UPDATES

ആര്‍എസ്എസിന്റെ പിണറായി വേട്ട; എന്താണ് ഉദ്ദേശം?

കേരളത്തില്‍ വളരാത്തതു എന്തുകൊണ്ടാണെന്ന് പുനര്‍വിചിന്തനം നടത്താന്‍ സംഘപരിവാര്‍ തയ്യാറാകുമോ?

കെ എ ആന്റണി

കെ എ ആന്റണി

കേരളത്തിലെ സിപിഎമ്മിന്റെ അസഹിഷ്ണുതക്കെതിരെ നാഴികയ്ക്ക് നാൽപതു വട്ടം പ്രഘോഷണം നടത്തുന്ന സംഘപരിവാറിന്റെ അസഹിഷ്ണത എത്ര വലുതാണെന്ന് വ്യക്തമാക്കുന്നതാണ് ഇന്നലെ ഒരു ആർഎസ്എസ് നേതാവ് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ തലയ്ക്കു വിലയിട്ട സംഭവം. കുന്ദൻ ചന്ദ്രാവത് എന്ന ആർഎസ്എസ് നേതാവ് പിണറായിയുടെ തലവെട്ടി കൊണ്ടുവരുന്ന ആൾക്ക് പ്രഖ്യാപിച്ച പാരിതോഷികം ഒരു കോടി രൂപയാണ്. സത്യം പറഞ്ഞാൽ ഈ തുക വളരെ കുറഞ്ഞുപോയി എന്നാണ് എന്റെ പക്ഷം. ഒരു മുഖ്യമന്ത്രിയുടെ തല ഒക്കെ ആകുമ്പോൾ കുറച്ചു കൂടി വലിയ തുക ഇനാം ആയി നൽകേണ്ടതാണ്. തല കൊയ്യുന്ന ആൾക്ക് ടാക്സ് കഴിച്ചു എന്തെകിലും കിട്ടേണ്ടേ?

ബിജെപി യുടെയും ആർഎസ്എസിന്റെയും പല നേതാക്കളും കുന്ദൻ പറഞ്ഞത് പാർട്ടിയുടേയോ സംഘടനയുടെയോ നിലപാട് അല്ലെന്നു പറഞ്ഞപ്പോഴും മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ഭൂപേഷ് സിംഗ് കുന്ദനെ ന്യായികരിച്ചതിൽ നിന്നും കാര്യങ്ങൾ ഏതാണ്ട് വ്യക്തമാണ്. ഇന്ത്യയിലെ ഒരു മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ ആൾക്കെതിരെ കേസ് എടുക്കുന്നതിനു പകരം അയാളെ ന്യായീകരിച്ച ആഭ്യന്തര മന്ത്രിയുടെ മനസ്സിലിരുപ്പ് എന്താണെന്നും വ്യക്തമായി കഴിഞ്ഞു. എന്തായാലും ആര്‍എസ്എസ് ഈ വിദ്വാനെ ഔദ്യോഗികമായി തളിപ്പറഞ്ഞതു തന്നെ വലിയ ആശ്വാസം.

സംഘപരിവാർ വിലക്ക് വകവെക്കാതെ പിണറായി ഇക്കഴിഞ്ഞ ആഴ്ച മംഗളുരു സന്ദർശിച്ചത് സംഘപരിവാറിന് ഉണ്ടാക്കിയ ക്ഷീണം ചില്ലറയൊന്നുമല്ല. ഹർത്താലും തടയലുമൊന്നും വിലപ്പോകില്ലെന്നു മനസ്സിലായപ്പോൾ കർണാടകയിലെ സംഘപരിവാർ നേതാക്കൾ നടത്തിയ മലക്കം മറിച്ചിൽ നമ്മൾ കണ്ടതാണ്. ബിജെപി നേതാവ് കെ സുരേന്ദ്രന്റെ വിവാദ പ്രസംഗത്തിനും തൊട്ടു പിന്നാലെ ആയിരുന്നു പിണറായിയുടെ മംഗളൂരു പ്രവേശനം.

എന്നിട്ടും ഇന്നലെ ബി ജെ പി നേതാവ് വി മുരളീധരൻ വീമ്പു പറയുന്നത് കേട്ടു. തെക്കൻ കർണാടകത്തിൽ സംഘപരിവാർ ഒരു ഗംഭീര സംഭവം ആണെന്നും പിണറായിയെ തടയൽ തങ്ങളുടെ ലക്ഷ്യമായിരുന്നില്ലെന്നും തടയാൻ വിചാരിച്ചിരുന്നുവെങ്കിൽ പിണറായി മംഗളൂരുവിൽ കാലു കുത്തില്ലായിരുന്നുവെന്നുമാണ് മുരളീധരൻ തട്ടി വിട്ടത്. എന്റെ പൊന്നു സാറേ, കർണാടകം ഭരിക്കുന്നത് നിങ്ങളുടെ പാർട്ടിയല്ലെന്നും തടയാൻ ശ്രമിച്ചിരുന്നെങ്കിൽ അതിനു മുതിര്‍ന്നവരെ അടിച്ചു പരിപ്പ് ഇളക്കാൻ പോന്ന സജ്ജീകരണങ്ങൾ അവിടുത്തെ സർക്കാരും പോലീസും ചേർന്നൊരുക്കിയത് കണ്ടിട്ടാണ് നിങ്ങൾ പിന്മാറിയതെന്നും ആർക്കാണ് അറിയാത്തത്.

കേരളത്തിലെ സിപിഎമ്മിനോട് സംഘപരിവാറിനുള്ള കലിപ്പ് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. സിപിഎമ്മിന്റെ ശക്തമായ സാന്നിധ്യം കേരളത്തിൽ തങ്ങൾക്കു വേരുറപ്പിക്കാൻ വിലങ്ങുതടിയാണെന്ന തിരിച്ചറിവ് തന്നെയാണ് ഈ പകയ്ക്കുള്ള പ്രധാന കാരണവും. കേരളത്തിൽ കൊല്ലും കൊലയും നടത്തുന്നതിൽ ഇരുപക്ഷവും ഒട്ടും പിന്നിലല്ല. എന്നിട്ടും കേരളത്തിന് വെളിയിൽ പോയി അക്രമത്തിനും കൊലക്കുമൊക്കെ പ്രധാന ഉത്തരവാദി സിപിഎം ആണെന്ന് പ്രചരിപ്പിച്ചു രാഷ്ട്രീയ സപർദ്ധ വളർത്താൻ ശ്രമിക്കുന്നത് എന്തിനാണെന്ന് ചുരുങ്ങിയ പക്ഷം കേരളത്തിലെ ജനങ്ങൾക്കെങ്കിലും അറിയാം. അതുകൊണ്ടു കൂടിയാണ് കേരളത്തിൽ ആഗ്രഹിച്ച വളർച്ച കൈവരിക്കാൻ സംഘപരിവാറിന് കഴിയാതെ പോകുന്നതും.

ബലിദാനികളുടെ ചിത്രപ്രദര്‍ശനം ഡൽഹിയിൽ ഒരുക്കിയ ഇവർ ഇതിനിടെ ഒരു ചിതാഭസ്മ നിമഞ്ജന യാത്രയും സംഘടിപ്പിച്ചു. പാലക്കാട്ട് സിപിഎം അക്രമത്തിനിടയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു പൊള്ളലേറ്റു മരിച്ച വിമല ദേവിയുടെ ചിതാഭസ്മവും പേറിയുള്ള യാത്രയാണ് കേരളത്തിന്റെ തെക്കോട്ടും വടക്കോട്ടും പ്രയാണം നടത്തിയത്. ഇത്തരം യാത്രകൾ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കൂട്ടാനല്ലാതെ മറ്റെന്തിനാണ് സഹായിക്കുക എന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍