UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സല്‍മാന്‍ ഖാന്‍ ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തിന്റെ നേര്‍ ചിത്രമാണ്

എഡിറ്റോറിയല്‍/ടീം അഴിമുഖം

1988ല്‍ മുംബെയില്‍ അബ്ദുള്‍ റഷീദ് സലിം സല്‍മാന്‍ ഖാന്‍ ഒരു ഹിന്ദി സിനിമയിലെ ചെറിയ വേഷത്തില്‍ തന്റെ അഭിനയ ജീവിതത്തിന്റെ അരങ്ങേറ്റം കുറിക്കുമ്പോള്‍ ലോകം അതിന്റെ ഘടനാപരമായ മാറ്റങ്ങളുടെ പ്രാണവേദനയിലായിരുന്നു. കമ്മ്യൂണിസം തകരുകയും സോവിയറ്റ് യൂണിയന്‍ ഛിന്നഭിന്നമാകുന്നതിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അഫ്ഗാനിസ്ഥാനില്‍ നിന്നും അപമാനഭാരത്തോടെ പിന്മാറുകയും ഇന്ത്യന്‍ സമ്പദ്ഘടന തുറന്നിടുകയും റെയ്ന്‍ മാനിലെ പ്രകടനത്തിന്റെ പേരില്‍ ഡസ്റ്റിന്‍ ഹോഫ്മാന്‍ കാഴ്ചക്കാരെ വിസ്മയിപ്പിക്കുകയും മുംബെ സ്വദേശിയായ 16കാരന്‍ തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് ജീവിതത്തിനായി തയ്യാറെടുക്കുകയും ചെയ്യുകയായിരുന്നു അപ്പോള്‍. 

സല്‍മാന്‍ ഖാന്‍ എന്ന് പേര് വെള്ളിത്തിരയ്ക്ക് വേണ്ടി സ്വീകരിച്ച റഷീദും, തന്നെക്കാള്‍ എട്ട് വയസ് ഇളപ്പുമുള്ള സച്ചിന്‍ തെണ്ടുല്‍ക്കറുമൊക്കെ ആ തലമുറയിലെ മറ്റ് പലര്‍ക്കുമൊപ്പം നവരൂപം കൊക്കൊള്ളുകയായിരുന്ന ഒരു ഇന്ത്യയുടെ വിഭ്രമങ്ങളും സ്വപ്‌നങ്ങളും നിരാശകളും രോഷങ്ങളും പങ്കുവയ്ക്കുന്നതിന്റെ തിരക്കിലായിരുന്നു അപ്പോള്‍. ആ തലമുറയില്‍പ്പെട്ട പ്രസിദ്ധരായ അംഗങ്ങളൊക്കെ തന്നെയും തങ്ങളുടെ തൊഴിലിലും വ്യക്തിജീവിതത്തിലും ഇന്ത്യ ഒരു തുറന്ന സമ്പദ്ഘടനയായി വളരുന്നതുമായി നാടകീയമായി പൊരുത്തപ്പെട്ടവരുമാണ്. 

ജീവിക്കാന്‍ വേണ്ടതിലും പതിന്മടങ്ങ് സ്വത്ത് സമ്പാദിച്ച തങ്ങളുടെ കുടുംബങ്ങളിലെ ആദ്യ വ്യക്തികളും ആ തലമുറയിലെ അംഗങ്ങളായിരുന്നു. അവര്‍ അത് ആര്‍ഭാടകരമായ അവധിക്കാലങ്ങള്‍ ആസ്വദിക്കുന്നതിനും ആഡംബര കാറുകള്‍ വാങ്ങുന്നതിനും വില കൂടിയ വസതികളില്‍ ജീവിക്കുന്നതിനുമായി ചിലവഴിച്ചു. തങ്ങളുടെ മാതാപിതാക്കളുടെ തുച്ഛമായ മധ്യവര്‍ത്തി ജീവിതത്തില്‍ നിന്നും ഈ സല്‍മാന്മാരുടെ ഇന്നത്തെ ജീവിതത്തിന്റെ ആഡംബരങ്ങളിലേക്ക് ഒരു വന്‍ കുതിച്ച് ചാട്ടം തന്നെ നടന്നിട്ടുണ്ട്. പല മലയാളികളും ഈ പരിണാമത്തെ സ്വയം എളുപ്പത്തില്‍ തിരിച്ചറിയുകയും ചെയ്യുന്നുണ്ട്. 

ഈ തലമുറയിലെ മിക്ക അംഗങ്ങള്‍ക്കും നിയമത്തെ പരമപുച്ഛമാണെന്ന് മാത്രമല്ല, അംഗീകാരങ്ങളോടുള്ള ഇവരുടെ ആര്‍ത്തി ഞെട്ടിപ്പിക്കുന്നതുമാണ്. സല്‍മാന്‍ ഖാന്റെ അഞ്ചുവര്‍ഷത്തെ ജയില്‍ ശിക്ഷവിധിയെ കുറിച്ച് നമ്മള്‍ പരിശോധിക്കുമ്പോള്‍, ഇന്ത്യന്‍ ക്രിമിനല്‍ നീതിന്യായ ഭരണനിര്‍വഹണത്തില്‍ സംഭവിക്കുന്ന പാളിച്ചകളുടെ വളരെ വിശദമായ ഒരു ചിത്രവും കൂടി അത് വരച്ചുകാട്ടുന്നുണ്ടെന്ന കാര്യം നമ്മള്‍ വിസ്മരിക്കരുത്. മാത്രമല്ല, ഇന്നത്തെ ലോകത്തിലെ സല്‍മാന്മാര്‍ അതിനെ എങ്ങനെയെല്ലാം ദുരുപയോഗം ചെയ്യുന്നവെന്നും. 

തെരുവില്‍ കിടന്നുറങ്ങുകയായിരുന്നവരുടെ ദേഹത്തേക്ക് പാഞ്ഞുകയറി വാഹനം ഓടിച്ചിരുന്നത് സല്‍മാന്‍ ഖാനാണെന്ന് അദ്ദേഹത്തോടൊപ്പം 1992 ലെ രാത്രിയില്‍ ഉണ്ടായിരുന്ന പോലീസ് കോണ്‍സ്റ്റബിളായ രവീന്ദ്ര പാട്ടീല്‍ തുടര്‍ച്ചയായി മൊഴി നല്‍കിയിരുന്നു. ഒരുതരത്തിലുള്ള സ്വാധീനങ്ങള്‍ക്കും അടിപ്പെടാതെ തന്നെ നിലപാടില്‍ ഉറച്ചുനിന്ന പാട്ടീലിന് പക്ഷെ, അവസാനം തന്റെ ജീവിതം കൊണ്ട് അതിന് കടുത്ത വിലനല്‍കേണ്ടി വന്നു. സല്‍മാനെതിരായ തന്റെ മൊഴി മാറ്റാന്‍ സഹപൊലീസുകാരും അഭിഭാഷകരും മറ്റ് സ്വാധീനശേഷിയുള്ളവരും പാട്ടീലിന്റെ മേല്‍ നിരന്തര സമ്മര്‍ദ്ദം നടത്തി. ഈ സമ്മര്‍ദത്തിന് വഴങ്ങാതിരുന്ന പാട്ടീല്‍, പോലീസ് സേനയില്‍ നിന്ന് പുറത്താക്കപ്പെടുകയും ദാരിദ്രത്തിലും പോഷാകാഹാരക്കുറവിലും രോഗത്തിലും തന്റെ അവസാന നാളുകള്‍ നരകിച്ച് തീര്‍ത്തു. പൗരസമൂഹത്തില്‍ തന്റെ നിലപാടുകളുടെ പേരില്‍ ഒരു നായകനായി വാഴ്ത്തപ്പെടേണ്ടിയിരുന്ന മനുഷ്യന്‍, പക്ഷെ സത്യസന്ധമായ നിലപാടിന് തന്റെ ജീവന്‍ തന്നെ ബലി നല്‍കി. ആരും, അദ്ദേഹത്തിന്റെ പോലീസ് സേനയോ, ഏതെങ്കിലും കോടതികളോ, പ്രോസിക്യൂഷന്‍ തന്നെയോ പാട്ടീലിനെ കുറിച്ച് ആശങ്കപ്പെട്ടില്ല. 

സല്‍മാന്‍ കേസ് വാദത്തിനിടയിലെ ഒരു ഒറ്റപ്പെട്ട അനുഭവമായിരുന്നില്ല പാട്ടീലിന്റെത്. 

തന്റെ മുതലാളിയുടെ കാര്‍ ബാന്ദ്രയിലെ ബേക്കറിയിലേക്ക് പാഞ്ഞുകയറി 13 വര്‍ഷങ്ങള്‍ക്ക് ശേഷം ഖാന്‍ കുടുംബത്തിന്റെ വിശ്വസ്ത ഡ്രൈവറായ അശോക് സിംഗ് 2015 മാര്‍ച്ച് മുപ്പതിന് കുറ്റം ഏറ്റെടുത്തു. താനായിരുന്നു വാഹനം ഓടിച്ചതെന്ന് സിംഗ് അവകാശപ്പെട്ടെങ്കിലും കോടതി അയാളെ വിശ്വസിച്ചില്ല. ഈ കള്ളസാക്ഷ്യം പറയാന്‍ ആരാണ് അയാളെ പ്രേരിപ്പിച്ചത്? കോടതിയില്‍ കള്ളം പറഞ്ഞതിന് ആരെങ്കിലും എന്നെങ്കിലും ശിക്ഷിക്കപ്പെടുമോ? 

അതുമാത്രമല്ല. ഇന്ത്യയെ കുറിച്ചും സല്‍മാന്റെ തലമുറയെ കുറിച്ചും നിരവധി കാര്യങ്ങള്‍ വെളിപ്പെടുന്ന നായകീയമായ ഒട്ടനവധി കരണംമറിച്ചിലുകള്‍ ഈ കേസിന്റെ വിസ്താരത്തിനിടയില്‍ നടന്നു. വിസ്താരത്തിനിടയില്‍ കേസുമായി ബന്ധപ്പെട്ട രേഖകള്‍ നാടകീയമായി പോലീസിന്റെ പക്കല്‍ നിന്നും അപ്രത്യക്ഷമായി. 

സല്‍മാനെ ശിക്ഷിച്ചത് ഇന്ത്യന്‍ ക്രമിനല്‍ നീതിന്യായ സംവിധാനത്തിന്റെ ഒരു വിജയമുഹൂര്‍ത്തമായി വിശേഷിപ്പിക്കാമെങ്കിലും നിയമത്തിന്റെ വഴികളെ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ ഒറ്റപ്പെട്ടതല്ലെന്നും നമ്മള്‍ ഓര്‍ക്കേണ്ടിയിരിക്കുന്നു. അതൊരു കീഴ്വഴക്കമായി മാറിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ നാട്ടില്‍ നടക്കുന്നതിന് വിരുദ്ധമായതൊന്നും സ്വാധീനശേഷിയുള്ള സല്‍മാന്‍ കുടുംബവും അഭിഭാഷകരും ചെയ്തു എന്ന് പറയാനുമാവില്ല. 

യഥാര്‍ത്ഥത്തില്‍, നമ്മുടെ പല മനോരാജ്യങ്ങളിലേയും നായകനായ സല്‍മാനില്‍ നിന്ന് അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന തലമുറ ചെയ്യുന്നതിലധികം എന്തെങ്കിലും നമ്മള്‍ പ്രതീക്ഷിക്കേണ്ടതുണ്ടോ? അപ്രതീക്ഷിതമായി ശതകോടീശ്വരരാവുകയും ആസക്തരാവുന്നതിന് സ്വന്തമായി ധനം ഉണ്ടായിരിക്കുകയും തങ്ങളുടെ മാതാപിതാക്കളുടെ അനാലംകൃതമായ, ഏകദേശം ഗാന്ധി തുല്യമായ ജീവിതത്തില്‍ നിന്നും പുറത്തുകടക്കുകയും ചെയ്ത തങ്ങളുടെ സമൂഹത്തിലെ ആദ്യ തലമുറയുടെ എല്ലാ ചാപല്യങ്ങളുടെയും പ്രതിലോമപരതയുടെയും പ്രതിനിധിയാണ് സല്‍മാന്‍ ഖാന്‍. ജീവിതത്തിലെ രണ്ടറ്റങ്ങളും കൂട്ടിമുട്ടിക്കാന്‍ നമ്മുടെ മാതാപിതാക്കള്‍ കഷ്ടപ്പെടുമ്പോള്‍, സല്‍മാന്റെ തലമുറ അതിവേഗ കാറുകള്‍ സ്വന്തമാക്കുന്നതിന്റെയും പാതിരാത്രി വരെ പാര്‍ട്ടികളില്‍ പങ്കെടുക്കുന്നതിന്റെയും മദ്യവും മയക്കുമരുന്നും ആസ്വദിക്കുന്നതിന്റെയും തിരക്കിലായിരുന്നു. 

പെട്ടെന്നുള്ള സാമ്പത്തിക ഭാഗ്യത്തിന് ഗുണഭോക്താക്കളാവുന്ന ഏത് സമൂഹത്തിലെയും ആദ്യ തലമുറ ഇത്തരം സാഹചര്യങ്ങളിലൂടെ തന്നെയാണ് കടന്നുപോവുക. ഉയര്‍ന്ന വിവാഹമോചന നിരക്കുകള്‍, വര്‍ദ്ധിച്ച റോഡപകടങ്ങള്‍, മദ്യത്തോടും മയക്കുമരുന്നിനോടുമുള്ള അമിതാസക്തി, നീതിയോടും നിയമപാലനത്തോടുമുള്ള സ്ഥായിയായ പുച്ഛം, അംഗീകാരങ്ങളോടുള്ള അമിതാര്‍ത്തി എല്ലാം അവരുടെ ജീവിതത്തിന്റെ ഭാഗമായിരിക്കും. കള്ളന്മാരായ ഇടപ്രഭുക്കന്മാരുടെ തലതെറിച്ച കുട്ടികളുമെല്ലാം സഹവര്‍ത്തിത്വം പുലര്‍ത്തുന്ന ഈ തലമുറ, സ്വന്തം സമൂഹത്തിന്റെ സമാധാനപരവും നിയമവാഴ്ചയില്‍ അധിഷ്ഠിതവുമായ നിലനില്‍പ്പിന് തന്നെ ഭീഷണി ഉയര്‍ത്തുന്നു. 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്ത്യ ഇന്ന് അത്തരം ഒരവസ്ഥയിലാണ്. തന്റെ അഭിനയ പ്രതിഭയുടെ പേരില്‍ വളരെ അപൂര്‍വമായി മാത്രമേ അഭിനന്ദനങ്ങള്‍ സ്വീകരിക്കേണ്ടി വന്നിട്ടുള്ളു എങ്കില്‍ പോലും സിനിമ വ്യവസായത്തില്‍ സ്വന്തമായ ഒരു സാമ്രാജ്യം പടുത്തുയര്‍ത്തിയ സല്‍മാന്‍ ഖാന്‍, ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തിന്റെ നേര്‍ച്ചിത്രമായി വര്‍ത്തിക്കുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍