UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യാഥാസ്ഥിതികരെ തിരുത്തി മുസ്ലിംലീഗിന് മുന്നോട്ട് പോകാന്‍ കഴിയുമോ? എം എന്‍ കാരശ്ശേരി സംസാരിക്കുന്നു

Avatar

ഇസ്ലാം മതംപോലെ സ്ത്രീകള്‍ക്ക് സ്ഥാനം നല്‍കിയ മറ്റൊരു മതവും ലോകത്തില്ലെങ്കിലും സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് മത വിരുദ്ധമാണെന്ന സമസ്തയുടെ യുവപണ്ഡിതന്‍ സിംസാറുല്‍ ഹഖ് ഹുദവിയുടെ പ്രസ്താവന വിവാദമായിരിക്കുകയാണ്. കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ കാലങ്ങളായി ഈ ആശയത്തിന്റെ വക്താവാണ്. എന്നാല്‍ മുസ്ലിം വിഭാഗത്തിലെ പുരോഗമനവാദികളെന്ന് അവകാശപ്പെടുന്ന ജമാഅത്തെ ഇസ്ലാമിക്കും ഇതേ അഭിപ്രായമാണെന്നതാണ് അത്ഭുതം. യഥാര്‍ത്ഥത്തില്‍ സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ആരാണ്? ഇസ്ലാമിക രാഷ്ട്രങ്ങളില്‍ പോലും സ്ത്രീ പ്രാതിനിധ്യം കൂടിവരുന്ന ഒരു കാലത്ത് ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ എന്തുകൊണ്ട് അങ്ങനെ സംഭവിക്കുന്നില്ല? മുസ്ലിം സ്ത്രീ വീടിനകത്ത് അടച്ചിടപ്പെടേണ്ടവളാണെന്നാണോ ഇസ്ലാമിക ഭാഷ്യം? മത യാഥാസ്ഥിതികരെ തിരുത്തി മുസ്ലിം ലീഗിന് എന്നെങ്കിലും മുന്നോട്ട് പോകുവാന്‍ സാധിക്കുമോ? സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ-മത മേഖലകളിലെ പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട് അഴിമുഖം നടത്തുന്ന ചര്‍ച്ചയില്‍ നിലപാട് വ്യക്തമാക്കുകയാണ് എം എന്‍ കാരശ്ശേരി.  തയ്യാറാക്കിയത് സുഫാദ് ഇ മുണ്ടക്കൈ.

സ്ത്രീകള്‍ക്ക് ഒരു പണിയേ പാടുള്ളൂ, അത് വച്ചു വിളമ്പലും പെറ്റുപോറ്റലുമാണെന്ന ഏറ്റവും സ്ത്രീ വിരുദ്ധമായ ഒരു നിലപാടില്‍ നിന്നുമാണ് സിംസാറുല്‍ ഹഖ് ഹുദവിയെന്ന സമസ്തയുടെ യുവനേതാവ് ഇത് പറയുന്നത്. ഇത് ഇ കെ സമസ്തയുടെ മാത്രം നിലപാടല്ല. കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാരും, താരതമ്യേന പുരോഗമന നാട്യമുള്ള ജമാഅത്തെ ഇസ്ലാമിയുടെ പ്രധാനപ്പെട്ട ബുദ്ധിജീവി ഒ അബ്ദുറഹിമാനും ഇതേ അഭിപ്രായക്കാരാണ്. എന്നാല്‍ ജമാഅത്തെ ഇസ്ലാമിക്ക് ഇത്ര കടുത്ത നിലപാടുകളില്ല, സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം വേണ്ട, 33 ശതമാനം മതി എന്നാണ് അവര്‍ പറയുന്നത്. ഇതില്‍ ആകെ ഒരു ആശ്വാസം തോന്നിയത്, കേരളത്തിലെ നദുവതുല്‍ മുജാഹിദീന്റെ ഒരു വിഭാഗത്തിന്റെ തലവനായ ഹുസൈന്‍ മടവൂര്‍ സ്ത്രീകള്‍ മത്സരിക്കുന്നത് അനിസ്ലാമികമാണെ് പറയാന്‍ പാടില്ല എന്ന് പറഞ്ഞതാണ്. കൂടാതെ കാന്തപുരത്തിന്റെ നിലപാട് ജനാധിപത്യ വിരുദ്ധമാണെന്ന് സി പി ഐ എമ്മിന്റെ നേതാവ് എം എ ബേബിയും പറഞ്ഞു. ഈ തര്‍ക്കങ്ങള്‍ക്കിടയില്‍ അല്‍പമെങ്കിലും ആശ്വാസം പകര്‍ന്നത് ഈ രണ്ട് പ്രസ്താവനകള്‍ മാത്രമാണ്. മുസ്ലിം ലീഗ് കാന്തപുരത്തിന്റേയോ, ഹുദവിയുടേയോ, അബ്ദുറഹിമാന്റേയോ നിലപാടുകളോട് യോജിക്കുമെന്ന് തോന്നുന്നില്ല, കാരണം, അവര്‍ക്ക് വേണ്ടത് അധികാരമാണ്, അത് ഈ കാര്യത്തില്‍ നല്ലതുമാണ്. സ്ത്രീ ശാക്തീകരണത്തിന്റെ ഏറ്റവും വലിയ മുഖമെന്നത് അവര്‍ക്ക് രാഷ്ട്രീയമായ അധികാരം നല്‍കലാണ്. 2010-ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അത് തെളിയിച്ചു. ഇതിലാണ് ഒരു വിഭാഗം മുസ്ലിം പുരോഹിതര്‍ വെകളിയെടുക്കുന്നത്. കാരണം, ഇനിയവര്‍ക്ക് നിങ്ങള്‍ വീട്ടില്‍ ഇരുന്നാല്‍ മതി, നിങ്ങള്‍ മുഖം മൂടുന്ന പര്‍ദ്ദയിട്ടേ പുറത്തിറങ്ങാന്‍ പാടുള്ളു എന്നൊന്നും കല്‍പ്പിക്കാന്‍ സാധിക്കില്ല.

സമസ്ത രൂപീകരിച്ചത് 1926-ലാണ്. അവിടെ നാലാം വാര്‍ഷികത്തില്‍, 1930 മാര്‍ച്ച് 14 -ാം തിയ്യതി, മണ്ണാര്‍ക്കാട് ചേര്‍ന്ന സമ്മേളനത്തില്‍ വച്ച് മുസ്ലിം പെണ്‍കുട്ടികളെ എഴുത്ത് പഠിപ്പിക്കരുത്‌ എന്നൊക്കെ പ്രമേയം പാസാക്കിയിട്ടുണ്ട് അവര്‍. മലാലക്കെതിരെ താലിബാന്‍ സ്വീകരിക്കുന്ന നിലപാടുകളില്‍ തെറ്റൊന്നുമില്ല എന്ന് രഹസ്യമായും പരസ്യമായും പറയുന്ന സംഘടനകളുമുണ്ട്. മലാലക്കെതിരായിട്ട് ജമാഅത്തെ ഈസ്ലാമിയുടെ ഔദ്യോഗിക പുസ്തക പ്രസാധക സംഘം ലേഖന സമാഹാരം പുസ്തകമായി ഇറക്കിയിട്ടുണ്ട്. അപ്പോള്‍ ഇവിടെ മതം ഒരു ചെറിയ പരിധി കഴിയുമ്പോള്‍ സ്ത്രീ വിരുദ്ധമായിത്തീരും എന്നാണിത് കാണിക്കുന്നത്.

കേരളത്തിലെ മുസ്ലിം മത പണ്ഡിതരുടെ കൂട്ടത്തില്‍ എക്കാലത്തും ഏറ്റവും സ്ത്രീ വിരുദ്ധമായി സംസാരിക്കാറുള്ള കാന്തപുരം എന്നെ അത്ഭുതപ്പെടുത്തുന്നില്ല, സിംസാറുല്‍ ഹഖ് ഹുദവിയും എന്നെ അത്ഭുതപ്പെടുത്തുന്നില്ല. എന്നാല്‍, ഒ അബ്ദുറഹ്മാന്റെ നിലപാട് എന്നെ അത്ഭുതപ്പെടുത്തുന്നു. ജമാഅത്തെ ഇസ്ലാമിയില്‍ ജന്മസിദ്ധമായി കുടികൊള്ളുന്ന സ്ത്രീ വിരുദ്ധത എന്റെ പ്രിയ സുഹൃത്ത് ഒ അബ്ദുറഹ്മാന്‍ സ്വയമറിയാതെ പുറത്തേക്ക് വന്നതാണ് കണ്ടത്. അതില്‍ അതിയായ ഖേദമുണ്ട്. അതുകൊണ്ട് ഞാനെന്റെ ഭാഷയ്ക്ക് സാധ്യമായ എല്ലാ ശക്തിയും ഉപയോഗിച്ച് ഈ പൗരോഹത്യത്തിന്റെ സ്ത്രീ വിരുദ്ധതയെ എതിര്‍ക്കുന്നു. സ്ത്രീകള്‍ക്ക് എല്ലാരീതിയിലുമുള്ള സമത്വം നല്‍കാന്‍ ഏഴാം നൂറ്റാണ്ടില്‍ ശ്രമിച്ച പ്രവാചകനാണ് മുഹമ്മദ് നബി. അത് അന്നത്തെ കാലത്തെ ഏറ്റവും വലിയ പുരോഗമന ആശയം തന്നെയായിരുന്നു. സ്ത്രീകള്‍ക്ക് ആത്മാവുണ്ടെന്നും അതിനെ ആദരിക്കാമെന്നും ബഹുമാനിക്കാം എന്നുമാണ് പ്രവാചകന്‍ അന്ന് പഠിപ്പിച്ചത്. ഇവരിപ്പോള്‍ പറയുന്നത് ഏഴാംനൂറ്റാണ്ടിനും പിറകിലേക്ക് സഞ്ചരിക്കണമെന്നാണോ? നബിയുടെ സദസ്സില്‍ സ്ത്രീകള്‍ പങ്കെടുത്തിരുന്നു, നബിയോട് അവര്‍ ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ട്, അവര്‍ അഭിപ്രായം പറഞ്ഞിട്ടുണ്ട, അവിടെ നിര്‍ദ്ദേശങ്ങള്‍ പ്രവാചകന്‍ സ്വീകരിക്കുകയും ചെയ്തിടുണ്ട്. ഇതൊക്കെ പ്രവാചക ചരിത്രം വായിക്കുന്ന ആര്‍ക്കും മനസ്സിലാകും.

ആയിശ ബീവി പ്രവാചകന്‍ മുഹമ്മദിന്റെ ഭാര്യയാണ്. അവരാണ് നാലാം ഖലീഫ അലി ഇബ്‌ന് അബീത്വാലിബിനെതിരെ പ്രസിദ്ധമായ ‘ഒട്ടക യുദ്ധം’ (ദ ബാറ്റില്‍ ഓഫ് ക്യാമല്‍) നയിച്ചത്. പ്രവാചകന്റെ യാത്രകളിലെല്ലാം മുഖ്യധാരയില്‍ അവരുമുണ്ടായി എന്നത് ചരിത്രം. പിന്നെ എവിടെയാണ് സ്ത്രീയോട് പൊതുരംഗങ്ങളില്‍ ഇടപെടരുതെന്ന് ഇസ്ലാം പറയുന്നത്? പൗരോഹിത്യം തെറ്റായ വ്യാഖ്യാനങ്ങള്‍ നല്‍ക്കുന്നിടത്താണ് ഇത്തരം പരാമര്‍ശങ്ങളുണ്ടാകുന്നത്. പ്രവാചകന്‍ മുഹമ്മദിന് ഒരു വേദഗ്രന്ഥം മാത്രമല്ലേ ഉണ്ടായിട്ടുള്ളൂ? എല്ലാവരും പിന്തുടരുന്നതും അത് മാത്രമല്ലേ? സ്ത്രീകള്‍ എഴുത്ത് പഠിക്കാന്‍ പാടില്ലെന്നാണ് താലിബാന്‍ പറയുന്നത്. എന്നാല്‍ ഖുറാന്‍ പറയുന്നത് ‘വിദ്യ അഭ്യസിക്കല്‍ നിര്‍ബന്ധമാണ്’ എന്നാണ്. അതില്‍ ആര്‍ക്കും ഒരു വ്യത്യാസവും ഇല്ല. അതുകൊണ്ട് ഇത്തരത്തിലുള്ള അഭിപ്രായ പ്രകടനത്തിലൂടെ താലിബാന്റെ മറ്റൊരു രൂപമായി മാറിയിരിക്കുകയാണ് സിംസാറുല്‍ ഹഖ് ഹുദവി.

പാകിസ്ഥാന്‍ ഒരു മത രാഷ്ട്രമാണ്, ബേനസീര്‍ ഭൂട്ടോ അവിടെ രണ്ട് പ്രാവശ്യം പ്രധാനമന്ത്രിയായിരുന്നിട്ടുണ്ട്. ബംഗ്ലദേശ് ഒരു ഇസ്ലാമിക രാജ്യമാണ്, അവിടെ ഖാലിദ സിയയും ശൈഖ് ഹസീനാ വാജിദും രണ്ട് പ്രാവശ്യം വീതം പ്രധാനമന്ത്രിയായിരുന്നിട്ടുണ്ട്. തുര്‍ക്കിയില്‍ ടാന്‍സു സില്ലര്‍ എന്ന മുസ്ലിം വനിത പ്രധാനമന്ത്രിയായിട്ടുണ്ട്. ഇതില്‍ ഭൂട്ടോയും ഖാലിദാ സിയയും ടാന്‍സു സില്ലറും ഒരേ കാലയളവിലയിലാണ് (1993-1994) ഭരിച്ചിരുന്നത്. ഇതിനേക്കാള്‍ തമാശ തോന്നുന്ന ഒരുകാര്യം, ലോകത്തില്‍ ഏറ്റവും മുസ്ലിങ്ങളുള്ള രാജ്യമായ ഇന്തോനേഷ്യയില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റായിരുന്ന സ്ത്രീയായ മേഘവതി സുകാര്‍നോപുത്രി. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ എന്നാണ് ഇറാന്റെ പേരുതന്നെ. അവിടെ വൈസ് പ്രസിഡന്റാണ് മസൂമി ഏബ്‌തേകാര്‍ എന്ന സ്ത്രീ. കൊസോവ എന്ന ഇസ്ലാമിക രാജ്യത്ത് 2011-ല്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് അതീഫ്‌തെ ജഹ്ജഗ എന്ന വനിതയാണ്. അപ്പോള്‍ ഇസ്ലാം എന്ന മതം മലബാറില്‍ മാത്രം ഉള്ള ഒന്നാണോ? ആയത്തുള്ള ഖുമൈനിയും, ഹുസൈന്‍ മടവൂരും, സിംസാറുല്‍ ഹഖിനും വെവ്വേറെ വേദഗ്രന്ധങ്ങളാണോ (ഖുറാന്‍) ഉള്ളത്? ഈജിപ്റ്റിലെ ദാറുല്‍ ഇഫ്തല്‍ മിസ്‌രിയ്യ എന്ന ഇസ്ലാം മത സംഘടന സ്ത്രീകള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവകാശമുണ്ടെന്ന് ഫത്‌വ പുറപ്പെടുവിച്ചിട്ടുണ്ട്.

ഇനി കേരളത്തിലേക്കും ഇന്ത്യയിലേക്കും വരാം. കേരളത്തില്‍ ആകെ ഒരു മുസ്ലിം രാജവംശം മാത്രമേ ഉണ്ടായിട്ടുള്ളൂ. അറക്കല്‍ രാജവശം. ആ രാജഭരണത്തില്‍ മാത്രമാണ് കേരളത്തില്‍ സ്ത്രീകള്‍ക്ക് ഭരണാധികാരികളാകാന്‍ വകുപ്പുണ്ടായിരുന്നത്. സാമൂതിരി കോവിലകത്തോ തിരുവിതാംകൂര്‍ രാജ വംശത്തിലോ കൊച്ചി രാജ വംശത്തിലോ സ്ത്രീകള്‍ക്ക് ഭരണാധികാരികളാകുവാന്‍ സാധിക്കില്ലായിരുന്നു. എന്നാല്‍ അറക്കല്‍ രാജവംശം മരുമക്കത്തായം പിന്തുടര്‍ന്ന് ലിംഗവ്യത്യാസമില്ലാതെ ഭരണം കൈമാറിയിട്ടുണ്ട്. അറക്കല്‍ സുല്‍ത്താന്‍ എന്ന് പറയുന്നതുപോലെ സുപരിചിതയാണ് അറക്കല്‍ ബീവിയും. ഡല്‍ഹി സുല്‍ത്താന്‍മാരുടെ കാലത്ത്, പതിമൂന്നാം നൂറ്റാണ്ടില്‍, റസിയ സുല്‍ത്താന എന്ന പ്രസിദ്ധയായ ഭരണാധികാരിയുണ്ടായിട്ടുണ്ട്. ഇത് രാജ ഭരണകാലത്തെ യാഥാര്‍ത്ഥ്യങ്ങളാണ്. അല്ലാതെ ജനാധിപത്യത്തിന്റെ കാലത്തെ കഥകളല്ല എന്നോര്‍ക്കണം.

മൊറോക്കോയില്‍ 325 പാര്‍ലമെന്റ് സീറ്റുകളില്‍ 30 എണ്ണവും, ജോര്‍ദാനിലെ 110 പാര്‍ലമെന്റ് സീറ്റുകളില്‍ ആറ് എണ്ണവും സ്ത്രീകള്‍ക്ക് സംവരണം ചെയ്തതാണ്. കുവൈറ്റില്‍ സ്ത്രീകള്‍ ഒരുപാട് മുന്നേറിക്കഴിഞ്ഞു. അറേബ്യയില്‍പ്പോലും കാര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണ്. അപ്പോള്‍ ഇന്നത്തെ അറേബ്യയല്ല ഇവര്‍ കാണുന്നത്, പ്രവാചകന്‍ വന്നതിന്റെ മുന്‍പുള്ള അറേബ്യയാണ്. നമ്മളോട് തിരിച്ചു നടക്കാനാണ് ഇവര്‍ പറയുന്നത്. സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം ഏര്‍പ്പെടുത്തിയിട്ട് ആണുങ്ങളാണോ അവര്‍ക്ക് ബുദ്ധിമുട്ടുണ്ടെന്ന് പറയേണ്ടത്? ഏതെങ്കിലുമൊരു സ്ത്രീ പറഞ്ഞോ അവര്‍ക്ക് ബുദ്ധിമുട്ടുണ്ടെന്ന്? അവളെ മത്സരിക്കാന്‍ ആരെങ്കിലും നിര്‍ബന്ധിപ്പിക്കണോ? അവള്‍ക്ക് വേണമെങ്കില്‍ മത്സരിച്ചോട്ടെ, വേണ്ടെങ്കില്‍ വേണ്ട. അത് അവര്‍ തീരുമാനിക്കട്ടെ. അത് പുരുഷന്മാര്‍ തീരുമാനിക്കുന്നതിനെയാണ് പുരുഷാധിപത്യം എന്ന് പറയുക. സ്ത്രീകള്‍ സ്വതന്ത്രരാവുകയും, ശാക്തീകരിക്കപ്പെടുകയും ചെയ്യുമ്പോള്‍ തങ്ങളുടെ പൗരോഹിത്യത്തിന്റെ പിടി അഴിഞ്ഞുപോകുമെന്ന ഭയമാണ് ഇവരെകൊണ്ട് ഇത്തരം പ്രസ്താവനകള്‍ നടത്തിക്കുന്നത്. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ധര്‍മ്മം പൗരോഹിത്യത്തിന്റെ ഈ പിടി ഇല്ലാതെയാക്കുക എന്നുള്ളതാണ്.

അറുപത് കൊല്ലത്തെ രാഷ്ട്രീയപ്രവര്‍ത്തനത്തിനിടെയില്‍ ഒരു സ്ത്രീയെപ്പോലും നിയമസഭയിലേക്ക് അയക്കാന്‍ മുസ്ലിം ലീഗിന് സാധിച്ചിട്ടില്ല. 1996-ല്‍ കോഴിക്കോട് രണ്ടില്‍ ഖമറുന്നിസ അന്‍വര്‍ മത്സരിച്ചു, നിര്‍ഭാഗ്യവശാല്‍ അവര്‍ തോറ്റു. കഴിഞ്ഞ തവണ 24 മണ്ഡലങ്ങളില്‍ മുസ്ലിം ലീഗ് മത്സരിച്ചു. എന്നാല്‍ അതില്‍ ഒരൊറ്റ സ്ത്രീപോലും ഇല്ലായിരുന്നു. എന്നിട്ട് യാതൊരു ലജ്ജയും കൂടാതെയാണ് സാമൂഹ്യ നീതി വകുപ്പ് അവര്‍ കൈകാര്യം ചെയ്യുന്നത്. ഈ തിയ്യതി വരെ ഒരു വനിതാ നിയമസഭാ അംഗത്തെ പോലും ഉല്‍പാദിപ്പിച്ചിട്ടില്ലാത്ത ഒരു പാര്‍ട്ടിക്ക് അത്തരത്തിലൊരു വകുപ്പ് കൈകാര്യംചെയ്യാന്‍ എന്ത് അര്‍ഹതയാണുള്ളത്? കേരള നിയമ സഭയിലെ 140 ഇരിപ്പിടങ്ങളില്‍ 70 എണ്ണവും സ്ത്രീകള്‍ക്ക് സംവരണം ചെയ്യണമെന്നാണ് എന്റെ അഭിപ്രായം. കാരണം 2011 സെന്‍സസ് പ്രകാരം കേരളത്തില്‍ 1000 പുരുഷന് 1081 സ്ത്രീകള്‍ എന്ന നിലയില്‍ സ്ത്രീ ജനസംഖ്യയാണ് കൂടുതല്‍. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ 140-ല്‍ കേവലം ഏഴ് അംഗങ്ങള്‍ മാത്രമാണ് സ്ത്രീകളുള്ളത്. അതില്‍ തന്നെ ഒരു മന്ത്രിയും. ഒരു പെണ്ണധിക നാടിന്റെ ദുരവസ്ഥയാണിത്. അതുകൊണ്ട് 50 ശതമാനം സംവരണം എന്നത് നിലനിറുത്തുകയും അടുത്ത നിയമസഭാ ഇലക്ഷനില്‍ 70 സീറ്റ് സ്ത്രീകള്‍ക്ക് സംവരണം ചെയ്ത് നിയമം കൊണ്ടു വരികയുമാണ് വേണ്ടത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍