്രഹിക്കുമ്പോഴും പെരുപ്പിച്ചെടുത്ത സിക്സ് പായ്ക്കിന്‍റെ പോപ്പുലാരിറ്റി ഏറുകയാണ്. ഇതെല്ലാം സഹിക്കാന്‍ തയാറാകുമ്പോഴാണ് കൈയടിക്കുന്ന ജനങ്ങളെ പട്ടികളെ പോലെ കരുതുകയും  കടത്തിണ്ണയില്‍ കിടന്നുറങ്ങുന്ന ഈ പാവങ്ങളുടെ ശരീരത്തിലേക്ക് ആഡംബര വാഹനം ഓടിച്ചു കയറ്റുകയും അവരെ ഒന്ന് തിരിഞ്ഞുപോലും നോക്കാതെ മരണത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്ന താരസങ്കല്‍പം കൈയെത്താദൂരത്തെ വാനില്‍ മാത്രമാണെന്ന് തിരിച്ചറിയുന്നത്‌.

ഇവിടെ നമ്മള്‍ക്ക് നിയമവ്യസ്ഥയോട് അല്പമെങ്കിലും ബഹുമാനം തോന്നിയ രണ്ടു പകലുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഉപരി കോടതി എന്ന പഴുതിലൂടെ വിണ്ടും പെരുപ്പിച്ച മസിലിന്‍റെ പവര്‍ നാം തിരിച്ചറിഞ്ഞു. കുറ്റവും ശിക്ഷയും പരസ്പരം ബന്ധപ്പെടുമ്പോള്‍ ശിക്ഷിക്കപ്പെടുന്നത് യഥാര്‍ത്ഥ പ്രതിയാണോ എന്ന് തെളിയിക്കപ്പെടണം. എന്നാല്‍ അതിനുള്ള  അവസരം നീട്ടിക്കൊണ്ട് പോകുന്നതിന്‍റെ ഗുണഫലമാണ് ഒരുപക്ഷെ ചിലര്‍ക്കെങ്കിലും സല്‍മാന്‍ഖാനോട് ഒരു മമതയുണ്ടാകാന്‍ ഇടയാകുന്നത്. ജനമനസ് അങ്ങനെയാണ്. ‘അടിക്ക് അടി’ അത് അപ്പോള്‍ തന്നെ കൊടുക്കണം എന്ന ന്യായം ശക്തമാകുന്നതും ഈ സാഹചര്യത്തിലാണ്. നീണ്ട് പോകുമ്പോള്‍ കാര്യകാരണബന്ധത്തെപ്പറ്റി നാം ചിന്തിച്ച് തുടങ്ങും. പ്രത്യേകിച്ച് പ്രതിയെന്നു അനുമാനിക്കുന്ന ആള്‍ സമൂഹത്തെ സ്വാധീനിക്കുവാന്‍ പ്രാപ്തിയുള്ള വ്യക്തികൂടിയാകുമ്പോള്‍. വിദഗ്ധമായ ഒരു മാനേജ്മെന്‍റ് ക്രൂ ഒപ്പമുള്ളപ്പോള്‍.

വിചാരണ കാലത്ത് താരം വെറുതേയിരുന്നില്ല. മസില്‍ അയച്ചുവിട്ട് പട്ടിണി പാവങ്ങളുടെ അടുത്തേക്ക് അയാള്‍ ഇറങ്ങിച്ചെന്നു. പിന്നെ പലര്‍ക്കും രക്ഷകനായി. പൊതുമനസില്‍ ഒരു കസേര വലിച്ചിട്ടിരുന്നു. സിനിമകളിലൂടെ ബോക്സ് ഓഫീസ്  ക്ലബുകളില്‍ ചലനം സൃഷ്ടിച്ചപ്പോള്‍ വ്യക്തമാകുന്നത് ഈ ജനമനസിന്‍റെ പ്രതിഫലനമാണ്. ജനം അങ്ങനെയാണ്, അവര്‍ എല്ലാം പെട്ടെന്ന് മറക്കുകയും പൊറുക്കുകയും ചെയ്യും. ഈ പഴുതാണ് സല്‍മാന്‍ഖാനെയോ സമാനമായ രിതിയിലുള്ളവരെയോ രക്ഷപ്പെടുത്തി നിര്‍ത്തുന്നത്. ഇതിനും പുറമേ  ഫോട്ടോഷോപ്പിലൂടെ ഇല്ലാത്ത മസില്‍ പെരുപ്പിച്ച് കാണിച്ചു മാധ്യമങ്ങളില്‍ നിറയുന്ന ഒരു രാഷ്ട്രീയ പിന്തുണ കൂടി നേടിയെടുക്കുവാനും യഥാര്‍ത്ഥ മസില്‍മാന്‍ ശ്രമിച്ചു.

വിചാരണ നീളും തോറും പ്രതിപ്പട്ടികയില്‍ പേര് ചേര്‍ക്കപ്പെട്ടവര്‍ ക്രമേണ വിശുദ്ധരായി മാറുന്നത് ഇവിടെ ഒറ്റപ്പെട്ട കാഴ്ചയല്ല. മനുഷ്യാവകാശ പ്രവര്‍ത്തകരും പുതുജനാധിപത്യ വാദികളും അവര്‍ക്ക് വേണ്ടി രംഗത്തിറങ്ങും. ഗോവിന്ദചാമിയെപ്പോലുള്ളവര്‍ മുതല്‍ രാഷ്ട്രീയ തടവുകാര്‍വരെ ഒരു പോലെ മനുഷ്യാവകാശ ധ്വംസനത്തിന്‍റെ ഇരകളെന്ന് വ്യാഖ്യാനിക്കപ്പെടുകയും ചെയ്യും. എന്നാല്‍ താരനായകന്‍റെ യഥാര്‍ത്ഥ വില്ലന്‍ ഒരു ആശുപത്രി കിടക്കയില്‍ ചുമച്ചും കുരച്ചും ജീവിതംകൊണ്ടു കളിച്ച കളിക്ക് വിലപറഞ്ഞു കഴിഞ്ഞ് കുടിയതും ഈ ജനങ്ങള്‍ക്ക്‌ മുന്‍പിലാണ്. ഒരുപക്ഷെ സ്വസ്ഥമായി ഉറക്കത്തിനിടെ പാഞ്ഞു കയറിയ മരണത്തിന്‍റെ സാന്നിധ്യം തിരിച്ചറിയാതെ പിടഞ്ഞു മരിച്ച പാവങ്ങളുടെ മുഖം ഒരിക്കലും മായാത്തവിധം വിധം അയാളില്‍ പതിഞ്ഞതുകൊണ്ടാകാം വച്ചുനീട്ടപ്പെട്ട എല്ലാ സൗഭാഗ്യങ്ങളും വിട്ടൊഴിഞ്ഞു, വിട്ടുകാരുടെ പോലും അതൃപ്തി ഏറ്റുവാങ്ങി അയാള്‍ സ്വയം ശിക്ഷിതനായി കഴിയാന്‍ ഇഷ്ടപ്പെട്ടത്. ഇങ്ങനെയും ചിലര്‍ നമുക്കിടയില്‍ ഉണ്ടെന്ന സന്തോഷം മാത്രമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.  

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ചില കാര്യങ്ങള്‍ കൂടി നമ്മള്‍ ആലോചിക്കേണ്ടതാണ്. പടലപ്പിണക്കങ്ങള്‍ മറന്ന് ബോളിവുഡ് സിനിമാ ലോകം ഒന്നടങ്കം കൂട്ടുകാരനുവേണ്ടി രംഗത്തിറങ്ങുകയും അയാള്‍ക്ക് വേണ്ടി പ്രസ്താവനകള്‍ ഇറക്കുകയും ചെയ്യുമ്പോള്‍ ഇവരുടെ പോസ്റര്‍ ഒട്ടിച്ചും ഫാന്‍സ്‌ രൂപികരിച്ചും നിലനിര്‍ത്തുന്ന ഒരു സമുഹത്തെയാണു ഇവര്‍ അവഹേളിച്ചുകൊണ്ടിരിക്കുന്നത്. ഏറ്റവും നിന്ദ്യമായി തോന്നിയത് കടത്തിണ്ണയില്‍ കിടക്കുന്നത് പട്ടികളാണ് എന്ന പ്രസ്താവനയാണ്. സ്വതന്ത്ര രാഷ്ട്രമായതിന്‍റെ അര്‍ദ്ധശതാബ്ദി കഴിഞ്ഞ ഒരു രാജ്യത്ത് ഇപ്പോഴും തെരുവില്‍ ഉറങ്ങുകയും അവിടെത്തന്നെ ദാരുണമായി മരിച്ചു വീഴുകയും ചെയ്യുന്ന വയറൊട്ടിയ പാവങ്ങള്‍ ജീവിക്കുന്നത് എന്തുകൊണ്ടെന്നുള്ള ഉത്തരം എല്ലാ മസിലും അയച്ചുവിട്ട് ഒരു കേദാര്‍നാഥിലോ ബുദ്ധവിഹാരങ്ങളിലോ അന്വേഷിക്കേണ്ട കാര്യമല്ല. അത് ജനാധിപത്യം എന്ന ഭരണക്രമം അതിന്‍റെ ഏറ്റവും മോശമായ അവസ്ഥയില്‍ യാത്ര ചെയ്യുന്നതിന്‍റെ തെളിവുകളാണ്.

അവരവിടെ ഉറങ്ങിക്കൊള്ളട്ടെ, താരങ്ങളെ സ്വപ്നം കണ്ടുകൊള്ളട്ടെ, അവരുടെ മുകളിലേക്ക് നിങ്ങള്‍ മരണ രഥം ഓടിച്ചു കയറ്റരുത്. പെരുപ്പിച്ച മസിലുകലുടെ സിക്സ് പായ്കുകള്‍ക്കെതിരെ ഒന്ന് നിലവിളിക്കുവാനെങ്കിലുമുള്ള സമയം അവര്‍ക്ക് നല്‍കുക.

(ഐ എച്ച് ആര്‍ ഡി ഉദ്യോഗസ്ഥനാണ് ലേഖകന്‍)  

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍