UPDATES

അപര്‍ണ്ണ

കാഴ്ചപ്പാട്

അപര്‍ണ്ണ

സിനിമ

സാള്‍ട്ട് മാംഗോ ട്രീ; പേരിലേ രസമുള്ളൂ

അപര്‍ണ്ണ

എസ്‌കേപ് ഫ്രം ഉഗാണ്ടക്ക് ശേഷം രാജേഷ് നായര്‍ സംവിധാനം ചെയ്ത സിനിമയാണ് സാള്‍ട്ട് മാംഗോ ട്രീ. ‘ദൂരെ ദൂരെ ഒരു കൂടു കൂട്ടാം’ എന്ന സിബി മലയില്‍-മോഹന്‍ലാല്‍ സിനിമയിലെ ഏറെ പ്രസിദ്ധമായ ആക്ഷേപ ഹാസ്യ രംഗം തന്നെയാണ് സിനിമയുടെ പേര് കേട്ടാല്‍ ആദ്യം ഓര്‍മ വരിക. വിദ്യാഭ്യാസ സമ്പ്രദായം തന്നെയാണ് പ്രമേയം എന്ന് തോന്നിപ്പിച്ചു സിനിമയുടെ ട്രെയിലറും.

ബിജു മേനോന്റെ അരവിന്ദ് ടി പി ഒരു മെഡിക്കല്‍ ഷോപ്പ് നടത്തുന്നു. ഭാര്യ പ്രിയ (ലക്ഷ്മി ചന്ദ്രമൗലി) ഒരു സ്വകാര്യ കമ്പനിയില്‍ അകൗണ്ടന്റ് ആണ്. ഇവരുടെ ഏക മകന്‍ അശ്വിന്റെ സ്‌കൂള്‍ അഡ്മിഷനെ ചുറ്റിപ്പറ്റിയാണ് സിനിമ മൊത്തം. പ്രിയയ്ക്ക് മകനെ നഗരത്തിലെ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ചേര്‍ക്കണം എന്ന് നിര്‍ബന്ധം. അതിനു വേണ്ട ഇംഗ്ലീഷ് പരിജ്ഞാനവും മര്യാദാശീലങ്ങളും ആര്‍ജിക്കാന്‍ മകനെയും ഭര്‍ത്താവിനെയും അവര്‍ പ്രേരിപ്പിക്കുന്നതാണ് സിനിമയുടെ മുക്കാല്‍ ഭാഗവും. എല്‍ കെ ജി ക്ക് പോകുന്ന മകന് ട്യുഷന്‍ ഏര്‍പ്പാടാക്കല്‍ മുതല്‍ കുടുംബമടക്കം ട്രെയിനിങ്ങിനു പോകുന്നത് വരെയുള്ള കാഴ്ചകള്‍ ഉണ്ട് സിനിമയില്‍. 

ആക്ഷേപ ഹാസ്യം എന്ന് ഉപരിപ്ലവമായി പറയാവുന്ന ചില രംഗങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ക്ക് വേണ്ടിയുള്ള മുറവിളി പോലെ തോന്നും സിനിമ കണ്ടാല്‍. പഠന സമ്മര്‍ദ്ദം താങ്ങാന്‍ പറ്റാതെ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിയുടെ അമ്മ തന്നെ ഇത്തരം സ്കൂളുകളിലെ ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യുന്നതിനായി രക്ഷിതാക്കള്‍ക്ക് ട്രെയിംനിംഗ് കൊടുക്കുന്ന സ്ഥാപനം നടത്തുന്നതും, ഗൃഹാതുരതകള്‍ കൊണ്ടുള്ള ശ്വാസംമുട്ടിക്കലും വിചിത്രമാണ്. എന്താണ് സംവിധായകന്റെയും തിരക്കഥാക്കൃത്തുകളുടെയും നിലപാടും യുക്തിയും എന്ന് മനസിലാവുന്നില്ല. ചില രംഗങ്ങളില്‍ തറവാടും കുളവും നാട്ടുനന്മയുടെ അതിപ്രസരവും മറ്റിടങ്ങളില്‍ ഇംഗ്ലീഷ് അറിയേണ്ടതിന്റെയും നഗരവത്കൃതര്‍ ആകേണ്ടതിന്റെയും അനിവാര്യതയെ പറ്റിയുള്ള ക്ലാസ്സുകളും.

കരിയര്‍, മര്യാദാ രീതികള്‍, വിദ്യാഭാസം, ബന്ധങ്ങള്‍ ഇവയെ ഒക്കെ സംബന്ധിച്ച വളരെ പൊള്ളയായ മധ്യവര്‍ഗത്തിന്റെതെന്നു പരക്കെ ആക്ഷേപമുള്ള കുറെ കെട്ടുകാഴ്ച്ചകളെ യാതൊരു ഒതുക്കവും പുതുമയും ഇല്ലാതെ അവതരിപ്പികുകയാണ് സിനിമ. നാല് വയസുള്ള കുട്ടിയെ സ്കൂളില്‍ ചേര്‍ക്കാന്‍ അച്ഛന്‍ ഏതു നിറത്തിലുള്ള വസ്ത്രം ധരിക്കണം, അമ്മ എങ്ങനെയുള്ള ആഭരണങ്ങള്‍ ധരിക്കരുത് തുടങ്ങിയ കാര്യങ്ങളെ പറ്റിയുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഒരു ചലനവും ഉണ്ടാക്കാത്ത ദൃശ്യങ്ങളാണ്. സുഹാസിനിയും ഇന്ദ്രന്‍സും സുധീര്‍ കരമനയും, സൈജു കുറുപ്പും സരയുവും പാരീസ് ലക്ഷ്മിയും ബ്ലോഗര്‍ ലക്ഷ്മി മേനോനും അടക്കം ഒരു പറ്റം ആള്‍ക്കാര്‍ എന്ത് ചെയ്യണം എന്നറിയാതെ ഏതൊക്കെയോ രംഗങ്ങളില്‍ വന്നു പോകുന്നുണ്ട്. അരവിന്ദിന്റെ ബാല്യകാല നഷ്ടപ്രണയവും അപ്രവചനീയമായി വരുന്ന പാട്ടുകളും ഒന്നും യാതൊരു തരത്തിലുള്ള ആസ്വാദ്യതയും തന്നില്ല.

വലിയ സാധ്യതകള്‍ ഉള്ള വിഷയമായിട്ടും വിദ്യാഭ്യാസ സമ്പ്രദായത്തെ പറ്റിയുള്ള സിനിമകള്‍ മലയാളത്തില്‍ വളരെ കുറവാണ്. ദൂരെ ദൂരെ ഒരു കൂട് കൂട്ടം, ഇംഗ്ലീഷ് മീഡിയം, അച്ഛനെ ആണെനിക്കിഷ്ടം. ലൈഫ് ഈസ് ബ്യുട്ടിഫുള്ളിലെ ചില രംഗങ്ങള്‍…ഇങ്ങനെ ചുരുക്കം ചിലതേ ഓര്‍മ വരൂ. അതിനിടയിലേക്കാണ് സാള്‍ട്ട് മാംഗോ ട്രീ വന്നത്. പൊതു വിദ്യാഭ്യാസത്തിന്റെ നേട്ടങ്ങളെ ഏതൊക്കെയോ ഗോപാലേട്ടന്റെ മക്കള്‍ക്ക് കിട്ടിയ അര്‍ഹത ഇല്ലാത്ത അംഗീകാരമായി കാണുന്ന ഈ കാലത്ത് എ പ്ലസുകള്‍ സ്വയം ഉല്‍പ്പാദിപ്പിക്കുന്ന സ്‌ക്കൂളുകള്‍ക്ക് വേണ്ടി വാദിക്കുന്ന ഈ സിനിമയുടെ രാഷ്ട്രീയ നിലപാട് പ്രതിലോമകരം തന്നെയാണ്. ഒരു വിനോദ പാക്കേജ് എന്ന നിലയിലും ദുരന്തമാണ് സാള്‍ട്ട് മാംഗോ ട്രീ…

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍