UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സെക്രട്ടേറിയേറ്റ് എന്ന രാവണന്‍ കോട്ടയും ഉണ്ണുമ്പോഴും ചായകുടിക്കുമ്പോഴും മാത്രം മനുഷ്യരാവുന്ന ഉദ്യോഗസ്ഥരും

സനല്‍കുമാര്‍ ശശിധരന്‍

നിയമങ്ങള്‍ ഉണ്ടാക്കുകയും അതുകൊണ്ട് മനുഷ്യനെ കുരുക്കുകയും ചെയ്യുന്ന ദുരൂഹവും ഇരുളടഞ്ഞതുമായ രാവണന്‍ കോട്ടയായി നമ്മുടെ ഭരണനിര്‍വഹണകേന്ദ്രങ്ങള്‍ മാറുകയാണെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. ഒഴിവുദിവസത്തെ കളി എന്ന തന്റെ സിനിമയുടെ നികുതിയിളവുമായി ബന്ധപ്പെട്ട് നേരിടേണ്ടി വന്ന അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സനലിന്റെ ഫെയ്്‌സുബുക്ക് പോസ്റ്റ്. സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയേറ്റ് രാവണ്‍ കോട്ടയാണ്. പെട്ടാല്‍ പെട്ടതാണ്. സഹായിക്കാന്‍ ആളുള്ളവര്‍ക്ക് പുറത്തു കടക്കാം, ആരുമില്ലാത്ത എത്രയോ പേര്‍ ദിവസവും അതിനകത്തു കിടന്നു സങ്കടമനുഭവിക്കുന്നുണ്ടാകും; സനല്‍ ചോദിക്കുന്നു. ചായകുടിക്കുമ്പോഴും ഉണുകഴിക്കുമ്പോഴും മാത്രമാണ് ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ മനുഷ്യരാവുന്നുള്ളൂ എന്നും സനല്‍ തന്റെ നിരാശ പങ്കുവയ്ക്കുന്നു.

സനല്‍കുമാര്‍ ശശിധരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

ഒഴിവുദിവസത്തെ കളിയുടെ നികുതിയിളവിനു വേണ്ടിയുള്ള അപേക്ഷയില്‍ തീരുമാനമെടുക്കാതെ വൈകുന്നു എന്ന് കാട്ടി ഞാന്‍ മുഖ്യമന്ത്രിയെ അഡ്രസ് ചെയ്ത കുറിപ്പിനെത്തുടര്‍ന്നുണ്ടായ ഇടപെടലുകള്‍ക്കെല്ലാം നന്ദി. എത്രയെങ്കിലും സുഹൃത്തുക്കള്‍ വിളിക്കുകയും മെസേജയക്കുകയും മുഖ്യമന്ത്രിയുടെയും ധനകാര്യവകുപ്പുമന്ത്രിയുടേയും തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രിയുടെയുമൊക്കെ ഓഫീസുകളില്‍ നേരിട്ടന്വേഷിക്കുകയുമൊക്കെ ചെയ്തിരിക്കുന്നു. കുറിപ്പിട്ട് കഴിഞ്ഞ് അരമണിക്കൂറിനുള്ളില്‍ ബി. ഉണ്ണികൃഷ്ണന്‍ സാറിന്റെ വിളി വന്നു. സെക്രട്ടേറിയറ്റിനു മുന്നില്‍ അദ്ദേഹം എത്താമെന്നും എന്റെയൊപ്പം മന്ത്രിയെ കാണാമെന്നുമാണ് അദ്ദേഹം പറഞ്ഞത്. പറഞ്ഞതുപോലെ ഞാനവിടെ ചെന്നപ്പോള്‍ എന്നെയും കാത്ത് അദ്ദേഹം അവിടുണ്ടായിരുന്നു. ഞങ്ങള്‍ ധനകാര്യമന്ത്രിയുടെ ഓഫീസിലേക്ക് കയറുമ്പോള്‍ വഴിയില്‍ വെച്ച് കണ്ടുമുട്ടിയ മനോജ് ഏട്ടനും ഞങ്ങള്‍ക്കൊപ്പം കൂടി. (അദ്ദേഹം ഇതേ വിഷയം പലരുടേയും ശ്രദ്ധയില്‍ പെടുത്തി മടങ്ങുന്ന വഴിയായിരുന്നു) മന്ത്രി സ്ഥലത്തില്ലാതിരുന്നതുകൊണ്ട് കാണാന്‍ കഴിഞ്ഞില്ല. വാണിജ്യസിനിമയുടെ ഭാഗമായി നില്‍ക്കുമ്പോഴും ബി. ഉണ്ണികൃഷ്ണന്‍ ഒഴിവുദിവസത്തെ കളിയ്ക്കുവേണ്ടി ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ വാദിക്കുന്നത് കൌതുകത്തോടെ കേട്ടിരുന്നു. എന്നോട് ഈ വിഷയത്തെക്കുറിച്ച് ചിന്തിച്ച് സമയം കളയെണ്ടെന്നും താന്‍ ഇത് നോക്കിക്കോളാമെന്നും അദ്ദേഹം പറഞ്ഞു.

ഈ വിഷയത്തില്‍ ഇടപെട്ട ഓരോരുത്തരുടേയും പേരെടുത്തു പറയാന്‍ പോലും കഴിയാത്തത്ര ആളുകള്‍ ഇതില്‍ ഇടപെട്ടിട്ടുണ്ട്. ഇപ്പോള്‍ കുറച്ചു സമയം മുന്‍പ് തദ്ദേശ സ്വയം ഭരണവകുപ്പു മന്ത്രി ശ്രീ. കെ.ടി.ജലീല്‍ വിളിച്ച് നാളെ ഉച്ചയ്ക്കു മുന്‍പ് ഓര്‍ഡര്‍ കിട്ടുമെന്നും ഓഫീസില്‍ വന്ന് വാങ്ങിക്കോളൂ എന്നും പറഞ്ഞു. വളരെ സന്തോഷമുണ്ട്. സോഷ്യല്‍ മീഡിയയെക്കുറിച്ച് ആളുകള്‍ വലിയ പരാതിയും പരിഭവങ്ങളുമൊക്കെ പറയുമ്പോള്‍ ഇതുപോലുള്ള ഇടപെടലുകളുടെ ആയിരം സാക്ഷ്യങ്ങള്‍ എനിക്ക് പറയാനുണ്ടാവും. എന്റെ പരാതി പരിഹരിക്കപ്പെട്ടു എന്ന സന്തോഷം നിലനില്‍ക്കുമ്പോഴും. ഇന്ന് സെക്രട്ടേറിയറ്റിലെ കെട്ടിടത്തിന്റെ പടികളിറങ്ങുമ്പോള്‍ ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞ വാക്കുകളാണ് എന്റെ മനസില്‍. ഇത് കാഫ്കയുടെ കാസില്‍ പോലെ ഒരു രാവണന്‍ കോട്ടയാണ്. പെട്ടുപോയാല്‍ പെട്ടു…

നിയമങ്ങള്‍ ഉണ്ടാക്കുകയും അതുകൊണ്ട് മനുഷ്യനെ കുരുക്കുകയും ചെയ്യുന്ന ദുരൂഹവും ഇരുളടഞ്ഞതുമായ രാവണന്‍ കോട്ടയായി നമ്മുടെ ഭരണനിര്‍വഹണകേന്ദ്രങ്ങള്‍ എന്തുകൊണ്ട് മാറുന്നു എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഒരു സനല്‍ കുമാര്‍ ശശിധരനു പിന്തുണയുമായി ബി.ഉണ്ണികൃഷ്ണനും അനവധി സുഹൃത്തുക്കളും സോഷ്യല്‍ മീഡിയയും ഉണ്ടായെന്നുവരും. എന്നാല്‍ തെറ്റായ വഴിക്കുപോയി, ഉറങ്ങുന്ന ഒരു മേശക്കുമുകളില്‍ കാത്തിരിക്കുന്ന എത്രയെങ്കിലും ഫയലുകള്‍ക്ക് പിന്നാലെ അലയുന്ന അറിയപ്പെടാത്ത ആരുമില്ലാത്ത എത്രപേര്‍ ദിവസവും ഈ സങ്കടം അനുഭവിക്കുന്നുണ്ടാവും. അവരുടെയൊക്കെ കുരുക്കഴിയുന്നതെന്ന്? എങ്ങനെ? ചായകുടിക്കുമ്പോഴും ഊണുകഴിക്കുമ്പോഴും മാത്രമാണ് ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ മനുഷ്യരാവുന്നുള്ളു എന്ന് തോന്നലുണ്ടെനിക്ക്. തങ്ങളുടെ അധികാരക്കസേരയിലിരിക്കുമ്പോള്‍ അവര്‍ യന്ത്രങ്ങളെക്കാള്‍ യാന്ത്രികമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതെന്തുകൊണ്ട്? ജനാധിപത്യം സോഷ്യലിസം ഒക്കെ തോറ്റുപോകുന്നത് ഈ യാന്ത്രികതയുടെ മുന്നിലാണ്. നമുക്ക് മനുഷ്യത്വം അടിയന്തിരമായി വീണ്ടെടുക്കേണ്ടത് ഈ രാക്ഷസന്‍ കോട്ടയ്ക്കുള്ളിലെ ചലിക്കുന്ന യന്ത്രങ്ങളിലേക്കാണ്. അതല്ലെങ്കില്‍ നമ്മുടെ തോല്‍വികള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും.

എല്ലാ ഇടപെടലുകള്‍ക്കും ഒരിക്കല്‍ കൂടി നന്ദി.
എല്ലാ സുഹൃത്തുക്കള്‍ക്കും ഉപാധിയില്ലാത്ത സ്‌നേഹം..

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍