UPDATES

യാത്ര

സമ്മക്ക സാരക്ക ജാത്ര

Avatar

റഊഫ് കടവനാട്

രാത്രി ഓഫീസിലെ ജോലി കഴിഞ്ഞു സെക്കന്ദരാബാദില്‍ നിന്ന് വാറങ്കലിലേക്ക് ഞങ്ങള്‍ യാത്ര തുടങ്ങുമ്പോള്‍ പകല്‍ തിരക്കുകളില്‍ ഞെരിഞ്ഞമര്‍ന്ന ഹൈദരാബാദ് നഗരത്തിലെ തെരുവുകളില്‍ ആരവങ്ങളടങ്ങിത്തുടങ്ങിയിരുന്നു. നഗരത്തിന്റെ അതിര്‍ത്തി പിന്നിട്ട് നല്‍ഗൊണ്ടയിലെ ഗ്രാമങ്ങളിലൂടെ പോകുന്ന ദേശീയ പാതയിലേക്ക് പ്രവേശിച്ചതോടെ ആകാശം കൂടുതല്‍ തെളിഞ്ഞു നക്ഷത്രങ്ങളെ കാണാറായി. ഒരു പക്ഷെ ഹൈദരാബാദ് നഗരത്തിലെ വായു മലിനീകരണം ചില സമയങ്ങളില്‍ നക്ഷത്രങ്ങളെപ്പോലും മറക്കുവാന്‍ കെല്‍പുള്ളതാവണം. അര്‍ദ്ധരാത്രി കഴിഞ്ഞു ഒരു ഗ്രാമത്തിലെത്തിയപ്പോള്‍ ഞങ്ങള്‍ വണ്ടി നിര്‍ത്തി ശുദ്ധവായു വേണ്ടുവോളം ശ്വസിച്ചു. ഇരുചക്ര വാഹനമായതുകൊണ്ട് ഇടയ്ക്കിടെ നിര്‍ത്തി വിശ്രമിച്ചില്ലെങ്കില്‍ ലക്ഷ്യസ്ഥാനമെത്തുമ്പോഴേക്ക് നടുവൊടിയും.

ഹൈദരാബാദില്‍ നിന്ന് 240 കിലോമീറ്റെര്‍ അകലെ, വാറങ്കലിന്റെ ഒരറ്റത്ത് കിടക്കുന്ന തെലങ്കാനയുടെ അതിര്‍ത്തി ഗ്രാമമായ മേധാറാം ലക്ഷ്യമിട്ടാണ് ബംഗാളി സുഹൃത്തിനൊപ്പം യാത്ര തിരിച്ചത്. പതിമൂന്നാം നൂറ്റാണ്ടിലെ, തെന്നിന്ത്യയിലെ കാകാത്തിയ രാജാവിന്റെ എകാധിപത്യത്തെ പിടിച്ചുകുലുക്കിയ ഒരു ആദിവാസി ഗോത്ര വനിതയുടേയും അവരുടെ മകളുടേയും വീരേതിഹാസ കഥകളുറങ്ങുന്ന ഗ്രാമം. നാം കേരളീയര്‍ അധികമൊന്നും കേള്‍ക്കാനിടയില്ലാത്ത ആദിവാസി സ്ത്രീകരുത്ത് ഇതിഹാസം സൃഷ്ടിച്ച ഈ ഗ്രാമത്തിലാണ് ഇന്ത്യയിലെ ആദിവാസി ഗോത്രങ്ങളുടെ ഏറ്റവും വലിയ ഉത്സവം രണ്ടു വര്‍ഷത്തിലൊരിക്കല്‍ അരങ്ങേറുന്നത്.

ഏഷ്യയിലെ തന്നെ എറ്റവും വലിയ ആദിവാസി ഗോത്ര ഉത്സവങ്ങളിലൊന്നായ മേധാറാം ജാത്രയില്‍ (സമ്മക്ക സാരക്ക ജാത്ര) ഒരു കോടിയോളം പേരാണ് കഴിഞ്ഞ തവണ പങ്കെടുത്തതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു. നാലു ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവത്തിനു ഈ വര്‍ഷം അതിലേറെ തീര്‍ത്ഥാടകര്‍ വരുമെന്നാണ് വാറങ്കല്‍ ജില്ലാ കളക്ടര്‍ പറഞ്ഞിരുന്നത്. തെലങ്കാന, ആന്ധ്ര പ്രദേശ്, മധ്യപ്രദേശ്, ഒഡീഷ, ഛത്തീസ്ഗഢ് , മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ ഒട്ടുമിക്ക ആദിവാസി ഗോത്ര വര്‍ഗക്കാരും ഉത്സവം നടക്കുന്ന നാലു ദിവസങ്ങില്‍ ഈ ഗ്രാമത്തിലെത്തും. 1998ലാണ് ഈ ഉത്സവത്തെ സര്‍ക്കാര്‍ സംസ്ഥാന ഉത്സവങ്ങളിലൊന്നായി പ്രഖ്യാപിച്ചിത്.

കോയ ആദിവാസി ഗോത്രത്തിന്റെ റാണിയായ സമ്മക്കയും അവരുടെ മകളായ സാരക്കയുമാണ് മേധാറാമിലെ ഇതിഹാസ വനിതകള്‍. സമ്മക്ക ദേവിയുടെ വിഗ്രഹം പ്രതിഷ്ഠിക്കലും, ഗോദാവരി നദിയുടെ കൈവഴിയായ ജമ്പണ്ണ വാഗുവില്‍ മുങ്ങി പാപമുക്തി നേടലും, ദേവിക്ക് ബലിയും വഴിപാടും സമര്‍പ്പിക്കലുമാണ് ഉത്സവത്തിലെ പ്രധാന കര്‍മങ്ങള്‍. അവിടെ വേദാനുഷ്ഠാനങ്ങളില്ല, ഉന്നതകുലജാതരായ പൂജാരിമാരും.

ഞങ്ങളുടെ ബൈക്ക് യാത്ര വാറങ്കല്‍ പ്രധാന നഗരത്തിലേക്കു അടുക്കും തോറും ദേശീയപാതയില്‍ തീര്‍ത്ഥാടകരുടെ വാഹനങ്ങളും ഏറി വന്നു. കുടുംബ സമേതം ആന്ധ്രപ്രദേശില്‍ നിന്നും ഒഡീഷയില്‍ നിന്നും വരുന്ന ആദിവാസി തീര്‍ത്ഥാടകരാണ് അധികവും. വാറങ്കല്‍ നഗരത്തില്‍ നിന്ന് നൂറോളം കിലോമീറ്റര്‍ ദൂരമുണ്ട് മേധാറാം ഗ്രാമത്തിലേക്ക്. പുലര്‍ച്ചെ മൂന്നു മണിക്കും ചായക്കടകളും ഭക്ഷണശാലകളും തുറന്നു തന്നെയിരിക്കുന്നു. മേധാറാമിലേക്ക് പോകുന്നവരുടെ വിശപ്പകറ്റാന്‍ ഉത്സവത്തിന്റെ നാലു ദിവസവും അവ തുറന്നിരിക്കും.

ചായ കുടിച്ചു ഞങ്ങള്‍ യാത്ര തുടര്‍ന്നു. ഇരുപതു കിലോമീറ്റര്‍ പിന്നിട്ടപ്പോഴേക്കും തീര്‍ത്ഥാടകരുടെ വാഹനങ്ങളുടെ എണ്ണം പ്രതീക്ഷിച്ചതിലേറെ വര്‍ദ്ധിച്ചു. പായുന്ന ബസുകള്‍ക്കും, ജീപ്പുകള്‍ക്കും, തീര്‍ത്ഥാടകരെ കുത്തി നിറച്ച ട്രാക്ടറുകള്‍ക്കുമിടയില്‍ ഇഴഞ്ഞ് നീങ്ങുന്ന കാളവണ്ടികളും. മേധാറാമിലേക്ക് അടുക്കും തോറും കാളവണ്ടികളുടെ എണ്ണം കൂടിക്കൂടി വന്നു. 1994 വരെ ഇവിടെ റോഡുകള്‍ ഉണ്ടായിരുന്നില്ല. എല്ലാ തീരത്ഥാടകരും കാളവണ്ടികളെയായിരുന്നു ആശ്രയിച്ചിരുന്നത്. മേധാറാം ജാത്രയുടെ പ്രൗഢി എന്ന പോലെ ഇന്നും പലരും ഈ പാരമ്പര്യം തുടരുന്നു.

ആധുനികത ഈ ആദിവാസി ഉത്സവത്തേയും പുണരാന്‍ തുടങ്ങിയിരിക്കുന്നു. ഈ വര്‍ഷം പണക്കാരായ വിനോദ സഞ്ചാരികള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും മേധാറാമിലേക്ക് പോകാന്‍ ഹൈദരാബാദില്‍ നിന്ന് ഹെലിക്കോപ്റ്ററുകളുണ്ട്. രണ്ടു സ്വകാര്യ കമ്പനികള്‍ നടത്തുന്ന ഈ സര്‍വീസിനു ഒരാള്‍ക്കു അര ലക്ഷം രൂപയിലധികമാണ് നിരക്ക്. ഉത്സവത്തിനു വേണ്ടി മാത്രമായി വാറങ്കല്‍ പൊലീസ് ഒരു സ്മാര്‍ട്ട് ഫോണ്‍ അപ്ലിക്കേഷനും പുറത്തിറക്കി. ഉത്സവത്തിന്റെ പരിപാടിക്രമങ്ങളും, വാഹന പാര്‍ക്കിംഗ് വിവരങ്ങളും, മേധാറാമിലെ പ്രധാന ആരാധനാസ്ഥലങ്ങളിലേക്കുള്ള മാപ്പും അടങ്ങിയതാണീ ആപ്. 4000 ബസ്സുകളാണ് മേധാറാമിലേക്ക് ഇത്തവണ തീര്‍ത്ഥാടകര്‍ക്ക് വേണ്ടി മാത്രം സര്‍ക്കാര്‍ പ്രത്യേകം വിട്ടു കൊടുത്തിരിക്കുന്നത്.

മേധാറാമില്‍ എത്തുന്നതിനു പത്തു പന്ത്രണ്ടു കിലോമീറ്റര്‍ ഇപ്പുറം തൊട്ടു തന്നെ റോഡില്‍ വാഹനത്തിരക്കേറുകയും ഗതാഗതം മന്ദഗതിയിലാകുകയും ചെയ്തു. റോഡിനിരുവശത്തും ആള്‍താമസമില്ലാത്ത വിജനമായി പരന്നു കിടക്കുന്ന കുറ്റിക്കാടുകളും വയല്‍ പ്രദേശങ്ങളുമാണ്. ഉത്സവം തുടങ്ങിയതോടെ തീര്‍ത്ഥാടകര്‍ താല്‍കാലിക തമ്പുകള്‍ കെട്ടി താമസം തുടങ്ങിയിരിക്കുന്നു. മേധാറാമിലെത്തുന്നതു വരെ അയിരക്കണക്കിന് തമ്പുകള്‍ മങ്ങിയ വെളിച്ചത്തില്‍ ഞങ്ങള്‍ കണ്ടു. റോഡിലെ വാഹനത്തിരക്കിലൂടെ ഒരു മണിക്കൂറോളം ഇഴഞ്ഞു നീങ്ങി ഗ്രാമാതിര്‍ത്തിയിലെത്തിയപ്പോഴേക്കും കിഴക്ക് വെള്ള കീറിയിരുന്നു. നേരിയ തണുത്ത കാറ്റും ആദിവാസി വനിതയുടെ മുഖം പോലെ അരുണാഭമായ ആകാശവും മേധാറാമിലേക്ക് കാലുകുത്തിയ ഞങ്ങളെ ചെറുതായൊന്നു കോരിത്തരിപ്പിച്ചു.

മണിക്കൂറുകളോളം ബൈക്കോടിച്ച ക്ഷീണവും ഉറക്കച്ചടവും വകവെക്കാതെ വണ്ടി നിര്‍ത്തി ഞങ്ങള്‍ ഏക്കറുകളോളം പറന്നു കിടക്കുന്ന ഉത്സവപ്പറമ്പ് ലക്ഷ്യമാക്കി നടന്നു. ടാറിടാത്ത നടപ്പാതകളാണ് ഈ ഗ്രാമത്തില്‍ ഏറെയും. ഉത്സവപ്പറമ്പ് അടുക്കുംതോറും തീര്‍ത്ഥാടകരുടെ എണ്ണം കൂടി വന്നു. ആകാശത്തിന്റെ ചുവപ്പ് മാറി പകല്‍ വെളിച്ചം മേധാറാമിനെ പുണര്‍ന്നു തുടങ്ങി. ലക്ഷക്കണക്കിന് മനുഷ്യര്‍ ഒന്നിച്ചു നടക്കുമ്പോള്‍ നടപ്പാതകളില്‍ നിന്നുയരുന്ന പൊടിപടലങ്ങള്‍ക്കിടയിലൂടെ അങ്ങ് ദൂരെ ജമ്പണ വാഗു നദി കണ്ടു. ഗോദാവരിയില്‍ നിന്നൊഴുകി വരുന്ന ആ വീതി കുറഞ്ഞ നദിക്കപ്പുറമാണ് സമ്മക്ക ദേവിയുടെ പ്രതിഷ്ഠയുള്ള ക്ഷേത്രമുള്ളത്. മുമ്പില്‍ നടന്നു നീങ്ങുന്ന സ്ത്രീകളും കുട്ടികളും സമമക്ക ദേവിയുടെ സമാനതകളില്ലാത്ത കരുത്തിനെപ്പറ്റി പുകഴ്ത്തിപ്പാടിക്കൊണ്ടിരിക്കുന്നു.

സമ്മക്കയെ പറ്റിയുള്ള കഥകള്‍ ആദിവാസികള്‍ക്കിടയില്‍ വളരെ പ്രശസ്തമാണ്. ചരിത്രവും, ഇതിഹാസവും, പുരാണവും ഇടകലര്‍ന്ന ഈ കഥകള്‍ വാമൊഴിയായി ഇന്ത്യയിലെ പല ആദിവാസി സമൂഹങ്ങള്‍ക്കിടലയിലും പ്രചരിച്ചിരിച്ചിട്ടുണ്ട്. പതിമൂന്നാം നൂറ്റാണ്ടില്‍ മേധാറാമിലെ ആദിവാസികളായ കോയ ഗോത്ര സമൂഹം അന്ന് രാജ്യം ഭരിച്ചിരുന്ന കാകാത്തിയ സാമ്രാജ്യത്തിന് കരം കൊടുത്തു അവരുടെ കനിവില്‍ ജീവിക്കുന്നവരായിരുന്നു. മക മാസത്തിലെ പൂര്‍ണ്ണ ചന്ദ്രന്‍ ഉദിച്ച ഒരു രാത്രി, ഗോത്രത്തലവന്‍മാര്‍ നായാട്ടു കഴിഞ്ഞു മടങ്ങവെ വനത്തിനുള്ളില്‍ ഒരിടത്ത് കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചം കണ്ടു. വെളിച്ചത്തിന് ചുറ്റും കുറെ കടുവകളും. അടുത്തെത്തിയപ്പോള്‍ അവര്‍ തിരിച്ചറിഞ്ഞു, ആഴ്ചകള്‍ മാത്രം പ്രായമുള്ള ഒരു പെണ്‍കുഞ്ഞ് കടുവകള്‍ക്കു നടുവില്‍ കളിച്ചുകൊണ്ടിരിക്കുന്നു. ഗോത്രത്തലവന്‍ ആ കുട്ടിയെ എടുത്ത് ഗ്രാമത്തിലേക്ക് കൊണ്ടുവന്നു സമ്മക്ക എന്ന് പേരിട്ടു. സ്വന്തം കുഞ്ഞിനെപ്പോലെ വളര്‍ത്തി. സമ്മക്ക വളര്‍ന്നു സുന്ദരിയായ സ്ത്രീയായപ്പോള്‍ പുതിയ ഗോത്ര തലവനായ പഗിട രാജു അവരെ വിവാഹം കഴിച്ചു. അവര്‍ക്ക് മൂന്ന് കുട്ടികളുണ്ടായി. രണ്ടു പെണ്‍കുട്ടികള്‍ക്ക് സാരക്കയെന്നും നഗുലമ്മയെന്നും ആണ്‍കുട്ടിക്കു ജമ്പണ്ണ എന്നും പേരിട്ടു.

ആയിടക്കാണ് ഗോദാവരി നദി വരളാന്‍ തുടങ്ങിയത്. ആ വരള്‍ച്ച ഒരു വര്‍ഷത്തിലധികം നീണ്ടു നിന്നു. മേധാറാമിലെക്കൊഴുകുന്ന കൈവഴിയിലും വെള്ളം വറ്റി. കോയ സമുദായം ദാഹിച്ചു മരിച്ചു തുടങ്ങി. കഷ്ടപ്പാടിനിടയിലും, അവര്‍ കാകാത്തിയ രാജാവിന് കരം കൊടുക്കാന്‍ നിര്‍ബന്ധിതരായി. ബുദ്ധിമുട്ട് സഹിക്കവയ്യാതായപ്പോള്‍ ആദിവാസി നേതാവ് പഗിട രാജു കരം കൊടുക്കില്ലെന്ന് തീരുമാനിച്ചു. തന്റെ ആജ്ഞ ധിക്കരിച്ച കോയ ഗോത്രത്തെ ഉന്മൂലനം ചെയ്യാന്‍ കാകാത്തിയ ഭരണാധികാരി സൈന്യത്തെ സന്നാഹങ്ങളുമായി മേധാറാമിലേക്കയച്ചു. പ്രധിരോധിക്കാന്‍ തീരുമാനിച്ച ആദിവാസി മക്കള്‍ ഗോധാവരിയുടെ കൈവഴിക്കിപ്പുറം നിലയുറപ്പിച്ചു. പിന്നീട് നടന്ന ഘോര യുദ്ധം പില്‍കാലത്ത് ഇതിഹാസമായി മാറി.

മികച്ച പരിശീലനവും യുദ്ധ സന്നാഹങ്ങളോടും കൂടിയ കാകാത്തിയ സൈന്യത്തിന് മുന്‍പില്‍ ആദിവാസികള്‍ക്ക് പിടിച്ചു നില്‍കാനായില്ല. പഗിട രാജുവും മകന്‍ ജമ്പണ്ണയും കൊല്ലപ്പെട്ടു. വാര്‍ത്തയറിഞ്ഞു മകള്‍ സാരക്ക പടക്കളത്തിലിറങ്ങി വീറോടെ പോരാടി മരണം വരിച്ചു. നേതൃത്വം നഷ്ടപ്പെട്ട ആദിവാസിപ്പോരാളികളെ നയിക്കാന്‍ സമ്മക്ക പോര്‍ക്കളത്തിലിറങ്ങി. മക്കളും ഭര്‍ത്താവും നഷ്ടപ്പെട്ട സമ്മക്കയുടെ പ്രതികാര ദാഹത്തിനു മുന്‍പില്‍ കാകാത്തിയ സൈന്യത്തിനു പിടിച്ചു നില്‍കാന്‍ ക്ലേശിക്കേണ്ടി വന്നു. അതുവരെ പല രാജ്യങ്ങളും പിടിച്ചടക്കിയ സൈന്യം ചിതറിയോടാന്‍ തുടങ്ങിയപ്പോള്‍ കാകാത്തിയ രാജാവ് സമ്മക്കയുടെ പോരാട്ട വീര്യം തിരിച്ചറിഞ്ഞു. യുദ്ധം നിര്‍ത്താന്‍ രാജാവ് ഒരു സമാധാന ഉടമ്പടി മുന്നോട്ടു വച്ചു. രാജാവ് അദ്ദേഹത്തിന്റെ പ്രധാനമന്ത്രിയെ അയച്ചു സമ്മക്കയെ കാകാത്തിയ രാജ്യത്തിന്റെ റാണിയായി നിയമിക്കണമെന്ന ആഗ്രഹം അറിയിച്ചു. പക്ഷെ പ്രലോഭനങ്ങള്‍ക്ക് വഴങ്ങാതെ സമ്മക്ക ഉടമ്പടി നിരസിച്ചു. യുദ്ധം തുടര്‍ന്നു. ദിവസങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ സമ്മക്കക്ക് ഗുരുതരമായി മുറിവേറ്റു. രക്തമൊഴുകുന്ന ശരീരവുമായി സമ്മക്ക കാകാത്തിയ രാജ്യത്തെ ശപിച്ചു. ഏകാധിപത്യത്തിനു കീഴില്‍ നരകിക്കുന്ന ഗോത്രങ്ങളെ സംരക്ഷിക്കുമെന്നു ആദിവാസി മക്കള്‍ക്ക് വാക്ക് കൊടുത്തുകൊണ്ട് വനത്തിലേക്ക് പോയ സമ്മക്ക പിന്നീട് മരങ്ങള്‍ക്കിടയില്‍ അപ്രത്യക്ഷയായി എന്നാണ് ഐതിഹ്യം. സമ്മക്കയെ പിന്തുടരാന്‍ ശ്രമിച്ച ആദിവാസികള്‍ എത്തിപ്പെട്ടത് അവരെ കുഞ്ഞായിരിക്കുമ്പോള്‍ കണ്ടുകിട്ടിയ അതെ സ്ഥലത്തായിരുന്നു. ഒരു സിംഹത്തിന്റെ കാലടിയും, സിന്ദൂരപ്പൊടിയുടെ കൂമ്പാരവും, കുറെ പൊട്ടിയ വളകളും അവരവിടെ കണ്ടു. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കാകാത്തിയ സാമ്രാജ്യവും തകര്‍ന്നു. ആ കരുത്തുറ്റ സാമ്രാജ്യത്തിനു സമ്മക്കയുടെ ശാപമേറ്റതാണെന്നു ഇന്നും ആദിവാസികള്‍ വിശ്വസിക്കുന്നു. മേധാറാമിലൂടെ ഒഴുകുന്ന ഗോദാവരിയുടെ കൈവഴിക്കു സമ്മക്കയുടെ മകന്റെ പേര് ലഭിച്ചു: ‘ജമ്പണ്ണ വാഗു’. സമ്മക്കയെ കുഞ്ഞായിരിക്കുമ്പോള്‍ കണ്ടു കിട്ടിയ സ്ഥലം ചിലക്കാല ഗുട്ട എന്നും അറിയപ്പെട്ടു.

അള്‍കൂട്ടത്തിലൂടെ നടന്നു ഞങ്ങള്‍ ജമ്പണ്ണ വാഗു എത്തിയപ്പോഴേക്കും സുര്യന്റെ ചൂട് കൂടിയിരുന്നു. ഒരു മൈലിലധികം നീണ്ടു കിടക്കുന്ന നദിയുടെ ഇരു കരകളിലും ലക്ഷക്കണക്കിന് ആദിവാസി തീര്‍ത്ഥാടകര്‍ തടിച്ചു കൂടിയിരിക്കുന്നു. ജീവിതത്തില്‍ ഇന്നോളം ചെയ്ത പാപങ്ങള്‍ കഴുകിക്കളയാന്‍ നദിയിലിറങ്ങി മുങ്ങി കയറുന്ന മഹാ ജനസഞ്ചയം. ആദിവാസി വിശ്വാസ പ്രകാരം സമ്മക്ക ദേവിയുടെ പ്രഭാവലയം ഈ നാലു ദിവസങ്ങളിലായി വാഗുവില്‍ ഇറങ്ങുന്നവരെ പാപമുക്തരാക്കും. നദിക്കൊരു വശത്ത് തല മുണ്ഡനം ചെയ്യുന്ന പുരുഷന്മാരും കുട്ടികളും, അതിനടുത്തു നാഗ വിഗ്രഹങ്ങള്‍ക്ക് മുമ്പില്‍ വഴിപാട് നടത്തുന്ന സ്ത്രീകളും നദിയില്‍ മുങ്ങിക്കയറിവരാണ്.

ജമ്പണ്ണ വാഗുവിലെ ജലത്തിന് മേധാറാമിലെ നടപ്പാതകളില്‍ മഴ പെയ്താലുണ്ടാകുന്ന ചളിയുടെ നിറമാണ്. വര്‍ഷങ്ങളായി സര്‍ക്കാരുകള്‍ വായിട്ടലക്കുകയല്ലാതെ മലിനീകരിക്കപ്പെട്ട നദിയെ ശുദ്ധമാക്കാന്‍ വലിയ തോതിലുള്ള നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. തെലങ്കാന സംസ്ഥാന രൂപീകരണത്തിന് ശേഷം ഉണ്ടായ ആദ്യത്തെ ഉത്സവമായതുകൊണ്ട്, പുതിയ സംസ്ഥാനത്തെ ആദ്യ സര്‍ക്കാര്‍ 101 കോടി രൂപയാണ് ഇത്തവണ ഉത്സവത്തിന്റെ നടത്തിപ്പിന് വേണ്ടി മാറ്റി വെച്ചത്. നദിയുടെ ചില വശങ്ങളില്‍ അടിഞ്ഞു കൂടിയ പ്ലാസ്റ്റിക് കൂമ്പാരം മാലിന്യ നിര്‍മാര്‍ജ്ജനത്തിന്റെ കാര്യക്ഷമത കാട്ടിത്തരും.

ജമ്പണ്ണ വാഗുവില്‍ നിന്ന് ഞങ്ങള്‍ സമ്മക്കയുടെ പ്രതിഷ്ഠയുള്ള അമ്പലത്തിലേക്ക് നടന്നു. വഴിക്കിരുവശത്തുമുള്ള കൊയ്ത്തിറക്കാത്ത പാടങ്ങളില്‍ തീര്‍ഥാടകര്‍ താല്‍കാലിക തമ്പുകള്‍ സഥാപിച്ചിരിക്കുന്നു. ഗ്രാമത്തിലുടനീളമുള്ള എല്ലാ പാടങ്ങളിലും ഇത്തരത്തിലുള്ള ലക്ഷക്കണക്കിന് തമ്പുകളുണ്ട്. ഒട്ടുമിക്ക തീര്‍ത്ഥാടകരും നാലു ദിവസം ഇവിടെയാണ് താമസിക്കുക. ഞങ്ങളുടെ മുന്നില്‍ നടക്കുന്ന ഒട്ടു മിക്ക പേരും വലിയ ശര്‍ക്കര കട്ടകള്‍ ചുമന്നാണ് നടക്കുന്നത്. പലരുടെയും കയ്യില്‍ കോഴികളും, ആട്ടിന്‍ കുട്ടികളുമുണ്ടായിരുന്നു. സമമക്ക ദേവിക്ക് സമര്‍പ്പിക്കാനുള്ള വഴിപാടുകളാണ് അവയെല്ലാം. ഉത്സവത്തിന്റെ ആദ്യ ദിവസം സമമക്ക ദേവിയെ ചിലക്കാല ഗുട്ട വനത്തില്‍ നിന്ന് പ്രതീകാത്മകമായി എഴുന്നള്ളിച്ചു ക്ഷേത്രത്തിലെത്തിക്കും. മുള വടികളും സിന്ദൂരമടങ്ങുന്ന ചെറിയ പെട്ടികളുമാണ് ദേവിയുടെ പ്രതീകങ്ങള്‍. ഉത്സവത്തിന്റെ അവസാന ദിവസം ഇതേപോലെ ദേവിയെ ചിലക്കാല ഗുട്ടയിലേക്ക് തിരിച്ചെത്തിക്കും. ഈ ‘വനപ്രവേശമാണു’ ഉത്സവത്തിന്റെ അവസാനം കുറിക്കുന്ന ആചാരം. മക മാസത്തിലെ നാലു ദിവസങ്ങളാണ് ഉത്സവം നടക്കുന്നത്. ഈ പ്രാവശ്യം അത് ഫെബ്രുവരി 17 മുതല്‍ 20 വരെ ആയിരുന്നു. ഇനി അടുത്ത ഉത്സവം 2018ലെ ഉണ്ടാകൂ.

ദൂരെ കാണാവുന്ന ക്ഷേത്രത്തിനു ചുറ്റുമുള്ള തീര്‍ത്ഥാടകരുടെ എണ്ണം കണ്ടപ്പോള്‍ ഒരു കാര്യം മനസ്സിലായി. ഇന്നൊരിക്കലും ക്ഷേത്രത്തിന്റെ നാലയലത്ത് പോലും എത്താന്‍ കഴിയില്ല. അത്രയധികം ആളുകളുണ്ട്. ക്ഷേത്രത്തിലേക്ക് സര്‍ക്കാര്‍ റോഡ് പണിഞ്ഞിട്ടുണ്ട്. ഇരുവശത്തും പരന്നു കിടക്കുന്ന പാടത്തു വ്യാപാരികളുടെ ബഹളം. ട്രാക്ടര്‍ മുതല്‍ താഴ്ന്ന തരം മദ്യം വരെ കിട്ടുന്ന സ്റ്റാളുകള്‍ നിര നിരയായി നില്‍കുന്നു. പല തീര്‍ത്ഥാടകരും ബലിമൃഗങ്ങളെ വാങ്ങിക്കുന്നതും ഈ കമ്പോളത്തില്‍ നിന്നാണ്.

നടന്നു നീങ്ങുന്ന തീര്‍ഥാടകര്‍ക്കിടയില്‍ ഒരു കൂട്ടം സ്ത്രീകള്‍ നൃത്തം വെക്കുന്നു. സമ്മക്കയെ പുകഴ്ത്തി പാടുന്ന ആ കൂട്ടത്തില്‍ പക്ഷെ സ്ത്രീകള്‍ മാത്രമായിരുന്നില്ല. ആദിവാസി സ്ത്രീകളപ്പോലെ പല നിറങ്ങളി വസ്ത്രം ധരിച്ച ഭംഗിയുള്ള തടിച്ച കാല്‍ത്തളകളിട്ട ഭിന്നലിംഗക്കാരുമുണ്ട്. മറ്റു തീര്‍ഥാടകരെപ്പോലെ തന്നെ മിക്ക സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭിന്നലിംഗക്കാരും മേധാറാം ജാത്രയ്ക്ക് എത്തുന്നു. മുഖ്യധാര സമൂഹത്തില്‍ അവര്‍ അഭിമുഖീകരിക്കുന്ന അവഹേളനം സമ്മക്കയുടെ ഗ്രാമത്തില്‍ അവര്‍ നേരിടില്ല. സമ്മക്കയുടെ പ്രഭാവത്തില്‍ ലിംഗഭേദമന്യേ എല്ലാവരും തുല്യരാണ്.

കുറച്ചു കൂടി മുന്നോട്ട് പോയപ്പോള്‍ വഴിക്കിരുവശവും ആദിവാസി പുരോഹിതരേയും മന്ത്രവാദികളേയും കാണാന്‍ തുടങ്ങി. ചിലര്‍ ദേഹമാസകലം സിന്ദൂരം വാരിപ്പൂശിയിരിക്കുന്നു. ഒട്ടു മിക്കവരും മയില്‍പ്പീലി കൊണ്ടുള്ള കിരീടം ചൂടിയിട്ടുണ്ട്. തീര്‍ത്ഥാടകരുടെ ജീവിത പ്രശ്‌നങ്ങള്‍ക്ക് അവര്‍ ഉത്തരങ്ങള്‍ കൊടുക്കും. സമ്മക്ക ദേവിയെ പ്രീതിപ്പെടുത്താനും ജീവിതത്തിലെ ആഗ്രഹങ്ങള്‍ നേടാനുമുള്ള ഉപായങ്ങള്‍ അവര്‍ പഠിപ്പിച്ചു കൊടുക്കും. അവരുടെ കയ്യില്‍ മന്ത്രിച്ച തകിടുകളുണ്ട്, മന്ത്രം കൊത്തിയ ഇലകളും, പലകകളുമുണ്ട്. തീര്‍ഥാടകര്‍ ആവശ്യം പറഞ്ഞു മുന്‍പില്‍ പണം വെച്ച് കൊടുത്താല്‍ മാത്രം മതി.

മന്ത്രവാദികള്‍ മാത്രമല്ല മന്ത്ര തകിടുകള്‍ വില്‍കുന്നത്, വേറെയും ഒരു കൂട്ടം സ്ത്രീകളുണ്ട്. അവരുടെ കയ്യില്‍, പുലിയുടെയും, കടുവയുടെയും, കരടിയുടെയും നഖങ്ങളുണ്ട്. പക്ഷിത്തോലുണ്ട്, അപൂര്‍വമായ സുഗന്ധ വ്യഞ്ജനങ്ങളും ഔഷധച്ചെടികളുമുണ്ട്. അവര്‍ക്കിടയില്‍ പുലിത്തോല്‍ പോലെ വസ്ത്രം ധരിച്ച ഒരു സ്ത്രീയുടെ മുമ്പില്‍ വില്‍ക്കാന്‍ വെച്ചിരിക്കുന്നതെന്തെന്നു ആകാംഷയോടെ നോക്കി. ഒരു കരടിയുടെ കൈപ്പത്തിയും തോലും! കല്ലില്‍ കൊത്തിയ ആദിവാസി ദൈവങ്ങളും ചിഹ്നങ്ങളും ഇവിടെ ഏറ്റവു കൂടുതല്‍ വിറ്റു പോകുന്നു. പലതരം ആദിവാസി കലാരൂപങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള പ്രത്യക സ്റ്റാളുകളും സമ്മക്കയുടെ കഥപറയുന്ന പാവ കളിയും റോഡിനിരുവശവും കാണാം.

അമ്പലത്തിനടുത്തെത്താന്‍ ഇനി വഴിയില്ല. തൊട്ടടുത്ത ഭക്ഷണ ശാലയില്‍ നിന്ന് അല്‍പ്പം അകത്താക്കി സമ്മക്കയുടെ വനത്തിലേക്ക് നടക്കാന്‍ തീരുമാനിച്ചപ്പോഴേക്കും ഉച്ചയായി. ചിലക്കാല ഗുട്ടയിലേക്ക് മൂന്ന് കിലോമീറ്റെറെങ്കിലും നടക്കണം. അവിടെക്കും ജനപ്രവഹമാണ്. മേധാറാം ജാത്രക്ക് പൊതുവെ ഒരു ചുവന്ന നിറമാണ്. സിന്ധൂരമാണ് വനത്തിലേക്ക് നടക്കുന്ന എല്ലാ സ്ത്രീകളുടെയും കയ്യില്‍. വനത്തിനുള്ളില്‍ പല സ്ഥലങ്ങളിലും സമ്മക്കയുടെ ബിംബങ്ങളുണ്ട്. അവയ്ക്കും കടും ചുവപ്പ് നിറമാണ്. പ്രതിഷ്ഠയ്ക്ക് ചുറ്റും വാരി വിതറിയിരിക്കുന്ന സിന്ദൂരം അടുത്തുള്ള വൃക്ഷങ്ങളെപ്പോലും രക്തശോഭയില്‍ മുക്കിയിരിക്കുന്നു.

ചിലക്കാല ഗുട്ടയില്‍ സമ്മക്കയെ ശിശുവായി കണ്ടു കിട്ടിയ സ്ഥലം ഇന്നൊരു രഹസ്യമാണ്. പ്രധാന പൂജാരിക്കും അയാളുടെ അനുയായികള്‍ക്കും മാത്രമേ അതറിയൂ. വനത്തില്‍ ഒരിടത്തെത്തിക്കഴിഞ്ഞല്‍ പിന്നെ ആര്‍ക്കും അവിടന്നങ്ങോട്ട് പ്രവേശനമില്ല. ദേവിയെ എഴുന്നെള്ളിക്കുന്നതും കാത്ത് ജനങ്ങള്‍ അവിടെ കത്തു നില്‍ക്കണം. പൂജാരിയും അനുചരരും ദേവിയെ രഹസ്യ സ്ഥലത്തു നിന്നും എഴുന്നള്ളിച്ചു കൊണ്ടുവരുമ്പോള്‍ തീര്‍ഥാടകര്‍ പലരും നൃത്തമാടാന്‍ തുടങ്ങും. പലര്‍ക്കും ദേവിയുടെ ബാധ കയറും. മറ്റുള്ളവര്‍ ദേവിയോട് ആഗ്രഹങ്ങള്‍ പറയും.

ഞങ്ങളവിടെ എത്തിയപ്പോഴേക്കും ദേവിയുടെ എഴുന്നള്ളിപ്പ് കഴിഞ്ഞിരുന്നു. നടന്നു തളര്‍ന്ന ഞങ്ങള്‍ ഒരിടത്തിരുന്ന് ക്ഷീണം മാറ്റി തിരിച്ചു നടക്കാന്‍ തുടങ്ങി. തിങ്ങി നിറഞ്ഞ ആള്‍ക്കൂട്ടത്തിനിടയിലൂടെ നടന്നു അമ്പലവും, ജമ്പണ്ണ വാഗുവും താണ്ടി, ബൈക്ക് നിര്‍ത്തിയിട്ട സ്ഥലമെത്തിയപ്പോഴേക്കും സുര്യന്‍ പടിഞ്ഞാറോട്ട് കുമ്പിടാന്‍ തുടങ്ങിയിരിക്കുന്നു. മേധാറാമിലെ സിന്ദൂര ശോഭയില്‍ ഞങ്ങളും മുങ്ങിയിരിക്കുന്നു.

ഇനി തിരിച്ചു യാത്രയാണ്. അതിനു മുമ്പ് വാറങ്കല്‍ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന കാകാത്തിയ കോട്ടയുടെ അവശിഷ്ടങ്ങള്‍ കാണണം. ഒരു ആദിവാസി റാണിയുടെ ശാപമേറ്റു ശിഥിലമായ ഏകാധിപത്യത്തിന്റെ അസ്ഥിപഞ്ജരം. ചുവന്നു തുടങ്ങിയ ആകാശത്തിന് കീഴെ മേധാറാമിലേക്ക് ജനസാഗരം പിന്നെയും ഒഴുകിക്കൊണ്ടേയിരിക്കുമ്പോള്‍ ഞങ്ങള്‍ വാറങ്കല്‍ ലക്ഷ്യമാക്കി യാത്ര തുടങ്ങി.

(ഹൈദരാബാദില്‍ ഡെക്കാന്‍ ക്രോണിക്ക്ള്‍ പത്രത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടറാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍