UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മെഹ്ബൂബ് ഷെരീഫിനെ ആരും കൊന്നില്ല; സല്‍മാന്‍ ഖാനും

Avatar

അഴിമുഖം പ്രതിനിധി

2002 സെപ്റ്റംബര്‍ 28-ന് നൂറുള്ള മെഹ്ബൂബ് ഷെരീഫിനെ ആരാണ് കൊന്നത്? ആരും കൊന്നില്ല. അന്നുരാത്രി മുംബൈയിലെ ഒരു ബേക്കറിയിലേക്ക് പാഞ്ഞുകയറുന്നതിന് മുമ്പ് റോഡിലെ പേവ്മെന്റില്‍ ഉറങ്ങിക്കിടന്ന ഷെരീഫിനെ കൊല്ലുകയും നാലു പേരെ പരിക്കേല്‍പ്പിക്കുകയും ചെയ്ത സല്‍മാന്‍ ഖാന്റെ വെള്ള ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ ഒരുപക്ഷേ ഡ്രൈവറില്ലാ വാഹനമായിരിക്കാം. ചിലപ്പോള്‍ അന്നവിടെ ഒരു അപകടകമേ നടന്നിട്ടുണ്ടാകില്ല. ‘ഭായി’യേയും ബോളിവുഡിലെ സൂപ്പര്‍ സ്റ്റാറുകളായ അദ്ദേഹത്തിന്റെ സുഹൃത്തുക്കളെയും കണ്ട തിരക്കില്‍ ഓട്ടോഗ്രാഫിനു വേണ്ടി തിരക്കുകൂട്ടിയ വഴിസൈഡില്‍ ഉറങ്ങുന്ന തന്റെ കൂട്ടുകാരെ കണ്ടുള്ള വിഷമം കൊണ്ട് ചങ്ക് പൊട്ടി മരിച്ചതാവാം ഷെരീഫ്.

 

സല്‍മാന്‍ ഖാന് എതിരെയോ അദ്ദേഹത്തെ വെറുതെ വിട്ട ഹെക്കോടതിയോടെ ആര്‍ക്കും വിരോധമൊന്നും തോന്നേണ്ട കാര്യമില്ല. കേസ് കേട്ട കോടതി മുമ്പാകെ ചെന്നുനിന്ന് സല്‍മാനും അദ്ദേഹത്തിന്റെ അഭിഭാഷകരും ‘ഞങ്ങള്‍ കുറ്റം ചെയ്തു, ഇതാ ഞങ്ങളെ ശിക്ഷിക്കൂ, തെളിവുകളിതാ’ എന്ന് പറയുമെന്ന് നിങ്ങളാരെങ്കിലും പിന്നെ കരുതിയോ? തെറ്റ് ചെയ്തുവെന്നറിയുകയും അതില്‍ മന:സാക്ഷിക്കുത്തുമുള്ള, പ്രായശ്ചിത്തം ചെയ്യാനൊരുങ്ങി സ്വയം ശിക്ഷ വാങ്ങുന്ന നായകനെ അവതരിപ്പിക്കുന്ന സലിം-ജാവേദ് സ്‌ക്രിപ്റ്റ് ചെയ്ത സിനിമയാണ് ഇതെന്ന് ആര്‍ക്കെങ്കിലും തോന്നിയോ? അല്ല, ഇത് ദോസ്‌തോയേവ്‌സ്‌കിയുടെ ‘കുറ്റവും ശിക്ഷ’യോ രാജേഷ് ഖന്നയുടെ ‘ദുശ്മനോ’ ഒന്നുമല്ല, മറിച്ച് കുറ്റകൃത്യത്തിനെതിരെ കണ്ണടയ്ക്കുന്ന അന്വേഷണ ഏജന്‍സികളും പോലീസും ചേര്‍ന്ന ‘അന്ധാ കാനൂണി’ന്റെ ഒരു റീമേക്ക് മാത്രമാണ്.

 

പൊതുജനം എന്തൊക്കെ ചിന്തിച്ചാലും ലഭ്യമായ തെളിവുകള്‍ വച്ച് സല്‍മാനെ ശിക്ഷിക്കാന്‍ വകുപ്പില്ലെന്നാണ് ഹൈക്കോടതി പറഞ്ഞത്. അതുകൊണ്ടു തന്നെ കേസ് അന്വേഷിച്ച ഏജന്‍സിയാണ് ഇതിന് ഉത്തരം പറയേണ്ടത്, അവര്‍ക്കു നേരെ കൂടിയാണ് കോടതി വിരല്‍ ചൂണ്ടിയിരിക്കുന്നത്. ഒരു സെലിബ്രിറ്റി ഉള്‍പ്പെട്ടെ കേസില്‍ അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ നമ്മുടെ സിസ്റ്റം എങ്ങനെയെല്ലാം നിയമസംവിധാനത്തെ വളച്ചൊടിക്കുന്നുവെന്നുള്ളതിന്റെ മറ്റൊരുദാഹരണം കൂടി നമുക്കു മുന്നില്‍ വെളിവാക്കി തരിക കൂടിയാണ് ഇത് ചെയ്തിരിക്കുന്നത്.

 

തുടക്കം മുതല്‍ ഒരു പുകമറയ്ക്കുള്ളിലായിരുന്നു ഈ കേസിന്റെ സംഭവവികാസങ്ങള്‍. കേസ് ഡയറിയും ഇതുമായി ബന്ധപ്പെട്ട 55 രേഖകളും നഷ്ടപ്പെട്ടതായി വിചാരണക്കോടതി മുമ്പാകെ ഏതാനും വര്‍ഷം മുമ്പ് മുംബൈ പോലീസ് പറഞ്ഞപ്പോള്‍ തന്നെ വ്യക്തമായ കാര്യങ്ങളാണ് ഈ കേസിലെ തെളിവുകള്‍ സംരക്ഷിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് താത്പര്യമില്ല എന്നത്. കോടതി ചൂണ്ടിക്കാണിച്ചതു പോലെ പഴുതുകള്‍ അടച്ചുള്ള തെളിവുകള്‍ മുന്നോട്ടുവയ്ക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞതേയില്ല. സല്‍മാന്റെ രക്ത സാമ്പിളില്‍ 65 മി.ഗ്രാം മദ്യത്തിന്റെ അംശം കണ്ടെത്തിയ തെളിവുകള്‍ ഒന്നും ഇവിടെ കേസിന് ബലം കൊടുക്കാനായി ഉണ്ടായിരുന്നില്ല. അപകടം നടന്നയുടന്‍ സല്‍മാന്‍ ഖാന്‍ വാഹനത്തിന്റെ ഡ്രൈവര്‍ സീറ്റില്‍ നിന്നിറങ്ങുന്നത് കണ്ടവരുടെ മൊഴികളോ അപകടത്തിന് മുമ്പ് ജെഡബ്ല്യൂ മാരിയറ്റ് ഹോട്ടലില്‍ നിന്ന് സല്‍മാന്‍ വാഹനം ഓടിച്ചിറങ്ങുന്നത് കണ്ടവരുടെ മൊഴികളോ ഒന്നും പ്രസക്തമായ ഒരു തെളിവായി മുന്നോട്ടു വയ്ക്കാന്‍ അന്വേഷണ ഏജന്‍സികള്‍ പരാജയപ്പെട്ടു.

 

 

നിയമത്തിന്റെ കാര്യത്തില്‍ സല്‍മാന്‍ ഖാന്‍ എന്നും ഭാഗ്യവാനായിരുന്നു എന്നത് നാം അംഗീകരിച്ചേ മതിയാകൂ. വര്‍ഷങ്ങള്‍ നീണ്ട വിചാരണയ്ക്കും ചിലപ്പോള്‍ നീതി പ്രതീക്ഷിച്ച് വര്‍ഷങ്ങളുമൊക്കെ ജയിലില്‍ ചെലവഴിക്കുന്ന സാധാരണക്കാരെ സംബന്ധിച്ചിടത്തോളം സല്‍മാന്‍ ഖാന്‍ എന്നും ഭാഗ്യവാനായിരുന്നു, സ്വന്തം പേരില്‍ നിരവധി കേസുകള്‍ ഉണ്ടായിട്ടുപോലും.

 

ജോധ്പൂരില്‍ കൃഷ്ണമൃഗങ്ങളെ വേട്ടയാടിയ കേസില്‍ പത്തുവര്‍ഷം മുമ്പ് സല്‍മാന്‍ ഖാനെ ഒരു വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇതുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ സല്‍മാനെ അഞ്ചുവര്‍ഷവും തടവിന് ശിക്ഷിച്ചിരുന്നു. വാഹനമിടിപ്പിച്ചു കൊന്ന കേസില്‍ ഈ വര്‍ഷമാദ്യം വിചാരണ കോടതി സല്‍മാനെ അഞ്ചുവര്‍ഷം തടവിന് ശിക്ഷിച്ചിരുന്നുവെങ്കിലും അപ്പോള്‍ തന്നെ ജാമ്യവും ലഭിച്ചിരുന്നു.

 

മൂന്നു കേസുകളില്‍ കുറ്റവാളിയായി വിധിച്ചതിനെ തുടര്‍ന്ന് എല്ലാം കൂടി 11 വര്‍ഷം ശിക്ഷ അനുഭവിക്കേണ്ടതായിരുന്നുവെങ്കിലും ഏതാനും ദിവസങ്ങള്‍ മാത്രം അഴികള്‍ക്കുള്ളില്‍ കഴിഞ്ഞാല്‍ മതിയെന്ന് ഭാഗ്യംം ലഭിക്കുന്ന ഒരു പ്രത്യേക വിഭാഗത്തിന്റെ ഭാഗമായിരുന്നു കഴിഞ്ഞ ദിവസം വരെ സല്‍മാന്‍. ഇത്തവണയും സല്‍മാനെ ഭാഗ്യം കടാക്ഷിച്ചിരിക്കുന്നു.

 

കേസില്‍ സത്യം കണ്ടെത്താന്‍ കോടതിയെ സഹായിച്ചിരുന്ന രവീന്ദ്ര പാട്ടീല്‍ എന്ന മനുഷ്യന്‍ വിചാരണയ്ക്കിടെ മരിച്ചുപോയിരുന്നു. അദ്ദേഹത്തിന്റെ മൊഴി വിചാരണക്കോടതിയില്‍ വന്നപ്പോള്‍ അതിലെ കാര്യങ്ങള്‍ ശരിയായി പരിഗണിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

 

യുദ്ധത്തില്‍ ഓരോരുത്തരുടേയും റോളുകള്‍ തീരുമാനിക്കുന്നതിന് മുമ്പ് തന്റെ ജനറലിന്റെ ഭാഗ്യത്തെ കുറിച്ച് നെപ്പോളിയന്‍ ആരായുമായിരുന്നു. കേസ് ഏറ്റെടുക്കുന്നതിന് മുമ്പ് തന്റെ കക്ഷിയുടെ ജാതകം കൂടി ഇനി ഇന്ത്യയിലെ അഭിഭാഷകര്‍ പരിശോധിക്കുന്നത് നന്നായിരിക്കും. അല്ലെങ്കിലും ഇന്ത്യയില്‍ ചൂതുകളിയിലായാലും ഭാഗ്യം എന്നും കൂടെ നില്‍ക്കുന്നത് പണവും സ്വാധീനവും പ്രശസ്തിയുമൊക്കെ ഉള്ളവര്‍ക്കൊപ്പം തന്നെയാണെല്ലോ.

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍