UPDATES

ട്രെന്‍ഡിങ്ങ്

എഴുത്തുകാരെ ഭയപ്പെടുന്നവര്‍ക്ക് എംടിയെന്ന ഭേദമില്ല; അവര്‍ അവഹേളിക്കും; കഴിയുമെങ്കില്‍ ഇല്ലാതാക്കും

നാസി ജര്‍മനിയില്‍ സംഭവിച്ചതുപോലെ ഇവിടെ സംഭവിക്കുമെന്നു തോന്നുന്നില്ല. പക്ഷേ അതിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. ചെറിയ സൂചനകള്‍ വലിയ ആപത്തിലേക്ക് എത്തിക്കും എന്നു നാം കാണണം, കരുതിയിരിക്കണം

കവി അയ്യപ്പന്‍ ഒരിക്കല്‍ പറഞ്ഞതിങ്ങനെയാണ്; ‘പേരില്‍ MT ഉണ്ടെങ്കിലും ആ മനുഷ്യനത്ര Empty അല്ല…’

ഇപ്പോള്‍ സംഘപരിവാറുകാരന്‍ പറയുന്നു; ‘അദ്ദേഹം ഇപ്പോള്‍ Empty ആയിപ്പോയി, അതിന്റെ കുറവാ…’

ഒരു എഴുത്തുകാരന്‍ രണ്ടു മനോതലങ്ങളാല്‍, വിഭിന്നമായ കാലത്ത് അടയാളപ്പെടുന്നതിങ്ങനെയാണ്. ഉള്ളു പൊള്ളയായ ആള്‍ അല്ല എംടി വാസുദേവന്‍ നായര്‍ എന്ന് അയ്യപ്പനു തോന്നിയതിന്റെ കാരണം മലയാളിക്കു മനസിലാകും. രണ്ടാമതു പറഞ്ഞ അഭിപ്രായം മനസിലാക്കാന്‍ പക്ഷേ തലച്ചോറില്‍ ഒരേ രാസഘടകം പ്രവര്‍ത്തിക്കുന്നവര്‍ക്കേ കഴിയൂ. അങ്ങനെയുള്ളവര്‍ക്കേ ആ എഴുത്തുകാരനെ ഈ തരത്തില്‍ ‘വിമര്‍ശിക്കാന്‍’ കഴിയൂ.

ധനമന്ത്രി തോമസ് ഐസക്ക് രചിച്ച കള്ളപ്പണവേട്ട; സത്യയും മിഥ്യയും എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ പങ്കെടുത്ത് എംടി നോട്ടുനിരോധനത്തെ കുറിച്ച് സംസാരിച്ചതാണ്, ഇന്ത്യ ആദരിക്കുന്ന ഒരു സാഹിത്യകാരനെതിരേ വാളെടുത്തു തുള്ളാന്‍ ബിജെപി-സംഘരിവാറുകാരെ പ്രകോപിച്ചത്. ഇന്ത്യ ഫാസിസ്റ്റ് കാലത്തിന്റെ ചങ്ങലപ്പൂട്ടില്‍ ബന്ധിതമാകുന്നു എന്നതിന്റെ മറ്റൊരു ഉദാഹരണം.

 

 

വാസ്തവത്തില്‍ എംടി നടത്തിയത് വിമര്‍ശനമല്ല. മുന്നറിയിപ്പ് നല്‍കലാണ്. എഴുത്തുകാര്‍ ചരിത്രത്തിലേക്കും ഭാവിയിലേക്കും ഒരുപോലെ നോക്കുന്നവരാണ്. വരാന്‍ പോകുന്നൊരു ആപത്തിനെ എംടി ചൂണ്ടിക്കാണിച്ചത് ചരിത്രത്തിലെ ചില സത്യങ്ങള്‍ സൂചിപ്പിച്ചാണ്. കറന്‍സിനോട്ടുകള്‍ പിന്‍വലിച്ചശേഷം ആഫ്രിക്കന്‍ രാജ്യങ്ങളിലെ ജനങ്ങള്‍ നേരിടേണ്ടി വന്ന ആപത്തുകളെ കുറിച്ച് അദ്ദേഹം സൂചിപ്പിച്ചു. ഒരു ഭരണാധികാരിയുടെ നിരന്തരമായ ദ്രോഹനടപടികള്‍ക്കെതിരേ ഒരു ദിവസം ജനം പ്രതികരിക്കുമെന്നും അദ്ദേഹം പറയുമ്പോള്‍, ഇക്കാലത്തിനോട് ഏറ്റവും യോജിക്കുന്ന ഉദാഹരണമെന്ന നിലയിലാണ് തുഗ്ലക്കിനെ പരാമര്‍ശിക്കുന്നത്.

ഇതൊന്നും ആക്ഷേപമായിരുന്നില്ല. ഉപദേശമെന്നോ മുന്നറിയിപ്പെന്നോ പറയാവുന്നതരത്തില്‍ ഒരു എഴുത്തുകാരന്‍ തന്റെ ധാര്‍മികത സമൂഹത്തോട് പ്രകടിപ്പിക്കുകയായിരുന്നു. പക്ഷേ ചോദ്യം ചെയ്യപ്പെടലുകളെ ഹനിക്കുന്ന സ്വേച്ഛാധിപത്യത്തിന്റെ കിങ്കരന്‍മാര്‍ക്ക് എംടി കമ്യൂണിസ്റ്റ് കുഴലൂത്തുകാരനായി.

എംടി വാസുദേവന്‍ നായര്‍ എന്ന സാഹിത്യകാരന്‍ ഇവിടെ പലവട്ടം പലരാല്‍ പലരീതിയില്‍ വിശകലനം ചെയ്യപ്പെട്ടിട്ടുണ്ട്. ചോദ്യം ചെയ്യലിന്റെയും വിമര്‍ശനങ്ങളുടെയും രൂപത്തില്‍. പക്ഷേ അന്നൊന്നും നടന്നിട്ടുള്ള തരത്തിലുള്ള ഓഡിറ്റിംഗിന് അല്ല, നിര്‍ഭാഗ്യവശാല്‍ എംടി ഇപ്പോള്‍ വിധേയനാക്കപ്പെടുന്നത്. അവര്‍ അദ്ദേഹത്തെ പൊള്ളയെന്ന് അധിക്ഷേപിക്കുന്നു. പക്ഷപാതിയെന്നും തട്ടിപ്പുകാരനെന്നും വിളിക്കുന്നു. 83-കാരനായ ആ വയോവൃദ്ധനെ മര്യാദയുടെ എല്ലാ രേഖകളും തെറ്റിച്ച് അഭിസംബോധന ചെയ്യുന്നു.

സാമ്പത്തികകാര്യത്തെ കുറിച്ച് പറയാന്‍ സാഹിത്യകാരനായ എംടിക്ക് എന്തു യോഗ്യത എന്ന ചോദ്യം വരെ ഉന്നയിക്കപ്പെട്ടിരിക്കുന്നു. ഈ രാജ്യത്തെ ബാധിക്കുന്ന ഏതൊരു വിഷയത്തിലും അഭിപ്രായം പറയാന്‍ അതാതുവിഷയത്തില്‍ സാങ്കേതികപരിജ്ഞാനം വേണമെന്നില്ല. മനുഷ്യന്റെ പ്രശ്‌നമാണ് ചര്‍ച്ച ചെയ്യപ്പെടുന്നതെങ്കില്‍ അതില്‍ പങ്കുചേരേണ്ടത് ഒരോരുത്തരുടെയും കര്‍ത്തവ്യമാണ്. 50 ദിവസം പിന്നിട്ട ഒരു ദുര്യോഗത്തെക്കുറിച്ചാണ് എം ടി വിഷണ്ണനായത്. ഒരു ഭരണാധികാരിയുടെ താതപര്യം അയാളുടെ തന്നെ ജനങ്ങളെ കൊന്നൊടുക്കയാണ്. രാജ്യം സാമ്പത്തികാരക്ഷിതത്വത്തിലേക്ക് വീഴുകയാണ്. രാജാവിന്റെ സദസ് വളരെ ചെറുതാണ് രാജ്യത്തിന്റെ വിശാലതയെ അപേക്ഷിച്ച്. സദസ്സില്‍ വിദൂഷകരും കിങ്കരന്മാരും ഉണ്ടാകാം. അവര്‍ തുടയില്‍ തട്ടി ബലേ ബലേ വിളികള്‍ നടത്തിയേക്കാം. പക്ഷേ രാജ്യാതിര്‍ത്തിവരെ നീളുന്ന സാമാന്യജനം തന്നെ എങ്ങനെ കാണുന്നൂവെന്ന് രാജാവ് അറിയുന്നില്ല. കണ്ണടച്ചും ചെവിപൊത്തിയും രക്ഷപെടാന്‍ ശ്രമിക്കുമ്പോള്‍, നിങ്ങളിതാ ചോദ്യം ചെയ്യപ്പെടാന്‍ പോകുന്നുവെന്ന് ഒരുവന്‍ വിളിച്ചു പറയുന്നൂ. തീര്‍ച്ചയായും ശബ്ദമുയര്‍ത്തിയവന്‍ വേട്ടായാടിപിടിക്കപ്പെടും. ഇവിടെ എംടി ചോദ്യമുയര്‍ത്തി. അവരുടെ രാജനീതിയനുസരിച്ച് അദ്ദേഹം വേട്ടയാടപ്പെടാന്‍ ആരംഭിച്ചിരിക്കുന്നു.

വിപ്ലവകാരിയോളം ഭയക്കേണ്ടതുണ്ട് എഴുത്തുകാരേയും എന്ന് എല്ലാ സ്വേച്ഛാധിപതികള്‍ക്കും അറിയാം. ലോകത്ത് അതിനുള്ള ഉദാഹരണങ്ങള്‍ നിരവധിയുണ്ട്. വിപ്ലവകാരിയുടെ ആഹ്വാനം ജനങ്ങളെ തെരുവില്‍ എത്തിക്കും; അതുപോലെ എഴുത്തുകാരുടെ പേനയും. കലാപം ഉണ്ടാകാതിരിക്കാന്‍ ഭരണാധികാരികള്‍ വിപ്ലവകാരിയെ തൂക്കിലേറ്റുകയും എഴുത്തുകാരെ ബന്ധിക്കുകയും ചെയ്യുന്നു. ഇന്ത്യ ഇപ്പോള്‍ എഴുത്തുകാരെ കൊല്ലുന്നു. കല്‍ബുര്‍ഗിയെ കൊന്നില്ലേ? പെരുമാള്‍ മുരുഗനെയും ഒരുതരത്തില്‍ അവര്‍ ‘കൊന്നി’ല്ലേ. എംഎം ബഷീറിനെ അവര്‍ കൊല്ലാനോടിച്ചില്ലേ… ചേതന തീര്‍ത്ഥഹള്ളിയെ ബലാത്സംഗം ചെയ്യുമെന്നു ഭീഷണിപ്പെടുത്തിയില്ലേ, ഹുഛംഗി പ്രസാദിന്റെ കൈവെട്ടിയെറിയാന്‍ നോക്കിയില്ലേ… ഇപ്പോഴിതാ എംടിയും. അവര്‍ അദ്ദേഹത്തെ കൊല്ലുമെന്നോ മുറിവേല്‍പ്പിക്കുമെന്നോ കരുതുന്നില്ല. പക്ഷേ അപമാനിക്കും; അതു തുടങ്ങിക്കഴിഞ്ഞു.

എഴുത്തെന്നാല്‍ ഇടപെടലാണ്. മനുഷ്യഹൃദയങ്ങളോടെന്നപോലെ സമൂഹത്തോടും. ഒരാള്‍ എഴുതുന്നത് മറ്റൊരാളാല്‍ വായിക്കപ്പെടാന്‍ മാത്രമല്ല, മറ്റൊരാളെ മാറി ചിന്തിപ്പിക്കാന്‍ കൂടിയാണ്. സാഹിത്യം മാനവകുലത്തിന്റെ ചിന്താശേഷിയെ പ്രോത്സാഹിപ്പിച്ചത് ശാസ്ത്രത്തിന്റെ ഇടപെടലുകളേക്കാള്‍ കൂടുതലായിട്ടാണ്. ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യങ്ങള്‍ വായനാമുറികളെ അലങ്കരിച്ചതിനെക്കാള്‍ തെരുവുകളെ അസ്വസ്ഥതപ്പെടുത്തി. ലോകം മുഴുവന്‍ പടര്‍ന്നൊഴുകാന്‍ ഒരു പുസ്തകത്തിനാകും. തീര്‍ച്ചയായും അസഹിഷ്ണുക്കള്‍ക്ക് സാഹിത്യകാരന്മാര്‍ ശത്രുക്കളാകും. തീയില്‍ എറിയപ്പെട്ട, കഴുമരത്തില്‍ പിടഞ്ഞ, തലയറുക്കപ്പെട്ട എഴുത്തുകാര്‍ ആരുടെ ശത്രുക്കളായിരുന്നുവെന്ന് ആലോചിക്കുക. അതിപ്പോള്‍ ഇന്ത്യയിലും സംഭവിക്കുകയാണ്.

തോമസ് ഐസക്കിന്റെ വിധ്വംസക നിലപാടിനെ സ്തുതി പാടുന്നവരെ തിരിച്ചും വിമര്‍ശിക്കാനുള്ള മിനിമം സ്വാതന്ത്ര്യം ഞങ്ങള്‍ക്കും അനുവദിച്ചു തരണമെന്ന്‍ കെ സുരേന്ദ്രന്‍ പറയുന്നു. എംടി മോദിയെ വിമര്‍ശിച്ചാല്‍ അതു ജനാധിപത്യം, എംടിയെ ബിജെപി വിമര്‍ശിച്ചാല്‍ അതു ഫാസിസം ആകുന്നതെങ്ങനെയെന്നും ചോദ്യക്കുന്നു. സാഹിത്യകാരന്മാര്‍ രാഷ്ട്രീയ വിമര്‍ശനം നടത്തിയാല്‍ തിരിച്ചും മറുപടിയുണ്ടാകുമെന്നു വെല്ലുവിളിക്കുന്നു.

സുരേന്ദ്രന്‍, വിമര്‍ശനം എന്നാല്‍ തെളിവിളിയല്ല. വിരോധം തീര്‍ക്കലുമല്ല. ജനങ്ങളുടെ അഭിപ്രായം കേള്‍ക്കുന്നവരാകണം ഭരണാധികാരികള്‍. ഗുണകാംക്ഷയോടെയും വിമര്‍ശനം നടത്താം. പക്ഷേ തെറിവിളി ഒരിക്കലും മറ്റൊരുവന്റെ ഗുണത്തിനായിട്ടല്ല. അതു ഭയപ്പെടുത്താനാണ്. ഈ വ്യത്യാസം സുരേന്ദ്രന്റെ പാര്‍ട്ടിക്കും അനുയായികള്‍ക്കും മനസിലാകണമെന്നില്ല.  സാഹിത്യകാരന്‍ രാഷ്ട്രീയക്കാരനെ വിമര്‍ശിക്കാന്‍ വരേണ്ടെന്ന ധ്വനിയില്‍ നിങ്ങള്‍ നടത്തുന്ന  വെല്ലുവിളിയുണ്ടല്ലോ; അതിനെയാണ് ഫാസിസം എന്നു വിളിക്കുന്നത്.

എംടിയുടെ സാഹിത്യം എന്തായിരുന്നു? നായര്‍ തറവാടിന്റെ പഴംപുരാണങ്ങള്‍ പറച്ചിലോ? അല്ല. മനുഷ്യകഥനങ്ങളായിരുന്നു അവ. ഒരെഴുത്തുകാരന്‍ എന്ന നിലയ്ക്ക് മനുഷ്യപക്ഷത്തു നില്‍ക്കുന്നയാള്‍ എന്നേ എംടിയെക്കുറിച്ച് പറയാനൊക്കൂ. ഒരു സമൂഹത്തെ വകതിരിവില്ലാതെ കണ്ട് എഴുതിയതുകൊണ്ടാകാം അദ്ദേഹം ഇന്നയിന്നപേരുടെ ജീവിതം എഴുതിയില്ലല്ലോ എന്ന ആക്ഷേപം വരുന്നത്. 43 വര്‍ഷങ്ങള്‍ക്കു മുമ്പാണ് എംടി നിര്‍മാല്യം എന്ന സിനിമ ചെയ്തത്. അന്നത് എംടി ചെയ്യുമ്പോള്‍, കേരളം അതിനെ മൂടിയിരുന്ന ഇരുട്ടില്‍ നിന്നും പുറത്തേക്കു വന്നുകൊണ്ടിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. എന്നിട്ടും എംടി ധൈര്യം കാണിച്ചു. പി ജെ ആന്റണിയെന്ന ക്രിസ്ത്യാനിയെ അമ്പലത്തില്‍ കയറ്റി തന്നെ ഷൂട്ട് ചെയ്തു. ഭഗവതിയുടെ മുഖത്ത് തുപ്പിച്ചു. ഇന്നായിരുന്നെങ്കില്‍, ഓര്‍ക്കണം 43 വര്‍ഷങ്ങള്‍ക്ക് ഇപ്പുറമുള്ള കാര്യമാണ് പറയുന്നത്- കഴിയുമായിരുന്നോ എംടിക്ക് അത്തരമൊരു ധൈര്യം കാണിക്കാന്‍? 1973 ല്‍ നിന്നും പിറകോട്ടാണ് ഒരു രാജ്യം സഞ്ചരിക്കുന്നതെന്നതെന്നു കാണാം.

മാതൃഭൂമിയില്‍ വന്ന ഒരു അഭിമുഖത്തില്‍ എംടി പറയുന്നുണ്ട്;

‘ വളരെ വളരെ അപകടത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഭരണത്തിന്റെ ഒക്കെ ശക്തിയോടെ, പിന്തുണയോടെ എതിര്‍പ്പിന്റെ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുന്നത് വളരെ മോശമാണ്. മോശമെന്നു മാത്രമല്ല നാസികാലഘട്ടത്തെയാണ് ഇതോര്‍മിപ്പിക്കുന്നത്. അക്കാലത്ത് പലരും ജര്‍മനി വിട്ട് അയല്‍ രാജ്യങ്ങളിലേക്ക് പോയി. ആ സ്ഥിതി ഇന്ത്യയില്‍ വരാന്‍ പാടില്ല. നാസി ജര്‍മനിയില്‍ സംഭവിച്ചതുപോലെ ഇവിടെ സംഭവിക്കുമെന്നു തോന്നുന്നില്ല. പക്ഷേ അതിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. ചെറിയ സൂചനകള്‍ വലിയ ആപത്തിലേക്ക് എത്തിക്കും എന്നു നാം കാണണം, കരുതിയിരിക്കണം’.

 

(അഴിമുഖം സീനിയര്‍ റിപ്പോര്‍ട്ടറാണ് രാകേഷ്)

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍