UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സംഝോതാ എക്സ്പ്രസ് സ്ഫോടനം: ന്യൂസ് എക്സിന്റെ സംഘപരിവാര്‍ പ്രേമം

Avatar

അഴിമുഖം പ്രതിനിധി

സംഝോതാ എക്സ്പ്രസ് സ്ഫോടനക്കേസിനെക്കുറിച്ചുള്ള ചില ‘വെളിപ്പെടുത്തലുകള്‍’ ന്യൂസ് എക്സ് ചാനലിന്റെ അന്തിച്ചര്‍ച്ചയില്‍ ഉണ്ടായതോടെ അന്വേഷണത്തെക്കുറിച്ച് പല തരത്തിലുള്ള വിവരങ്ങളും പുറത്തെത്തുകയാണ്.

ഇതില്‍ ഏറ്റവും പുതിയതാണ്  ഹരിയാനയില്‍ ക്രമസമാധാന പാലനത്തിന്റെ ചുമതലയുണ്ടായിരുന്ന മുന്‍ ഡിജി വികാസ് നരേന്‍ റായിയുടെ ഇ-മെയില്‍ സന്ദേശം. ഇത് വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയും വാര്‍ത്തകളില്‍ ഇടം പിടിക്കുകയും ചെയ്തു.

മുന്‍പും ഇതേക്കുറിച്ച് ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെങ്കിലും ന്യൂസ് എക്സ് ചാനല്‍, സ്ഫോടന കേസിലെ വിവരങ്ങള്‍ തെറ്റായാണ് അവതരിപ്പിച്ചത് എന്ന ആരോപണത്തോടെ വികാസ് നരൈന്‍ റായ് രംഗത്തെത്തി. ഇതോടെയാണ് ഈ വിഷയം കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്.

ചര്‍ച്ച നടന്ന ദിവസം തന്റെ അഭിമുഖം റെക്കോര്‍ഡ് ചെയ്യാനായി ചാനലില്‍ നിന്നും റിപ്പോര്‍ട്ടര്‍ എത്തുകയും സംസാരിക്കുകയും ചെയ്തുവെന്ന്‍ അദ്ദേഹം പറയുന്നു. എന്നാല്‍ മുസ്ലിം തീവ്രവാദ സംഘടനയായ സിമിയാണ് ഈ ആക്രമണത്തിനു പിന്നില്‍ എന്ന് വരുത്തിത്തീര്‍ക്കാനുള്ള അവരുടെ അജണ്ടയ്ക്ക് വിരുദ്ധമായ തന്റെ മറുപടി അവര്‍ സംപ്രേക്ഷണം ചെയ്യാതിരിക്കുകയാണ് ഉണ്ടായത് എന്നും അദ്ദേഹം ആരോപിക്കുന്നു.

വ്യക്തമായ തിരക്കഥ തയ്യാറാക്കി നടത്തിയ ഒന്നാണ് ന്യൂസ് എക്സില്‍ ‘സംഝോതാ എക്സ്പ്രസ്’ സ്ഫോടനക്കേസിനെക്കുറിച്ച് നടന്ന ചര്‍ച്ച എന്ന് റായ് അഴിമുഖത്തിനോടു വ്യക്തമാക്കി.

‘അവര്‍ക്ക് വ്യക്തമായ ഒരു സ്‌ക്രിപ്റ്റ് ഉണ്ടായിരുന്നു. സിമിയാണ് ആക്രമണത്തിനു പിന്നില്‍ എന്ന് വരത്തക്ക രീതിയില്‍ ക്ലൈമാക്സ്   നേരത്തെ സെറ്റ് ചെയ്തിരുന്ന ചര്‍ച്ചയില്‍ ആവശ്യമുള്ള ഇടങ്ങളില്‍ തെരഞ്ഞെടുത്ത പ്രതികരണങ്ങള്‍ ചേര്‍ക്കുകയാണ് നടന്നത്. എന്റെ വീട്ടില്‍ വച്ച് നടന്ന അര മണിക്കൂറോളം ദൈര്‍ഘ്യമുള്ള അഭിമുഖം അവര്‍ സംപ്രേക്ഷണം ചെയ്തില്ല. അവര്‍ എന്നില്‍ നിന്നും പ്രതീക്ഷിച്ചത് ഹിന്ദുത്വ ഗ്രൂപ്പുകളുടെ പങ്കാളിത്തം ഈ ആക്രമണത്തില്‍ ഉണ്ട് എന്നുള്ളതല്ലായിരുന്നു. മുസ്ലിം തീവ്രവാദത്തെക്കുറിച്ച് പറയാഞ്ഞതിനാല്‍ അഭിമുഖത്തില്‍ നിന്നുമുള്ള ഒരു വരിപോലും ചര്‍ച്ചയില്‍ എത്തിയതുമില്ല. ന്യൂസ് എക്സിന്റെ ചര്‍ച്ചയില്‍ വസ്തുതകള്‍ വികലമാക്കുകയും സിമിയുടെയും മറ്റു ജിഹാദി ഗ്രൂപ്പുകളുടെയും നേര്‍ക്ക് വിരല്‍ ചൂണ്ടുകയും ആണ് ചെയ്യുന്നത്.

ഈ കേസ് അന്വേഷിച്ചപ്പോള്‍ ഹിന്ദുത്വ ഗ്രൂപ്പുകളുടെ പങ്കാളിത്വം ഞങ്ങള്‍ക്ക് വ്യക്തമായതാണ്. ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ന്യൂസ് എക്സ് ചാനലിന്റെ അഭിമുഖത്തില്‍ ഞാന്‍ സംസാരിച്ചതും. ആര്‍എസ്എസ് പ്രചാരക് ആയ സുനില്‍ ജോഷിയുടെയും മറ്റു ചിലരുടെയും പങ്ക് ഇതില്‍ ഉള്ളതായി ഞങ്ങള്‍ ചാര്‍ജ്ജ്ഷീറ്റ് നല്‍കിയിട്ടുമുണ്ട്. അതിന്റെ തന്നെ അടിസ്ഥാനത്തിലാണ് കോടതിയില്‍ കേസ് നടക്കുന്നതും. അക്കാര്യങ്ങള്‍ ഞാന്‍ അവരോടു വ്യക്തമായി പറയുകയും ചെയ്തതാണ്. എന്നാല്‍ ചര്‍ച്ചയെ ചാനല്‍ മുന്‍പോട്ടു കൊണ്ടുപോയത് നേരത്തേ തയ്യാറാക്കിയ സ്ക്രിപ്റ്റിന്റെ അടിസ്ഥാനത്തിലും’– റായ് ആരോപിക്കുന്നു.

എന്നാല്‍ റായ് ചാനലിനു  നല്‍കിയത് പരസ്പര വിരുദ്ധമായ വിവരങ്ങള്‍ ആയതിനാലും കേസ് രാജ്യസുരക്ഷയെ സംബന്ധിച്ചുള്ളതായതിനാലുമാണ് അഭിമുഖം സംപ്രേക്ഷണം ചെയ്യാഞ്ഞത് എന്ന് ചര്‍ച്ചയുടെ അവതാരകനായ രാഹുല്‍ ശിവശങ്കര്‍ മാധ്യമങ്ങളോടു പറഞ്ഞത്‌.

രാഹുലിന്റെ പ്രതികരണത്തിന് വികാസ് നരൈന്‍ റായ് നല്‍കുന്ന മറുപടി ഇതാണ്.

‘അഭിമുഖത്തില്‍ ഞാന്‍ നല്‍കിയത് അന്വേഷണത്തില്‍ നിന്നും ഞങ്ങള്‍ക്ക് ലഭിച്ച വിവരങ്ങളാണ്. ഫയല്‍ ഞാന്‍ പരിശോധിച്ചതിനാല്‍ അതിലെ വിവരങ്ങള്‍ എനിക്ക് വ്യക്തമായി അറിയാവുന്നതുമാണ്. ഞാന്‍ പറഞ്ഞ വിവരങ്ങള്‍ വസ്തുതാവിരുദ്ധമാണോ എന്ന് അറിയുക അത് സംപ്രേക്ഷണം ചെയ്തു കഴിയുമ്പോഴാണ്. ഞാന്‍ പറഞ്ഞത് തെറ്റായ വിവരങ്ങള്‍ ആയിരുന്നു എങ്കില്‍ അത് വ്യക്തമാക്കേണ്ടത് അഭിമുഖം സംപ്രേക്ഷണം ചെയ്തായിരിക്കണമായിരുന്നു. അതവര്‍ ചെയ്യാഞ്ഞതില്‍ നിന്ന് തന്നെ വ്യക്തമായ സ്ഥാപിത താത്പര്യങ്ങളോടു കൂടിയാണ് ചര്‍ച്ച നടന്നത് എന്ന് തെളിയുന്നു’.

ഡല്‍ഹിയില്‍ നിന്നും ലാഹോറിലേക്ക് പോകുന്ന സംഝോതാ എക്സ്പ്രസില്‍ 2007 ഫെബ്രുവരി 18ന് അര്‍ദ്ധരാത്രിയില്‍ നടന്ന സ്ഫോടനത്തില്‍ 68 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ 43 പേര്‍ പാകിസ്താന്‍ സ്വദേശികളായിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെത്തന്നെ ബാധിച്ച ഒന്നായിരുന്നു ഈ ആക്രമണം.

സ്ഫോടകവസ്തുക്കള്‍ വച്ചിരുന്നത് സ്യൂട്ട്കേസുകള്‍ക്കുള്ളിലായിരുന്നു എന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.  അതില്‍ പൊട്ടാതെ അവശേഷിച്ച ഒരു സ്യൂട്ട്കേസാണ് ഇന്‍ഡോറിലേക്ക് അന്വേഷക സംഘത്തെ എത്തിച്ചത്.

എന്നാല്‍ മറ്റൊരു തരത്തിലാണ് ഇത് വ്യാഖ്യാനിക്കപ്പെട്ടത്. ഇന്‍ഡോറില്‍ സിമിയുടെ പ്രവര്‍ത്തനങ്ങള്‍ ആഴത്തില്‍ വേരൂന്നിയിരുന്നു എന്നുള്ള കണ്ടെത്തല്‍ മുന്‍പുണ്ടായിരുന്നു. അതില്‍ മാറ്റമുണ്ടായതും പിന്നീട് ഇന്‍ഡോറില്‍ ഹിന്ദുത്വശക്തികള്‍ ആധിപത്യം സ്ഥാപിച്ചിരുന്നു എന്നുമുള്ള വിവരം മറച്ചു പിടിച്ച് ഹിന്ദുവല്ല മുസ്ലിം തന്നെയാണ് ആക്രമണത്തിനു പിന്നില്‍ എന്ന് സ്ഥാപിക്കാന്‍ കൂടിയുള്ള ശ്രമം ആണ് നടന്നതെന്നും റായ് വ്യക്തമാക്കുന്നു. അന്നത്തെ മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്ക്വാഡ് തലവനായിരുന്ന അന്തരിച്ച ഹേമന്ദ് കര്‍ക്കറെയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നതായും മാലെഗാവ് സ്ഫോടനവും സംഝോതാ എക്സ്പ്രസില്‍ നടന്ന ആക്രമണവും തമ്മില്‍ സമാനതകള്‍ ഉള്ളതേക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു എന്നും അതിന്‍ പ്രകാരം രണ്ട് ആക്രമണത്തിലും ഹിന്ദുത്വ ശക്തികളുടെ പങ്ക് വ്യക്തമായിരുന്നതായും അദ്ദേഹം പറയുന്നു.

2010-ലാണ് ഈ കേസിന്‍റെ അന്വേഷണം നാഷണല്‍ ഇന്‍വെസ്റ്റിഗേറ്റീവ് ഏജന്‍സി (എന്‍.ഐ.എ) ഏറ്റെടുക്കുന്നത്.

ആര്‍. എസ്.എസ് നേതാവായ സ്വാമി അസീമാനന്ദ്‌ ആണ് ആക്രമണത്തിന്റെ സൂത്രധാരന്‍ എന്ന് 2011ല്‍ സമര്‍പ്പിച്ച ചാര്‍ജ്ജ്ഷീറ്റില്‍ എന്‍.ഐ.എ വ്യക്തമാക്കിയിരുന്നു. കൂടാതെ പ്ലാന്‍ നടപ്പിലാക്കിയ സുനില്‍ ജോഷി, ലോകേഷ് ശര്‍മ്മ, സന്ദീപ്‌ ഡാംഗേ, റാംജി കല്‍സംഗ്ര എന്നിവരുടെ പേരുകളും അതിലുണ്ടായിരുന്നു. ഇവര്‍ക്ക് ഇന്‍ഡോറില്‍ വച്ച് നല്‍കിയ പരിശീലനത്തെക്കുറിച്ചും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ആദ്യം കുറ്റസമ്മതം നടത്തിയെങ്കിലും ഭീഷണിപ്പെടുത്തിയതിനാലാണ് അതുണ്ടായത് എന്ന് അസീമാനന്ദ് പിന്നീട് മൊഴി മാറ്റുകയായിരുന്നു. 

ആക്രമണം ആരാണ് നടത്തിയത് എന്നതിനെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ഉണ്ടായിട്ടും ന്യൂസ് എക്സ് ചാനലില്‍ നടന്ന ചര്‍ച്ച ശ്രമിച്ചത് ആക്രമണത്തിനു പിന്നില്‍ മുസ്ലിം തീവ്രവാദ സംഘടനകള്‍ ആണെന്ന് വരുത്തിത്തീര്‍ക്കാന്‍ മാത്രമാണ്. ഇതേ ചാനലിന്റെ ചര്‍ച്ചയില്‍ തന്നെയാണ് ആര്‍വിഎസ് മണി ഐപിഎസ്, കേസിന്റെ വിവരങ്ങള്‍ പരിശോധിച്ചിരുന്നു, ഹിന്ദുത്വ ശക്തികളുടെ ഇടപെടല്‍ തനിക്ക് കണ്ടെത്താനായില്ല എന്നും അഭിപ്രായപ്പെട്ടത്. ഈ പരാമര്‍ശവും റായ് തള്ളിക്കളയുന്നു.

ആര്‍വിഎസ് മണി ഡസ്ക് ഓഫീസര്‍മാരില്‍ ഒരാള്‍ ആയിരുന്നു. അദ്ദേഹം അന്വേഷണ സംഘത്തിന്റെ ഭാഗം പോലുമായിരുന്നില്ല. പേപ്പര്‍ വര്‍ക്കുകള്‍ മാത്രം കൈകാര്യം ചെയ്തിരുന്ന വ്യക്തിയെ ഇത്തരം അടിസ്ഥാനരഹിതമായ പരാമര്‍ശങ്ങള്‍ പുറത്തുവിടാന്‍ പ്രേരിപ്പിച്ചത് രാഷ്ട്രീയ സമ്മര്‍ദ്ദമായിരിക്കും’- റായ് വ്യക്തമാക്കുന്നു.

അഭിമുഖത്തില്‍ വ്യക്തമാക്കിയ വിവരങ്ങള്‍ വസ്തുനിഷ്ഠമായിട്ടുകൂടി അതിനെ മറച്ചു വച്ചുകൊണ്ട് ന്യൂസ് എക്സ് നടത്തിയ ചര്‍ച്ച ഹിന്ദുത്വ ഗ്രൂപ്പുകളുടെ പങ്ക് ഈ കേസില്‍ ഇല്ല എന്ന് വരുത്തിത്തീര്‍ക്കാന്‍ വേണ്ടി മാത്രമാണ് എന്നാണ് ഇതില്‍ നിന്നും വ്യക്തമാവുന്നത്. സംഘപരിവാറിന്റെ പേര് സംഭവത്തില്‍ നിന്നും മായ്ക്കാന്‍ വേണ്ടി കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകളാണ് ഇതിനു പിന്നില്‍ എന്ന് പരക്കെ ആരോപണം ഉയരുന്നുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍