UPDATES

സിനിമ

സ്ത്രീകൾക്ക് സുരക്ഷിതമായി ജോലി ചെയ്യാൻ കഴിയുന്ന ഇടം തന്നെയാണ് സിനിമ; സമീറ സനീഷ്/അഭിമുഖം

ലിംകാ ബുക്ക് ഓഫ് റെക്കോർഡ്സില്‍ ഇടം പിടിച്ച മലയാള സിനിമയുടെ സ്റ്റാര്‍ കോസ്റ്റ്യൂം ഡിസൈനര്‍

അരുണ

അരുണ

സമീറാ സനീഷ്/അരുണ

വെയിൽ നിറത്തിൽ ഇളം പച്ച പൂക്കൾ തുന്നിചേർത്ത പാവട പെൺകുട്ടികളുടെ ഹൃദയം കീഴടക്കിയപ്പോൾ സമീറ സനീഷ് എന്ന കോസ്റ്റ്യൂം ഡിസൈനർ മലയാള സിനിമയുടെ കാഴ്ചയുടെ വസന്തമായി തീർന്നു.സമീറ തുന്നിച്ചേർത്ത വേഷങ്ങൾ ഒക്കെയും കഥയ്ക്ക് ജീവന്റെ തുടിപ്പേകുന്നതായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് ഏറ്റവും അധികം സിനിമകൾക്ക് കോസ്റ്റ്യൂം ഡിസൈൻ ചെയ്യ്ത് ലിംകാ ബുക്ക് ഓഫ് റെക്കോർഡ്സിലേക്ക് എഴുതി ചേർക്കപ്പെട്ടു സമീറാ സനീഷ് എന്ന പുത്തനുടുപ്പുകാരി.

അരുണ:കുട്ടിക്കാലത്തേയുള്ള സ്വപ്നമായിരുന്നോ ഇവിടെ എത്തിച്ചത്?

സമീറ: അങ്ങനെ അല്ല. എന്റെ ഉമ്മച്ചിയുടെ സ്വപ്നമാണ്.ഒരു സാധാരണ കുട്ടി എന്നതിനേക്കാൾ എന്നിൽ എന്തൊക്കെയോ പ്രത്യേകതകൾ ഉണ്ടെന്ന് ഉമ്മച്ചി വിശ്വസിച്ചിരുന്നു. എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്.ഞാൻ കുട്ടിക്കാലത്ത് നന്നായി വരയ്ക്കുമായിരുന്നു. സ്കൂൾ വിട്ട് വന്നാൽ കളിക്കാൻ സമ്മതിക്കില്ല. ധാരാളം ക്രയോൺസ് തരും. എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കാൻ പറയും. 7-ാം ക്ലാസ്സിൽ പഠിക്കുമ്പോൾ എന്നെ ഒരു ഡ്രോയിങ്ങ് കോമ്പറ്റീഷന് ചേർത്തു. വളരെ വലിയ മത്സരമായിരുന്നു.അതിൽ എനിക്ക് ഫസ്റ്റ് കിട്ടി. പിന്നെ ഞാൻ എപ്പോഴും വരക്കുമായിരുന്നു. പത്താം ക്ലാസ്സ് കഴിഞ്ഞ അവധിക്ക് എന്നെ ഉമ്മച്ചി തയ്യൽ പഠിക്കാൻ ചേർത്തു. എന്തെങ്കിലും ഒന്ന് പെൺകുട്ടികൾ പഠിച്ചിരിക്കണമെന്ന് ഉമ്മച്ചി പറയും. സത്യത്തിൽ എനിക്ക് ഒട്ടും ഇഷ്ടമല്ല. എല്ലാരും കളിക്കുമ്പോൾ ഞാൻ മാത്രം തയ്യൽ പഠിക്കാൻ പോകുന്നു. പക്ഷേ ടീച്ചറെ ഇഷ്ടമായി. പിന്നെ തനിയെ ഉടുപ്പുകൾ തുന്നി തുടങ്ങി. ചേച്ചിയുടെ വാവയ്ക്കാണ് ആദ്യമായി ഡ്രസ് തയ്ച്ചത്. വാവ ഉണ്ടായപ്പോൾ കുഞ്ഞുടുപ്പുകൾ തുന്നി തുന്നി തയ്യൽ എനിക്ക് എളുപ്പമായി. ഫൈൻ ആർട്ട്സിൽ ചേരാൻ വലിയ ഇഷ്ടമായിരുന്നു. പക്ഷേ ഫാഷൻ ഡിസൈനിങ്ങ് എനിക്ക് പറ്റുമെന്ന് പറഞ്ഞത് ഉമ്മച്ചിയാണ്. തയ്യൽ നേരത്തെ പഠിച്ചതുകൊണ്ട് കോഴ്സ് എളുപ്പമായിരുന്നു. ഡിസൈനിങ്ങിൽ ധാരാളം പരീക്ഷണങ്ങൾ നടത്താൻ എനിക്ക് ധൈര്യം തന്നതും,ജോലിയിൽ ഇത്രയും ആത്മവിശ്വാസം കിട്ടിയതും എന്റെ ഉമ്മച്ചി എന്നേക്കുറിച്ച് കണ്ട സ്വപ്നങ്ങളാണ്. പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് സനീഷിനെ പരിചയപ്പെടുന്നത്. സപ്പോർട്ടിന്റെ മറ്റൊരു പേരാണ് അദ്ദേഹം. ഉമ്മച്ചിയെ പോലെ എന്നിലെ കഴിവുകൾ ഏറ്റവും പ്രോത്സാഹിപ്പിച്ച ആളാണ് സനീഷ്. സിനിമ  ചെയ്യാൻ ഉള്ള ധൈര്യം എനിക്ക് തന്നത് എന്റെ ഭർത്താവാണ്. എന്നേ ഈ നിലയിലേക്ക് പ്രാപ്തിയാക്കിയ ഉമ്മച്ചിക്ക്, ഞാൻ സിനിമ ചെയ്യുന്നതൊന്നും കാണാൻ കഴിഞ്ഞില്ല. അതിനു മുന്നേ ഉമ്മച്ചി പോയി. പക്ഷേ ഉമ്മച്ചി കണ്ട സ്വപ്നമാണ് എന്റെ ജോലി.

അരുണ: തുടക്കം എങ്ങനെയായിരുന്നു?

സമീറ: കോഴ്സ് നന്നായി കഴിഞ്ഞു. പിന്നെ കുറേ പരസ്യചിത്രങ്ങൾ ചെയ്തു. ഓണത്തിന്റെ സമയത്തൊക്കെ ഒരു മാസം 20 പരസ്യങ്ങൾ വരെ ഞാൻ ചെയ്തിട്ടുണ്ട്. ആ സമയത്ത് ഇജാസ് ഖാന്റെ ‘വൈറ്റ് എലിഫന്റ് ‘ എന്ന ഹിന്ദി സിനിമയുടെ വർക്ക് വന്നു. കേരളത്തിലാണ് ഷൂട്ട്. വർക്ക് വന്നപ്പോൾ എനിക്ക് ഒട്ടും താല്പര്യമില്ലായിരുന്നു. ഒരു പാട് ദിവസം വേണം; പിന്നെ എനിക്ക് അറിയാത്ത മേഖല. വർക്ക് വേണ്ടന്ന് വെയ്ക്കാൻ സനീഷ് സമ്മതിച്ചില്ല. അങ്ങനെ അത് ചെയ്തു. പിന്നെയാണ് ആഷിഖ് അബുവിന്റെ മമ്മൂട്ടി പടം ഡാഡി കൂൾ വരുന്നത്. നിറയെ ആശങ്കകളോട് തന്നെയാണ് അതും ചെയ്തത്. പക്ഷേ എനിക്ക് മാക്സിമം സ്വാതന്ത്യം തരുന്ന വർക്കായിരുന്നു ആ സിനിമ. എന്റെ ഡിസൈൻ നന്നായി ശ്രദ്ധിക്കപ്പെട്ടു. അതായിരുന്നു തുടക്കം.

അരുണ: തിരക്കഥ കേട്ടാണോ കോസ്റ്റ്യൂം തീരുമാനിക്കുന്നത്?

സമീറ: അതേ. പൂർണ്ണമായ തിരക്കഥ വായിക്കും. കാലം, സ്ഥലം, കഥയുടെ സ്വഭാവം ,കഥാപാത്രങ്ങളുടെ ജീവിതം ഒക്കെ മനസ്സിലാക്കി കോസ്റ്റ്യൂം തീരുമാനിക്കും. പിന്നെ സംവിധായകനോട് ചർച്ച ചെയ്യും. ആർട്ടിസ്റ്റുകളുടെ ശരീര പ്രകൃതി അനുസരിച്ചും ഡിസൈൻ ചെയ്യും. നിറങ്ങൾ തീരുമാനിക്കുന്നതിന് മുൻപ് ക്യാമറാമാനുമായി സംസാരിക്കും. പിന്നെ യാത്ര ചെയ്യേണ്ടി വരും. കഥ നടക്കുന്ന സ്ഥലത്ത് പോകും. ആ നാട്ടിലെ ഡ്രസ് സെൻസ് ശ്രദ്ധിക്കും. ചരിത്ര സിനിമകൾ, റഫറൻസ് ആവശ്യമുള്ള സിനിമകൾക്ക് വേണ്ടിയൊക്കെ ആകുമ്പോൾ വർക്കിന്റെ രീതി മാറും.

അരുണ: മുൻപ് പുരുഷൻമാരായിരുന്നു വസ്ത്രാലങ്കാരം ചെയ്തിരുന്നത്. ഒരു സ്ത്രീ എന്ന നിലയിൽ മാറ്റി നിർത്തൽ അനുഭവിച്ചിട്ടുണ്ടോ?

സമീറ: ധാരാളം. ഞാൻ വന്ന സമയത്ത് പുരുഷൻമാരായിരുന്നു ഈ മേഖല  കൈകാര്യം ചെയ്തിരുന്നത്. അതൊരു കീഴ്വഴക്കമായിട്ടാണ് കണ്ടിരുന്നത്. എന്റെ മനസ്സിലും നിറയെ ആശങ്കകളായിരുന്നു. സ്ത്രീയായ ഞാൻ എങ്ങനെയാവും വർക്ക് ചെയ്യുക; ഒരു പരിചയവുമില്ലാത്ത മേഖലയായിരുന്നു സിനിമ. സ്ത്രീകൾക്ക് ഈ തൊഴില്‍ പറ്റില്ലെന്ന് വിശ്വസിച്ചിരുന്ന ഒരു കൂട്ടത്തിലേക്കാണ് ഞാൻ വന്നത്. ആദ്യമൊക്കെ കമ്മ്യൂണിക്കേഷൻ ശരിയാവുന്നില്ലായിരുന്നു. കുറേ കോംപ്രമൈസ് ചെയ്യേണ്ടി വന്നു. വർക്കു കണ്ടാണ് എന്നേ ആളുകൾ സ്വീകരിച്ചത്. ആഗതനായിരുന്നു രണ്ടാമത്തെ സിനിമ. ഞാൻ കുറേ പേടിച്ചാണ് വന്നത്. സ്ത്രീ എന്ന നിലയിൽ ഒരിക്കലും മറ്റ് പ്രയാസങ്ങൾ ഉണ്ടായിട്ടില്ല. സ്ത്രീകൾക്ക് സുരക്ഷിതമായി ജോലി ചെയ്യാൻ കഴിയുന്ന ഇടം തന്നെയാണ് സിനിമ. ഇന്ന് ധാരാളം സ്ത്രീകൾ കോസ്റ്റ്യൂം ഡിസൈനിലേക്ക് വരുന്നുണ്ട്.

അരുണ: സ്വാതന്ത്ര്യത്തോടെ ജോലി ചെയ്യാൻ കഴിയാറുണ്ടോ?

സമീറ: ചിലർ വർക്കിൽ ഇടപെടും. അവരുടെതായ നിർബന്ധങ്ങൾ പറയും. സിനിമയുടെ സ്വഭാവവുമായി ഒരു ബന്ധവും ഉണ്ടാകില്ലന്നു മാത്രമല്ല. ഒരു സെൻസും ഉണ്ടാകില്ല. അത് കുറച്ച് പ്രയാസമാകും. ബുദ്ധിമുട്ടില്ലാതെ വർക്കു ചെയ്യാൻ വിട്ടുവീഴ്ചകൾ വേണ്ടിവരും. ചിലർ എനിക്ക് മാക്സിമം സ്വാതന്ത്ര്യം തരും. എന്നിലുള്ള വിശ്വാസമാണ് എനിക്ക് തരുന്ന സ്വാതന്ത്ര്യം. ആഷിഖ് അബു ഒക്കെ അങ്ങനെയുള്ള സംവിധായകനാണ്. തലേന്നു തന്നെ ഡ്രസ്സു കാണണമെന്ന നിർബന്ധമൊന്നുമില്ല. മിക്കവാറും ഷൂട്ടിനു മുൻപ് തന്നെ ഞാൻ കോസ്ററ്യൂം തീർത്തു കൊടുക്കും.

അരുണ: ജോലിക്ക് വേണ്ടി ധാരാളം യാത്രകൾ വേണ്ടിവരില്ലേ?

സമീറ: ഒരു പാട് യാത്രകൾ വേണ്ടിവരും.പ്രധാനമായും പർച്ചേസിങ്ങിനു വേണ്ടിയാണ്. കൂടുതലും ചെന്നൈ, ബാംഗ്ലൂർ ഒക്കെ പോകും. പിന്നെ കേരളത്തിൽ നിന്നും എടുക്കാറുണ്ട്. ചില സിനിമകൾക്ക് ഇവിടുത്തെ  ഗ്രാമങ്ങളിലെ കടയിൽ നിന്നും വാങ്ങും. കഥ അനുസരിച്ച് മാറും. നേരത്തെ സനീഷ് കൂടെ വരുമായിരുന്നു. ഇപ്പോൾ എനിക്ക് ധൈര്യമായി. ഞാൻ തനിച്ച് പോകും.

അരുണ: എന്തു തരം ഡിസൈൻ ചെയ്യാനാണ് ഇപ്പോൾ ഇഷ്ടം?

സമീറ: വർക്കിന് അനുസരിച്ച് എല്ലാം ഇഷ്ടമാണ്. ആദ്യമൊക്കെ മോഡേൺ സിനിമകളായിരുന്നു. ഇപ്പോ എല്ലാത്തരം സിനിമകളും ചെയ്യുന്നു. റിയലിസ്റ്റിക്കായ വേഷങ്ങൾ ചെയ്യുമ്പോൾ തൃപ്തി തോന്നും. പിന്നെ കടുംനിറങ്ങൾ എനിക്ക്  ഇഷ്ടമല്ല.

അരുണ: ഒരു സമയം ഒന്നിലധികം സിനിമകൾ ചെയ്യുമോ?

സമീറ: ഒരു സമയം ഒന്നിലധികം സിനിമകൾ ചെയ്യാറുണ്ട്. അത് വലിയ ടെൻഷനുള്ള കാര്യമാണ്. ഒന്നു തീർത്ത് അടുത്തതിലേക്ക് പോകാം എന്ന് ചിന്തിക്കാൻ പറ്റില്ല. ഇപ്പോൾ തന്നെ രഞ്ജിത്തേട്ടന്റെ മമ്മൂട്ടി പടം ‘പുത്തൻ പണം’, ദിലീപിന്റെ ‘രാമ ലീല ‘, ദിലീഷ് പോത്തന്റ ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’, അമൽ നീരദ് പടം. ദിലീപേട്ടന്റെ ‘കുമാരസംഭവം’ കുറേ അധികം റഫറൻസ് വേണ്ട ഒരുവർക്കാണ് ‘കുമാരസംഭവം ‘. അങ്ങനെ കുറേ സിനിമകൾ നടക്കുന്നു. റിലീസിനായി പത്തോളം സിനിമകൾ തയ്യാറായി ഇരിക്കുന്നു. ധാരാളം ടെൻഷൻ ഉണ്ട് പക്ഷേ  ജോലി തരുന്ന സംതൃപ്തി വളരെ വലുതാണ്.

അരുണ: സ്വന്തം ഡിസൈൻസിൽ ഏത് ആർട്ടിസ്റ്റിനേയാണ് കൂടുതൽ ഇഷ്ടം?

സമീറ: മമ്മൂക്ക. ഏത് ഡ്രസ്സിലും സുന്ദരനാണ്. മംമത മോഹൻദാസിനേയും ഇഷ്ടമാണ്. മോഡേൺ ഡ്രസ്സിൽ അത്ര സ്റ്റൈലാണ് അവർ. എളുപ്പമാണ് ജോലി.

അരുണ: ഏറ്റവും തൃപ്തി തോന്നിയ സിനിമകൾ ഏതൊക്കെയാണ്?

സമീറ: എല്ലാം തൃപ്തി തന്ന സിനിമ കളാണ്. ‘ഡാഡികൂളി’ലെ ഡിസൈൻസ് നന്നായി ശ്രദ്ധിക്കപ്പെട്ടു. ‘കഥ തുടരുന്നു’ എന്ന സിനിമ കഴിഞ്ഞ് ഡ്രസുകൾ ഇഷ്ടപ്പെട്ടന്ന് മംമ്ത നേരിട്ട് പറഞ്ഞു, ‘സാള്‍ട്ട് ആന്‍ഡ് പെപ്പർ’ മറ്റൊരു ടേണിങ്ങ് ആയിരുന്നു. സോങ്ങിലെ മൈഥിലിയുടെ കോസ്റ്റ്യൂം വളരെ ശ്രദ്ധിക്കപ്പെട്ടു. സിനിമക്ക് പുറത്ത് എന്നേ ആളുകൾ തിരിച്ചറിഞ്ഞ വർക്കായിരുന്നു അത്. മായാമോഹിനി, ഹൗ ഓൾഡ് ആർ യു തുടങ്ങി എത്രയോ സിനിമകൾ. ഇയ്യോബിന്റെ പുസ്തകം എനിക്ക് ഒരു പാട് തൃപ്തി തന്ന സിനിമയാണ്. 2014ൽ സംസ്ഥാന അവാർഡ് കിട്ടി. കാവ്യയ്ക്ക് വളരെ ഇഷ്ടമാണ് എന്റെ ഡിസൈൻ. ആകാശവാണിയിൽ കാവ്യയ്ക്ക് വേണ്ടി ചെയ്തു. ചാർളി എന്തും പരീക്ഷിക്കാൻ കഴിയുന്നവർക്കായിരുന്നു. അങ്ങനെ പ്രീയപ്പെട്ടവ ഒരു പാട് ഉണ്ട്.

അരുണ: കരിയറിൽ ഏറ്റവും വലിയ ഊർജ്ജം എന്താണ്?

സമീറ: എന്റെ  വർക്കിന് കിട്ടിയ ഏറ്റവും വലിയ പിന്തുണ ഒരു സംഭവമാണ്. എന്റെ കരിയറിന്റെ തുടക്കത്തിലാണ്. ഒരു സിനിമയിൽ വർക്ക് ചെയ്യാൻ പോയി. അവിടെയുള്ള ഒരു സ്ത്രീയായ അസിസ്റ്റന്റ് ഡയറക്ടർ. എന്നെ ഒരുപാട് സങ്കടപ്പെടുത്തി. എന്തു ചെയ്യ്താലും പ്രശ്നം. ഭീകരമായ ഹരാസ്മെന്റായിരുന്നു. എന്റെ ഡിസൈൻ ഒട്ടും കൊള്ളില്ലെന്നും, ഫാഷൻ ഡ്രസ്സിനു മാത്രമേ കഴിവുള്ളു എന്നും പറഞ്ഞൊക്കെ വല്ലാതെ ഇൻസൽട്ട് ചെയ്തു. സത്യത്തിൽ ആദ്യം ഞാൻ തളർന്നു. ആ സിനിമയ്ക്ക് തന്നെ എനിക്ക് നല്ല അഭിപ്രായം കിട്ടി. ഈ സംഭവം ശരിക്കും എനിക്ക് എനർജി ആയിട്ടുണ്ട്. ഞാൻ ആരോടും ദേഷ്യം വച്ചു പുലർത്തുന്ന ഒരാളല്ല. ആരോടും മത്സരിക്കുകയും ഇല്ല എന്നാലും ചില ചവിട്ടി താഴ്ത്തലുകൾ നമ്മളെ ഉണർത്തും. എന്റെ വർക്കിലെ ഗുണവും ദോഷവും ഞാൻ ശ്രദ്ധിക്കും. പ്രോത്സാഹനവും വിമർശനവും നമ്മുടെ കരിയറിന്റെ വളർച്ചയ്ക്കായി സ്വീകരിക്കണം. ഇപ്പോൾ കെ. വി.ആനന്ദിന്റെ തമിഴ് സിനിമ ചെയ്യുന്നു. വിജയ് സേതുപതിയാണ് നായകൻ. ധാരാളം സിനിമകൾ അന്യഭാഷകളിൽ നിന്നു വരുന്നുണ്ട്. തിരക്കുകൾ കാരണം ഒന്നും എടുത്തില്ലായിരുന്നു. ഇതൊരു നല്ല സിനിമയാണന്ന വിശ്വാസമുണ്ട്. അടുത്ത തമിഴ്, തെലുങ്ക് സിനിമയുടെ ചർച്ച നടക്കുന്നു. ഇവിടുത്തെ വർക്കിന് കുഴപ്പമില്ലെങ്കിൽ മാത്രമേ ചെയ്യു. നാട് വിട്ട് ഒരു കളിയില്ല.

അരുണ: ഇപ്പോൾ വരയ്ക്കാറുണ്ടോ?

സമീറ: സമയം കിട്ടാറില്ല. എന്നാലും വരയ്ക്കാൻ ഇഷ്ടമാണ്. കുട്ടിക്കാലത്ത് എപ്പോഴും  വരയായിരുന്നു. ഞാൻ ജനിച്ചതും പഠിച്ചതും എല്ലാം എറണാകുളത്താണ്. ഞങ്ങൾ നാല് മക്കളാണ്. ഉപ്പച്ചിക്ക് ഹോള്‍സെയില്‍ ബിസിനസ്സായിരുന്നു. രണ്ടു വർഷം മുൻപ് മരിച്ചു. ഉമ്മച്ചിയായിരുന്നു എല്ലാത്തിനും പിന്നിൽ. എട്ടു വർഷം മുൻപാണ് ഉമ്മച്ചി മരിക്കുന്നത്. വരയ്ക്കുമ്പോൾ ഞാൻ കുട്ടിക്കാലം ഓർക്കും. ഇപ്പോഴും ഇടയ്ക്ക് വരയ്ക്കും. എക്സിബിഷനൊക്കെ പ്ലാൻ ചെയ്യ്തിരുന്നു. എനിക്ക് സിനിമയിൽ ആർട്ട് ഡയറക്ഷൻ ഒരു പാട് ഇഷ്ടമാണ്. ലൊക്കേഷനിൽ പോകുമ്പോൾ ഞാൻ ആർട്ടുകാരുടെ വർക്കുകൾ നോക്കി നിൽക്കും. ഇന്റീരിയർ ഡിസൈനിങ്ങും ഒരുപാട് ഇഷ്ടമാണ്. വർക്കിനു വേണ്ടിയുള്ള യാത്രയിൽ ഞാൻ വീടുകൾ ശ്രദ്ധിക്കും. ഗാർഡൻ ശ്രദ്ധിക്കും. ഇൻഡോർ പ്ലാൻസ് ഒരുപാട് ഇഷ്ടമാണ്. ഞങ്ങളുടെ വീട് ഞാൻ തന്നെയാണ് ഡിസൈൻ ചെയ്യ്തത്.

അരുണ: പുതിയ വർഷം നിറയെ തിരക്കുകളാണ്?

സമീറ: വർക്കിന്റെ തിരക്കുണ്ട്. നന്നായി വർക്ക് ചെയ്യണം. സമാധനത്തോടെ സന്തോഷത്തോടെ ഇരിക്കണം. എല്ലാവർക്കും ഓരോ കഴിവുകൾ ഉണ്ടാകും. അത് തിരിച്ചറിയണം. നമ്മുടെ വിജയത്തിന് ആരുടെയെങ്കിലും സ്വപ്നവും പ്രാർത്ഥനയും ശ്രമവും ഒക്കെ ഉണ്ടാവും. ഉമ്മച്ചി കണ്ട സ്വപ്നമാണ് ഞാനിവിടെ തുന്നി ഉണ്ടാക്കുന്നത്. ക്രിയേറ്റീവായ ഒരു നല്ല വർഷം എല്ലാവർക്കും പ്രാർത്ഥിക്കുന്നു.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് അരുണ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അരുണ

അരുണ

സ്വതന്ത്രമാധ്യമ പ്രവര്‍ത്തകയാണ് അരുണ

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍