UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എതിരാളികളെ ‘വധാത്മഹത്യ’യ്ക്ക് വിധേയരാക്കുന്ന സംഘപരിവാര്‍ രാഷ്ട്രീയം

Avatar

പി പി സത്യന്‍

ആയിരക്കണക്കിന് ബുദ്ധസന്യാസിമാരുടെ തലവെട്ടിയറുത്ത ഇന്ത്യന്‍ ബ്രാഹ്മണ്യത്തിന്റെ തുടര്‍ തേര്‍വാഴ്ച തന്നെയാണ് ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ ദളിത് വിദ്യാര്‍ത്ഥിയായ രോഹിത് വെമുലയുടെ ‘വധാത്മഹത്യ’ അടയാളപ്പെടുത്തുന്നത്. ദളിതരുടെയും മുസ്ലിങ്ങളുടെയും ശവക്കൂനകളില്‍ ചവിട്ടിനിന്നുകൊണ്ടാണ് ഹിന്ദുത്വഫാസിസം ‘ലോകാസമസ്താ സുഖിനോ ഭവന്തു’വെന്ന് ഉദ്‌ഘോഷിക്കുന്നത്. കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ 18 വിദ്യാര്‍ത്ഥികളാണ് രോഹില് വെമുലയെപ്പോലെ വധാത്മഹത്യ ചെയ്യപ്പെട്ടത്. 

ഒരു ജനാധിപത്യരാജ്യമാണെന്ന് പറയാന്‍ ലജ്ജിക്കേണ്ട രാഷ്ട്രീയ സാഹചര്യമാണ് ഇന്ന് സംജാതമായിട്ടുള്ളത്. മോദി അധികാരത്തില്‍ വന്നശേഷം അസംഖ്യം ദളിത് – മുസ്ലീം ജനവിഭാഗങ്ങള്‍ കൊലചെയ്യപ്പെട്ടു. നിരവധി ദളിത് സ്ത്രീകള്‍ ബലാല്‍സംഗത്തിനിരകളായി. മധ്യകാലഘട്ടത്തില്‍ യൂറോപ്പില്‍ നടന്നപോലെയുള്ള കിരാതമായ വംശീയ ഉന്മൂലനത്തെ അനുസ്മരിപ്പിക്കുന്നതാണ് ഇന്ത്യയിലിന്ന് നടക്കുന്ന ഫാസിസ്റ്റ് തേര്‍വാഴ്ചകള്‍. ഇന്ത്യന്‍ ഭരണഘടനാ ശില്‍പ്പിയായ അംബേദ്ക്കറുടെ അനുയായിയായ ഒരു ഗവേഷക വിദ്യാര്‍ത്ഥിയെ മരണത്തിലേക്ക് തള്ളിവിടുക വഴി നൂറ്റാണ്ടുകളായി ഇവിടെ തുടര്‍ന്നുവരുന്ന വംശീയവെറിയെ ഉറപ്പിക്കുകയാണ് ഫാസിസ്റ്റു ശക്തികള്‍ ചെയ്യുന്നത്. ഭരണഘടനയെയും ജുഡീഷ്യറിയെയും മതനിരപേക്ഷ, ജനാധിപത്യസങ്കല്‍പ്പങ്ങളെയും പല്ലിളിച്ചുകാണിച്ചുകൊണ്ട് കിരാതനൃത്തം നടത്തുന്ന വംശീയവിദ്വേഷത്തിന്റെ പേരാണ് സവര്‍ണഫാസിസമെന്നത്. ചിന്തകരെയും എഴുത്തുകാരെയും ഭാവിപ്രതീക്ഷകളായ വിദ്യാര്‍ത്ഥികളെയും കുഴിച്ചുമൂടിക്കൊണ്ട് ഇന്ത്യയെ ഒരു സവര്‍ണ ഹിന്ദുരാഷ്ട്രമാക്കി മാറ്റുകയെന്നതാണ് നവഫാസിസത്തിന്റെ അജണ്ട. 

നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ടവരും അസ്പൃശ്യരും മര്‍ദ്ദിതരുമായി കഴിഞ്ഞുവന്ന ദളിത് ജനത ഒരു രാഷ്ട്രീയ ശക്തിയായി ഉയര്‍ന്നുവരുന്നത് തടയിടുക എന്നതാണ് സവര്‍ണഫാസിസ്റ്റുകളുടെ പ്രധാന ലക്ഷ്യം. തെരഞ്ഞെടുപ്പില്‍ 30 ശതമാനത്തിന്റെ മാത്രം പിന്തുണയുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രധാന പ്രതിപക്ഷം ഇന്ത്യയിലെ ദളിതരും മുസ്ലീങ്ങളുമാണെന്ന യാഥാര്‍ത്ഥ്യം നാം മറന്നുകൂടാ. ഈ യാഥാര്‍ത്ഥ്യമാണ് ഫാസിസ്റ്റുകളെ പ്രകോപിതരാക്കുന്നത്. ദളിതരോടും മുസ്ലിങ്ങളോടും ഇടതുപക്ഷരാഷ്ട്രീയത്തോടുമുള്ള ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വിദ്വേഷം കരകവിഞ്ഞ് പുരോഗമനപരമായ എല്ലാറ്റിനോടുമുള്ള ക്രോധമായി മാറിക്കഴിഞ്ഞിരിക്കുന്നു. പുതുതലമുറയെയും അവരുടെ വസ്ത്രധാരണത്തെയും സ്‌നേഹസംഗമങ്ങളെയും ഭീതിയോടെയും അസൂയയോടെയും വീക്ഷിക്കുന്ന സംഘപരിവാര്‍ ശക്തികള്‍ മനുഷ്യരാശിക്കുതന്നെ ഒരു വെല്ലുവിളിയുയര്‍ത്തുകയാണ്.

സര്‍വകലാശാലകള്‍, ചലച്ചിത്ര അക്കാദമികള്‍ തുടങ്ങിയ മേഖലകളിലെല്ലാം കടന്നുകയറി ജനാധിപത്യാവകാശങ്ങളെയും സ്വാതന്ത്ര്യം, മതനിരപേക്ഷത തുടങ്ങിയ ആധുനികാശയങ്ങളെയും അപകടപ്പെടുന്ന പ്രവര്‍ത്തനങ്ങളാണ് ഇന്ന് സംഘപരിവാര്‍ ശക്തികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. വിശ്രുത ഗസല്‍ ഗായകന്‍ ഗുലാം അലിയെപ്പോലെയുള്ളവര്‍ക്കെതിരെ ശിവസേന നടത്തിയ വെല്ലുവിളി ജനാധിപത്യവാദികളെ മുഴുവന്‍ ഞെട്ടിപ്പിക്കുന്നതായിരുന്നുവല്ലോ. എം.എഫ്. ഹുസൈന്‍ എന്ന വിഖ്യാത ചിത്രകാരന്‍ സരസ്വതീദേവിയുടെ ചിത്രം വരച്ചതിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ അദ്ദേഹത്തെ ഇന്ത്യ രാജ്യം വിട്ടുപോകുന്നതിലേക്കെത്തിച്ചു. നരേന്ദ്ര ധബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, കല്‍ബുര്‍ഗി തുടങ്ങിയ പുരോഗമന ചിന്തകരെ വകവരുത്തി. 12-ാം നൂറ്റാണ്ടില്‍ കന്നഡദേശത്ത് ജീവിച്ചിരുന്ന സാമൂഹികവിപ്ലവകാരിയും കവിയും സന്യാസിവര്യനും ബിജ്ജല രാജാവിന്റെ ധനമന്ത്രിയുമായ ബസവേശ്വരന്റെ ജീവിതത്തെ ആസ്പദമാക്കി നാടകം രചിക്കുകയും അദ്ദേഹത്തിന്റെ ഭക്തിഗീതങ്ങള്‍ കണ്ടെടുക്കുകയും ചെയ്ത കല്‍ബുര്‍ഗിയെ സംഘപരിവാര്‍ ശക്തികള്‍ വെടിവച്ചുകൊന്നു. കല്‍ബുര്‍ഗി കൊല്ലപ്പെടാന്‍ കാരണം ബസവേശ്വരന്റെ പുരോഗമനാശയങ്ങള്‍ അദ്ദേഹം ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ചതായിരുന്നു. കല്‍ബുര്‍ഗി കൊല്ലപ്പെട്ടതിനുശേഷം ലണ്ടനില്‍ ബസവേശ്വര പ്രതിമ നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത വിവരം ഇന്ത്യന്‍ ജനതയെയാകെ അപഹാസ്യരാക്കുന്നതായിരുന്നു. ബ്രാഹ്മണ പൗരോഹിത്യത്തെയും വര്‍ണ്ണാശ്രമധര്‍മ്മത്തെയും വിഗ്രഹാരാധനയെയും ജാതിവ്യവസ്ഥയെയും വെല്ലുവിളിച്ചുകൊണ്ട് സ്ത്രീപുരുഷ സമത്വം, സാമൂഹികനീതി തുടങ്ങിയ ആശയങ്ങള്‍ പ്രചരിപ്പിച്ചതിന് രാജ്യഭ്രഷ്ടനാക്കപ്പെട്ട ബസവേശ്വരന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്നതിലൂടെ നരേന്ദ്ര മോദി  സ്വയം പരിഹസിക്കപ്പെടുകയായിരുന്നു. 

ഒരു ഭാഗത്ത് ദളിത് – മുസ്ലിം ഹത്യകളും പീഡനങ്ങളും പടര്‍ത്തിക്കൊണ്ട് ഫാസിസ്റ്റ് തേര്‍വാഴ്ച നത്തിക്കൊണ്ടിരിക്കെത്തന്നെ ദളിത് – പിന്നാക്ക – ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി തങ്ങളുടെ ചിറകിലൊതുക്കിനിര്‍ത്താനുള്ള ശ്രമവും ഹിന്ദുത്വ ശക്തികള്‍ നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമാണ് വെള്ളാപ്പള്ളിയെപ്പോലെയുള്ളവരെ പ്രീണിപ്പിച്ച് കൂടെ നിര്‍ത്തിയത്. 

ജീര്‍ണ്ണിച്ച മതാനുഷ്ഠാനങ്ങളും ഹീനമായ വംശീയ ഹിംസാത്മകതയും കാലഹരണപ്പെട്ടതും അപമാനവീകൃതവുമായ ചിന്തകളും പിന്തുടര്‍ന്നുകൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയഭരണാധികാരം കൈയ്യാളുന്ന സംഘപരിവാര്‍ ശക്തികളെ രാഷ്ട്രീയമായി നേരിടാന്‍ കഴിയുന്നില്ലെങ്കില്‍ അത് ജനാധിപത്യ വ്യവസ്ഥയെത്തന്നെ അപായപ്പെടുത്തുന്നതായിരിക്കും. 1946 ല്‍ ദല്‍ഹിയില്‍ ഹിന്ദു വര്‍ഗ്ഗീയ ഫാസിസ്റ്റുകള്‍ 135 ഓളം മുസ്ലിം പള്ളികള്‍ തകര്‍ത്തുവെന്ന് രാമചന്ദ്രഗുഹ തന്റെ ‘ഇന്ത്യ ആഫ്റ്റര്‍ ഗാന്ധിജി’ എന്ന ഗ്രന്ഥത്തില്‍ പറയുന്നു. ഏറ്റവും സംഘര്‍ഷഭരിതമായ ആ കാലഘട്ടത്തില്‍ കലാപബാധിത മേഖലകളില്‍ മഹാത്മാഗാന്ധി സന്ദര്‍ശനം നടത്തുകയുണ്ടായി. ഗാന്ധിജിയുടെ സമാനതകളില്ലാത്ത ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഹിന്ദുത്വതീവ്രവാദികളെ പ്രകോപിതരാക്കിയതിന്റെ അനന്തരഫലമായിരുന്നു ഗാന്ധിവധം. ഇന്ത്യ വിഭജനത്തിനു കാരണം ഗാന്ധിജിയായിരുന്നുവെന്ന വികലധാരണ പരത്തുവാന്‍ സംഘപരിവാര്‍ ശക്തികള്‍ ശ്രമിച്ചു.

മുസ്ലിം വിദ്വേഷ പ്രചാരണതന്ത്രങ്ങളിലൂടെ വളര്‍ത്തിയെടുത്ത ഹിന്ദുത്വ പുനരുജ്ജീവന യത്‌നങ്ങള്‍ ഇന്ന് ദളിത് ഹത്യകളിലേക്ക് പരിണമിച്ചിരിക്കുകയാണ്. ദളിതുകള്‍ സ്‌കൂളുകള്‍, കലാലയങ്ങള്‍, തൊഴില്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെല്ലാം കടുത്ത ജാതീയവിദ്വേഷങ്ങള്‍ക്കും അവമതിപ്പുകള്‍ക്കും വിധേയമാവുന്നു. ജാതിചിന്തയുടെ മാലിന്യം ചുമക്കുന്നതില്‍ അഭിമാനം കൊള്ളുന്ന മധ്യവര്‍ഗ്ഗ ഹിന്ദുബോധം നമ്മുടെ പൊതുസമൂഹധാരയിലാകെ വിഷം പോലെ പ്രസരിച്ചിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയപ്പെടേണ്ടതുണ്ട്. ജ്യോതിഫൂലെ, ഇ.വി.രാമസ്വാമി നായ്കര്‍, അംബേദ്കര്‍, അയ്യന്‍കാളി തുടങ്ങിയ മഹാന്‍മാര്‍ നടത്തിയ ജാതിവിരുദ്ധപോരാട്ടങ്ങളെ മുന്നോട്ടുനയിക്കുകയെന്നതുമാത്രമാണ് ഇതിനുള്ള പരിഹാരം. ഫാസിസ്റ്റ് ശക്തികളുടെ വിപുലവും സര്‍ഗ്ഗാത്മകവുമായ സാംസ്‌കാരിക – രാഷ്ട്രീയ സംവാദങ്ങളും പ്രതിരോധങ്ങളും ഉയര്‍ന്നുവരേണ്ടതുണ്ട്.

(എഴുത്തുകാരനും ഇടതു ചിന്തകനുമാണ് പി പി സത്യന്‍. ലൈംഗികതയുടെ രാഷ്ട്രീയംഎന്താണ് ജനാധിപത്യം? മാര്‍ക്സിസ്റ്റ് പദാവലിതുടങ്ങി നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍