UPDATES

സിനിമ

പുരസ്കാരത്തെക്കാള്‍ ഞാന്‍ വിലമതിക്കുന്നത് തിരസ്കാരം-സനല്‍ കുമാര്‍ ശശിധരന്‍/അഭിമുഖം

Avatar

സനല്‍കുമാര്‍ ശശിധരന്‍/ രാകേഷ് സനല്‍

സിനിമയുടെ രാഷ്ട്രീയം ഏറെ ചര്‍ച്ച ചെയ്തിട്ടുള്ളൊരു നാട്ടില്‍ രാഷ്ട്രീയം സിനിമയെ വിലയിരുത്താന്‍ തുടങ്ങിയിരിക്കുകയാണ്. ഒരു ചലച്ചിത്ര സൃഷ്ടി തഴയപ്പെടാനും അംഗീകരിക്കപ്പെടാനും അവയെ മൂല്യനിര്‍ണയം ചെയ്യുന്നവരുടെ അജണ്ടകളാണ് കാരണമാകുന്നതെങ്കില്‍ അത് വല്ലാത്തൊരു അധഃപതനമാണ്. അതേസമയം തന്റെ സൃഷ്ടി തിരസ്‌കരിക്കപ്പെട്ടത് പ്രത്യേകമൊരു അജണ്ടയുടെ ഭാഗമായാണെന്നു നിലവിളിക്കുന്നവര്‍ സത്യസന്ധരുമല്ല. അവര്‍ എന്തും ഒരേ അളവുകോലാല്‍ അളക്കുന്നു. തിരസ്‌കരിക്കപ്പെടുകയോ അംഗീകരിക്കപ്പെടുകയോ ചെയ്യട്ടെ. നിങ്ങള്‍ എന്തു ചെയ്യുന്നു എന്നതാണ് ജനം നോക്കുന്നത്. രാഷട്രീയം മാത്രമല്ല, ആള്‍ക്കൂട്ടമനോഭാവവും അവാര്‍ഡ് നിര്‍ണയങ്ങളെ സ്വാധീനിക്കുന്നുണ്ടെന്നിരിക്കെ നമ്മുടെ ചര്‍ച്ചകള്‍ ഒരുഭാഗത്തേക്കുമാത്രമായി ചുരുക്കുന്നതാണ് അബദ്ധം. പുരസ്‌കാരത്തെക്കാള്‍ തിരസ്‌കാരം ഒരു ചലച്ചിത്രകാരനെ എത്രത്തോളം ശക്തമാക്കുമെന്ന് നിലവിലെ സാഹചര്യങ്ങളില്‍ നിന്നുകൊണ്ടു തെളിയിക്കുമെന്നാണ് സനല്‍ കുമാര്‍ ശശിധരന്‍ പറയുന്നത്. മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ സനല്‍കുമാര്‍ ശശിധരന്റെ ഒഴിവുദിവസത്തെ കളി ദേശീയപുരസ്‌കാരത്തിനും അവസാന നിമിഷം വരെ പരിഗണനയിലുണ്ടായിരുന്നു. എന്നാല്‍ എന്തുകൊണ്ടു തന്റെ സിനിമയ്ക്ക് അവാര്‍ഡ് കിട്ടിയില്ലെന്നല്ല, കിട്ടാതിരിക്കുന്നതിലെ നേട്ടമാണ് സനല്‍ പറയുന്നത്. അഴിമുഖവുമായി തന്റെ നിലപാടുകള്‍ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ പങ്കുവയ്ക്കുന്നു.

രാകേഷ്: കലോപാധി, വിനോദോപാധി എന്നീ നിലകളില്‍ നിന്നും മാറി സിനിമകള്‍ ഇപ്പോള്‍ രാഷ്ട്രീയവത്കരണവുമായി ബന്ധപ്പെട്ടാണ് ചര്‍ച്ച ചെയ്യുന്നത്. ദേശീയ ചലച്ചിത്ര പുരസ്‌കാര നിര്‍ണയം തന്നെ വിവാദമാക്കുന്നത് അതിനു രാഷ്ട്രീയമാനം നല്‍കിയാണ്. യോജിക്കുന്നുണ്ടോ?

സനല്‍ കുമാര്‍: ഇതിനകത്ത് ഒരുപാട് മാനങ്ങളുണ്ട്. എന്നാല്‍ ഈ പറയുന്നതുപോലെ പ്രകടമായ രാഷ്ട്രീയം മാത്രമായിരിക്കില്ല. നിലവിളക്കു കാണിച്ചാല്‍ ഹൈന്ദവത്കരണം എന്നു പറയുന്നതുപോലെയുള്ള പ്രത്യക്ഷത്തിലുള്ള രാഷ്ട്രീയമല്ല. ‘ബാഹുബലി’ പോലെ ജനങ്ങളെ കണ്ണുകെട്ടിക്കുന്ന ഒരു സിനിമ. നമുക്കെല്ലാവര്‍ക്കും അതിഷ്ടപ്പെടും. തിയേറ്ററില്‍ ചെന്നിരിക്കുമ്പോള്‍ അതിന്റെ മായികയതയില്‍ വീഴും, കൈയ്യടിക്കും, ഇറങ്ങിപ്പോകും. പക്ഷേ അതിനുശേഷം നമുക്ക് കൊണ്ടുനടക്കാന്‍ ഒന്നുമില്ല. അതേസമയം ചില സിനിമകള്‍ കണ്ടിറങ്ങിയശേഷവും ജീവിതത്തെക്കുറിച്ചും സമൂഹത്തെക്കുറിച്ചും ചിന്തിപ്പിക്കുകയും ആകുലപ്പെടുത്തുകയും ചെയ്യുന്നുണ്ട്. അത്തരം സിനിമകള്‍ക്ക് വലിയ ആള്‍ക്കൂട്ടമോ കൈയ്യടിയോ ഉണ്ടാവില്ല. ആ ഗണത്തില്‍പ്പെട്ട സിനിമകള്‍ ഉണ്ടാവുകയും അതേസമയം അവയെ കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്നതില്‍ വലിയ അപകടമുണ്ട്.

ഇന്ത്യയുടെ സവിശേഷമായ സാഹചര്യത്തില്‍ ഈ പറഞ്ഞ തരത്തിലുള്ള സിനിമകള്‍ നിറയെ ഉണ്ടാവുന്നുമുണ്ട്. കേരളത്തില്‍ നിന്ന് എന്റെ ‘ഒഴിവുദിവസത്തെ കളി’, മനോജ് കാനയുടെ ‘അമീബ’, വെട്രിമാരന്റെ ‘വിസാരണൈ’, പഞ്ചാബില്‍ നിന്ന് ഗുര്‍വീന്ദര്‍ സിംഗിന്റെ ‘ചൗട്ടി കൂട്ട്’-ആ ചിത്രം വളരെ പ്രശസ്തമാണ്; കാന്‍ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതാണ്- പുരസ്‌കാരനിര്‍ണയത്തിനുണ്ടായിരുന്നു. ‘ബാഹുബലി’ മികച്ച സിനിമയായപ്പോള്‍ ‘ചൗട്ടി കൂട്ട്’ പ്രാദേശിക സിനിമയാക്കി ഒതുക്കുകയാണ് ചെയ്തത്. ഇത്തരം ഒതുക്കലുകളും കണ്ടില്ലാന്നു നടിക്കലുകളും എന്തിനാണെന്നു ചോദിച്ചാല്‍, മികച്ച സിനിമ എന്നാല്‍ ‘ബാഹുബലി’ പോലെയുള്ള കണ്‍കെട്ട്, അമര്‍ ചിത്രകഥകളാണെന്ന തോന്നലുണ്ടാക്കാനാണ്. പൊതുജനത്തിനു സ്വാഭാവികമായുണ്ടാകുന്ന തോന്നലുണ്ട്. ഞങ്ങള്‍ക്ക് (ഭൂരിപക്ഷത്തിന്) ഇഷ്ടപ്പെടുന്നതാണ് നല്ലത്, ബാക്കിയുള്ളതൊക്കെ കളിപ്പിക്കുന്നതാണ്, അവാര്‍ഡ് പടങ്ങളാണെന്നാണ്. അവാര്‍ഡ് പടങ്ങളെന്നൊരു ടാഗ് അവര്‍ തന്നെ കൊടുത്ത് അത്തരം പടങ്ങളെ മാറ്റിനിര്‍ത്തുകയാണ്. അതിനെ സാധൂകരിക്കുന്ന തരത്തിലാണ് ദേശീയചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നടന്നിരിക്കുന്നത്. ഈ രാഷ്ട്രീയമാണ് ചര്‍ച്ച ചെയ്യേണ്ടത്. അതു ജനക്കൂട്ടത്തിന്റെ രാഷ്ട്രീയമാണ്. ജനക്കൂട്ടത്തിന്റെ ആരവത്തെ തങ്ങളുടെ പിന്നാലെ സംഘടിപ്പിക്കാനുള്ളൊരു ചിലരുടെ രാഷ്ട്രീയം വളരെ പ്രകടമല്ലാതെ നടന്നു വരുന്നുണ്ട്.

നമ്മള്‍ ഇപ്പോള്‍ സംസാരിക്കുന്നത് അവാര്‍ഡ് പ്രഖ്യാപനത്തെ മുന്‍നിര്‍ത്തിയാണ്. എന്നാല്‍ ഇതിനോടു ചേര്‍ത്തു പറയാവുന്ന ഒന്നാണ് എഫ്ടിഐഐയിലെ ഗജേന്ദ്ര ചൗഹാന്റെ നിയമനം. ചൗഹാനെ അത്തരമൊരു സ്ഥാനത്തേക്ക് നിയമിക്കാന്‍ യോഗ്യതയായി കണ്ടത് മഹാഭാരതം സീരിയലിലെ യുധീഷ്ഠരന്റെ വേഷം അവതരിപ്പിച്ചു എന്നതാണ്. അപ്പോഴും ജനങ്ങള്‍ ചോദിക്കുന്നത് അയാള്‍ക്ക് എന്താണ് കുഴപ്പം? സിനിമയുമായിട്ടു ബന്ധമില്ലേ? എന്നൊക്കെയാണ്. അവിടെയൊരു ക്ലാരിഫിക്കേഷന് കഴിയാതെ വരികയും ആ ആശയക്കുഴപ്പം മുതലെടുത്തുകൊണ്ട് ജനക്കൂട്ടത്തിന്റെ കൂടെ നില്‍ക്കുന്ന ആള്‍ക്കാരാണ് ശരിയെന്നും ബാക്കിയുള്ളവരെല്ലാം വെറും ബുദ്ധിജീവികളാണ്, അവരെ വിശ്വസിക്കേണ്ടായെന്നുമുള്ള തോന്നലുണ്ടാക്കി ജനക്കൂട്ടത്തിന്റെ താത്പര്യത്തിനനുസരിച്ച് നീക്കുപോക്കുണ്ടാക്കുകയാണ്. ഇതാണ് നമ്മള്‍ ചര്‍ച്ച ചെയ്യേണ്ട രാഷ്ട്രീയം. അതല്ലാതെ ‘ബാഹുബലി’യില്‍ ശിവലിംഗം കാണിച്ചതിന്റെയല്ല.

രാ: വിമര്‍ശനം വരുന്നത് എവിടെയാണെന്നാല്‍, മികച്ച ചിത്രം ബാഹുബലി, മികച്ച സംവിധായകനായി തെരഞ്ഞെടുത്തയാളുടെ സിനിമ ബാജിറാവു മസ്താനി, ജനപ്രിയ ചിത്രം ബജറംഗി ഭായി ജാന്‍. ഇവയെല്ലാം ഒരു തരത്തില്‍ ഹൈന്ദവ ചിഹ്നങ്ങള്‍ ഏറെയുള്ളവയാണ്. ആ തരത്തില്‍-നിലവിലെ രാഷട്രീയ സാഹചര്യങ്ങളോട് ചേര്‍ത്താണ്- ചില ചോദ്യങ്ങള്‍ ഉയരുന്നത് സ്വാഭാവികമല്ലേ?

സ: ഈ സിനിമകളെല്ലാം കണ്ടെങ്കിലേ എനിക്കതില്‍ എന്തെങ്കിലും പറയാന്‍ കഴിയൂ. മറ്റൊന്നു പറയാം, നമ്മള്‍ ഇത്തരം പ്രകടമായ സങ്കുചിത ചിന്തകളില്‍ വീണുപോയാലുള്ള അപകടം എന്താണന്നുവച്ചാല്‍, നിങ്ങള്‍ക്ക് ഭൂരിഭാഗത്തെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ കഴിയാതെ വരുന്നുവെന്നതാണ്. നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗം തന്നെയാണ് ഹൈന്ദവ ചിഹ്നങ്ങളും അത്തരം കാര്യങ്ങളുമെല്ലാം. ഏറെക്കാലമായി തുടരുന്നതാണ്. വാസ്തവത്തില്‍ പ്രകടമായൊരു ബോധ്യത്തില്‍ നാമത് ആവിഷ്‌കരിക്കുന്നില്ല. പതിഞ്ഞു കിടക്കുകയാണ്. സിനിമകളില്‍ പല ഹൈന്ദവ ചിഹ്നങ്ങളും ഉപയോഗിക്കുന്നത് ഏതെങ്കിലും ലക്ഷ്യംവച്ചുകൊണ്ടാവില്ല. അതിങ്ങനെ നിരന്തരം ഉപയോഗിച്ച് ഉപയോഗിച്ച് ഒരു ശീലമായതുപോലെയാണ്. അതുകൊണ്ടാണ് അതിന് അവാര്‍ഡ് കിട്ടിയതെന്നു പറയുമ്പോഴുണ്ടാക്കുന്ന പ്രശ്‌നം ആ പറയുന്നത് രാഷ്ട്രീയം കൊണ്ടു പറയുന്നതാണെന്ന തോന്നല്‍ ആളുകളില്‍ ഉണ്ടാകും. ഒരുപക്ഷേ ഇതിലൊരു സത്യം കാണാമെങ്കിലും അതല്ല പൂര്‍ണമായ സത്യം. ഇതിനകത്ത് വളരെ കൃത്യമായിട്ട് നമുക്ക് പറയാന്‍ പറ്റുന്നത്, ജനക്കൂട്ടത്തിന്റെ കണ്ണുക്കെട്ടുന്ന തരത്തിലുള്ള സിനിമകളെ, മയക്കുമരുന്നുപോലുള്ളവയെ അംഗീകരിപ്പിച്ചെടുക്കുകയാണ് ഇവിടെ നടക്കുന്നത് എന്നതാണ്.

രാ: രാഷ്ട്രീയം മാറ്റി നിര്‍ത്തി നോക്കിയാല്‍, അവാര്‍ഡുകള്‍ കൊണ്ടുപോയിരിക്കുന്നത് ബ്രഹ്മാണ്ഡ ചിത്രങ്ങളാണ്. അഞ്ഞൂറും ആയിരവും കോടികള്‍ മുടക്കി നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍ അവാര്‍ഡുകള്‍ സ്വന്തമാക്കുമ്പോള്‍ ‘ഒഴിവുദിവസത്തെ കളി’ പോലുള്ള ചെറു ബജറ്റ് സിനികള്‍ തഴയപ്പെടുകയാണ്.

സ: അവാര്‍ഡ് കിട്ടാതിരിക്കുന്നതാണ് നല്ലതെന്നാണ് എനിക്കു തോന്നുന്നത്. എന്റെ സിനിമ അവസാന നിമിഷംവരെ ചര്‍ച്ച ചെയ്യപ്പെടുകയും എനിക്ക് അവാര്‍ഡ് കിട്ടാതിരിക്കുകയുമായിരുന്നു. എന്നാല്‍ അവാര്‍ഡ് കിട്ടാന്‍ യാതൊരു അവകാശവുമില്ലാത്തൊരു ചിത്രത്തിന് അവാര്‍ഡ് കിട്ടുകയും ചെയ്യുന്നു. സത്യത്തില്‍ അത്തരം സിനിമകളുടെ കൂട്ടത്തില്‍ നമ്മുടെ സിനിമയ്ക്ക് അവാര്‍ഡ് കിട്ടാതിരിക്കുന്നതാണ് നല്ലത്. കിട്ടുന്നുണ്ടെങ്കില്‍ അതു നമ്മളെ കരുവാക്കുന്നതാകാം. ‘ഒഴിവുദിവസത്തെ കളി’ക്ക് ഒരു അവാര്‍ഡ് തന്നശേഷം ബാക്കിയെല്ലാം അവരുടെ അജണ്ട നടപ്പാക്കാന്‍ വേണ്ടിയുള്ള ചിത്രങ്ങള്‍ക്ക് കൊടുക്കുകയും ചെയ്താല്‍ പലരുടെയും വായ അടയും. ഞാനുള്‍പ്പെടെ ഒന്നും മിണ്ടില്ല. അതു ശരിക്കും നമ്മളെ ചൂണ്ടയില്‍ ഇരയാക്കുന്നതുപോലെയാണ്. അതില്‍ വീണുപോകാതിരിക്കണം.

ഞാനൊരിക്കലും അവാര്‍ഡിനു വേണ്ടി സിനിമ എടുക്കുന്നയാളല്ല. എന്റെ രാഷ്ട്രീയം പറഞ്ഞു കഴിഞ്ഞാല്‍ അവാര്‍ഡുകള്‍ കിട്ടില്ലെന്നും അറിയാം. ദേശീയ അവാര്‍ഡ് ജൂറി എന്റെ സിനിമ കണ്ടില്ലായെന്നു നടിക്കുകയായിരുന്നുവെന്ന് വ്യക്തമാണ്. ആ സിനിമ പറയുന്ന രാഷ്ട്രീയം, അതിന്റെ രീതി ഒന്നും ഇവര്‍ക്ക് മനസിലാകുന്നതല്ല. ജനാധിപത്യത്തെ കുറിച്ച്, ഭരണഘടനയെ കുറിച്ച്, സോഷ്യല്‍ സെറ്റപ്പിനെക്കുറിച്ചെല്ലാം വളരെ വ്യക്തമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ആ ചര്‍ച്ചകള്‍ ഉള്‍ക്കൊള്ളാനോ അംഗീകരിക്കാനോ പറ്റിയ മാനസികാവസ്ഥയിലുള്ളവരല്ല നമ്മുടെ ചുറ്റുമിരിക്കുന്നവരും ഭരണത്തിലിരിക്കുന്നവരും.

രാ: അതൊരു വലിയ തെറ്റല്ലേ. ഈ ഒഴിവാക്കലുകള്‍, കണ്ടില്ലായെന്നു നടിക്കലുകള്‍. നമ്മള്‍ അതേക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടതല്ലേ?

സ: ചര്‍ച്ചകള്‍ ഉണ്ടാകണം, ഉണ്ടാവുകയും ചെയ്യും. പക്ഷേ ലൗഡ് ആയ വിഷയങ്ങളില്‍ മാത്രം പോര. സൂക്ഷ്മമായിട്ട് അവയിലുളള ഹിഡന്‍ അജണ്ടകളെക്കുറിച്ചു കൂടി ചര്‍ച്ച നടക്കണം. നമ്മള്‍ ചര്‍ച്ച നടത്തുന്നത് ഹിന്ദുത്വത്തെ പ്രാമാണീകരിക്കാന്‍ ശ്രമിക്കുന്നുവെന്നതിനെക്കുറിച്ചാണ്. യഥാര്‍ത്ഥത്തില്‍ ഇവര്‍ ചെയ്യുന്നത് ഹിന്ദുത്വത്തെ എന്‍ഡോഴ്സ് ചെയ്യുകയല്ല. പൊതുവായി സ്വീകരിക്കപ്പെട്ടിട്ടുള്ള ജീര്‍ണ്ണ സദാചാരമുണ്ട്, ആ സദാചാരത്തെയാണ് ഇവര്‍ എന്‍ഡോഴ്സ് ചെയ്യുന്നത്. ഹിന്ദുത്വം മാത്രമല്ല ഈ ദുഷിച്ച സദാചാരത്തെ ദൃഢവത്കരിക്കാന്‍ നോക്കുന്നത്. ഇസ്ലാമിസ്റ്റുകളുടെ ഭാഗത്തു നിന്നും ശ്രമം നടക്കുന്നുണ്ട്, ഓരോരുത്തരും അതിനായി ശ്രമിക്കുകയാണ്. ആധുനികതയ്ക്കും നവോഥാനത്തിനുമൊന്നും ചേരാത്തൊരു മൈന്‍ഡ് സെറ്റ് ഇവര്‍ക്കെല്ലാവര്‍ക്കുമുണ്ട്. ആ മനഃസ്ഥിതിയുടെ പ്രോത്സാഹനമാണ് നടക്കുന്നത്. അതല്ലാതെ സ്പെസിഫൈ ചെയ്ത് ഇതില്‍ ഹിന്ദുത്വം ഉണ്ടെന്നു ചര്‍ച്ച ചെയ്യുന്നതില്‍ കാര്യമില്ല. നാളെയൊരു മുസ്ലിം സബ്ജക്ട് ഇതുപോലെ വലിയ ചിത്രമായി വരുന്നു. അത് രാജ്യതാത്പര്യത്തെ പ്രീണിപ്പിക്കുന്ന ഒന്നാണെങ്കില്‍ തീര്‍ച്ചയായും അതിനും അംഗീകാരം കിട്ടും.

രാ: സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലമുള്ള സിനിമകള്‍ അധികമായി ഉണ്ടാകേണ്ടയൊരു സാഹചര്യത്തിലും ബിഗ് ബഡ്ജറ്റ് സിനിമകളുടെ പിറകേ പോകാനുള്ള ത്വര മലയാളത്തിലും നടക്കുകയാണ്. സനല്‍ കുമാര്‍ ശശിധരനെപോലുള്ളവരുടെ എണ്ണം വളരെ ചെറുതാണ്.

സ: ഇത് ഇന്നും ഇന്നലെയും തുടങ്ങിയ കാര്യങ്ങളല്ലല്ലോ. എന്നെപ്പോലുള്ളവരുടെ എണ്ണം വളരെ കുറവാണ്. എല്ലാക്കാലത്തും അതങ്ങനെ തന്നെയാണ്. ഇന്നു കുറെക്കൂടി ആഗോള ശ്രദ്ധ ഇത്തരം സിനിമകള്‍ക്ക് കിട്ടുന്നുണ്ട്. എന്റെ സിനിമകള്‍ ഇതുവരെയും വലിയ ഫെസ്റ്റിവലുകളിലൊന്നും പോയിട്ടില്ലെങ്കിലും പലയിടത്തും ആ സിനിമയെ എത്തിക്കാനുള്ള ശ്രമങ്ങള്‍ ഒരുപാടു നടക്കുന്നുണ്ട്. എന്റെ സിനിമയെ തിരിച്ചറിഞ്ഞതുകൊണ്ടാണത്. അതേസമയം എല്ലായിടത്തും ആദ്യം പറഞ്ഞ മനഃസ്ഥിതി- കണ്‍കെട്ട് സിനിമകളോടുള്ള ആവേശം- നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് പെട്ടെന്നൊന്നും ബ്രേക് ചെയ്ത് കയറാന്‍ പറ്റില്ല. ഇന്നല്ലെങ്കില്‍ നാളെ ഇത്തരം സിനിമകള്‍ക്ക് കൃത്യമായൊരു പാതയുണ്ടാകും. അതിനൊരു തടസവുമുണ്ടാകില്ല. ബിഗ് ബഡ്ജറ്റ് സിനിമകള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നതോ അവയ്ക്ക് അവാര്‍ഡ് കിട്ടുന്നതോ ഇത്തരം സിനിമകളെ തടയാന്‍ കഴിയില്ല. റോഡരികില്‍ കൂടി നടക്കുമ്പോള്‍ ഒരു കൊട്ടാരം കാണുമ്പോഴല്ലേ നാമെല്ലാം നോക്കി നില്‍ക്കുന്നത്. അടിസ്ഥാനപരമായൊരു മാനസികാവസ്ഥയാണത്. ആ മാനസികാവസ്ഥയെ ചൂഷണം ചെയ്യാന്‍ വേണ്ടിയാണ് അഞ്ഞൂറും ആയിരവും കോടികള്‍ മുടക്കി സിനിമകള്‍ ഉണ്ടാക്കുന്നത്. അതിനിയും തുടരും. പക്ഷേ അതുകൊണ്ടെന്നും വേറൊരുതരം സിനിമകള്‍ക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടാകുമെന്നു കരുതേണ്ടതില്ല.

രാ: രാഷ്ട്രീയം പറയുന്ന സിനിമകള്‍ നമുക്കാവശ്യമുണ്ട്. അതുണ്ടാകണമെങ്കില്‍ അവയ്ക്ക് അംഗീകാരം കിട്ടേണ്ടതുണ്ട്. അതുണ്ടാകാതെ അവഗണിക്കപ്പെടുമ്പോഴാണ് ഇത്തരം ചോദ്യങ്ങളും സംശയങ്ങളും ഉയരുന്നത്.

സ: തീര്‍ച്ചയായും വേണം. അത്തരം സിനിമകള്‍ ഉണ്ടാവുകയും ചെയ്യും. ജെനുവിന്‍ ആയിട്ടുള്ളതാണെങ്കില്‍ അതേതു മോശം കാലാവസ്ഥയിലാണെങ്കിലും ഉണ്ടാകും. ഇത്തരം സിനിമകള്‍ക്കാണ് അവാര്‍ഡ് കിട്ടുന്നതെന്ന് കരുതുക. എന്നാല്‍ നാളെ പത്തു സിനിമകളെങ്കിലും കള്ളം പറയുന്ന രാഷ്ട്രീയം നിറച്ചു പുറത്തിറങ്ങും. പ്രത്യക്ഷത്തില്‍ അവര്‍ രാഷ്ട്രീയം പറയുകയും ഉള്ളില്‍ ഇതിനു വിരുദ്ധമായ അജണ്ട സൂക്ഷിക്കുകയും ചെയ്യും. അതും വലിയ കുഴപ്പമാണ്. ഒരിക്കലും അവാര്‍ഡ് കിട്ടുകയില്ലെന്നും അങ്ങോട്ടു കയറിച്ചെല്ലാന്‍ കഴിയില്ലെന്നും വന്നിട്ടും അത്തരം സിനിമകള്‍ എടുക്കാന്‍ തയ്യാറാകുന്നെങ്കില്‍ അതല്ലേ സത്യസന്ധത. അതേ സമയം അഞ്ചുലക്ഷം രൂപയ്ക്ക് എനിക്കൊരു സിനിമയുമെടുക്കാം അതിന് അവാര്‍ഡും കിട്ടുമെന്നു വന്നാല്‍ കുറെപ്പേര്‍ ഇത്തരം സിനിമകള്‍ എടുക്കാന്‍ തയ്യാറായി വരും. സാഹചര്യം കഠിനമാണെങ്കിലും അവിടെ നിന്നുകൊണ്ട് തന്റെ നിലപാടുകള്‍ പിന്തുടരുകയാണ് വേണ്ടത്.

‘ഒഴിവു ദിവസത്തെ കളി’ക്ക് ദേശീയ അവാര്‍ഡ് കിട്ടിയില്ല. അതുകൊണ്ടെന്താണ്? ആ സിനിമ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. കുറെയധികം പേര്‍ കണ്ടു. ഇനിയും കാണും. ആ സിനിമയ്ക്ക് അധികം അവാര്‍ഡുകള്‍ കിട്ടാതിരിക്കുകയാണ് നല്ലത്. അല്ലാത്തപക്ഷം എന്റെ സിനിമയുടെ ബഡ്ജറ്റും അതിന്റെ ഇന്‍ഗ്രേഡിയന്‍സും മനസിലാക്കി യാതൊരുവിധ പ്രതിബദ്ധതയുമില്ലാതെ, സിനിമയെക്കുറിച്ച് ധാരണയില്ലാതെ, പടപ്പുകള്‍ സൃഷ്ടിക്കപ്പെട്ടിരുന്ന കാലത്തേതുപോലുള്ള സിനിമകള്‍ തിരിച്ചുവരും. അത് ശരിയാകില്ല. അതുകൊണ്ടാണ് ഞാന്‍ പറയുന്നത്, ഇത്തരം തിരസ്‌കാരങ്ങള്‍ ഉണ്ടാവണം. അരിപ്പയായിട്ടാണ് ഇത്തരം തിരസ്‌കാരങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. തിരസ്‌കാരത്തിനിടയിലും പിടിച്ചു നില്‍ക്കുന്നൊരു കൂട്ടമുണ്ട്, ആ കൂട്ടമാണ് ഇവിടെ എന്തെങ്കിലും മാറ്റമുണ്ടാക്കുക…

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍