UPDATES

ട്രെന്‍ഡിങ്ങ്

നാല് സ്ത്രീകളെ മുന്നിലിരുത്തി മംഗളം തങ്ങളുടെ ആണധികാരം കാണിക്കുകയായിരുന്നു: ചര്‍ച്ചയില്‍ പങ്കെടുത്ത സന്ധ്യ എസ്എന്‍

‘അത് എന്‍റെ ജീവിതത്തിലെ മോശം ദിനം’;

കെട്ടകാലത്ത് സ്ത്രീയെ എങ്ങനെയൊക്കെ ചൂഷണം ചെയ്യാമെന്നതിന്റെ ഉദാഹരണമാണ് മംഗളം ചാനല്‍ പുറത്തുവിട്ട വിവാദ വാര്‍ത്തയെന്ന് പ്രമുഖ സ്ത്രീ പ്രവര്‍ത്തകയും ചാനലിന്റെ സ്ത്രീ സുരക്ഷ ചര്‍ച്ചയില്‍ പങ്കെടുക്കുകയും ചെയ്ത സന്ധ്യ എസ് എന്‍. സ്ത്രീയെ ചൂഷണം ചെയ്യുന്ന സാഹചര്യമാണ് അവിടെയുണ്ടായത്. ഇത്തരം ചൂഷണങ്ങള്‍ സ്ത്രീകള്‍ തിരിച്ചറിയുന്നത് പോലും ഏറെ വൈകിയായിരിക്കുമെന്നും സന്ധ്യ അഴിമുഖത്തോട് പറഞ്ഞു.

പെണ്‍കെണിയെന്ന ഇപ്പോഴത്തെ പ്രയോഗം തന്നെ അതിന് ഉദാഹരണമാണ്. ഇവിടെ സ്ത്രീ സ്വയം കെണിയാകുകയാണോ? അതോ സ്ത്രീയെ കെണിയാക്കുകയാണോ? കെണി വച്ചവരല്ലേ യഥാര്‍ത്ഥത്തില്‍ ക്രൂശിക്കപ്പെടേണ്ടത്? ഇത്തരത്തില്‍ ഉപയോഗിക്കപ്പെടാന്‍ ഇവിടെ സ്ത്രീ നിര്‍ബന്ധിക്കപ്പെടുകയാണ് ചെയ്തത്. യാഥാര്‍ത്ഥത്തില്‍ ഇവിടെ കെണിയില്‍ വീണത് സ്ത്രീയാണ്.

നാല് സ്ത്രീകളെ മുന്നിലിരുത്തി മാധ്യമത്തിന്റെ ആണധികാരമാണ് മംഗളം അവിടെ പ്രകടിപ്പിച്ചത്. വാര്‍ത്ത അവതരിപ്പിച്ച പെണ്‍കുട്ടിക്ക് പോലും ഇത്തരമൊരു വാര്‍ത്തയാണ് സംപ്രേഷണം ചെയ്യാന്‍ പോകുന്നതെന്ന് അറിയുമായിരുന്നോയെന്ന് സംശയമായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒരു മണിക്കൂര്‍ നേരത്തെ സ്ത്രീ സുരക്ഷ ചര്‍ച്ചയ്ക്കായാണ് ചാനല്‍ തന്നെ വിളിച്ചത്. സംപ്രേഷണം ചെയ്യുന്ന ആദ്യ വാര്‍ത്ത തന്നെ സ്ത്രീ സുരക്ഷയെ സംബന്ധിച്ച് ആണെന്ന് അറിഞ്ഞപ്പോള്‍ സന്തോഷം തോന്നി. അതിനാലാണ് ചര്‍ച്ചയ്ക്ക് പോയത്. ചര്‍ച്ച പൂര്‍ത്തിയായപ്പോള്‍ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് ഒരു ബ്രേക്കിംഗ് ന്യൂസ് വരുന്നുണ്ടെന്നാണ് പറഞ്ഞത്. എന്നാല്‍ വാര്‍ത്ത കണ്ടപ്പോള്‍ ശരിയ്ക്കും ഞെട്ടിപ്പോയി. അതുവരെ തന്റെയുള്ളില്‍ ചാനലിനെക്കുറിച്ച് സൃഷ്ടിക്കപ്പെട്ട എല്ലാ പ്രതീക്ഷകളും തകരുന്ന ഒരനുഭവമായിരുന്നു അതെന്നും സന്ധ്യ വ്യക്തമാക്കി.

ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട സമയമേതാണെന്ന് ചോദിച്ചാല്‍ ആ ചാനല്‍ ഫ്‌ളോറില്‍ പോയിരുന്നതാണെന്ന് ഇപ്പോള്‍ താന്‍ പറയുമെന്നും അവര്‍ അറിയിച്ചു. മുതിര്‍ന്നവര്‍ പോലും കേട്ടാല്‍ മുഖംചുളിക്കുന്ന ആ സംഭാഷണം കുട്ടികളും പ്രത്യേകിച്ചും കൗമാരക്കാരായ കുട്ടികളും കേള്‍ക്കുകയായിരുന്നു. കൗമാരക്കാരായ കുട്ടികള്‍ക്ക് തങ്ങളുടെ വളര്‍ച്ചയിലെ ഈ സുപ്രധാനഘട്ടത്തില്‍ ശരിയായ ദിശ ചൂണ്ടിക്കാട്ടേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. അവിടെയാണ് ഒരു ചാനല്‍ ഇത്തരത്തിലൊരു പ്രവര്‍ത്തി നടത്തിയത്. അവര്‍ക്ക് അത് മറ്റേതെങ്കിലും രീതിയില്‍ അവതരിപ്പിക്കാമായിരുന്നു.

ഇവിടുത്തെ മാധ്യമങ്ങള്‍ എല്ലായ്‌പ്പോഴും സ്ത്രീയെ കുറ്റക്കാരിയാക്കുന്ന വിധത്തിലാണ് വാര്‍ത്തകള്‍ തയ്യാറാക്കുന്നത്. ഉദാഹരണത്തിന് ഒരു ഗള്‍ഫുകാരന്റെ ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയെന്ന വാര്‍ത്തയ്ക്ക് എത്രമാത്രം പ്രാധാന്യങ്ങളാണ് ഇവിടെ മാധ്യമങ്ങള്‍ നല്‍കുന്നത്. അതുപോലെ പലപ്പോഴും തലക്കെട്ടില്‍ കണ്ടിട്ടുള്ള ഒരു കാര്യമാണ് സ്ത്രീ ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയിലായെന്നത്. സ്ത്രീയെ ഇരയെന്ന് വിശേഷിപ്പിക്കേണ്ട കാര്യം ഇനിയില്ല. സ്ത്രീയെ ഇരയെന്ന് വിളിക്കുകയും അവളെ വെറും ശരീരമായി മാത്രം പരിഗണിക്കുകയും ചെയ്യുന്ന തരത്തിലാണ് ഇവിടെ വാര്‍ത്തകള്‍ പടച്ചുവിടുന്നത്.

സ്ത്രീയെ മുന്‍നിര്‍ത്തി പറയുന്ന വാര്‍ത്തകളില്‍ അവരെ കുറ്റക്കാരായാണ് പലപ്പോഴും ചിത്രീകരിക്കുന്നത്. അതേസമയം സ്ത്രീയുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ പറയുന്നുമില്ല. ഒരു സ്ത്രീയെ മൂന്ന് പേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത് വാര്‍ത്തയാകുന്നില്ല. എന്നാല്‍ മൂന്ന് പേര്‍ ചേര്‍ന്ന് അവളെ ബലാത്സംഗം ചെയ്താല്‍ അത് വാര്‍ത്തയാകുകയും ചെയ്യുന്നു.

ഈ ശബ്ദരേഖ രണ്ടാം തവണയും സംപ്രേഷണം ചെയ്തപ്പോള്‍ താന്‍ പ്രശ്‌നമുണ്ടാക്കിയതായും സന്ധ്യ വ്യക്തമാക്കി. അപ്പോള്‍ അവര്‍ പറഞ്ഞത് സ്റ്റുഡിയോയിലേക്കുള്ള ഓഡിയോ മാത്രം കട്ട് ചെയ്യാമെന്നാണ്. അപ്പോഴും പുറത്ത് കുട്ടികളുള്‍പ്പെടെ ഇത് കേള്‍ക്കുകയല്ലേ?

സ്ത്രീയെ ഇരയാക്കുന്ന എഴുത്തുകള്‍ക്ക് പകരം സ്ത്രീയുടെ അവകാശങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള എഴുത്തുകളാണ് ഇവിടെയുണ്ടാകേണ്ടത്. സ്ത്രീയെ ഉപദ്രവിക്കുന്നുവെന്ന് പറഞ്ഞ് മംഗളം കൊടുത്ത വാര്‍ത്തയിലൂടെ അവര്‍ സ്ത്രീ സമൂഹത്തെ മുഴുവനായി അപമാനിക്കുകയാണ് ചെയ്യുന്നത്. എനിക്കൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്ത സോണിയ ജോര്‍ജ്ജ് ഒരുഘട്ടത്തില്‍ ഇറങ്ങിപ്പോകാമെന്ന് പറഞ്ഞതാണ്. അങ്ങനെ ഇറങ്ങിപ്പോന്നാല്‍ അത് ഭീരുത്വമാണെന്ന് തോന്നി. പറയാനുള്ളത് പറയാതെ പോരാന്‍ കഴിയാതെയും വരും. പോകാന്‍ നേരം ചാനല്‍ മേധാവി അജിത്തിനെ കണ്ട് ഇത് മോശമായി പോയെന്നും സ്ത്രീ സുരക്ഷ ഇങ്ങനെയല്ല ചര്‍ച്ച ചെയ്യേണ്ടതെന്നും പറഞ്ഞു. ഇനി മേലില്‍ ഈ ചാനലിലേക്ക് ചര്‍ച്ചയ്ക്ക് വിളിക്കരുതെന്ന് പറഞ്ഞാണ് ഇറങ്ങിയത്- സന്ധ്യ വ്യക്തമാക്കി.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍