UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വെള്ളാപ്പള്ളിയുടെ രണ്ടാംവരവോ കേരളത്തിന്റെ അങ്കലാപ്പ്

Avatar

കെ എ ആന്റണി

എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കേരളത്തിന്റെ വടക്കേ അറ്റമായ കാസര്‍ഗോഡെ മധൂര്‍ ശ്രി സിദ്ധിവിനായക ക്ഷേത്ര പരിസരത്തു നിന്ന് ഒരു യാത്ര ആരംഭിക്കുകയാണ് . യാത്രയുടെ പേര് സമത്വ മുന്നേറ്റ യാത്ര. പ്രഖ്യാപിത ലക്ഷ്യം; കേരളത്തില്‍ ഒരു ഹിന്ദു ഐക്യമുന്നണി. അതിലൂടെ ഒരു ഭരണമാറ്റം. പണ്ടൊരിക്കല്‍ പാളിപ്പോയ ഒരാശയത്തെ കൂട്ടുപിടിച്ച് വെള്ളാപ്പള്ളി രഥ യാത്ര തുടങ്ങുമ്പോള്‍ ഇത് വെള്ളാപ്പള്ളിയുടെ രണ്ടാംവരവായേ കാണാനാകൂ. പത്തുവര്‍ഷം മുമ്പ് ഇദ്ദേഹം മലബാറിലേക്ക് ഒരു അശ്വമേധയാത്ര നടത്തിയെങ്കിലും ക്ലച്ച് പിടിക്കാതെ പോയ ആ യാത്ര വീണ്ടും ആരംഭിക്കുകയാണ്. അതും പുതിയ ലക്ഷ്യങ്ങളോടുകൂടി. യാത്ര ഫ്ലാഗ് ഓഫ് ചെയ്യുന്നത് ആര്‍ട് ഓഫ് ലിംവിംഗ് ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ ആണ്. ഈ യാത്രയുടെ തുടക്കത്തിനു മുമ്പ് തന്നെ പ്രതിഷേധസ്വരവുമായി പതിവുപോലെ സിപിഎം രംഗത്തുവന്നു. തുടക്കത്തില്‍ മകനും എസ് എന്‍ ഡി പി യോഗം വൈസ് പ്രസിഡന്റുമായ തുഷാര്‍ വെള്ളാപ്പള്ളിയായിരുന്നു യാത്രയുടെ അമരക്കാരന്‍ എങ്കിലും മാറിയ രാഷ്ട്രീയസാഹചര്യത്തില്‍ പിതാവ് തന്നെയാണ് രഥം തെളിക്കുന്നത്. മധൂരില്‍ തുടങ്ങുന്ന രഥയാത്രയുടെ പര്യവസാനം തിരുവനന്തപുരത്ത് ശംഖുമുഖത്ത്. ഇതിനിടയില്‍ നമ്പൂതിരി മുതല്‍ നായാടി വരെ തനിക്കൊപ്പം ചേരുമെന്നാണ് വെള്ളാപ്പള്ളിയുടെ പ്രതീക്ഷ.

വെള്ളാപ്പള്ളിയുടെ ഈ രണ്ടാംവരവ് കാണുമ്പോള്‍ ആംഗലേയ ഭാഷയില്‍ രണ്ടാംവരവിനെ സൂചിപ്പിക്കുന്ന ചിലകാര്യങ്ങളാണ് ഈയുള്ളവന്റെ ശ്രദ്ധയില്‍പ്പെട്ടത്. പരമാപ്രധാനമായ ബൈബിളിലെ അന്തിക്രിസ്തു സംബന്ധിയായ കാര്യങ്ങള്‍ തന്നെ. സെമിനാരി ജീവിതത്തിന്റെ ഭാഗമായിരുന്നുവെങ്കില്‍ക്കൂടിയും ബൈബിള്‍ ജീവിതത്തിന്റെ വലിയൊരു ഭാഗമായിരുന്നു. ജനിച്ചുവളര്‍ന്ന സാഹചര്യങ്ങള്‍, വായിച്ച ഗ്രന്ഥങ്ങളുമൊക്കെ അതിനെ അങ്ങനെ തന്നെ പാകപ്പെട്ടുത്തി. ബൈബിള്‍ കൂടാതെ സകല സംസ്‌കൃതികള്‍, പുരാണങ്ങള്‍, എന്തിനേറെ യുദ്ധസംഹിതകള്‍ പോലും വായനയ്ക്ക് പരുവപ്പെട്ടു. സെമിനാരി വിട്ടു പുറത്തിറങ്ങി ഡിഗ്രി പഠനകാലത്ത് ഇതാവരുന്നൂ വില്യം ബട്‌ലര്‍ യേറ്റ്‌സിന്റെ Second Coming (രണ്ടാം വരവ്) എന്ന കവിത. ഇതിനിടയില്‍ തന്നെയായിരുന്നു ബര്‍ഗ്മാന്‍ സിനിമകളും ആ പഴയ ഫിലിം സൊസൈറ്റി കാലവും. ബര്‍ഗ്മാന്റെ Seventh Seal അഥവ ഏഴാം മുദ്ര എന്ന സിനിമ മധ്യകാലഘട്ടത്തിലെ ഒരു യുദ്ധവീരന്റെ സായാഹ്നജീവിത കഥ പറയുന്നു. ചതുരംഗ കളിയിലൂടെ കീഴ്‌പ്പെടുത്താന്‍ എത്തുന്ന മരണവുമായുള്ള പോരാട്ടം. ബൈബിളില്‍ യോഹന്നാന്‍ എഴുതിയ വെളിപാടിന്റെ പുസ്തകത്തിലെ ഏഴാം മുദ്രതന്നെയാണ് ബര്‍ഗ്മാന്റെ ഈ സിനിമയ്ക്കും ആധാരമായത്.

ദൈവത്തിന്റെ ആര്‍ക്കെയ്ഞ്ചല്‍സ് അഥവ മുഖ്യദൂതന്മാര്‍ എന്നറിയപ്പെടുന്ന നാലുപേരില്‍ ഒരാള്‍ തന്നെയായിരുന്നു ലൂസിഫറും. ലത്തീന്‍ ഭാഷയില്‍ lux എന്നാല്‍ പ്രകാശം എന്നും ferra എന്നാല്‍ വഹിക്കുക എന്നുമാണ്. എന്നുവച്ചാല്‍ ദൈവത്തിന്റ പ്രകാശവാഹകന്‍ തന്നെ. ചുരുക്കിപ്പറഞ്ഞാല്‍ ഇതേ ലൂസിഫര്‍ തന്നെയാണ് പിന്നീട് പൈശാചികവേഷം കെട്ടിയാടാന്‍ വിധിക്കപ്പെട്ടയാള്‍. യേറ്റ്‌സിനും ബര്‍ഗ്മാനും ഒക്കെ മുമ്പ് തന്നെ ലൂസിഫര്‍ സാഹിത്യത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നതിനാല്‍ അക്കാലത്തെ ജനങ്ങളും ചെകുത്താനെയും സന്തതികളെയും വെറുത്തിരുന്നുവെന്നു വേണം കരുതാന്‍.

ഹോളീവുഡിലും ഇതര ഭാഷാസിനിമകളിലും ലൂസിഫറും അവന്റെ ആള്‍ക്കാരും വ്യത്യസ്തവേഷങ്ങള്‍ കെട്ടിയാടിവരുന്നുണ്ട്. ഇതു വെറും ഒരു ബൈബിളിന്റെയോ സെമറ്റിക് മതങ്ങളുടെയോ പ്രശ്‌നമല്ല. സെമറ്റിക് മതങ്ങളില്‍ ബാധയൊഴിപ്പിക്കല്‍ കൊണ്ടുനടന്നിരുന്ന ക്രൈസ്തവര്‍ ഇങ്ങു കേരളത്തില്‍ കടമറ്റത്ത് കത്തനാരെ കെട്ടിയാടിച്ചിരുന്ന കാലത്തും ഇവിടെയും ഉണ്ടായിരുന്നു ഭൂതപ്രേതാധികളെ ഒഴിപ്പിക്കുന്നതില്‍ പേരുകേട്ട ബ്രാഹ്മണരും മഷിനോട്ടക്കാരുമൊക്കെ.

ഹിന്ദു പുരാണത്തിലെ അസുരന്മാര്‍ മാത്രമല്ലല്ലോ നമ്മള്‍ കേരളീയര്‍ കൊട്ടിഘോഷിക്കുന്ന മാടനും മറുതയും യക്ഷിയും കൂളിയുമൊക്കെയുണ്ട് എല്ലാ സംസ്‌കൃതികളിലും നിറയെ. കൂട്ടത്തില്‍ പറയട്ടെ എനിക്ക് ഏറ്റവും ഇഷ്ടമുണ്ടായിരുന്ന ഒരു നേതാവിനും ഉണ്ടായിരുന്നു മാടന്‍ എന്ന പേര്. ശത്രുപക്ഷത്തായിരുന്ന കോണ്‍ഗ്രസുകാര്‍ ഒരു കാലത്ത് കനിഞ്ഞരുളിയ വട്ടപ്പേര്.

പ്രേതങ്ങളെയും ദുഷ്ടശക്തികളെയും ഭയഭക്തിബഹുമാനത്തോടുകൂടി കൊണ്ടാടുന്നവരാണ് നമ്മള്‍ മനുഷ്യര്‍. എല്ലാം ദൈവസൃഷ്ടിയാണെങ്കില്‍ ദൈവം എന്തുകൊണ്ടു പ്രതിലോമശക്തികളെ സൃഷ്ടിച്ചു എന്ന ചോദ്യം വിശ്വാസികള്‍ക്ക് തീര്‍ത്തും ദഹിക്കാത്തതാണ്. നമ്മള്‍ വിശ്വാസികള്‍ തന്നെ പലതരക്കാരാണ്. ചിലര്‍ ഈശ്വരവിശ്വാസികള്‍ മറ്റുചിലര്‍ വിപ്ലവവഴിയിലെ ബിംബാരാധനാക്കാര്‍. അവര്‍ക്കിപ്പോള്‍ തത്കാലം ഇവിടെ പ്രസക്തിയില്ല. പ്ലേറ്റോ തന്റെ സ്വപ്‌നഭൂമിയില്‍ നിന്നു കവികളെ പുറത്താക്കിയിരുന്നു. അവരും തത്കാലം പുറത്തുനില്‍ക്കട്ടെ.

ഇത്രയേറെ നീട്ടിപ്പരത്തി പറഞ്ഞുപോയത് നന്മ-തിന്മ എന്നിത്യാദി സമസ്യകളിലേക്ക് ചെറിയൊരു എത്തിനോട്ടം നടത്താതെ നമ്മുടെ വെള്ളാപ്പള്ളിയിലേക്കും സംഘപരിവാരത്തിലേക്കുമൊക്കെ ചെന്നെത്താന്‍ ആവില്ലെന്നു തോന്നിയതുകൊണ്ടു മാത്രം.

വെള്ളാപ്പള്ളി നടേശന്‍ ഒരുകാലത്ത് കൊടിയ കമ്യൂണിസ്റ്റുകള്‍ക്കുപോലും പ്രിയങ്കരന്‍ ആയിരുന്നു. ഇന്നിപ്പോള്‍ ശത്രുസേനയ്‌ക്കൊപ്പം ചേര്‍ന്നയാള്‍. വെള്ളാപ്പള്ളിയുമായി ബാന്ധവം സ്ഥാപിക്കുന്ന സംഘപരിവാരം തന്നെയാകട്ടെ ഇടയ്‌ക്കൊരു രാഷ്ട്രീയയാത്രയില്‍ കമ്യൂണിസ്റ്റുകാര്‍ക്ക് വേണ്ടപ്പെട്ടവര്‍ തന്നെയായിരുന്നു. ഒടുവില്‍ എല്ലാം അടിച്ചുപിരിഞ്ഞ കാലത്ത് സ്വന്തം ശത്രുവിനെ ശരിക്കും തിരിച്ചറിഞ്ഞ കമ്യൂണിസ്റ്റുകളുടെ കേരളത്തിലെ തായ്‌വേര് അറക്കാനാണ് വെള്ളാപ്പള്ളിയെ പരിവാര്‍ ശക്തികള്‍ കൂട്ടുപിടിച്ചിരിക്കുന്നത്. സ്വന്തം നാട്ടില്‍ ഒരു പ്രവാചകനും ആദരിക്കപ്പെടുന്നില്ലെന്ന സത്യം അംഗീകരിക്കുമ്പോഴും പിടിച്ചുനില്‍ക്കാനുള്ള ബദ്ധപ്പാടിനിടയിലാണ് വെള്ളാപ്പള്ളി നടേശന്‍. ഇതിന്റെ ഭാഗംകൂടിയാണ് ഇപ്പോള്‍ ഈ രണ്ടാംവരവ്. ആദ്യവരവ് പത്തുവര്‍ഷം മുമ്പായിരുന്നു. അന്നത്തെ യാഗാശ്വം മലബാറിന്റെ മണ്ണില്‍ സിപിഎം പിടിച്ചുകെട്ടി. ഇപ്പോഴിതാ വീണ്ടും അശ്വം പുറപ്പെടുകയായി, പുതിയ ദൗത്യവുമായി; കേരളത്തില്‍ ഒരു മൂന്നാംമുന്നണി. ആത്മീയമായും വര്‍ഗീയമായും മാര്‍ക്‌സിസ്റ്റുകള്‍ ഇത്രകാലവും കേരളത്തിന്റെ മണ്ണില്‍ നിന്നും അകറ്റി നിര്‍ത്തിയ സംഘപരിവാര്‍ ശക്തികളുടെ പിന്‍ബലത്തില്‍.

യാത്ര തുടങ്ങും മുമ്പ് തന്നെ സിപിഎമ്മിന് ഹാലിളകിയിരിക്കുകയാണ്. യാത്ര സംഘടിപ്പിക്കുന്നത് സംഘപരിവാര്‍ ശക്തികളാണെന്ന അവരുടെ ആരോപണത്തില്‍ അല്‍പ്പം യാഥാര്‍ത്ഥ്യം ഇല്ലാതെയില്ല. തങ്ങളുടെ രഥം കേരളത്തില്‍ ഉരുട്ടാന്‍ വീണുകിട്ടിയ ഒരു ആണിയായി അവര്‍ വെള്ളാപ്പള്ളിയെ ഉപയോഗിക്കുന്നു എന്നുമാത്രമേ കരുതേണ്ടൂ.

ഇനിയിപ്പോള്‍ വെള്ളാപ്പള്ളി നേരിടാന്‍ പോകുന്ന മറ്റൊരു പ്രധാനപ്രശ്‌നം പദങ്ങളുടെ പ്രയോഗത്തില്‍ വരുന്ന ജാതിവ്യവസ്ഥിതിയുടെ വലിപ്പ ചെറുപ്പങ്ങള്‍ തന്നെ. നായാടി മുതല്‍ നമ്പൂതിരി വരെ എന്നതിനു പകരം നമ്പൂതിരി മുതല്‍ നായാടി വരെ എന്നു പറയുക വഴി വെള്ളാപ്പള്ളി ദളിതന്റെ ആത്മാവിനെ കുത്തി മുറിവേല്‍പ്പിച്ചിരിക്കുന്നു എന്നതാവും സിപിഎമ്മിന്റെ അടുത്ത ആരോപണം. സംഘപരിവാര്‍ ശക്തികളുടെ ദളിത് വിരുദ്ധത വടക്കന്‍ സംസ്ഥാനങ്ങളില്‍ തിരിച്ചടിക്കുന്നത് ഒരുപക്ഷേ വെള്ളാപ്പള്ളി കണ്ടിട്ടുണ്ടാവില്ല. എങ്കിലും പുതിയ പാര്‍ട്ടി രൂപീകരണത്തിനപ്പുറം വെള്ളാപ്പള്ളി ലക്ഷ്യംവയ്ക്കുന്നത് തനിക്കെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ക്ക് മറുപടി പറയാനുള്ള വലിയൊരു വേദിയാക്കി യാത്രയെ മാറ്റുക എന്നതുകൂടിയാണ്. മൈക്രോഫിനാന്‍സ്, അധ്യാപക നിയമനക്കോഴ, സ്വാമി ശാശ്വതീകാനന്ദയുടെ മരണ വിവാദം; അങ്ങനെ നീളുന്നു വെള്ളാപ്പള്ളിക്കെതിരെയുള്ള ആരോപണങ്ങള്‍. ഈ യാത്രയില്‍ ഇവയ്‌ക്കൊക്കെയുള്ള മറുപടിയുണ്ടാകുമെന്ന് അദ്ദേഹവും കൂടെയുള്ളവരും അവകാശപ്പെടുന്നു.

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം ഉണ്ടായ സംഘപരിവാര്‍ ബാന്ധവത്തിന് അത്രവലിയ നേട്ടങ്ങള്‍ കൊയ്യാനായില്ല. എന്നുകരുതി തുടക്കം പാളിയെന്നുവെച്ച് ഒടുക്കവും പാളുമെന്നു കരുതേണ്ടതില്ലല്ലോ. എന്തായാലും യാത്ര നടക്കട്ടെ. യാത്രയുടെ ഒടുക്കം പിന്നീട് വായിച്ചെടുക്കാം. എങ്കിലും ഒരു കാര്യം പറയാതെ വയ്യാ; കേരളത്തിന്റെ മണ്ണില്‍ ഈ യാത്ര തിരിച്ചടികള്‍ക്കപ്പുറം നേട്ടങ്ങള്‍ക്ക് ഉതകുമെന്ന് ഇനിയും പറയാറായിട്ടില്ല.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് കെ എ ആന്‍റണി)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍