UPDATES

ഫൂട്പാത്ത് ഉറങ്ങാനുള്ള സ്ഥലമല്ല, റോഡ് പട്ടികള്‍ക്കും വാഹനങ്ങള്‍ക്കും ഉള്ളത്; സല്‍മാന്‍ ഖാനെ പിന്തുണച്ച് ബോളിവുഡ്

അഴിമുഖം പ്രതിനിധി

പാതയോരത്ത് കിടന്നുറങ്ങിയവരുടെ ദേഹത്ത് മദ്യപിച്ചോടിച്ച വാഹനം കയറ്റി ഒരാളുടെ മരണത്തിന് കാരണമായ കുറ്റത്തിന് സൂപ്പര്‍ താരം സല്‍മാന്‍ ഖാനെ മുംബൈ സെഷന്‍ കോടതി 5 വര്‍ഷം തടവിന് ശിക്ഷിച്ചതിനു പിന്നാലെ താരത്തിന് പിന്തുണയുമായി ബോളിവുഡും എത്തി. പക്ഷെ, തങ്ങളുടെ സഹപ്രവര്‍ത്തകനെ വെള്ളപൂശാനായി ഇരകളെ അധിക്ഷേപിക്കാനാണ് ഇവര്‍ തയ്യാറായിരിക്കുന്നത്. ഹൃതിക് റോഷന്റെ മുന്‍ഭാര്യ സുസൈന്‍ ഖാന്റെ സഹോദരിയും പ്രമുഖ ജ്വല്ലറി ഡിസൈനറുമായ ഫാറ ഖാന്‍ അലി സല്‍മാനെ ന്യായീകരിച്ച് സര്‍ക്കാരിനെയാണ് കുറ്റം പറയുന്നത്. റോഡ് വാഹനങ്ങള്‍ക്കും പട്ടികള്‍ക്കുമുള്ളതാണെന്നും വീടില്ലാത്തവരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതിനാലാണ് അവര്‍ റോഡരികില്‍ കിടന്നുറങ്ങുന്നതുമെന്നായിരുന്നു ഫറയുടെ കണ്ടെത്തല്‍. ട്രെയിനു മുന്നില്‍പ്പെട്ട് ഒരാള്‍ കൊല്ലപ്പെട്ടാല്‍ അതിലെങ്ങനെ എഞ്ചിന്‍ ഡ്രൈവര്‍ കുറ്റക്കാരനാകുമെന്ന ന്യായവാദവും ഫറയുടെ സല്‍മാന്‍ അനുകൂല ട്വീറ്റിലുണ്ട്.

ഗായകന്‍ അഭിജിത്ത് സല്‍മാന്‍ മദ്യപിച്ചതിനെപ്പോലും ന്യായീകരിക്കുന്നു. ഫൂട്പാത്ത് ഉറങ്ങാനുള്ള സ്ഥലമല്ലെന്നും മദ്യത്തെ കുറ്റം പറഞ്ഞിട്ടുകാര്യമില്ലെന്നുമാണ് അഭിജിത്തിന് പറയാനുള്ളത്.

സല്‍മാന്‍ ഖാന്‍ മദ്യപിച്ച് വാഹനമോടിച്ച് ഉറങ്ങിക്കിടന്നവരുടെ മേല്‍കയറ്റിയതു കുറ്റമല്ല, സല്‍മാന്റെ ഡ്രൈവിംഗിന് തടസ്സമുണ്ടാക്കുന്നവിധം വഴിയരികില്‍ ഉറങ്ങാന്‍ കിടന്നവരാണ് യഥാര്‍ത്ഥ കുറ്റവാളികളെന്ന തരത്തിലാണ് ബോളിവുഡിന്റെ ആക്ഷേപം. ഇരകളെ അധിക്ഷേപിക്കുന്ന ബോളിവുഡ് താരധാര്‍ഷ്ഠ്യത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. ഫൂട്പാത്ത് ഉറങ്ങാനുള്ള സ്ഥലമല്ലെങ്കില്‍, അതേപോലെ അത് വണ്ടിയോടിച്ച് കയറ്റാനുള്ള സ്ഥലമല്ലെന്നും സോഷ്യല്‍ മീഡിയ സല്‍മാന്‍ അനുകൂലികളെ ഓര്‍മ്മിപ്പിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍