അഴിമുഖം പ്രതിനിധി
ലോക സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ഏറെ വിജയം കൈവരിച്ച മോഡല്‍ സീരിസാണ് സാംസംഗ് ഗ്യാലക്സി. എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം സാംസംഗ് ഗ്യാലക്സിയെ മാത്രം കാണാന്‍ സാധിക്കുന്ന ഒരു അവസ്ഥയുണ്ടായിരുന്നു. സാധാരണക്കാരന് പോക്കറ്റ് കീറാതെ വാങ്ങാവുന്ന ഫോണുകള്‍ ആയിരുന്നതിനാല്‍ത്തന്നെ മൊബൈല്‍ ഷോപ്പുകളില്‍ ചെന്നാല്‍ ‘ചേട്ടാ ഗ്യാലക്സിയുണ്ടോ’ എന്ന് ചോദിക്കുകയും കടയുടമ വിപുലമായ ശ്രേണിയിലേക്ക് വിരല്‍ ചൂണ്ടുകയും ചെയ്യുമായിരുന്നു. എന്നാല്‍ വിപണിയില്‍ മത്സരം മുറുകിയപ്പോള്‍ സാംസംഗിന് വില്‍പ്പനയില്‍ ചെറിയ ഇടിവുണ്ടായി. ആ തിരിച്ചടി മറികടക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി.
വിപണിയിലെ പോയ പ്രതാപം തിരിച്ചു പിടിക്കാന്‍ സാംസംഗ് അവരുടെ ജെ സിരീസില്‍ രണ്ടു പുതിയ ഫോണുകള്‍ അവതരിപ്പിക്കുകയാണ്; ഗ്യാലക്സി ജെ 2- 2016 ഉം ഗ്യാലക്സി ജെ മാക്സും.
2015-ല്‍ പുറത്തിറക്കിയ ഗ്യാലക്സി ജെ 2-യുടെ പുതുതലമുറ ഫോണാണ് ഗ്യാലക്സി ജെ 2- 2016. സാംസംഗിന്റെ 4ജി സജ്ജമായ സ്മാര്‍ട്ട്ഫോണുകളില്‍ ഏറ്റവും പുതിയതാണിത്.
അതേസമയം ജെ മാക്സ് മള്‍ട്ടിമീഡിയ എക്സ്പീരിയന്‍സിനു മുന്‍തൂക്കം നല്‍കിയുള്ള ഒരു ഫോണ്‍ ആണ്.
കമ്പനി ഈ രണ്ടു ഫോണുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഫീച്ചറുകള്‍ ഒന്നു പരിശോധിക്കാം.
ടര്‍ബോ സ്പീഡ് ടെക്നോളജി
ടര്‍ബോ സ്പീഡ് ടെക്നോളജി ഉള്‍പ്പെടുത്തി പുതുമയോടെയാണ് ഗ്യാലക്സി ജെ 2 2016 അവതരിപ്പിക്കുന്നത്. തദ്ദേശീയ ആപ്പുകള്‍ സഹിതം മികച്ച പ്രകടനത്തിനായി രൂപപ്പെടുത്തിയ പുതിയ ഫോണുകള്‍ക്ക് ഇതിന്റെ ഇരട്ടി റാമുള്ള ഫോണുകളേക്കാള്‍ 40 ശതമാനം അധിക പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കും എന്ന് സാംസംഗ് പറയുന്നു. ഏറ്റവുമധികം ഉപയോഗിക്കുന്ന ക്യാമറ, ഗ്യാലറി, കോണ്ടാക്റ്റ് എന്നിവയില്‍ തദ്ദേശീയ ആപ്പുകളാണ് അവതരിപ്പിക്കുന്നത്. റാം ഉപയോഗം പരമാവധി കാര്യക്ഷമമാക്കുന്നതിനായി പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന ആവശ്യമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുന്ന ഇന്റലിജന്റ് മെമ്മറി സിസ്റ്റമാണ് പുതിയ ഫോണില്‍ ഉപയോഗിക്കുന്നത്. ഇതുവഴി റാം എപ്പോഴും പുതിയ കാര്യങ്ങള്‍ക്കായി സജ്ജമായിരിക്കുകയും ഏറ്റവും വേഗതയേറിയ അനുഭവം ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുകയും ചെയ്യും എന്നാണ് കമ്പനിയുടെ വാഗ്ദാനം.
പുതിയ രൂപകല്‍പ്പനയ്ക്കൊപ്പം സ്മാര്ട്ട്ഗ്ലോ നോട്ടിഫിക്കേഷന്‍
ഗ്യാലക്സി ജെ 2 2016-ലെ നൂതനമായ സ്മാര്‍ട്ട് ഗ്ലോ വരുംതലമുറ കളര്‍ എല്‍ഇഡി നോട്ടിഫിക്കേഷന്‍ സംവിധാനമാണ്. സ്മാര്‍ട്ട്ഫോണുകളിലെ നോട്ടിഫിക്കേഷനുകളുടെ ആധിക്യം മുന്നില്‍കണ്ടാണ് ഈ ഫീച്ചര്‍ രൂപപ്പെടുത്തിയിരിക്കുന്നത്. കാമറയ്ക്കു സമീപമുള്ള എല്‍ഇഡി വലയം ഉള്‍പ്പെടുന്ന സ്മാര്ട്ട്ഗ്ലോ ഏത് ആപ്പിന്റെയും കോണ്‍ടാക്ടിന്റെയും നോട്ടിഫിക്കേഷന്റെ മുന്‍ഗണനാക്രമം നിശ്ചയിക്കാവുന്ന രീതിയിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. സ്മാര്ട്ട്ഗ്ലോയില് ഇഷ്ടമുള്ള നിറങ്ങള്‍ തെരഞ്ഞെടുത്ത് നാല് അലര്‍ട്ടുകള്‍ വരെ നിശ്ചയിക്കാം. ബാറ്ററി, ഇന്റേണല്‍ മെമ്മറി, മൊബൈല്‍ ഡേറ്റ എന്നിവയുടെ പരിധി കുറയുമ്പോള്‍ സ്മാര്ട്ട്ഗ്ലോ അലേര്‍ട്ട് ലഭ്യമാകും. പിന് ക്യാമറയില്‍ ഉയര്‍ന്ന മെഗാപിക്സലിലുള്ള സെല്‍ഫികള്‍ എടുക്കുന്നതിനും സെല്‍ഫി അസിസ്റ്റ് ഫീച്ചര്‍ ഉപയോഗിക്കുന്നതിനും സ്മാര്ട്ട്ഗ്ലോ എല്‍ഇഡി ഉപയോഗപ്പെടുത്താം. പുതിയ സ്മാര്‍ട്ട് നോട്ടിഫയര്‍ ഫീച്ചര്‍ ഉപയോഗിച്ച് നോട്ടിഫിക്കേഷനുകള്‍ സൂക്ഷിക്കുന്നതിനും അതുവഴി പ്രധാനപ്പെട്ടവ നഷ്ടപ്പെടാതിരിക്കുന്നതിനും സാധിക്കും.
(സാംസംഗ് ഗ്യാലക്സി ജെ 2 2016)
സ്ക്രീന്‍
സാംസംഗ് ഗ്യാലക്സി ജെ 2 2016-ന് അഞ്ചിഞ്ച് വലുപ്പമുള്ള അമോഎല്‍ഇഡി(AMOLED) സ്ക്രീനും ജെ മാക്സിന് ഏഴിഞ്ച് വലിപ്പമുള്ള ഡബ്ല്യൂഎക്സ്ജിഎ(WXTGA) ടിഎഫ്ടി എല്‍സിഡി സ്ക്രീനുമാണ് (1280 x 800). നെറ്റില്‍ ഫോട്ടോകളും വീഡിയോയും കാണുന്നതിന് അതിവേഗതയുള്ള 4 ജിയാണ് ഈ ഫോണുകളില്‍. പ്രോജക്റ്റ് ചെയ്യുന്ന നിറങ്ങള്‍, വലിയ ഡിസ്പ്ലേ എന്നിവ കാഴ്ചാനുഭവം ഏറെ ആനന്ദകരമാക്കുന്നു. വലിയ കോണ്ട്രാസ്റ്റ് റേഷ്യോയുള്ളതിനാല് കൂടുതല്‍ തെളിച്ചമുള്ള കറുപ്പും വെളുപ്പും മറ്റ് നിറങ്ങളും മികവുള്ള ചിത്രങ്ങളും ലഭ്യമാക്കുന്നു.
ഡിസൈന്‍
ഗ്യാലക്സി ജെ 2- 2016-ന് 8 എംഎം മാത്രം കനമുള്ള ഒതുങ്ങിയ രൂപകല്‍പ്പനയാണ്. വശങ്ങള് ഉരുണ്ടവയായതിനാല് കൈകാര്യം ചെയ്യാന്‍ എളുപ്പമാണ്. 8.7 എംഎം മാത്രം കനമുള്ളതാണ് ജെ മാക്സ്. ഭാരക്കുറവും കൈയില്‍നിന്ന് വഴുതിപ്പോകാത്ത തരത്തിലുള്ള ആധുനിക രൂപകല്‍പ്പനയുമാണ്. കറുപ്പ്, സില്‍വര്‍, ഗോള്‍ഡ് എന്നീ നിറങ്ങളില്‍ ഗ്യാലക്സി ജെ 2 2016 ലഭിക്കുമ്പോള്‍ കറുപ്പിലും ഗോള്‍ഡിലും ഗ്യാലക്സി ജെ മാക്സ് ലഭ്യമാണ്.
പെര്‍ഫോമന്‍സ്
സാംസങ് ഗ്യാലക്സി ജെ2 -2016, ഗ്യാലക്സി ജെ മാക്സ് എന്നിവയില്‍ 1.5 ക്വാഡ് കോര്‍ പ്രോസസറാണ് ഉപയോഗിക്കുന്നത്. രണ്ട് മോഡലുകളിലും എളുപ്പത്തിലുള്ള മള്‍ട്ടി ടാസ്കിംഗിനായി 1.5 ജിബി റാമാണ്. ഗ്യാലക്സി ജെ 2 2016-ല്‍ 128 ജിബി വരെയും ഗ്യാലക്സി ജെ മാക്സില്‍ 200 ജിബി വരെയും മെമ്മറി വിപുലമാക്കാന്‍ കഴിയും. അതുകൊണ്ടുതന്നെ സ്പേയ്സ് തികയുന്നില്ല എന്ന അവസ്ഥയുണ്ടാകില്ല.
രണ്ടു മോഡലുകളിലും ഉയര്‍ന്ന ശേഷിയുള്ള ബാറ്ററികളാണ്. ഗ്യാലക്സി ജെ2 2016-ല്‍, 2015-നെ അപേക്ഷിച്ച് 30 ശതമാനം അധികശേഷിയുള്ള 2600 എംഎഎച്ച് ബാറ്ററിയാണുള്ളത്.
ഗ്യാലക്സി ജെ മാക്സില്‍ ഏഴിഞ്ച് വലുപ്പത്തിലുള്ള ഡബ്ല്യൂഎക്സ്ജിഎ ഡിസ്പ്ലേയും വേഗത്തിലുള്ള ഡൗണ്‍ലോഡ്, സ്ട്രീമിംഗ് എന്നിവയ്ക്കായി 4ജി വിഒഎല്‍ടിഇ കണക്ടിവിറ്റിയും ആയതിനാല്‍ കാഴ്ചകള്‍ ആസ്വദിക്കാന്‍ കൂടുതല്‍ സൗകര്യമാണ് എന്നാണ് കമ്പനിയുടെ അവകാശവാദം. ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന മീഡിയ പ്ലേബായ്ക്കിന് 4000 എംഎഎച്ച് ബാറ്ററി സഹായിക്കും എന്നും കമ്പനി പറയുന്നു.
സാംസംഗ് ഗ്യാലക്സി ജെ2 2016-ല്‍ ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് മാര്‍ഷ്മെലോ, ജെ മാക്സില്‍ ആന്‍ഡ്രോയ്ഡ് ലോലിപോപ് ഓപ്പറേറ്റിംഗ് സിസ്റ്റംസാണ് ഉപയോഗിച്ചിരിക്കുന്നത്.
ക്യാമറ
ഗ്യാലക്സി ജെ 2 2016-ല്‍ ഗ്യാലക്സി ജെമാക്സിലും റിയര്‍ ക്യാമറഎട്ട് മെഗാപിക്സല്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ ഗ്യാലക്സി ജെ 2 2016 ല്‍ ഫ്രണ്ട് ക്യാം 2 മെഗാ പിക്സലില്‍ നിന്ന് ഉയര്‍ന്ന ഗുണമേന്മയുള്ള 5 മെഗാപിക്സലാക്കിയതിനാല് കൂടുതല്‍ ഗുണമേന്മയും വ്യക്തതയും വിശദാംശങ്ങളുമുള്ള ചിത്രങ്ങള്‍ ലഭിക്കും. രണ്ട് ക്യാമറകളിലും എഫ് 2.2 അപ്പേര്‍ച്ചറാണ്. ഗ്യാലക്സി ജെ മാക്സില്‍ പ്രാഥമിക കാമറ 8 മെഗാപിക്സലാണ്. മുന്‍ ക്യാമറ രണ്ട് മെഗാ പിക്സലാണ്.

(ഗ്യാലക്സി ജെ മാക്സ്)
പ്രത്യേക മേയ്ക്ക് ഫോര്‍ ഇന്ത്യ ഫീച്ചറുകള്‍
എസ് ബൈക്ക് മോഡ്
ബൈക്ക് യാത്രക്കാര്‍ക്ക് പിരിമുറുക്കമില്ലാതെയും ഉത്തരവാദിത്വത്തോടെയും യാത്ര ചെയ്യാന്‍ സഹായിക്കുന്ന എസ് ബൈക്ക് മോഡ് ഗ്യാലക്സി ജെ, ജെ മാക്സ് എന്നിവയിലുണ്ട്. യാത്രയ്ക്കിടെ പ്രാധാന്യമില്ലാത്ത ഒട്ടേറെ കോളുകളും നോട്ടിഫിക്കേഷനുകളും ലഭിക്കുന്നുവെന്ന ഇരുചക്രവാഹന ഉടമകളുടെ നിരീക്ഷണത്തില്‍നിന്നാണ് ഈ മോഡ് രൂപപ്പെടുത്തിയത്. എസ് മോഡ് ഉപയോഗിക്കുമ്പോള്‍ ആ ഫോണിലേയ്ക്ക് വരുന്ന കോളുകള്‍ക്ക് മറുപടിയായി യാത്രചെയ്യുകയാണെന്നും കോളുകള്‍ എടുക്കാനാവില്ല എന്നുമുള്ള സന്ദേശം വിളിക്കുന്നയാള്‍ക്ക് സ്വയമേവ ലഭിക്കും. വളരെ അത്യാവശ്യമുള്ളതാണെങ്കില്‍ വിളിക്കുന്നയാള്‍ക്ക് 1 എന്ന് അമര്‍ത്താനുള്ള അവസരമുണ്ട്. സുരക്ഷിതത്വത്തിനായി വാഹനം നിര്‍ത്തിയാല്‍ മാത്രമേ കോളിന് മറുപടി പറയാനാവൂ എന്നത് ഉറപ്പാക്കാനായി ഇന്‍-ബില്‍റ്റ് മോഷന്‍ ലോക്ക് സംവിധാനവുമുണ്ട്.
അള്‍ട്രാ ഡാറ്റ സേവിംഗ് മോഡ്
പിന്നണിയിലെ ആവശ്യമില്ലാത്ത ആപ്ലിക്കേഷനുകള്‍ തടയുന്നതിലൂടെ അന്‍പത് ശതമാനം വരെ മൊബൈല്‍ ഡേറ്റാ ലാഭിക്കുന്നതിനുള്ളതാണ് അള്‍ട്രാ ഡാറ്റ സേവിംഗ് (യുഡിഎസ്) മോഡ്. ഡാറ്റ കംപ്രഷന്‍ സാങ്കേതികവിദ്യയും ഇതോടൊപ്പമുണ്ട്.
വില
സാംസംഗ് ഗ്യാലക്സി ജെ2 2016 ജൂലൈ പത്തു മുതല്‍ വിവിധ ചാനലുകളിലൂടെ 9750 രൂപയ്ക്ക് ലഭ്യമാണ്. ഗ്യാലക്സി ജെ2 2016, ഗ്യാലക്സി ജെ മാക്സ് എന്നിവയില്‍ ആറ് മാസത്തേയ്ക്കുള്ള എയര്‍ടെല്‍ ഡേറ്റാ ഓഫറുമുണ്ട്. പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് 4500 രൂപയുടെ വരെ ഡബിള്‍ ഡേറ്റാ ഓഫറുമുണ്ട്.
ഗ്യാലക്സി ജെ മാക്സ് ജൂലൈ അവസാനം മുതല്‍ വിപണിയില്‍ ലഭ്യമാകും. 13,400 രൂപയാണ് വില. സാംസംഗ് ബ്ലൂടൂത്ത് ഹെഡ്സെറ്റ് ഇതോടൊപ്പം ലഭിക്കും. അണ്‍ലിമിറ്റഡ് ബോളിവുഡ്, പ്രാദേശിക സിനിമകള്‍, ടിവി ഷോകള്‍, വെബിസോഡ്സ്, മ്യൂസിക് വീഡിയോ, മികച്ച വിനോദോപാധികള്‍ എന്നിവ കാണുന്നതിനുള്ള ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിഐയു പ്രീമിയം ആഡ്-ഫ്രീ വരിക്കാരാകാനും അവസരമുണ്ട്.