UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സല്‍മാന്‍ ഖാനല്ല ഇന്ത്യ; ഇതാണ് ടി.വി ചാനലുകള്‍ നമ്മെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത്

Avatar

ടീം അഴിമുഖം

വയസ് 50 കഴിഞ്ഞെങ്കിലും ഇന്നും കൗമാരചാപല്യങ്ങള്‍ വിട്ടിട്ടില്ലാത്ത ഒരാളാണ് ബോളിവുഡ് അഭിനേതാവ് സല്‍മാന്‍ ഖാന്‍. എന്നാല്‍ നമ്മുടെ മിക്ക മുഖ്യധാരാ മാധ്യമങ്ങളും സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ള ഒരു വിഭാഗവും ഈ ചപലതകളെ ആഘോഷിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നവരാണ്.

 

ബോളിവുഡിലെ സൂപ്പര്‍സ്റ്റാറിന്റെ ഭാഗത്തു നിന്ന് ചൊവ്വാഴ്ച വൈകിട്ടും ഇത്തരത്തിലൊരു വിലകുറഞ്ഞ നടപടിയുണ്ടായി. ഇത്തവണത്തേത് ഒരു പ്രസ്താവനയായിരുന്നു, ഇന്ത്യയിലെ ഒട്ടുമിക്ക ടി.വി ചാനലുകളും നമുക്ക് സുപരിചിതരായ കമന്റേറ്റര്‍മാരുമൊക്കെ ഇത് ഏറ്റെടുക്കുകയും ചെയ്തു.

 

അടുത്തുതന്നെ പുറത്തുവരാനിരിക്കുന്ന തന്റെ ‘സുല്‍ത്താന്‍’ എന്ന സിനിമയ്ക്ക് വേണ്ടി നടത്തിയ ശാരീരികാധ്വാനത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സല്‍മാന്‍. അതാകട്ടെ, അദ്ദേഹം താരതമ്യപ്പെടുത്തിയത് ബലാത്സംഗത്തിന് ഇരയാക്കപ്പെട്ട ഒരു സ്ത്രീയുടെ അവസ്ഥയോടും. ദേശീയവ്യാപകമായി തന്നെ സല്‍മാനെതിരെ പ്രതിഷേധം രൂപപ്പെടുകയും ചെയ്തു. സോഷ്യല്‍ മീഡിയ വിഷയം വന്‍ പ്രാധാന്യത്തോടെ ഏറ്റെടുക്കുകയും ഒരാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ മാപ്പ് പറയണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ സല്‍മാനോട് ആവശ്യപ്പെടുകയും ചെയ്തു.

 

സിനിമയില്‍ ഒരു ഗുസ്തിക്കാരനായി അഭിനയിക്കുമ്പോള്‍ എന്തൊക്കെ ബുദ്ധിമുട്ടുകളാണ് അനുഭവിച്ചത് എന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യം. സല്‍മാന്റെ മറുപടി ഇങ്ങനെ: “നന്നായി ഇക്കാര്യം പരിശീലിച്ചില്ലെങ്കില്‍ നമ്മള്‍ തട്ടിപ്പ് നടത്തുന്നതായേ കാണുന്നവര്‍ക്ക് തോന്നു. അതുകൊണ്ട് സാധാരണ ഗുസ്തിക്കാര്‍ ചെയ്യുന്നതുപോലെ നമ്മളും മണിക്കൂറുകള്‍ പരിശീലിക്കണം. അതാണ് ചെയ്തതും. അത് കഴിഞ്ഞ് ഷൂട്ടിംഗ് നടക്കുമ്പോള്‍ ആറ് മണിക്കൂര്‍ തുടര്‍ച്ചയായി ഗുസ്തിയില്‍ ഏര്‍പ്പെടേണ്ടതുണ്ട്. അതായത്, ഞാന്‍ 120 കിലോയുള്ള ഒരാളെ എടുത്തുപൊക്കി എറിയുകയോ അയാള്‍ എന്നെ അങ്ങനെ ചെയ്യുകയോ വേണമെങ്കില്‍ അത് കുറഞ്ഞത് 10 തവണ ചെയ്യണം. ശരിയായ ഗുസ്തി മത്സരത്തില്‍ ഇത് ഒന്നോ രണ്ടോ തവണയേ നടക്കൂ. എന്നാല്‍ അഞ്ച് വ്യത്യസ്ത ആംഗിളുകളില്‍ നിന്നായി 10 തവണ വീതം ആറു മണിക്കൂര്‍ ഞാന്‍ ഒരു ഗുസ്തിക്കാരനെ പൊക്കിയെടുക്കുകയും എറിയുകയും അല്ലെങ്കില്‍ അയാള്‍ എന്നെ ഇത് ചെയ്യുകയോ ആയിരുന്നു ചെയ്തത്. ഇതു കഴിഞ്ഞ് റിംഗിന് പുറത്തേക്ക് നടക്കുമ്പോള്‍ ബലാത്സംഗം ചെയ്യപ്പെട്ട ഒരു സ്ത്രീ പുറത്തേക്ക് വരുന്നതുപോലെയായിരുന്നു”.

 

എന്നാല്‍ ഇതു പറഞ്ഞു കഴിഞ്ഞതും പറഞ്ഞത് അബദ്ധമാണെന്ന് മനസിലാക്കിയിട്ടെന്ന വിധം സല്‍മാന്‍ ഇത്ര കൂടി പറഞ്ഞു. “എനിക്ക് തോന്നുന്നില്ല നിങ്ങളത്….” (ബാക്കി അവ്യക്തം).

 

സല്‍മാന്റെ വാക്കുകള്‍ വിവാദമാകാന്‍ അധികം സമയം വേണ്ടി വന്നില്ല. ദേശീയ വനിതാ കമ്മീഷന്‍ സല്‍മാന്‍ ഖാനോട് രേഖാമൂലം ആവശ്യപ്പെട്ടത് ഏഴു ദിവസത്തിനുള്ളില്‍ പബ്ലിക് ആയി ക്ഷമാപണം നടത്തണമെന്നാണ്. “അങ്ങേയറ്റം പുരുഷകേന്ദ്രീകൃത സമൂഹത്തിലുള്ള ഒരു മനോനിലയാണ് സല്‍മാന്‍ ഖാന്‍ കാണിച്ച്, ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, അത് ഇന്നും നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നു. അദ്ദേഹം അതില്‍ നിന്ന് മാറിനില്‍ക്കേണ്ടതായിരുന്നു”- വനിതാ കമ്മീഷന്‍ അധ്യക്ഷ ലളിത കുമാരമംഗലം ടി.വി ചാനലുകളോട് വ്യക്തമാക്കി.

 

സല്‍മാന്‍ ഖാന്റേത് ചിന്താശൂന്യമായ പ്രവര്‍ത്തിയായിപ്പോയെന്ന് പറഞ്ഞ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കാശ്യപ് ബുദ്ധിശൂന്യത കൊണ്ടാണ് ഇത്തരമൊരു പരാമര്‍ശം നടത്തുന്നതെന്നും വിമര്‍ശിച്ചു. സല്‍മാന്‍ ഖാന്റെ പ്രസ്താവനയോട് ചിരിയോടെ പ്രതികരിച്ച മാധ്യമ പ്രവര്‍ത്തകരേയും അനുരാഗ് കാശ്യപ് വിമര്‍ശിച്ചു.

 

എന്‍.സി.പിയുടെ വനിതാ സംഘടനയാകട്ടെ, നടനെതിരെ പോലീസില്‍ പരാതി നല്‍കുകയും നാഗ്പൂരില്‍ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു. പിന്നീട് വിഷയത്തില്‍ സല്‍മാന്‍ പ്രതികരിച്ചേക്കുമെന്ന് കരുതി മാധ്യമ പ്രവര്‍ത്തകരും സല്‍മാന്‍ ഫാന്‍സുമെല്ലാം അദ്ദേഹത്തിന്റെ ബാന്ദ്രെ വസതിക്കുമുന്നില്‍ തടിച്ചു കൂടി. എന്നാല്‍ ഇതിനു പകരം സല്‍മാന്റെ പിതാവ് സലിം ഖാനാണ് ക്ഷമാപണവുമായി ട്വിറ്ററിലെത്തിയത്. സലിം ഖാന്റെ ട്വിറ്റര്‍ പ്രസ്താവന താഴെ:

 

 

 എന്നാല്‍ ഇതുകൊണ്ടൊന്നും വിവാദം അടങ്ങിയില്ല. രാജ്യത്തെ പ്രധാന നിരീക്ഷകരെയൊക്കെ ഉള്‍പ്പെടുത്തി മിക്ക ദേശീയ ചാനലുകളുടേയും ചൊവ്വാഴ്ച രാത്രിയിലെ പ്രധാന പരിപാടി ഇതുതന്നെയായിരുന്നു. സല്‍മാന്‍ ഖാന്റെ ഭൂതകാലം തൊട്ട്, അയാള്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങളും മറ്റ് ആരോപണങ്ങളുമെല്ലാം ഉയര്‍ത്തിത്തന്നെ ശക്തമായി അവരൊക്കെ സല്‍മാന്റെ നടപടിയെ വിമര്‍ശിച്ചു. സല്‍മാന്റെ മദ്യപാനം, സ്ത്രീകളെ മര്‍ദ്ദിച്ചതായ ആരോപണങ്ങള്‍, മാന്‍വേട്ട, ഫുട്പാത്തില്‍ ഉറങ്ങിക്കിടന്നവരുടെ മേല്‍ വാഹനം ഓടിച്ചുകയറ്റി കൊലപ്പെടുത്തിയത് തുടങ്ങി ആരോപണങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ല താനും.

 

അതേ സമയം, നമ്മുടെ ചാനലുകള്‍ മറ്റ് എന്തൊക്കെ വിഷയങ്ങളാണ് ഈ സമയത്ത് ചര്‍ച്ച ചെയ്തതെന്നു കൂടി നോക്കേണ്ടതുണ്ട്. അമേരിക്കയുമായുള്ള കൂടിവരുന്ന അടുപ്പത്തെ തുടര്‍ന്ന് അയല്‍ക്കാരായ ചൈനയുമായുള്ള ബന്ധത്തില്‍ സങ്കീര്‍ണതകള്‍, ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷനിലെ സത്യസന്ധനായ ഒരുദ്യോഗസ്ഥനെ കൊലപ്പെടുത്തിയതില്‍ ബി.ജെ.പി എം.പിക്ക് പങ്കുണ്ടെന്ന ആം ആദ്മി പാര്‍ട്ടി ആരോപണത്തിനെതിരെ എം.പിക്ക് പിന്തുണ പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി എത്തിയതോ, രാജ്യം ഓരോ നിമിഷവും നേരിട്ടുകൊണ്ടിരിക്കുന്ന അനേകമനേകം പ്രശ്‌നങ്ങളോ ഒന്നും ഈ ചാനല്‍ ചര്‍ച്ചകളില്‍ ഉണ്ടായില്ല. സല്‍മാന്‍ തര്‍ക്കത്തില്‍ അതൊക്കെ മുങ്ങിപ്പോയി.

 

ടി.ആര്‍.പി റേറ്റ് മാത്രമല്ല ഇതിലെ കാര്യമെന്ന് നമുക്കറിയാം. പക്ഷേ ഇത്തരം താരങ്ങളെ വച്ച് എങ്ങനെയാണ് ആള്‍ക്കൂട്ട മനോനിലയെ സ്വാധീനിക്കാന്‍ കഴിയുന്നതെന്നും അത് പൊതുബോധ നിര്‍മിതിയില്‍ എങ്ങനെ ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നതിന്റെ സൂചന കൂടിയാണ് നമ്മുടെ ചര്‍ച്ചാവേളകളില്‍ ഇത്തരം വിഷയങ്ങള്‍ക്ക് ലഭിക്കുന്ന പരിഗണന. സല്‍മാന്‍ ഖാന്‍ ഇന്ത്യന്‍ സിനിമാ വ്യവസായത്തിലെ ഒഴിച്ചുകൂടാനാവാത്ത ഒരു പേരാണ്. പക്ഷേ, നൂറുകോടിയിലധികം വരുന്ന ഒരു ജനക്കൂട്ടത്തിന്റെ വിധിനിര്‍ണയിതാവല്ല അയാള്‍. ഒരു സമൂഹജീവിയെന്ന നിലയിലും തന്റെ സ്റ്റാര്‍ഡം ഉപയോഗിച്ച് കുറെയേറെ പേരെ സ്വാധീനിക്കാന്‍ കഴിയുന്ന ഒരാളെന്ന നിലയിലും സ്വയം മാറേണ്ടത് സല്‍മാന്‍ ഖാനാണ്. അത് ഒരു വ്യക്തി എന്ന നിലയിലുള്ള അയാളുടെ ഉത്തരവാദിത്തമാണ്. അതുണ്ടാകുന്നില്ല എന്നതാണ് സല്‍മാന്റെ ഏറ്റവും പുതിയ പ്രസ്താവന തെളിയിക്കുന്നത്. എന്നാല്‍ അത് കേട്ട് ചിരിച്ചുതള്ളിയ മാധ്യമപ്രവര്‍ത്തകരോ? സല്‍മാന്‍ ഖാന്റെ പ്രസ്താവനയോട് ഐക്യപ്പെടുന്ന മനോനിലയുള്ള വലിയൊരാള്‍ക്കൂട്ടമാണ് നമ്മള്‍; അത് മറച്ചുവച്ചിട്ടു കാര്യമില്ല.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍