UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബ്രിട്ടാസല്ല, സാം മാത്യു തന്നെയാണ് പേടിപ്പിക്കുന്നത്

സോഷ്യൽ മീഡിയയിൽ കൊടുമ്പിരി കൊണ്ടിരിക്കുന്ന ഒന്നാണല്ലോ സാം മാത്യു എഴുതിയ പടർപ്പ് എന്ന കവിതയും ആ വിഷയത്തെ എത്ര മാത്രം അശ്ലീലമായാണ് ജോൺ ബ്രിട്ടാസ് എന്ന അവതാരകൻ കൈകാര്യം ചെയ്തതത് എന്ന ചർച്ചയും.

സാമിന്റെ കവിതയുടെ സൗന്ദര്യം വാക്കുകളുടെ മനോഹാരിത എന്നിവക്കപ്പുറം ആ കവിത മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയവും അത് മലയാളി പൊതുബോധത്തിൽ എത്തരത്തിൽ ആണ് നിർമിക്കപ്പെട്ടത് എന്നതാണു ചിന്തിക്കേണ്ടത് എന്ന് തോന്നുന്നു.

മലയാളത്തിൽ എഴുതപ്പെട്ട / ഉണ്ടാക്കപ്പെട്ട മുഖ്യധാരാ കൃതികൾ എല്ലാം സ്ത്രീയെ അടക്കി നിർത്താനും വരുതിയിൽ വരുത്താനും സ്ത്രീയോട് പ്രതികാരം ചെയ്യാനും ആണിനുള്ള ഒരു ടൂൾ ആയാണ് ബലാത്സംഗത്തെ അവതരിപ്പിച്ചിരുന്നത്. മഹായാനത്തിലെ സീമയുടെ കഥാപാത്രത്തെ ബലമായി ചുംബിച്ചുകൊണ്ടു മമ്മൂട്ടി പറയുന്നത് പോലെ, “ആണൊന്നു  വാരിപിടിച്ചാൽ തളർന്നു പോകുന്ന പെണ്ണാ നീ”. അവരെ ശാരീരികമായി ഉപദ്രവിച്ചു കൊണ്ടാണ് മമ്മൂട്ടിയുടെ കഥാപാത്രം അവരെ അശക്തയാക്കുന്നത്. ചിത്രത്തിന്റെ പിന്നീടുള്ള ഭാഗത്തു കണ്ണീരും, വിവാഹ സ്വപ്നങ്ങളും, പൂരത്തിന് “ആണൊരുത്തന്റെ” കൂടെ പോകാനും കൊതിക്കുന്ന രാജമ്മയെയാണ് സംവിധായകൻ നമുക്ക് കാണിച്ചു തരുന്നത്. പറയാതെ വയ്യ;  തന്നെ അശക്തയാക്കിയ ആണിനെ വിധിയാം വണ്ണം പ്രേമിക്കുന്നുമുണ്ട് സീമ അവതരിപ്പിച്ച രാജമ്മ.

ഇതേ രംഗം ഇതേ വിധം ആവർത്തിക്കുന്നുണ്ട് കന്മദം എന്ന ചിത്രത്തിൽ. മഞ്ജുവാര്യരുടെ ശക്തമായ സ്ത്രീ കഥാപാത്രത്തെ തന്റെ വരുതിയിലാക്കാൻ, നായകൻ കഴുത്തിൽ ചുംബിക്കുമ്പോൾ അവളുടെ വാക്കത്തി ഉയർത്തുന്ന കൈ തളർന്നുവീഴുന്നുണ്ട്. ഒരു നിമിഷത്തിൽ അവൾ അതാസ്വദിക്കുകയും ചെയ്യുന്നു. അതായത്, നേരത്തെ അവൾ പിടച്ചതും, എതിർത്തതും, അവൾക്കു “ശരിക്കും” എതിർപ്പുണ്ടായിട്ടല്ല പോലും. വെറും ഷോ! ഈ ചിത്രത്തിലും പ്രണയം പൊട്ടി മുളയ്ക്കുകയാണ്, കണ്ണീർ പുഴ ഒഴുകുകയാണ്. അവൾ കാത്തിരിക്കുകയാണ്. എങ്ങനെയാണ് ഒരു NO  യെ എത്രയോ സരളമായി ഒരു YES  ആക്കിമാറ്റാൻ നമ്മുടെ സിനിമകൾക്ക് സാധിക്കുന്നത്. ഒന്ന് ശ്രമിച്ചാൽ NO,  YES ആകുമെന്നും, അതാക്കുകയാണ് പുരുഷന്റെ ദൗത്യമെന്നും, ആദ്യം NO  പറഞ്ഞ് പിന്നെ YES  പറയുകയാണ് കുലീന സ്ത്രീയുടെ കടമയെന്നും. 

‘പുറകെ നടന്നെത്ര തേഞ്ഞു എൻ കാലടികൾ
നിൻ മധുരമാം പുഞ്ചിരിയൊന്നു കാണാൻ’

എന്നെഴുതി കയ്യടി വാങ്ങാനും സാധിക്കുന്നത് ഈ പൊതു ബോധത്തിൽ നിന്നാണ്. ഈ മലയാളി ബോധം, സ്വതന്ത്രയായി നിൽക്കുന്ന പെണ്ണിനെ അടക്കി നിർത്തണം എന്നും അത് ഒരു പുരുഷന്റെ കടമയായും കരുതുന്ന ഒരു സമൂഹത്തിൽ ആണ് ‘പടർപ്പ്’ പോലെയുള്ള കവിതകൾ പിറവിയെടുക്കുന്നത് എന്നത് കൊണ്ടുതന്നെയാണ് അവ ചർച്ച ചെയ്യപ്പെടേണ്ടത്. NO എന്നത് കൃത്യമായ NO ആണെന്നും അതിനപ്പുറത്തേക്കുള്ളതെന്തും ലൈംഗിക അതിക്രമാണ് എന്നും നാം തിരിച്ചറിയുക എന്നാണ്? പതിനാലോ പതിനഞ്ചോ സെക്കന്റ് നോക്കുക എന്നതിലല്ല പ്രശ്‌നം എന്റെ അനുവാദമില്ലാതെ ഒരു സെക്കന്റുപോലും എന്നെ നയനഭോഗം ചെയ്യാൻ നിനക്ക് അർഹതയില്ലെന്നാണ് മനസിലാക്കേണ്ടത് എന്ന് മലയാളി പുരുഷ ബോധം മനസിലാക്കുക എന്നാണ്. ഈ പശ്ചാത്തലത്തിൽ ആണ് ‘പടർപ്പ്’ എന്ന കവിതയെ ഞാൻ നോക്കിക്കാണുന്നത്. 

എം. അബ്ദുൾ റഷീദ് ബലാത്സംഗം ചെയ്യപ്പെട്ടവളുടെ പ്രേമം എന്ന തലക്കെട്ടിൽ ഇങ്ങനെ കുറിയ്ക്കുന്നു. 

“വികലമായ മൂന്നാംകിട സിനിമാ ഭാവനകൾ കൊണ്ട് നാം അലങ്കരിച്ചു വച്ചിരിക്കുന്ന ചില പൊതു ബോധങ്ങൾ ഉണ്ട്. അതിൽ ഒന്നാണ് പുരുഷ ലോകത്തിന്റെ ബലാത്സംഗ കല്പനകൾ.മഴയും ഇടിയും മിന്നലും വില്ലനും ഏറ്റവും ഒടുവിൽ സാരി വാരിപ്പുതച്ചു നായികയുടെ തേങ്ങിക്കരച്ചിലും പൈങ്കിളി സിനിമകളുടെ ആ കാഴ്ചവട്ടത്തിലാണ് ശരാശരി മലയാളി റേപ്പ് എന്ന കുറ്റകൃത്യത്തെ പ്രതിഷ്ഠിച്ചിരിക്കുന്നത്. അതുകൊണ്ട് നമ്മൾ മനസിലാക്കുന്ന ഏറ്റവും ക്രൂരമായ ബലാൽസംഗത്തിനുപോലും “ 22f കോട്ടയം” സിനിമയുടെ പശ്ചാത്തലമേയുള്ളൂ.

ഒരു വർഷം കുറഞ്ഞത് 30,000 സ്ത്രീകൾ റേപ്പിന് ഇരയാകുന്ന ഒരു രാജ്യത്തെ പൗരന്മാർ ആയിട്ടും “ബലാൽസംഗം ചെയ്യപ്പെട്ട പെണ്ണിന് ചെയ്തവനോട് തോന്നുന്ന പ്രേമത്തെപ്പറ്റി” കവിത ഉണ്ടാകുന്നതും ആ ആഭാസ കവിതയ്ക്ക്  ‘സ്ത്രീപക്ഷ’ തലക്കെട്ട് കിട്ടുന്നതും അതുകൊണ്ടാണ്.”  

തന്റെ അനുവാദം ഇല്ലാതെ തന്നെ ലൈംഗികമായി ഉപയോഗിക്കുക എന്നതല്ല; എന്നത് മാത്രമല്ല ബലാത്സംഗം. അതിൽ കൃത്യമായ അധികാരസ്ഥാപനം ഉണ്ട്. അതിൽ നില നിൽക്കുന്ന വ്യവസ്ഥ പറഞ്ഞു വയ്ക്കുന്ന, അധിനിവേശം ഉണ്ട്. കാശ്മീരിൽ പട്ടാളവും, പോലീസും ദിവസം തോറും നടത്തുന്ന ബലാത്സംഗത്തെ, ഗുജറാത്തിൽ ആർ എസ് എസ്, ബി ജെ പി, വി എച്ച് പി നടത്തിയ ക്രൂരമായ ബലാത്സംഗത്തെ, പോത്തിറച്ചി കഴിച്ചതിനു യുവതികളെ ബലാൽസംഗം ചെയ്തതിനെ, തന്റെ പ്രണയം നിരസിച്ച പെണ്ണിനെ, തന്നെ കളിയാക്കിയ പെണ്ണിനെ ബലാത്സംഗം ചെയ്തതിനെ ഒക്കെ അടയാളപ്പെടുത്തുമ്പോൾ എവിടെയാണ് അവൾക്ക് അവളിൽ അധികാരസ്ഥാപനം നടത്തിയ പുരുഷനിൽ / ഒരു സംഘം പുരുഷന്മാരിൽ പ്രണയം ജനിക്കുക? ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനത്തിൽ പ്രവർത്തിച്ചുപോന്ന, ഒരു ഇടതുപക്ഷ കുടുംബത്തിൽ ജനിച്ച സാം മാത്യു ഇതറിയാത്ത ഒരാളാണെന്ന് കരുതാൻ വയ്യ. ഈ പ്രശ്‌നത്തെ ഇടതുപക്ഷ വിദ്യാർത്ഥി നിലപാടിനോടോ, കൈരളി എന്ന ചാനലിനോടോ, എസ് എഫ് ഐ എന്ന വിദ്യാർത്ഥി പ്രസ്ഥാനത്തോടോ കൂട്ടിച്ചേർത്തല്ല ഞാൻ കാണുന്നത്. പക്ഷെ ഇടതുപക്ഷ അനുഭാവമുള്ള ഒരാളിൽ നിന്ന് പ്രതീക്ഷിക്കുന്ന ഒന്നല്ല പടർപ്പ് എന്ന് നിരാശയോടെ പറയട്ടെ.

അഡ്വ: വൈശാഖൻ ഇങ്ങനെ എഴുതുന്നു.

“കഴിഞ്ഞ ആഴ്ചയിലൊരു ദിവസം ഇരിങ്ങാലക്കുട ജില്ലാ കോടതിയിൽ ഇരിക്കുമ്പോൾ ഒരു കേസ്. 

376 IPCആയിരുന്നു മാറ്റർ.

സാക്ഷിക്കൂട്ടിൽ നിൽക്കുന്നത് ഊമയായ പെൺകുട്ടി.

ദ്വിഭാഷിയുടെ സഹായത്തോടെയാണ് കാര്യങ്ങൾ വിസ്തരിക്കുന്നത്. ഊരിപ്പിടിച്ച കത്തിയുമായി പ്രതിയുടെ ലിംഗം ഛേദിക്കാൻ നില്ക്കുന്ന ടെസ്സയെ പ്രതീക്ഷിച്ച ഞാനുൾപ്പടെ സകലരെയും ഞെട്ടിച്ചുകൊണ്ട്, ബലാത്സംഗം ചെയ്ത കുറ്റാരോപിതന്റെ പേര് പറയുമ്പോഴെല്ലാം പെൺകുട്ടി നാണിച്ച് തല താഴ്ത്തുന്നു.

മൊഴി മുഴുവൻ പ്രതിക്ക് അനുകൂലം.

എന്താ സംഭവം പ്രതിഭാഗം വക്കീലിനോട് ചോദിച്ചു.

settled matter ആണ്.

അവരിപ്പോൾ പ്രണയത്തിലാണ്.

വൈകാതെ വിവാഹം കഴിക്കും.

(ആവശ്യമുള്ളവർക്ക്, കേസിന്റെ വിധി പകർപ്പ്, മൊഴിപകർപ്പ് എന്നിവ എടുത്ത് കൊടുക്കുന്നതായിരിക്കും).

ബലാത്സംഗം ചെയ്തയാളെ പ്രണയിക്കില്ല എന്ന് ഉറപ്പിച്ച് പറയാൻ കോടതിയിലെ വിചിത്രമായ കേസിന് സാക്ഷ്യം വഹിച്ച എനിക്കാവില്ല.

പറഞ്ഞ് വരുന്നത് സാം മാത്യുവിന്റെ കവിതയെ കുറിച്ചാണ്.

ഇരകളെല്ലാവരും വേട്ടക്കാരനെ പ്രണയിക്കണം എന്ന ആഹ്വാനമാണ് കവിത എന്ന് കരുതുന്നില്ല”.

 

 

ഞാൻ ഒരു നിമിഷം ആ പെൺകുട്ടിയുടെ സ്ഥാനത്ത് നിന്ന് ചിന്തിക്കാൻ ഒരു ശ്രമം നടത്തി. ഊമയായ ഒരു കുട്ടിയെ ലൈംഗികാതിക്രമണം നടത്തി എന്നത് തന്നെ ഒരു മനുഷ്യാവകാശ ലംഘനം ആണ്. അയാളെ പ്രണയിക്കേണ്ടി വരിക എന്നത്, നമ്മുടെ സാമൂഹിക നിയമങ്ങളുടെ ദുരന്തം എന്നേ പറയാനാകൂ. വടക്കേ ഇന്ത്യയിൽ ജോലി ചെയ്യുമ്പോൾ കണ്ടും കേട്ടും അറിഞ്ഞിട്ടുണ്ട്. മുതലാളിയുടെ മകൻ റേപ്പ് ചെയ്തിട്ടും പിറ്റേന്നും ഒരു ഭാവ വ്യത്യാസവും ഇല്ലാതെ അയാൾക്ക്‌ വേണ്ടി പണിയെടുക്കാൻ പോകുന്ന പെൺകുട്ടികളെ. അയാളുടെ തമാശകൾക്കു  പിന്നെയും ചിരിക്കുന്ന അമ്മമാരെ. ആ ഗതികേടിനെ നിങ്ങൾ പ്രണയം എന്ന് വിളിക്കരുത്. “ഓ ഞാൻ ഒന്ന് തൊട്ടത്തിന് നീ എന്തിനാ കാറിക്കൂവിയെ പെണ്ണേ? നിന്നെ എനിക്ക് അത്ര ഇഷ്ടായിട്ടല്ലേ” എന്ന് ചോദിക്കുമ്പോൾ അല്ലെ എന്ന് ചിന്തിച്ച്‌ പോകുന്ന ഒന്നിനെ ദയവായി പ്രണയം എന്ന് വിളിക്കരുത്. ബലാത്സംഗത്തിലൂടെ ഉണ്ടാകുന്ന അനുഭൂതികൊണ്ടോ, പിന്നീട് അവനെ ജീവിത സഖാവാക്കാം എന്ന പെൺകുട്ടിയുടെ തീരുമാനം കൊണ്ടോ അല്ല, ഈ ചിന്തകൾ. മറിച്ച് അത്തരം അതിക്രമങ്ങൾ ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടവരാണ് തങ്ങൾ എന്ന ബോധമാണ് ഇതിനു പിറകിൽ. അതുകൊണ്ട് തന്നെയാണ് ബലാത്സംഗം എന്നത് ഒരു അധികാര സ്ഥാപനമാണ് എന്ന് പറയുന്നത്. നമ്മുടെ സമൂഹത്തിലും തന്റെ ശരീരത്തിന് മുകളിൽ ആധിപത്യം സ്ഥാപിക്കുന്ന ഉടയാള വർഗത്തെ ബഹുമാനിച്ചിരുന്നു. പക്ഷെ, അതേറ്റുവാങ്ങിയ സ്ത്രീ അവന്റെ വരവും കാത്തിരിക്കുന്നു എന്ന മട്ടിൽ എഴുതാൻ തെല്ലൊന്നുമല്ല തൂലികയ്ക്കുള്ളിൽ മഷി വിലകെടേണ്ടൂ!

സാം മാത്യു എഴുതിയ വരികളെ എസ് സിതാര എഴുതിയ അഗ്നി എന്ന കഥയുമായി താരതമ്യപ്പെടുത്തി എഴുതിയത് കണ്ടു. ഒരു പെണ്ണെഴുതിയപ്പോൾ ആർക്കും പ്രശ്നമില്ല, ആണെഴുതിയപ്പോൾ ആണ് പ്രശ്നം എന്നൊക്കെ. എന്റെ പതിനാറാം വയസ്സിൽ ഒരു ഹൃസ്വ ചിത്ര രൂപത്തിൽ ആണ് ഞാൻ ആ കഥ കാണുന്നത്.  അന്നുവരെ റേപ്പ് എന്ന അനുഭവത്തെ പേടിയോടെ നോക്കി കണ്ടിരുന്ന എന്നിലെ പെൺകുട്ടിയെ ആത്മവിശ്വാസത്തോടെ റേപ്പിനെ നേരിടാം എന്ന് പഠിപ്പിച്ചത് ആ കഥയാണ്.

ഏല്‍സ ജോസ് ഇങ്ങനെ കുറിക്കുന്നു. “അഗ്നി റേപ്പിനെ ഒരു ശാരീരിക അതിക്രമമായാണ് അഡ്രസ്സ് ചെയ്യുന്നത്. അവിടെ പ്രണയമെന്നത് പ്രതികാരത്തിന് വേണ്ടിയുള്ള ഒരു ടൂൾ ആണ്. മൂന്നു പേരോട് വ്യത്യസ്തമായ സമീപനങ്ങൾ. സഞ്ജീവിനെ അവഹേളിച്ചു. അയാളെ അവഹേളിക്കാനുള്ള ടൂൾ ആയിരുന്നു രവിയോട് കാണിച്ച കരുതൽ. റേപ്പിനു ശേഷവും അവൾ ഒന്നും സംഭവിക്കാത്ത ഭാവത്തിൽ തിരിച്ചു വന്നപ്പോൾ കൂട്ടത്തിലെ ചെറിയവൻ തകർന്നു പോയി. മൂന്നുപേരെയും തകർത്തു കളയാൻ ഇതിലെ പ്രിയക്ക് കഴിയുന്നുണ്ട്. തന്നെ ആക്രമിച്ചയാളുകളെ ഓരോന്നായി സ്വയം കീഴ്പ്പെടുത്തുന്ന പ്രിയ . അല്ലാതെ കീഴടങ്ങി പ്രണയിക്കുകയല്ല. അതുകൊണ്ടാണ് അവളുടെ സ്പർശം പോലും പിന്നീട് റേപ്പിസ്റ്റിനു ഒരു തീപ്പൊള്ളൽ പോലെ തോന്നിയത്. (കഥ കാല്പനികമാണ്. അതി ക്രൂരമാണ് യാഥാർഥ്യങ്ങൾ) പക്ഷെ ഈ കഥ കീഴടങ്ങലിന്റെ പ്രമേയമല്ല അതിജീവനത്തിന്റെ രാഷ്ട്രീയമാണ് മുന്നോട്ടു വെക്കുന്നത് .” രണ്ടുപേരും  ഒരേ കാര്യം പറയുമ്പോഴും സിതാര ശരിയാകുന്നതും സാമിന്‌ പിഴയ്ക്കുന്നതും അവരുടെ ചിന്താധാരയിൽ ആണ്. ബലാൽസംഗം ചെയ്യപ്പെട്ട യുവതി  എത്രമാത്രം ശക്തയാവുകയാണ് എന്ന് സിതാര പറയുമ്പോൾ “എവിടെയോ എന്നെ ഓര്‍ത്തിരിപ്പുണ്ടെന്ന് കരുതി ഞാനിരിക്കുന്നു. മോഹ മുറിവുമായിരിക്കുന്നു”. “അമ്മയാകുന്നു മാറും മനസ്സും നന്മയാകുന്നു” എന്ന തരത്തിൽ തികച്ചും പൈങ്കിളിയായ സങ്കല്പത്തിലൂടെയാണ് സാം ആ വിഷയത്തെ അവതരിപ്പിക്കുന്നത്.


എസ് സിതാര

മാതൃത്വത്തിന്റെ മഹത്വവത്കരണമാണ് അരോചകമായ മറ്റൊന്ന്. ചിലമ്പരശന്റെ ‘പോടാ പോടീ’ എന്ന സിനിമ എത്രമാത്രം പിൻതിരിപ്പനായിരുന്നോ അത്ര തന്നെ പിൻതിരിപ്പനാണ് ഈ കവിതയിലെ മാതൃ മഹത്വ വർണനയും. അമ്മയാക്കിയാൽ അവളൊതൊങ്ങും അതായിരുന്നു ‘പോടാ പോടി’ യുടെ ടാഗ് ലൈൻ.

ഈ വിഷയവുമായി ബന്ധപ്പെട്ടു ഒരു 19 വയസുള്ള പെൺകുട്ടിയുമായി ഞാൻ സംസാരിക്കവെ അവൾ ചോദിച്ചു, ” സാം ചേട്ടൻ എഴുതിയതിൽ എന്താണ് തെറ്റ് ചേച്ചി, അവൾ അമ്മയാവുമ്പോൾ ആ കുഞ്ഞിന്റെ അച്ഛനെ അവൾ പ്രണയിക്കില്ലേ എന്ന്” അമ്മയാവുക എന്നതിനെ മഹത്വവത്കരിക്കുന്ന ഒരു പൊതു സമൂഹത്തിന്റെ പ്രതിഫലനമാണ് ഈ മറുപടി. അമ്മയാകുമ്പോൾ സർവംസഹയാകുന്നവൾ, മാപ്പു നൽകുന്നവൾ, എല്ലാം മറക്കുന്നവൾ, തന്റെ ഉള്ളിൽ വളരുന്ന തുടിപ്പിനെ ജീവസാക്ഷാത്കാരമായി കരുതുന്നവൾ, തന്നെ അമ്മയാക്കി തന്റെ ജീവിതത്തെ ‘ധന്യമാക്കിയ’, സാമിന്റെ ഭാഷയിൽ പറഞ്ഞാൽ തന്നിലേക്ക് ഒരു ബീജത്തെ തന്ന ഒരു വ്യക്തിയെ എങ്ങിനെ പ്രണയിക്കാതിരിക്കും ഈ പെണ്ണുങ്ങൾ അല്ലെ? മാതൃത്വത്തെ മഹത്തായ കാര്യമെന്ന് പരാമർശിക്കുന്ന “സ്ത്രീപക്ഷ” രചനകൾ.

റേപ്പിനെ മാധവിക്കുട്ടി നിസ്സാരവത്കരിച്ചിട്ടുണ്ട്. Rape fantacy യെ കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്. പക്ഷെ, അതിലൂടെ ആ അതിക്രമത്തെയോ അനുഭവത്തെയോ നിസാരവത്കരിക്കാൻ എഴുത്തുകാരി ശ്രമിച്ചിട്ടില്ല.

സൗമ്യയുടെ ബലാത്സംഗ കൊലപാതക കേസിലെ വിധി വന്നതിനടുപ്പിച്ച് നടന്ന ഒന്നായതിനാൽ പറയട്ടെ; നമ്മുടെ സമൂഹത്തിൽ ബലാത്സംഗം എന്നത് വളരെ നിസാരവത്കരിക്കപ്പെട്ട ഒന്നായി മാറിയിരിക്കുന്നു. അതുകൊണ്ടാണ് ക്രിക്കറ്റിൽ ബൗളറെ വിഷമിപ്പിച്ച ബാറ്റ്സ്മാനെ വിശേഷിപ്പിക്കാൻ He Raped them എന്നെഴുതി അച്ചടിക്കാൻ ഒരു പത്രത്തിന് സാധിക്കുന്നത്. തുറന്ന നിലപാടുകളുള്ള സ്ത്രീയുടെ സീലു പൊട്ടിക്കും എന്ന് ഇൻബോക്സുകളിൽ ഭീഷണി മുഴങ്ങുന്നത്. നിന്നെയൊന്നും ആരും റേപ്പ് ചെയ്യുന്നില്ലല്ലോ എന്ന് വ്യാകുലപ്പെടുന്നത്. നിന്റെ ഗുദത്തിൽ കമ്പിപ്പാര കയറ്റും എന്ന് എഴുതാനാകുന്നത്.

കവിതയെയോ ആവിഷ്കാര സ്വാതന്ത്ര്യത്തേയോ അല്ല എതിർക്കുന്നത് മറിച്ച് ഇരുപത്തി രണ്ടാംവയസ്സിൽ ബലാൽസംഗത്തെ ബീജദാനം നടത്തുന്ന പ്രക്രിയയായി നിസാരവത്കരിക്കാൻ സാധിക്കുന്ന ഈ മനോനിലയെയാണ് ഭയക്കുന്നത്. ഇരുപത്തിരണ്ട് വയസ്സ് ഒരു ചെറിയ പ്രായമല്ല. ബ്രിട്ടാസിനേക്കാളും പ്രായത്തിന്റെ കാര്യത്തിൽ ഭയപ്പെടുത്തുന്നത് സാം തന്നെയാണ്. അദ്ദേഹത്തിന്റെ കവിത കേട്ട് ചിരിച്ച ആര്യയും പ്രതീക്ഷയുമാണ്. അതിനു കയ്യടിക്കുന്ന ഓരോരുത്തരുമാണ്.

NB : അഭിമുഖത്തിനിടെ അമ്മക്ക് ജോലി ഒന്നുമില്ല എന്ന് ആത്മവിശ്വാസത്തോടെ പറയുന്ന സാമിനോട് മാർക്സിറ്റ് / സോഷ്യലിസ്റ്റ് ഫെമിനിസം ഒന്നു വായിക്കാനപേക്ഷ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

 

അനശ്വര കൊരട്ടിസ്വരൂപം

അനശ്വര കൊരട്ടിസ്വരൂപം

എഴുത്തുകാരി, ഇപ്പോള്‍ പുസ്തകപ്രസാധന രംഗത്ത് പ്രവര്‍ത്തിക്കുന്നു.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍