UPDATES

സിനിമ

പ്രേക്ഷകരില്‍ നിന്നും ബുദ്ധിപൂര്‍വം മറഞ്ഞു നിന്ന ആ അഞ്ചാമന്‍ നിങ്ങളായിരുന്നോ സനല്‍?

Avatar

സവര്‍ണതയുടെ ബോധ്യങ്ങള്‍ എത്ര ലാഘവത്തോടെയാണ്  ഒരു ദളിതനെ കൊന്ന്‍ കെട്ടിത്തൂക്കുന്നതെന്ന ഞെട്ടലായിരുന്നു ഒഴിവുദിവസത്തെ കളി എന്ന സിനിമ. മാറിയെന്നു കരുതിയതൊന്നും മാറിയിട്ടില്ലെന്നതിന്റെ തെളിവ്. ഒഴിവുദിവസത്തെ കളിക്ക് മികച്ച സിനിമയ്ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നല്‍കിയ ജൂറി സിനിമയെ വിലയിരുത്തിയത് വര്‍ത്തമാനകാല സാമൂഹ്യ-രാഷ്ട്രീയ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയായ ചിത്രം എന്നായിരുന്നു.

ഈ സിനിമയുടെ സംവിധായകനാണു സനല്‍കുമാര്‍ ശശിധരന്‍. സനലിന്റെ സിനിമകളോടെന്നപോലെ അഭിപ്രായങ്ങളോടും നിലപാടുകളോടും യോജിപ്പ് തോന്നിയിട്ടുണ്ട്. ആ യോജിപ്പുകളും ബഹുമാനവും നിലനിര്‍ത്തിക്കൊണ്ട് ചോദിക്കട്ടെ; ആദ്യം കള്ളനാക്കി, അതിന്റെ പേരില്‍ അപമാനിച്ച്, മര്‍ദ്ദിച്ച്, ഒടുവില്‍ ഉടുമുണ്ടില്‍ ദാസനെ കെട്ടിത്തൂക്കുമ്പോള്‍ ധര്‍മനും തിരുമേനിക്കും വിനയനും നാരായണനും ഒപ്പം, പ്രേക്ഷകരില്‍ നിന്നും ബുദ്ധിപൂര്‍വം മറഞ്ഞു നിന്ന അഞ്ചാമനായി നിങ്ങളുമുണ്ടായിരുന്നോ?

അങ്ങനെ വിശ്വസിച്ചു പോവുകയാണ് സനല്‍, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിങ്ങളെഴുതിയിടുന്ന നിങ്ങളുടെ നിലപാടുകള്‍ കാണുമ്പോള്‍. തീര്‍ച്ചയായും നിങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യത്തെയും ചിന്തയേയും മാനിക്കുന്നു. പക്ഷേ നിങ്ങളിലെ കപടതയെ എതിര്‍ക്കാതിരിക്കാന്‍ കഴിയുന്നില്ല.

നവംബര്‍ മാസം എട്ടാം തീയതി രാത്രി ഇന്ത്യയുടെ പ്രധാനമന്ത്രി നടത്തിയൊരു പ്രഖ്യാപനം ഇന്നീ പത്താം ദിവസവും എങ്ങനെയാണ് രാജ്യത്തെ സാധാരണക്കാരെ ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കുന്നതെന്നു നിങ്ങള്‍ക്കു മനസിലാകുന്നില്ല; അല്ലെങ്കില്‍ അത് മനസിലായിട്ടും ഇല്ല എന്ന് നടിക്കുന്നത് തന്നെയാണ് നിങ്ങളിലെ കപടത. കറന്‍സി നിരോധിക്കലിനു
പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയ പ്രധാന കാരണമായിരുന്നു കള്ളനോട്ടുകള്‍. ആ കള്ളനോട്ടുകളില്‍ ഏറ്റവും കൂടുതലുള്ളത് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കറന്‍സികള്‍ ആണെന്ന്‍ ഏവര്‍ക്കും അറിയുകയും ചെയ്യാം. പൊടുന്നനെ അവ അസാധുവാക്കപ്പെടുമ്പോള്‍ ആ നീക്കം കള്ളനോട്ട്/ കള്ളപ്പണ ശൃംഖലയേയും അതില്‍ ഉള്‍പ്പെട്ടവരേയും തച്ചുതകര്‍ത്തുകളയും. സനലിനെ പോലെ, ഈ രാജ്യത്തെ സ്‌നേഹിക്കുന്ന ഓരോരുത്തരും ആ തീരുമാനത്തെ അംഗീകരിക്കുന്നു, അഭിനന്ദിക്കുന്നു. വിയോജിപ്പ് അവിടെയല്ല സനല്‍, ആ തീരുമാനം രാജ്യത്തെ പട്ടിണിപ്പാവങ്ങളെയടക്കം ഒരാഴ്ചയിലേറെയായി കഷ്ടപ്പെടുത്തുന്ന തരത്തില്‍ പൂര്‍വ്വാലോചനകളില്ലാത്തവണ്ണം ആയിപ്പോയതിലാണ്.

സനല്‍ പറയുന്നുണ്ട്, ആരെയും വേദനിപ്പിക്കാതെ വിപ്ലവത്തിനു വരാന്‍ സാധിക്കില്ലായെന്ന്. പ്രധാനമന്ത്രിയുടെ നോട്ട് പിന്‍വലിക്കല്‍ തീരുമാനം രാജ്യം സമീപകാലത്ത് കണ്ട ഏറ്റവും വലിയ വിപ്ലവമായി കരുതുന്ന സനലിന്റെ യുക്തിയെ അഭിനന്ദിക്കുന്നു. ഗുല്‍മോഹറിന്റെ ചുവന്ന പൂക്കള്‍ പോലുള്ള കവികല്‍പ്പനകളിലെ വിപ്ലവം മാത്രം തിരിയുന്നവര്‍ക്ക് സനലിന്റെ യുക്തിയെ അംഗീകരിക്കാന്‍ സാധിക്കില്ലായിരിക്കും. പക്ഷെ യഥാര്‍ത്ഥ വിപ്ലവം അതിന്റെ ഗുണഭോക്തക്കള്‍ക്ക് നിര്‍ബന്ധിത ചാവ് വിധിക്കാറുണ്ടോ?

വിപ്ലവം എന്ന വാക്കിന്റെ മാനുഷികാര്‍ത്ഥം മാറ്റം എന്നാണ്. ഒരു ജനത അവര്‍ക്കുമേല്‍ നിര്‍ബന്ധിതമായി അടിച്ചേല്‍പ്പിക്കപ്പെടുന്ന ഭരണകൂടതീരുമാനങ്ങളെ വെല്ലുവിളിച്ച് സ്വയമൊരു മാറ്റത്തിനായി നടത്തുന്ന പോരാട്ടം തന്നെയാണ് സനല്‍ വിപ്ലവം. കള്ളപ്പണക്കാരും കള്ളനോട്ടടിക്കാരും കൈകടത്താത്ത ഒരു സാമ്പത്തികഭദ്രതയിലേക്ക് രാജ്യത്തെ മാറ്റുന്നതു തന്നെയായിരിക്കാം ഭരണകൂടം ഇപ്പോള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന തീരുമാനം. പക്ഷേ പോരാട്ടത്തില്‍ പൊരുതിവീഴുന്നവന്റെ രക്തസാക്ഷിത്വമല്ല, ബലിയാക്കപ്പെടുന്നവന്റെ രോദനമാണ് സനല്‍ പറയുന്ന ഈ വിപ്ലവത്തില്‍ കേള്‍ക്കേണ്ടി വരുന്നത്. ആ തിരിച്ചറിയല്‍ മറച്ചുവയ്ക്കുന്നതു തന്നെയാണു നിങ്ങളുടെ കപടത.

എന്താണു സനല്‍ സ്വാതന്ത്ര്യം? എന്റെ അധ്വാനത്തിന്റെ ഫലം എനിക്കു കൊയ്യാന്‍ കഴിയുന്നതല്ലേ എനിക്ക് അനുവദിച്ചു കിട്ടേണ്ട സ്വാതന്ത്ര്യം. ആ സ്വാതന്ത്ര്യമല്ലേ സനല്‍ ഇപ്പോള്‍ ബാങ്കുകള്‍ക്കു മുന്നിലും എടിഎം കൗണ്ടറുകള്‍ക്കു മുന്നിലും മണിക്കൂറുകളോളം വരിനില്‍ക്കേണ്ടി വരുന്നതിലൂടെ എനിക്കു നഷ്ടപ്പെടുന്നത്. എന്റെ മകളുടെ കല്യാണം നടത്താന്‍ എനിക്ക് കഴിയാതെ പോകുന്നു, എന്റെ അമ്മയ്ക്ക് ചികിത്സ കൊടുക്കാന്‍ എനിക്കു കഴിയതെ പോകുന്നു, എന്റെ സഹോദരന്റെ കോളേജ് ഫീസ് കെട്ടാന്‍ എനിക്കു കഴിയാതെ പോകുന്നു; എനിക്കിതിനൊന്നും കഴിയാതെ പോകുന്ന തരത്തിലേക്ക് എന്നെ മാറ്റുന്നത് വിപ്ലവത്തിന്റെ ഭാഗമോ അടിച്ചമര്‍ത്തലിന്റെയോ? ത്യാഗത്തിന്റെ വലിയൊരു ചരിത്രമാണ് സനല്‍ നമ്മുടെ ഈ ഇന്ത്യ മഹാരാജ്യം. ബലിത്തറയിലേക്ക് കഴുത്ത് നീട്ടിവയ്ക്കപ്പെടേണ്ടി വന്നതിന്റെയല്ല, വെള്ളക്കാരന്റെ പീരങ്കിയ്ക്കും തോക്കിന്‍ കുഴലിലും കഴുമരത്തിനും മുന്നില്‍ സ്വമനസാലെ നെഞ്ചുവിരിച്ചു നിന്ന കര്‍ഷകരുടെയും പാവപ്പെട്ടവരുടെയും ത്യാഗം. ഇന്ന് എനിക്കും സനലിനുമൊക്കെ സ്വന്തമായൊരു നിലപാടു തറ ഉണ്ടായിരിക്കുന്നതും അങ്ങനെയുള്ള ആരെല്ലാമോ ചെയ്ത ത്യാഗമാണ്. പക്ഷേ അവിടെ നിന്നുകൊണ്ട് വീണ്ടുമൊരു ഏകാധിപത്യത്തിനു കീഴിലേക്കു നമ്മള്‍ പോവുകയാണോ? ആ സംശയം പോലും ഉണ്ടാകാതെ പോകുന്നതാണ് സനല്‍ നിങ്ങളിലെ കപടത.

സനല്‍, നിങ്ങളെ ഏറെ പ്രതീക്ഷിച്ചതുകൊണ്ടാവാം, ഇന്നലെ നിങ്ങളില്‍ നിന്നുണ്ടായ ഒരഭിപ്രായം ഇത്രമേല്‍ വേദനിപ്പിക്കുന്നത്. ഇക്കഴിഞ്ഞ എട്ടുദിവസങ്ങള്‍കൊണ്ട് രാജ്യത്ത് 47 പേര്‍ നോട്ടുപിന്‍വലിക്കല്‍ തീരുമാനത്തിന്റെ ഇരകളായി മരണപ്പെട്ടിരിക്കുന്നു. എന്നാല്‍ നിങ്ങള്‍ ചോദിക്കുന്നത് ഓരോ മണിക്കൂറിലും ഈ രാജ്യത്ത് 400 പേരെങ്കിലും റോഡപകടത്തില്‍ മരിക്കുന്നില്ലേ എന്നാണ്? ബിവറേജിലും സിനിമ തിയേറ്ററിലും ക്യൂനില്‍ക്കാന്‍ മടിയില്ലാത്തവനു ബാങ്കിന്റെയും എടിഎമ്മുകളുടെയും മുന്നില്‍ വരിനില്‍ക്കാന്‍ വയ്യേ എന്നു ചോദിക്കുന്ന സംഘികളുടെ അതേ മനോനിലയോടെ. സനല്‍, റോഡുകളില്‍ സംഭവിക്കുന്നതുപോലെയുള്ള പെടുമരണങ്ങളല്ല ഈ 47 പേര്‍ക്കും സംഭവിച്ചത്. അവരെ ഭരണകൂടം കൊന്നതാണ് സനല്‍. നിങ്ങള്‍ പറഞ്ഞ വിപ്ലവത്തിന്റെ വിജയത്തിനായി ആരെല്ലാമോ ചേര്‍ന്നു അവരെ ബലിനല്‍കിയതാണ്. ഒരിക്കലുമത് അവരുടെ ഇഷ്ടപ്രകാരമാവില്ല. ഭരണകൂടം നടത്തിയ ഈ കൊലപാതകങ്ങളെ ന്യായീകരിക്കാന്‍ കഴിയുന്നു എന്നതു തന്നെയാണ് സനല്‍ നിങ്ങളിലെ കപടത.

സനല്‍ കാല്‍പ്പനിക വിപ്ലവത്തോട് നിങ്ങള്‍ക്ക് പുച്ഛമാണെന്നറിയാം. ഒരു കലാകാരന്‍ കാല്‍പ്പനിക വിപ്ലവകാരിയല്ലേ സനല്‍? അവര്‍ണന്റെ ശരീരം കെട്ടത്തൂക്കി സവര്‍ണന്‍ അവന്റെ പേക്കൂത്ത് തുടരുന്നുണ്ടെന്ന ബോധ്യം നിങ്ങള്‍ക്ക് ഉണ്ടായതുകൊണ്ടല്ലേ ഒഴിവുദിവസത്തെ കളി എന്ന സിനിമ ഉണ്ടായത്. ഇന്നാട്ടില്‍ നിലനില്‍ക്കുന്ന ജാതിവ്യവസ്ഥയ്‌ക്കെതിരേ തെരുവിലിറങ്ങി മുദ്രാവാക്യം വിളിക്കാനല്ലല്ലോ നിങ്ങള്‍ ശ്രമിച്ചത്, പകരം നിങ്ങളിലെ കലാകാരന്റെ വ്യവസ്ഥിതിയോടുള്ള വൈകാരികപ്രതിഷേധമായി ഒരു സിനിമ നിര്‍മിക്കപ്പെട്ടു. പ്രത്യക്ഷവിപ്ലവത്തിനു തയ്യാറാകാതെ കാല്‍പ്പനിക വിപ്ലവത്തിനു തന്നെയാണ് നിങ്ങളും മുതിര്‍ന്നത്. തെരുവിലിറങ്ങി ഒച്ചയെടുക്കുന്നതു മാത്രമല്ല സനല്‍ പ്രതിഷേധം. പ്രതിഷേധത്തിനു പലവഴിയുണ്ട്. ബ്രിട്ടീഷുകാരോട് അടികൂടിയാണോ ഗാന്ധി വിപ്ലവം നടത്തിയത്? സനലിന് പ്രതീക്ഷ നശിച്ച ഇന്നാട്ടിലെ ഇടതുപക്ഷം എത്രയേറെ ഭയപ്പെടുത്തിയിട്ടും കണ്ണുരുട്ടിയിട്ടും ജനം തെരുവിലിറങ്ങിയല്ലെന്നതാണല്ലോ ഭരണകൂടത്തിന്റെ തീരുമാനം ശരിയായതാണെന്നു തെളിയക്കാന്‍ സനല്‍ നിരത്തുന്ന ന്യായങ്ങളില്‍ ഒന്ന്. കഴിഞ്ഞ ഒമ്പതു ദിവസമായി ജനം തെരുവില്‍ തന്നെയാണ് നില്‍ക്കുന്നത്. സനല്‍ കാണുന്നില്ലേ? തെരുവില്‍ നിന്നവരില്‍ 47 പേരാണ് നിര്‍ബന്ധിത ചാവിനു വിധേയരായതും. ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടി ഇറക്കി നിര്‍ത്തിയതല്ല അവരെ, സ്വയം ഇറങ്ങിയതാണ്. ഈയൊരു യുക്തിയില്‍ സാഹചര്യങ്ങളെ കാണാന്‍ സനലിനു സാധിക്കുന്നില്ലെങ്കില്‍ അതാണു നിങ്ങളിലെ കപടത.

സനല്‍ ഒന്നു ചോദിച്ചോട്ടെ, ദളിതനും ആദിവാസിയും പട്ടിണിപ്പാവങ്ങളുമെല്ലാം ഇവിടുത്തെ മേലാളന്മാരുടെ ഒരൊഴിവു വിനോദത്തിനുള്ള ഉപാധികള്‍ മാത്രമാണെന്നാണ് നിങ്ങളുടെ സിനിമ സ്ഥാപിക്കാന്‍ ശ്രമിച്ചതെന്നു ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ അംഗീകരിക്കുമോ? ഇല്ല, കാരണം അതല്ല വാസ്തവം എന്നായിരിക്കും നിങ്ങളുടെ മറുപടി. 

അപ്പോള്‍, നിങ്ങളെ ഞങ്ങള്‍ക്കു മനസിലാക്കാന്‍ കഴിയുന്നതുപോലെ, നിങ്ങള്‍ക്കു മറ്റുള്ളവരെ മനസിലാക്കാന്‍ കഴിയാതെ പോയാല്‍? നിങ്ങളെ കാപട്യക്കാരനെന്നല്ലാതെ മറ്റെന്ത് വിളിക്കാന്‍?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍