UPDATES

വഴിയോരത്ത് കിടന്നയാളെ വാഹനം കയറ്റി കൊന്ന കേസ്; സല്‍മാന്‍ ഖാന്‍ കുറ്റക്കാരന്‍

അഴിമുഖം പ്രതിനിധി

മദ്യപിച്ച് വാഹനമോടിച്ച് റോഡരികില്‍ കിടന്ന ആളുടെമേല്‍ വാഹനം കയറ്റി കൊലപ്പെടുത്തിയെന്ന കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ കുറ്റക്കാരനാണെന്ന് മുംബൈ സെഷന്‍സ് കോടതി വിധിച്ചു. സല്‍മാന്‍ ഖാനെതിരയുള്ള എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി കോടതി പറഞ്ഞു. സല്‍മാന്‍ ഖാന്‍ തന്നെയാണ് വാഹനമോടിച്ചതെന്ന് കോടതി കണ്ടെത്തി. നേരത്തെ വാഹനം തന്റെ ഡ്രൈവറാണ് ഓടിച്ചിരുന്നതെന്ന് സല്‍മാന്‍ ഖാന്‍ കേസിന്റെ വിചാരണ വേളയില്‍ കോടതിയില്‍ വാദിച്ചിരുന്നു. 2002 സെപ്തംബര്‍ 28 നാണ് ബാന്ദ്രയിലെ ഒറു ബേക്കറിക്കു മുന്നില്‍ ഉറങ്ങി കിടന്നിരുന്നവരുടെ മേല്‍ ബോളിവുഡ് താരത്തിന്റെ കാര്‍ പാഞ്ഞുകയറി നൂറുള്ള മെഹബൂബ് ഷരീഫ് എന്നയാള്‍ കൊല്ലപ്പെടുകയും മറ്റുനാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. ഈ സംഭവം നടന്ന് 13 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇന്ന് കേസില്‍ വിധിയുണ്ടായിരിക്കുന്നത്. 

എന്നാല്‍ സംഭവസമയയത്ത് താനാണ് വണ്ടിയോടിച്ചിരുന്നതെന്ന് സല്‍മാന്റെ ഡ്രൈവര്‍ മൊഴി നല്‍കിയിരുന്നു. താന്‍ തെറ്റൊന്നും ചെയ്തില്ലെന്നും മദ്യപിച്ചിരുന്നില്ലെന്നുമാണ് സല്‍മാന്റെ വാദം.എന്നാല്‍ ഡ്രൈവറാണ് വണ്ടിയോടിച്ചതെന്ന് വാദം തെളിയിക്കാന്‍ പ്രതിഭാഗത്തിന് കഴിഞ്ഞില്ല.സല്‍മാന്‍ ഖാന്‍ മദ്യപിച്ചാണ് വണ്ടിയോടിച്ചതെന്ന് കോടതിക്ക് ബോധ്യപ്പെടുകയും ചെയ്തു.

സല്‍മാനെതിരെയുള്ള ശിക്ഷ നാളെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. പരമാവധി 10 വര്‍ഷത്തെ ശിക്ഷ തന്നെ ലഭിക്കാനാണ് സാധ്യത. അങ്ങനെ വരികയാണെങ്കില്‍ ബോളിവുഡിന് അതുണ്ടാക്കുന്ന നഷ്ടം ശതകോടികളാണ്. ഏതാണ്ട് 500 കോടിയോളമാണ് സല്‍മാനുമേല്‍ ബോളിവുഡ് സിനിമ മുടക്കിയിരിക്കുന്നത്.ഈ അവസ്ഥ ചൂണ്ടിക്കാട്ടി താരത്തിന് രണ്ട് വര്‍ഷം ശിക്ഷയും ബാക്കി പിഴയും ഒടുക്കാന്‍ അനുവദിക്കണമെന്നാണ് സല്‍മാന്റെ അഭിഭാഷകന്‍കോടിതിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍