UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭയം ഭരിക്കുന്ന മുംബൈ

സാമ്പത്തിക തലസ്ഥാനമായ മുംബൈ ഒരു തരത്തിൽ എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ഒരു നഗരം കൂടിയാണ്. ഇത്രയേറെ ദുരന്തങ്ങൾ ഉണ്ടായിട്ടും ഇന്നും ഈ നഗരം ആളുകളെ ആകർഷിക്കുന്നുണ്ട്. രാജ്യത്തെ നഗര ദരിദ്രരിൽ കുടുതൽ പേർ ജീവിക്കുന്നതും ഈ നഗരത്തിൽ തന്നെ. രാജ്യത്തെ എല്ലാവിധ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾക്കും രാഷ്ട്രീയ വീക്ഷണങ്ങൾക്കും ഈ നഗരത്തിൽ ഇടമുണ്ട്. ബാബാ സാഹിബ് അംബേദ്ക്കറുടെയും ജ്യോതിഭായി ഫൂലെയുടെയും രാഷ്ട്രീയ/പ്രത്യയശാസ്ത്ര വീക്ഷണങ്ങൾ രൂപപ്പെട്ടതും അവ രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന പിന്നോക്ക ജനവിഭാഗത്തിന്റെ രാഷ്ട്രീയ മുന്നേറ്റമായി മാറിയതും എല്ലാം തന്നെ മുംബൈ ഉൾക്കൊള്ളുന്ന മഹാരാഷ്ട്രയിൽ ആണ്. എന്നാൽ വലതു പക്ഷ രാഷ്ട്രീയവും അതോടൊപ്പം ശക്തമായി വളർന്ന മുതലാളിത്ത വ്യവസ്ഥയും ഭൂരിപക്ഷം വരുന്ന പിന്നോക്ക ജനങ്ങളെ സാമൂഹിക അസമത്വത്തിലേക്ക് തള്ളിവിട്ടതോടെ നഗരത്തിന്റെ സാമൂഹിക ജീവിതം തികച്ചും മുഖ്യധാരയിൽ നിന്നും അകന്നു.

ഇതോടൊപ്പം സാമൂഹിക നവോത്ഥാന മൂല്യങ്ങളിൽനിന്ന് മുംബൈ വളരയേറെ പിന്നോക്കം പോയി. അത്തരം പിന്നോക്കം പോകലാണ് വര്‍ഗ്ഗീയ ശക്തികളെ പൊതുജീവിതത്തിൽ ഇടപെടാൻ പ്രാപ്തമാക്കുന്നത്. മഹാരാഷ്ട്രയിലെ ശിവസേനയും പിന്നെ ബി ജെ പി പിന്തുണയുള്ള നിരവധി സംഘടനകളും ഒരർത്ഥത്തിൽ പൊതുസമൂഹത്തിൽനിന്നും യുക്തിചിന്തയും ജനാധിപത്യവും ഇല്ലാതാക്കുകയാണ്. സംഘ പരിവാര്‍ സംഘടനകളാണ് യുക്തിവാദിയായിരുന്ന നരേന്ദ്ര ധാബോല്‍ക്കരുടെ കൊലപാതകത്തിനും, ഇടതുപക്ഷ പ്രവർത്തകനായിരുന്ന ഗോവിന്ദ് പന്‍സാരെയുടെയും  , എഴുത്തുകാരനും ചിന്തകനും ആയ കൽബുർഗിയുടെ കൊലപാതകത്തിനും കാരണം എന്ന് പുറത്തുവന്ന തെളിവുകളും പൊതുസമൂഹവും വിശ്വസിക്കുന്നു. എന്നാൽ അവയെല്ലാം തന്നെ സാധാരണ സംഭവങ്ങൾ ആയി മാത്രം കരുതുന്ന ഒരു ഭരണം സംവിധാനം രൂപപ്പെടുത്താൻ വര്‍ഗ്ഗീയ കക്ഷികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

ബി ജെ പി അധികാരത്തിൽ വന്നശേഷം മാട്ടിറച്ചി നിരോധനം നടപ്പിലാക്കാൻ ആദ്യം തയ്യാറായത് മഹാരാഷ്ട്രയിലെ ബി ജെ പി സർക്കാരാണ്. അതോടൊപ്പം മറാത്ത സമുദായത്തിന് സംവരണവും ഏർപ്പെടുത്തി. എന്നാൽ മുസ്ലീങ്ങൾക്ക് അഞ്ച് ശതമാനം സംവരണം നടപ്പിലാക്കാനുള്ള തീരുമാനം സർക്കാർ നടപ്പിലാക്കിയതും ഇല്ല. അതിന് പറഞ്ഞകാരണം സര്‍ക്കാരിന് ഒരിക്കലും മതപരമായ സംവരണം നടപ്പിലാക്കാൻ കഴിയില്ല എന്നാണ്. ന്യൂനപക്ഷങ്ങൾക്കുണ്ടാകുന്ന അരക്ഷിതാവസ്ഥ രാഷ്ട്രീയനേട്ടമായി മാറുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. മഹാരാഷ്ട്രയിൽ നിലനിൽക്കുന്നത് ഭയത്തിന്റെ രാഷ്ട്രീയമാണ്. ന്യൂനപക്ഷങ്ങൾക്കിടയിലെ പ്രകടമായ അരക്ഷിതാവസ്ഥയ്ക്ക് പരിഹാരം ഒന്നും തന്നെയില്ല എന്ന അവസ്ഥയിൽ ഒരു സമൂഹം എത്തിക്കഴിഞു. അതുകൊണ്ട് തന്നെയാവണം മുസ്ലീം സംഘടനകൾ ഒന്നും തന്നെ ഈ വിഷയത്തിൽ പ്രതികരിക്കാനോ ഏതെങ്കിലും തരത്തിൽ സർക്കാരുമായി ചർച്ച നടത്താനോ തയ്യാറാകാത്തത്. ഈ നിശബ്ദതയെ സര്‍ക്കാരിനോടുള്ള മുസ്ലീംങ്ങളുടെ വിശ്വാസമായി  സർക്കാർ കാണുന്നു എന്ന് വേണം കരുതാൻ. എന്നാൽ ഭയമാണ് ഈ നിശബ്ദതയുടെ പിന്നിൽ ഉള്ളത്.

ഭയമാണ് രാജ്യത്തെ ഭൂരിപക്ഷം വരുന്ന ദരിദ്ര മുസ്ലീങ്ങളുടെ സാമൂഹിക ജീവിതത്തെ നിയന്ത്രിക്കുന്നത്. ദാദ്രി സംഭവം അതിന്റെ ഏറ്റവും സമീപകാല ഉദാഹരണം മാത്രമാണ്. ജനാധിപത്യത്തിന്റെ പ്രതിസന്ധി എന്നതിനപ്പുറം നമ്മുടെ ജനാധിപത്യം എളുപ്പത്തിൽ ഫാസിസ്റ്റ് വല്‍ക്കരിക്കപ്പെടാം എന്നതിന്റെ തെളിവ് കൂടിയാണ് മുസ്ലീംങ്ങൾക്കിടയിൽ ഉണ്ടായിട്ടുള്ള ഭയം. ഇത്തരം ഭയങ്ങൾ കേവലം ഭക്ഷണത്തിന്റെ കാര്യത്തിൽ മാത്രമല്ല നടപ്പിൽ വരുന്നത്. മറ്റ് സാമൂഹിക ജീവിതത്തിലും ഇനി ഇത് സംഭവിക്കാം. അതൊരുപക്ഷേ തൊഴിൽ സംരക്ഷണത്തിൽ ആകാം, വോട്ടവകാശത്തിൽ ആകാം. തങ്ങളുടെ ഹിന്ദു ഭൂതകാലം അംഗീകരിക്കാത്ത മുസ്ലീങ്ങളുടെ വോട്ടവകാശം നിഷേധിക്കണം എന്ന് ബി ജെ പി നേതാവ് സുബ്രഹ്മണ്യം സ്വാമി ഒരിക്കൽ പറഞ്ഞിരുന്നു. ഒരുപക്ഷെ നമ്മുടെ ജനാധിപത്യം ഒരു ജനവിഭാഗത്തിൽ അവരുടെ നിലനില്പ്പിനെ കുറിച്ച് ഭയം സൃഷ്ടിക്കുന്ന അവസ്ഥയിലേക്ക് രൂപപ്പെടുന്നു എന്ന് ഉറച്ചു വിശ്വസിക്കേണ്ടി വരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. പാർലമെന്ററി ജാനാധിപത്യത്തിൽ ഇത്തരം ഭയം ക്രമേണ അലിഖിത നയമായി മാറുകയും ചെയ്യും. അതോടെ എതിർപ്പുകള്‍ക്ക് ഇടമില്ലാത്ത പൊതുബോധത്തിലേക്ക് സമൂഹം മാറും. ഒരുപക്ഷെ നമ്മുടെ നാളെകൾ ഇത്തരത്തിൽ ആവാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

എസ്. മുഹമ്മദ് ഇര്‍ഷാദ്

എസ്. മുഹമ്മദ് ഇര്‍ഷാദ്

മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ അദ്ധ്യാപകനാണ് ലേഖകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍