UPDATES

ട്രെന്‍ഡിങ്ങ്

ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരാമര്‍ശം: സെന്‍കുമാറിനെതിരെ സന്ധ്യ അന്വേഷണം തുടങ്ങി

നടി ആക്രമിക്കപ്പെട്ട കേസില്‍ ബി സന്ധ്യയ്ക്ക് കീഴില്‍ നടക്കുന്ന അന്വേഷണത്തെ ഡിജിപി സ്ഥാനത്തു നിന്നും വിരമിച്ചപ്പോള്‍ സെന്‍കുമാര്‍ വിമര്‍ശിച്ചിരുന്നു

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിക്കെതിരെ മോശം പരാമര്‍ശം നടത്തിയ മുന്‍ ഡിജിപി ടി പി സെന്‍കുമാറിനെതിരെ അന്വേഷണം തുടങ്ങി. എഡിജിപി ബി സന്ധ്യയ്ക്കാണ് അന്വേഷണ ചുമതല.

ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെ തന്നെ ഫോണില്‍ വിളിച്ച ആളോടാണ് സെന്‍കുമാര്‍ നടിയെക്കുറിച്ച് മോശമായി സംസാരിച്ചത്. അഭിമുഖത്തില്‍ സെന്‍കുമാര്‍ നടത്തിയ വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍ വിവാദമായതോടെ അഭിമുഖത്തില്‍ താന്‍ പറയാത്ത കാര്യങ്ങള്‍ എഴുതി ചേര്‍ത്തുവെന്നും മറ്റൊരാളോട് ഫോണില്‍ സംസാരിച്ചതാണ് ഇതില്‍ ഉള്‍പ്പെടുത്തിയതെന്നും ആരോപിച്ച് സെന്‍കുമാര്‍ രംഗത്തെത്തിയിരുന്നു.

ഇതിനെ തുടര്‍ന്ന് വാരികയുടെ എഡിറ്ററും അഭിമുഖം നടത്തിയ മാധ്യമപ്രവര്‍ത്തകനും നല്‍കിയ വിശദീകരണ കത്തിലാണ് അഭിമുഖത്തിനിടെ വന്ന ഫോണ്‍ കോളില്‍ സെന്‍കുമാര്‍ സംസാരിച്ചത് നടിയെക്കുറിച്ചാണെന്ന വിവരം പുറത്തു വന്നത്. അഭിമുഖത്തില്‍ ഈ ഭാഗം അച്ചടിച്ചിരുന്നില്ല. മറ്റൊരാളോട് സംസാരിച്ച കാര്യങ്ങള്‍ താന്‍ ഉള്‍പ്പെടുത്തിയില്ലെന്നും തന്നോട് സംസാരിച്ചത് മാത്രമാണ് ഉള്‍പ്പെടുത്തിയതെന്നുമാണ് മാധ്യമപ്രവര്‍ത്തകന്‍ കത്തില്‍ വിശദീകരിച്ചത്. എന്നാല്‍ എപ്പോഴും ഓഡിയോ റെക്കോഡ് ഓഫ് ആക്കുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ ആ സംഭാഷണവും റെക്കോഡ് ചെയ്തിട്ടുണ്ടെന്നും ഫോണിലൂടെ നടിയെക്കുറിച്ച് സംസാരിച്ച മോശം കാര്യങ്ങളും കത്തില്‍ വിശദമാക്കിയിരുന്നു.

ഇതേ തുടര്‍ന്ന് സിനിമയിലെ വനിത കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവും സെന്‍കുമാറിനെതിരെ രംഗത്തെത്തി. സെന്‍കുമാറിന്റെ പരാമര്‍ശം അപലപനീയമാണെന്നും നിയമനടപടി ആവശ്യപ്പെട്ട് വനിത കമ്മിഷനെ സമീപിക്കുമെന്നുമാണ് ഡബ്ല്യൂസിസി അന്ന് അറിയിച്ചത്. സെന്‍കുമാറിനെതിരെ ഗുരുതര പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് സന്ധ്യ നേരത്തെ തന്നെ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യണമെന്ന് റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ടെന്നായിരുന്നു സൂചന.

സ്ത്രീത്വത്തിന് നേരെയുള്ള കടന്നുകയറ്റമാണ് സെന്‍കുമാറിന്റേതെന്ന് വിലയിരുത്തലെന്നും നാല് പേജുള്ള റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട കേസില്‍ ബി സന്ധ്യയ്ക്ക് കീഴില്‍ നടക്കുന്ന അന്വേഷണത്തെ ഡിജിപി സ്ഥാനത്തു നിന്നും വിരമിച്ചപ്പോള്‍ സെന്‍കുമാര്‍ വിമര്‍ശിച്ചിരുന്നു. സന്ധ്യ ആളാകാന്‍ ശ്രമിക്കുകയാണ് എന്നായിരുന്നു സെന്‍കുമാറിന്റെ വിമര്‍ശനം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍