UPDATES

സിനിമ

സല്‍മാന്‍ ഖാന്‍ എപ്പോഴും ശരിയാണ്!

Avatar

ടീം അഴിമുഖം

റസ്‌ലിങ് ഗോദയിലെ കഠിനമായ ഷൂട്ടിങ്ങിനുശേഷമുള്ള സ്ഥിതിയെ ബലാല്‍സംഗത്തിനിരയായ സ്ത്രീയുടെ അവസ്ഥയുമായി താരതമ്യപ്പെടുത്തിയ സല്‍മാന്‍ ഖാനെതിരെ പ്രതികരിക്കേണ്ടതില്ല എന്നായിരുന്നു സാധാരണ ഗതിയില്‍ അഭിപ്രായങ്ങള്‍ തുറന്നുപറയുന്ന, വനിതാ വിഷയങ്ങളില്‍ പെട്ടെന്നു പ്രതികരിക്കുന്ന നടി കല്‍ക്കി കോച്‌ലിന്റെ നിലപാട്. എന്നാല്‍ കല്‍ക്കിയുടെ മുന്‍ ഭര്‍ത്താവ് അനുരാഗ് കശ്യപ് സല്‍മാന്റെ പ്രസ്താവനയെ ബുദ്ധിരഹിതമെന്നു വിശേഷിപ്പിച്ച് ധീരമായ നിലപാടെടുത്തു. സല്‍മാന്‍ ക്ഷമ പറയേണ്ട ഒന്നാണ് പ്രസ്താവനയെന്നും കശ്യപ് പറഞ്ഞു.

ബലാല്‍സംഗം പോലെ ഗുരുതരമായ ഒരു കാര്യത്തെ ബാലിശമായി കാണുന്നതിനെതിരെ ദേശീയ വനിതാ കമ്മിഷനില്‍ നിന്നു സമ്മര്‍ദമുണ്ടായെങ്കിലും ഖേദം പ്രകടിപ്പിക്കാന്‍ സല്‍മാന്‍ ഇതുവരെ തയ്യാറായിട്ടില്ല. സാധാരണ ഇത്തരം പ്രശ്‌നങ്ങളില്‍ വിവേകപൂര്‍ണമായ നിലപാടെടുക്കാറുള്ള ബോളിവുഡിലെ വമ്പന്‍മാരും സല്‍മാന്റെ നിരുത്തരവാദപരമായ പ്രസ്താവനയെപ്പറ്റി മൗനം പാലിക്കുകയാണ്.

സല്‍മാന്‍ ‘മനസുകൊണ്ട് ഇപ്പോഴും കുട്ടിയാണെ’ന്നാണ് സുഭാഷ് ഘായിയുടെ നിലപാട്. മുന്‍പ് പലപ്പോഴും ബന്ധങ്ങളില്‍ മോശവും അക്രമാസക്തവുമായ പെരുമാറ്റം ആരോപിക്കപ്പെട്ടിട്ടുള്ള സല്‍മാന്‍ ‘ വനിതകളോട് വളരെ ബഹുമാനം കാണിക്കുന്നയാളാണ്’ എന്നായിരുന്നു ഘായിയുടെ പ്രതികരണം.

തന്റെ പുതിയ ചിത്രത്തിന്റെ പ്രചാരത്തിരക്കിലുള്ള നടന്‍ നവാസുദ്ദീന്‍ സിദ്ദിഖി പണിപ്പെട്ടാണ് സല്‍മാന്റെ പെരുമാറ്റത്തെ താന്‍ അംഗീകരിക്കുന്നില്ല എന്നു പറഞ്ഞത്. ‘ സല്‍മാന്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്. അദ്ദേഹം അത് മനസിലാക്കുന്നുവെന്നു ഞാന്‍ കരുതുന്നു. അങ്ങനെ പറഞ്ഞതില്‍ സല്‍മാന്‍ ഖേദിക്കുന്നുണ്ടാകണം.’

ചലച്ചിത്രകാരനും തിരക്കഥാകൃത്തുമായ (ഷാഹിദ്, അലിഗഢ്) അപൂര്‍വ അസ്‌റാനി ആദ്യം പ്രതികരിക്കാന്‍ വിസമ്മതിച്ചു. പിന്നീട് സല്‍മാന്റേത് നിരുത്തരവാദപരമായ പ്രസ്താവനയാണെന്നു പറഞ്ഞ അപൂര്‍വ ഇങ്ങനെ കൂട്ടിച്ചേര്‍ത്തു. ‘ഗുസ്തിക്കളത്തില്‍ മോശമായി കൈകാര്യം ചെയ്യപ്പെടുന്നതിനെയും കീഴടക്കപ്പെടുന്നതിനെയും ബലാല്‍സംഗവുമായി താരതമ്യം ചെയ്യാന്‍ ശ്രമിക്കുകയാണ് സല്‍മാന്‍ ചെയ്തത്. വളരെ തെറ്റായ ഉപമ. പക്ഷേ ഇത് രാജ്യത്ത് യുവാക്കള്‍ വളരെയധികം ഉപയോഗിക്കുന്നതാണെന്ന് എനിക്കറിയാം. തെറ്റ് തിരിച്ചറിഞ്ഞ് അപ്പോള്‍ത്തന്നെ സല്‍മാന്‍ അത് തിരുത്തിയിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അങ്ങനെയെങ്കില്‍ ഇങ്ങനെ വലിയ പ്രശ്‌നമാകുമായിരുന്നില്ല. എന്തുകൊണ്ടാണ് സല്‍മാന്‍ ഉത്തരവാദിത്തത്തോടെ പെരുമാറേണ്ടത് എന്നു ഞാന്‍ മനസിലാക്കുന്നു. അദ്ദേഹത്തിന് വന്‍ ആരാധകവൃന്ദമുണ്ട്. ബലാല്‍സംഗം ലാഘവത്തോടെ കാണേണ്ട ഒന്നാണെന്ന സന്ദേശം യുവാക്കള്‍ക്കു നല്‍കിക്കൂടാ.’

കേന്ദ്ര നഗരവികസന, ഭവന സഹമന്ത്രി കൂടിയായ ഗായകന്‍ ബാബുല്‍ സുപ്രിയോ പറയുന്നത് സല്‍മാന്‍ തെറ്റ് ചെയ്തിട്ടില്ല എന്നാണ്. ‘ അങ്ങനെ ഉദ്ദേശിച്ചല്ല സല്‍മാന്‍ പറഞ്ഞതെന്ന് എല്ലാവര്‍ക്കുമറിയാം. താത്വികമായി നോക്കിയാല്‍ അത് തെറ്റാണ്. സലിം സാബിനെപ്പോലെ സല്‍മാനും ഇതില്‍ ഖേദം പ്രകടിപ്പിക്കുമെന്ന് എനിക്കറിയാം. പക്ഷേ സത്യസന്ധമായി പറഞ്ഞാല്‍ പ്രശസ്തരാകുക എന്നത് ഇന്ന് ഒരു കുറ്റമാണ്. എല്ലാവരും നിങ്ങളെ ലക്ഷ്യം വയ്ക്കുന്നു. എപ്പോഴും സ്വയം ശരിയാണെന്നു തെളിയിക്കാന്‍ നിങ്ങള്‍ക്ക് അഗ്നിപരീക്ഷ നേരിടേണ്ടിവരുന്നു.’

പ്രതിസന്ധിഘട്ടത്തില്‍ സല്‍മാന് പിന്തുണയുമായി ഉറച്ചുനില്‍ക്കാനാണ് പൂജാ ബേദിയുടെ തീരുമാനം. ‘താരതമ്യങ്ങളും ഉപമകളും അലങ്കാരങ്ങളും അനുഭവവിവരണത്തെ കൂടുതല്‍ ബൃഹത്തും നാടകീയവുമാക്കാനാണ് ഉപയോഗിക്കുന്നത്. സല്‍മാന്റെ കാര്യത്തില്‍ കഠിനമായ ശാരീരിക, മാനസിക അനുഭവങ്ങളെ വിവരിക്കാനാണ് ബലാല്‍സംഗം എന്ന വാക്കുപയോഗിച്ചത്. അത് തെറ്റാണോ? രാഷ്ട്രീയ നേട്ടത്തിനും ടിആര്‍പിക്കും വേണ്ടി ഇത് ഉപയോഗിക്കപ്പെടുകയല്ലേ ഇപ്പോള്‍?’ 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍