UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്വവര്‍ഗ്ഗ ദമ്പതികളുടെ മക്കളുടെ ജീവിതം പറയുന്നത്

Avatar

സന്ധ്യ സോമശേഖരന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ജെന്നി റൈന്‍  തീരെ കുഞ്ഞായിരുന്നപ്പോള്‍ തന്‍റെ കുടുംബത്തിനു എന്തെങ്കിലും പ്രത്യേകതയുണ്ടോ എന്നോര്‍ത്ത് പലപ്പോഴും അത്ഭുതപ്പെട്ടിരുന്നു. പള്ളിയില്‍ മതപ്രഭാഷണം നടക്കുമ്പോള്‍ അവളുടെ വീട്ടില്‍ ടെലിവിഷനില്‍ തമാശ പരിപാടികള്‍ ഉച്ചത്തില്‍ മുഴങ്ങിയിരുന്നു. അവളുടെ ഉള്ളിലെ സംഘര്‍ഷങ്ങള്‍  അറിയാതെ അവളുടെ രണ്ട് അച്ഛന്‍മാരും പരദൂഷണവും പറഞ്ഞു നടക്കുകയായിരുന്നു.

സ്വവര്‍ഗ  പങ്കാളികളുടെ  മക്കളായിട്ടു തന്നെപ്പോലെ കുറെയേറെ കുട്ടികള്‍ ജീവിക്കുന്നുണ്ട്  എന്ന് വലുതായപ്പോള്‍ അവള്‍ക്ക്  മനസ്സിലായി.  എന്നാല്‍ തന്‍റെയും തന്നെ പോലുള്ള മറ്റു കുട്ടികളുടെയും ജീവിതം യു എസിലെ ചരിത്ര പ്രധാനമായ വിധിക്ക് അടിസ്ഥാനമാകും എന്ന് അവള്‍ക്കറിയില്ലായിരുന്നു. ഈ കുട്ടികള്‍ മറ്റു കുട്ടികളെ പോലെ തന്നെ സ്വാഭാവികമായി ജീവിക്കുന്നു എന്നത് സ്വവര്‍ഗ വിവാഹം നിയമാനുസൃതമാക്കാന്‍ കോടതിക്ക് മുന്നിലെത്തിയ തെളിവുകള്‍ക്ക് ബലം നല്‍കി എന്നും അവള്‍ അറിഞ്ഞില്ല.

സുപ്രീം കോടതി സ്വര്‍ഗ്ഗ വിവാഹത്തിന് നിയമ സാധുത നല്‍കിക്കൊണ്ട്  ചരിത്ര വിധി പുറപ്പെടുവിച്ച സമയത്ത് ഈ ദമ്പതികളുടെ കുട്ടികളുടെ ജീവിതമായിരുന്നു പ്രധാന വാദങ്ങള്‍ക്ക് അടിസ്ഥാനമേകിയത്.  സ്വവര്‍ഗാവകാശ പ്രവര്‍ത്തകര്‍ ആ പഴയ തന്ത്രം പയറ്റുക തന്നെ ചെയ്തു. ഈ കുടുംബങ്ങളില്‍ വളരുന്ന രണ്ടുലക്ഷത്തിലേറെ വരുന്ന കുട്ടികളുടെ ഭാവി എന്നതായിരുന്നു അവരുടെ ആവനാഴിയിലെ  അവസാനത്തെ അമ്പ്. 

രണ്ടു വര്‍ഷം മുന്‍പ് രാജ്യത്തു നിലനില്‍ക്കുന്ന വിവാഹ നിയമങ്ങള്‍ സ്വവര്‍ഗ മാതാപിതാക്കള്‍ വളര്‍ത്തുന്ന കുഞ്ഞുങ്ങളെ പരിഹാസത്തിനു വിധേയരാക്കുന്നു എന്ന് സുപ്രീംകോടതി ജഡ്ജിയായ ആന്റണി കെന്നഡി പറഞ്ഞിരുന്നു. ഈ വാക്കുകളുടെ ചുവടുപിടിച്ച് സ്വവര്‍ഗാവകാശ പ്രവര്‍ത്തകര്‍ ഈ കുഞ്ഞുങ്ങളുടെ കഥകള്‍ മുഖ്യധാരയിലേക്ക് കൊണ്ടുവരികയും പ്രചാരണത്തിന് നേതൃത്വം നല്‍കുകയും ചെയ്തു. ഇതോടൊപ്പം റാലികളും നിയമനടപടികളും ആയി അവര്‍ കാര്യങ്ങള്‍ മുന്നോട്ടു നീക്കി.

എന്നാല്‍ അതേസമയം തന്നെ സ്വവര്‍ഗ വിവാഹത്തെ എതിര്‍ക്കുന്നവര്‍ തങ്ങളുടെ പരമ്പരാഗത രീതി അനുസരിച്ച് കുട്ടികളുടെ അവകാശങ്ങള്‍ക്കുവേണ്ടി വാദിച്ചു. ജന്മം നല്‍കിയ മാതാപിതാക്കള്‍ക്കൊപ്പം ആണ് കുട്ടികള്‍ കഴിയേണ്ടത് എന്നും, അതാണ്‌ കുഞ്ഞുങ്ങളുടെ ആരോഗ്യകരമായ ജീവിതത്തിനു നല്ലതു എന്നും അവര്‍ പറഞ്ഞു. അതോടൊപ്പം   സ്വവര്‍ഗ പങ്കാളികളുടെ കൂടെ കഴിഞ്ഞ കുട്ടികള്‍ അനുഭവിക്കേണ്ടിവരുന്ന പ്രശ്നങ്ങളും ദുരിതങ്ങളും അവര്‍ കോടതിക്ക് മുന്നില്‍ നിരത്തുകയും ചെയ്തു.

സ്വവര്‍ഗ പങ്കാളികളാല്‍ വളര്‍ത്തപ്പെടുന്ന കുട്ടികളുടെ  ദുഃഖം തനിക്കു  മനസ്സിലാക്കാന്‍ കഴിയുമെന്ന് നോര്‍ത്ത് ഈസ്റ്റ്‌ ഡി സിയില്‍ മാര്‍ക്കറ്റിഗ് ഉപദേഷ്ടാവായ    നാല്പത്തിനാലുകാരിയായ റൈന്‍  പറയുന്നു. അവളുടെ മാതാപിതാക്കള്‍ വിവാഹ മോചനം നേടിയവരാണ്. ആ സമയത്ത് അവള്‍ ഒരുപാടു മാനസിക പ്രശ്നം അനുഭവിച്ചിരുന്നു. എന്നാല്‍ അതും അവളുടെ അച്ഛന്‍ പിന്നീടു ഒരു സ്വവര്‍ഗ പങ്കാളിയെ കണ്ടെത്തിയതും തമ്മില്‍ ബന്ധമൊന്നുമില്ല.   37 വര്‍ഷം മുന്‍പ് കാലിഫോര്‍ണിയയിലെ പാം സ്പ്രിങ്ങ്സില്‍ നടന്ന അച്ഛന്റെ വിവാഹത്തില്‍ അവളായിരുന്നു ഏക അതിഥി.

“ഒരു കടലാസ് കഷ്ണത്തിന് ഒരു കുടുംബത്തെ കൂട്ടി യോജിപ്പിക്കാന്‍  കഴിയില്ല. എങ്കിലും  കഴിഞ്ഞ മുപ്പത്തി ഏഴു വര്‍ഷമായി  ഞങ്ങള്‍ ഒരു കുടുംബമായി ജീവിച്ചു.” റൈന്‍ പറഞ്ഞു. അവളുടെ കഥയും ഈ കേസില്‍ തെളിവിനായി പരിഗണിച്ചിരുന്നു. ഇന്ന് ഈ വിവാഹങ്ങള്‍ക്കും ആ ബന്ധങ്ങളില്‍ വളരുന്ന കുട്ടികള്‍ക്കും ലഭിച്ച സ്വീകാര്യത ഈ വര്‍ഷങ്ങളിലെല്ലാം അവര്‍ അനുഭവിച്ച അവഗണനക്കും വേദനകള്‍ക്കും ഒരു സ്വാന്ത്വനമായി തീര്‍ന്നു.

ഒരുമിച്ചു താമസിക്കുന്ന സ്വവര്‍ഗ പങ്കാളികളില്‍ അഞ്ചില്‍ ഒരാളും വിവാഹം കഴിക്കുന്ന സ്വവര്‍ഗ പങ്കാളികളില്‍ നാലില്‍ ഒരാളും കുട്ടികളെ ദത്തെടുത്ത് വളര്‍ത്തുന്നു എന്നാണ് സ്വവര്‍ഗ- മൂന്നാം ലിംഗ വിഭാഗക്കാരെ കുറിച്ച് ഗവേഷണം നടത്തുന്ന ലോസ് എന്ജല്‍സിലെ  കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ വില്ല്യംസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ പറയുന്നത്.

ചിലകുട്ടികള്‍ സ്വവര്‍ഗ പങ്കാളികളില്‍ ആരുടെയെങ്കിലും ഒരാളുടെ പൂര്‍വബന്ധത്തില്‍ ഉണ്ടായതായിരിക്കും. മറ്റുചിലത് ദത്ത് എടുത്തതോ അല്ലെങ്കില്‍ കൃത്രിമ ഗര്‍ഭധാരണമോ അല്ലെങ്കില്‍ വാടക ഗര്‍ഭത്തിലൂടെയോ ഉണ്ടായതും ആയിരിക്കാം. 

അമേരിക്കന്‍ അക്കാദമി ഫോര്‍ പീഡിയാട്രിക്സ്, അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്‍ പോലുള്ള വൈദ്യശാസ്ത്ര രംഗത്തെ മുന്‍നിര സംഘടനകള്‍ എല്ലാം തന്നെ സ്വവര്‍ഗ വിവാഹത്തെ അംഗീകരിച്ചു കഴിഞ്ഞു. സ്വവര്‍ഗ മാതാപിതാക്കള്‍ വളര്‍ത്തുന്ന കുട്ടികളും എതിര്‍ലിംഗത്തിലെ മാതാപിതാക്കള്‍ വളര്‍ത്തുന്ന കുട്ടികളും തമ്മില്‍ വ്യത്യാസം ഒന്നും ഇല്ല പഠനങ്ങള്‍ ചൂണ്ടികാട്ടിയാണ് അവര്‍ ഈ അനുകൂലമനോഭവം പ്രകടമാക്കുന്നത്. 

എന്നാല്‍ ഈ പ്രാരംഭഘട്ടത്തില്‍ ഒരു നിഗമനത്തില്‍ എത്തുന്നത്‌ ശരിയല്ല എന്നതാണ് സ്വവര്‍ഗ വിവാഹത്തിനെ എതിര്‍ക്കുന്നവരുടെ നിലപാട്.

എന്നാല്‍ ഇങ്ങനെ കാത്തിരുന്നു കാണാം എന്ന നിലപാടിന് പല പ്രശ്നങ്ങള്‍ ഉണ്ട് എന്നാണ് സ്വവര്‍ഗ അനുകൂല പ്രവര്‍ത്തകര്‍ പറയുന്നത്. വിവാഹം കഴിക്കാത്ത പങ്കാളികള്‍ കുട്ടികളെ ദത്തെടുക്കുന്നതു പല അമേരിക്കന്‍ സ്റ്റേറ്റുകളും നിയമപരമായി അംഗീകരിക്കുന്നില്ല. പങ്കാളികളില്‍ ഒരാള്‍ക്കേ ദത്തെടുക്കാന്‍ സാധിക്കൂ. ഇനി വിവാഹിതരായവര്‍ക്ക് പോലും പല പ്രശ്നങ്ങളും ഉണ്ട്. അവരുടെ വിവാഹം അംഗീകരിക്കാത്ത ഒരു സ്റ്റേറ്റില്‍ അവര്‍ക്കൊന്നും ചെയ്യാന്‍ സാധിക്കാറില്ല.

അതുകൊണ്ട് തന്നെ ഭാവിയില്‍ ഉണ്ടായേക്കാവുന്ന നിയമ കുരുക്കുകള്‍ ഒഴിവാക്കാന്‍ പല പങ്കാളികളും ഇന്നേ ശ്രമിക്കുകയാണ്. ഉദാഹരണത്തിന്, ഡാനിയേലും ജെന്നിഫറും നിയമാനുസൃതം വിവാഹിതരായവരാണ്. ജെന്നിഫറിന് കുഞ്ഞു ജനിച്ചപ്പോള്‍ ജനന സര്‍ട്ടിഫിക്കറ്റില്‍ രക്ഷിതാവിന്റെ സ്ഥാനത്ത് പേരുണ്ടായിട്ടും, കോടതി വഴി ഡാനിയേല്‍ കുഞ്ഞിന്‍റെ സംരക്ഷണാവകാശം ഉറപ്പുവരുത്തുക കൂടി ചെയ്തു.

ഇപ്പോള്‍ ജോണ്‍സണ്‍ നഗരത്തിലെ സ്വന്തം വീട്ടില്‍ നിന്ന് ദൂരത്തെവിടെയെങ്കിലും പോകേണ്ടിവന്നാല്‍ അവര്‍ അവരുടെ വിവാഹ സര്‍ട്ടിഫിക്കറ്റ്, ദത്തെടുക്കല്‍ രേഖകള്‍, കുഞ്ഞിന്‍റെ ജനന സര്‍ട്ടിഫിക്കറ്റ്, തുടങ്ങിയ എല്ലാ രേഖകളും കൂടെ കൊണ്ടുപോകും. 

എന്‍റെ കുട്ടികള്‍ തങ്ങളുടെ  രക്ഷിതാക്കള്‍ സമൂഹത്തില്‍ വില കുറഞ്ഞവരാണ് എന്നോ സ്വീകാര്യര്‍ അല്ലെന്നോ തിരിച്ചറിയുകയോ അതുമൂലം സമ്മര്‍ദ്ദത്തില്‍ ആഴുകയോ ചെയ്യുന്നത്  തനിക്ക് താത്പര്യമില്ല എന്ന് ജന്നിഫര്‍ പറയുന്നു. “തങ്ങളെ ബഹുമാനിക്കേണ്ടതില്ല എന്നോ തങ്ങള്‍ വെറുക്കപ്പെടെണ്ടവര്‍ ആണെന്നോ അവര്‍ വിലയിരുത്തരുത്‌. പുതിയ വിധി ശരിക്കും ഒരു ആശ്വാസം തന്നെയാണ്. ഇനി എവിടെ വേണമെങ്കിലും രേഖകള്‍ ഇല്ലാതെ തന്നെ നമുക്ക് യാത്ര ചെയ്യാം.”

സ്വവര്‍ഗാനുരാഗികളുടെ ചര്‍ച്ചകളില്‍ കുട്ടികളുടെ അവകാശത്തെകുറിച്ചുള്ള ചിന്തകള്‍ കടന്നുവരുന്നത് ഇതാദ്യമായല്ല. ആദ്യകാലങ്ങളില്‍ നേര്‍വഴിക്കു നടക്കാത്ത, ഇരപിടിയന്‍മാരെ പോലെയാണ് വിമര്‍ശകര്‍ സ്വവര്‍ഗാനുരാഗികളെ കണ്ടിരുന്നത്‌.  ആദ്യകാലങ്ങളില്‍ ഈ പ്രശ്നങ്ങളെ അത്രയേറെ ഗൌരവമായി കണ്ടിരുന്നില്ല. ” വിവാഹം, കുട്ടികള്‍, കുടുംബം എന്നിവയെ കുറിച്ചുള്ള  ചര്‍ച്ചകള്‍ നയിക്കാന്‍ വിവാഹത്തിനെ എതിര്‍ക്കുന്ന സംഘത്തിനെ ഞങ്ങള്‍ ആദ്യകാലങ്ങളില്‍ അനുവദിച്ചു എന്നാണ് എനിക്ക് തോന്നുന്നത്.” ഫാമിലി ഇക്വാലിറ്റി കൌണ്‍സിലിലെ പബ്ലിക് പോളിസി ഡയരക്ടര്‍ എമിലി ഹെച്റ്റ്- മാക്‌ഗോവന്‍ പറഞ്ഞു.

“എന്നാല്‍ കാലം ചെല്ലുംതോറും ഇത് മാറിക്കൊണ്ടിരുന്നു.” അവര്‍ പറഞ്ഞു. “മാര്യേജ് ആക്റ്റിനെ സംരക്ഷിച്ചുകൊണ്ട്  കെന്നഡി പറഞ്ഞ അഭിപ്രായത്തിനു ശേഷം ഇവിടെ ഉണ്ടായ ഏറ്റവും വലിയ മാറ്റങ്ങളില്‍ ഒന്നാണ് ഇവ.”

ഇവ മറ്റൊരു ചോദ്യം കൂടി ഉയര്‍ത്തുന്നു. സ്വവര്‍ഗാനുരാഗ ബന്ധങ്ങളും പങ്കാളികളും തങ്ങളും തമ്മിലുള്ള ബന്ധവും മനസിലാക്കാന്‍ കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാം. അവര്‍ തങ്ങളുടെ ചുറ്റിലും കാണുന്ന മറ്റ് കുടുബ  ബന്ധങ്ങളുമായി താരതമ്യം ചെയ്യുന്നതോടെ ഇവയുമായി പൊരുത്തപ്പെടാനും പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. 

ഈ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ തന്നെ സ്വവര്‍ഗവിവാഹങ്ങളെ എതിര്‍ക്കുന്ന ആളുകള്‍ കുട്ടികളുടെ കാര്യത്തില്‍ കുറച്ചുകൂടി സങ്കീര്‍ണ്ണമായ ഒരു നിലപാടെടുത്തു. സ്വവര്‍ഗ വിവാഹത്തിന് സാധുത നല്‍കിയാല്‍ അത് കുട്ടികളെ  ഏതെങ്കിലും ഒരു രക്ഷിതാവില്‍ നിന്ന് അകറ്റാന്‍ കാരണമാകും എന്നവര്‍ വാദിച്ചു. അതോടൊപ്പം കുട്ടികളുടെ മൌലികാവകാശങ്ങള്‍ക്ക് മുകളില്‍ ആളുകളുടെ ആഗ്രഹങ്ങള്‍ക്ക് പ്രാധാന്യം നല്‍കുകയാണ് സ്വവര്‍ഗ വിവാഹാനുമതിയിലൂടെ കോടതി ചെയ്യുന്നത് എന്നും അവര്‍ പറഞ്ഞു.

സിയാറ്റില്‍ നിന്നുള്ള കാത്തി ഫോസ്റ്റ് എന്ന ബ്ലോഗ്ഗര്‍ ഒരെഗോനിലെ പോര്‍ട്ട്‌ലാന്‍ഡില്‍ തന്‍റെ സ്വവര്‍ഗാനുരാഗിയായ അമ്മയോടൊപ്പം  വളര്‍ന്ന കുട്ടിക്കാലത്തിന്റെ മനോഹരമായ രംഗങ്ങള്‍ ഓര്‍ത്തെടുത്തു. അവളുടെ അമ്മയ്ക്കും അമ്മയുടെ പങ്കാളിക്കും ഒപ്പം പലതരം പൊതു പരിപാടികളിലും അവള്‍ പങ്കാളിയായി. എങ്കിലും അവളുടെ അച്ഛന്‍ എപ്പോഴും അവളുടെ ജീവിതത്തില്‍ ഒരു പ്രധാന പങ്കുവഹിക്കുകയും ചെയ്തു.

എന്നാല്‍ അവള്‍ വളര്‍ന്നു വരുംതോറും താന്‍ കുട്ടികാലത്തു എന്തോ നഷ്ടം അനുഭവിച്ചിരുന്നതായി അവള്‍ തിരിച്ചറിയാന്‍ തുടങ്ങിയെന്നു അവള്‍ ഓര്‍ക്കുന്നു. അവളുടെ അമ്മയുടെ വീട്ടില്‍ അവള്‍ക്കെന്തോ ഒരു അപൂര്‍ണത തോന്നിയിരുന്നു. തന്‍റെ ജീവിതത്തില്‍ അച്ഛന്റെ സാന്നിധ്യം ഇല്ലാതിരുന്നെങ്കില്‍ ഒരിക്കലും തന്‍റെ ജീവിതം പൂര്‍ണമാകുമെന്ന് അവള്‍ കരുതുന്നില്ല.

“ഒരു കുട്ടിയുടെ പരിപൂര്‍ണ വളര്‍ച്ചക്ക് മാതാപിതാക്കള്‍ രണ്ടുപേരുടെയും സാന്നിധ്യം വളരെ പ്രധാനമാണ് എന്ന ചിന്ത അവള്‍ക്കൊരു കുഞ്ഞു ജനിച്ചതോടെ ഏറെ ശക്തമായി.” അവള്‍ പറഞ്ഞു.

“അമ്മയില്ലാതെ ഒരു കുഞ്ഞും വളരരുത്‌.” ഒരു ക്രിസ്തീയ മതവിശ്വാസികൂടിയായ ഫോസ്റ് പറഞ്ഞു. 

സ്വവര്‍ഗ പങ്കാളികളുടെ മകനായി വളര്‍ന്ന, റോബര്‍ട്ട്‌ ഓസ്കാര്‍ ലോപെസ് പക്ഷെ സ്വവര്‍ഗ വിവാഹങ്ങളെ നഖശിഖാന്തം എതിര്‍ക്കുന്നു. ഇത്തരം വിവാഹങ്ങള്‍ കുട്ടികളെ ചൂഷണം ചെയുന്ന രീതിയിലാണ്‌ നടന്നു പോകുന്നത് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.  സ്വവര്‍ഗ രക്ഷിതാക്കളുടെ കുട്ടികള്‍ക്കെല്ലാം. ഇതേ അഭിപ്രായം ആയിരിക്കും എന്നാണ് കാലിഫോര്‍ണിയ സ്റ്റേറ്റ് യൂണിവേര്‍‌സിറ്റിയായ നോര്‍ത്ത്രിട്ജിലെ  പ്രൊഫസറായ ലോപെസ് ഒരു അഭിമുഖത്തില്‍ പറഞ്ഞത്. എന്നാല്‍ ഈ കുഞ്ഞുങ്ങള്‍ തങ്ങളെ സംരക്ഷിക്കുന്ന, തങ്ങള്‍ ഇഷ്ടപ്പെടുന്ന  രക്ഷിതാക്കളെ രക്ഷിക്കാനായി ഈ കാര്യം മറച്ചുവയ്ക്കുകയാണ് ചെയ്യുന്നത്.

“ഈ കുഞ്ഞുങ്ങള്‍ ഇരുതോണിയില്‍ കാലുവയ്ക്കുന്ന ഒരവസ്ഥയില്‍ ആണ് നില്‍ക്കുന്നത്.”ലോപെസ് പറഞ്ഞു. “ഈ ദമ്പതിമാരെ ബഹുമാനിക്കണം എന്നവര്‍ക്ക് ആഗ്രഹമുണ്ട്. എന്നാല്‍  സ്വന്തമല്ലാത്ത ഒരാളെ രക്ഷിതാവ് എന്ന് വിളിക്കാന്‍ അവരെ നിര്‍ബന്ധിക്കുന്നത് അവര്‍ക്കിഷ്ടമുണ്ടാവില്ല.” ലോപെസ് കൂട്ടിച്ചേര്‍ത്തു. 

ലോപെസും ഫോസ്റ്റും തങ്ങളുടെ ഈ കഥകള്‍ ഒരു കോടതി രേഖ  എന്നാ നിലയില്‍ സുപ്രീം കോടതിയിലും അവതരിപ്പിച്ചിരുന്നു.

സ്വവര്‍ഗ വിവാഹങ്ങളെ അനുകൂലിക്കുന്നവര്‍ ഇതിനെ മറ്റൊരു തരത്തില്‍ ആണ് വിലയിരുത്തുന്നത്. ഈ കുട്ടികള്‍ അനുഭവിക്കുന്ന വൈകാരിക പ്രശ്നങ്ങള്‍ അവരുടെ സ്വവര്‍ഗ രക്ഷിതാക്കളില്‍ നിന്നുള്ള പ്രശ്നത്തെക്കാള്‍ അവരുടെ മാതാപിതാക്കളുടെ വേര്‍പിരിയലില്‍ നിന്നുണ്ടാകുന്നവയാണ് എന്നാണ് അവരുടെ വാദം.

ചില സ്വവര്‍ഗ ദമ്പതിമാര്‍ തങ്ങളുടെ കുട്ടികളെ അവരുടെ ജൈവിക മാതാപിതാക്കളുമായുള്ള ബന്ധം നിലനിര്‍ത്തുന്നത് പ്രോത്സാഹിപ്പിക്കുന്നു. ഇനി ഇവര്‍ അജ്ഞാതരാണെങ്കില്‍ ഹൌന്‍ഷെല്‍സില്‍ ചെയ്ത പോലെ എന്തെങ്കിലും ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു. ഇവര്‍  തങ്ങളുടെ കുട്ടികള്‍ക്ക് മൂന്നര വയസായപ്പോള്‍ അവരുടെ ജനനത്തിന് ബീജം ദാനം ചെയ്ത ജമൈക്കകാര്‍ക്ക് വേണ്ടി ഫാദേര്‍സ് ഡേ ആഘോഷിക്കുക പോലും ചെയ്തു.

“ഞങ്ങള്‍ അതിനെ ദാതാവായ പിതാവിന്‍റെ ദിവസം എന്നാണ് വിളിക്കുന്നത്‌.” ജെന്നിഫര്‍ ഹൌന്‍ഷെന്‍സില്‍ പറഞ്ഞു.

വാഷിംഗ്‌ടണ്‍ ഡി സി യില്‍ മാര്‍ക്കെറ്റിംഗ് കണ്‍സള്‍ട്ടന്‍റ് ആയ റൈന്‍ ഇതിനെ കുട്ടികളുടെ വളര്‍ച്ചയില്‍ അമ്മമാര്‍ക്കുള്ള പങ്കിനെ കുറിച്ച് പറഞ്ഞാണ് വിശദീകരിക്കുന്നത്. അവളുടെ മാതാപിതാക്കള്‍ വേര്‍പിരിയുമ്പോള്‍ അവള്‍ക്കു വയസ്സ് 6. അന്നുമുതല്‍ അവളുടെ അച്ഛനാണ് അവളുടെ ഡയപ്പര്‍ മാറ്റുന്നതും, അവള്‍ക്കു ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നതും എല്ലാം. ഈ സമയം മുഴുവന്‍ അവളുടെ അമ്മ തന്‍റെ തുടര്‍പഠനത്തിനും ജോലിക്കും വേണ്ടിയുള്ള കഠിനപരിശ്രമത്തില്‍ ആയിരുന്നു.

ഇന്ന് അവള്‍ സ്വന്തം മാതാപിതാക്കളുമായി നല്ല ബന്ധം പുലര്‍ത്തുന്നു. അതോടൊപ്പം തന്‍റെ രണ്ടു വളര്‍ത്തച്ഛന്‍മാരോടും അവള്‍ക്കു ദൃഢമായ ബന്ധം ഉണ്ട്. 

“അമ്മ എന്നത് ഒരു ലിംഗപദവി ആയാണ് പലരും കാണുന്നത്. ഈ പദവി അവരെ പ്രകൃത്യാ കുഞ്ഞുങ്ങളെ വളര്‍ത്താന്‍ യോഗ്യരാക്കുമെന്നും പറയുന്നു.  പക്ഷെ വളര്‍ത്തുന്നവര്‍ നമ്മളില്‍ ചെലുത്തുന്ന സ്വാധീനമാണ് പ്രധാനം. അല്ലാതെ അവരുടെ ലിംഗപദവിയല്ല.” റൈന്‍ പറഞ്ഞു. 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍