UPDATES

മത്സ്യം വിഷ്ണുവിന്റെ അവതാരം; കഴിക്കുന്നവരെ കൈകാര്യം ചെയ്യുമെന്ന് ബംഗാളില്‍ ഭീഷണി

സോഷ്യല്‍ മീഡിയില്‍ ടാഗോറിനെ അപഹസിച്ചു കൊണ്ടുള്ള ട്രോളുകളും വ്യാപകം

ബംഗാളി ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതെന്നു കരുതുന്ന മത്സ്യം ഇനി മുതല്‍ കഴിക്കരുതെന്ന തിട്ടുരവുമായി സംഘപരിവാര്‍ സംഘടന. വിഷ്ണുവിന്റെ പത്താമത്തെ അവതാരമാണ് മത്സ്യമെന്നും ഇത് കഴിക്കുന്നത് ദൈവത്തെ കഴിക്കുന്നതു പോലെയാണെന്നും അത് ലംഘിക്കുന്നവരെ തങ്ങള്‍ കൈകാര്യം ചെയ്യുമെന്നുമാണ് പുതിയ ഉത്തരവ്. ‘ഓള്‍ ഇന്ത്യാ ഫിഷ് പ്രൊട്ടക്ഷന്‍ കമ്മിറ്റി’ എന്ന സംഘടനയാണ് ഇപ്പോള്‍ ബംഗാളികള്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ ഇത്തരമൊരു ഉത്തരവുമായി ഇറങ്ങിയിരിക്കുന്നത്.

എന്നാല്‍ ഇപ്പോഴുണ്ടായിട്ടുള്ള ഭീഷണി ഒരു പുതിയ കാര്യമല്ലെന്നും ബംഗാള്‍ ജീവിതത്തെ ഹിന്ദുത്വവത്ക്കരിക്കാന്‍ നടത്തിക്കൊണ്ടിരിക്കുന്ന തീവ്ര ശ്രമങ്ങളിലൊന്നു മാത്രമാണെന്ന് എഴുത്തുകാരനും കല്‍ക്കട്ട നിവാസിയുമായ ദേവ്ദന്‍ ചൌധരി, ദി വൈറില്‍ എഴുതിയ ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ബംഗാളികളുടെ രണ്ട് ഐക്കണുകളായ ടാഗോള്‍, മത്സ്യം എന്നിവയെയാണ് സംഘപരിവാര്‍ ഇപ്പോള്‍ നോട്ടമിട്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയില്‍ വ്യാപകമായി ടാഗോറിനെ അപഹസിച്ചു കൊണ്ടുള്ള ട്രോളുകളാണ് ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

വന്ദേ മാതരം എഴുതിയ ബങ്കിം ചന്ദ്ര ചാറ്റര്‍ജി യഥാര്‍ത്ഥ ഹിന്ദുവും ദേശീയവാദിയും ആയിരുന്നെന്നും അദ്ദേഹത്തിനായിരുന്നു നോബല്‍ സമ്മാനം ലഭിക്കേണ്ടിയിരുന്നതെന്നും എന്നാല്‍ ‘സത്യം’ പറഞ്ഞതിനാല്‍ അദ്ദേഹത്തിന് അത് കിട്ടിയില്ലെന്നുമാണ് വിവിധ ഹിന്ദുത്വ ഗ്രൂപ്പുകള്‍ പ്രചരിപ്പിക്കുന്നത്. ടാഗോര്‍ സ്വഭാവദൂഷ്യമുള്ള ആളാണെന്നും ഹിന്ദു വിരുദ്ധനാണെന്നും ബ്രിട്ടീഷുകാരുടേയും മതേതരവാദികളുടേയും കൂട്ടുക്കൊടുപ്പുകാരനാണെന്നും അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു. ഹെലന്‍ കെല്ലര്‍ ടാഗോറിന്‍റെ ചുണ്ടുകള്‍ തൊട്ട് നോക്കുന്ന ഫോട്ടോയാണ് കൊടുത്തിരിക്കുന്നത്. അതുപോലെ വിദേശിയെ കല്യാണം കഴിക്കാനായി മതം മാറിയ മൈക്കള്‍ മധുസൂദന്‍ ദത്തയുടെ കവിതകള്‍ നിരോധിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ദത്തയുടെ കവിതകളില്‍ രാമനെ താഴ്ന്ന ജാതിക്കാരനാക്കി അവഹേളിച്ചുവെന്നും ഇത് പൊറുക്കാന്‍ പറ്റില്ലെന്നുമൊക്കെയാണ് ആരോപണങ്ങള്‍.

ബംഗാളില്‍ ഒരുവിധപ്പെട്ട എല്ലാവരും കഴിക്കുന്ന ഒന്നാണ് മത്സ്യമെന്നും അതുകൊണ്ടു തന്നെ മത്സ്യത്തിനെതിരെ രംഗത്തു വന്നിരിക്കുന്ന സംഘപരിവാര്‍ നിലപാട് വിലപ്പോവില്ലെന്നും ദേവ്ദന്‍ ചൗധരി പറയുന്നുണ്ടെങ്കിലും കാര്യങ്ങള്‍ മാറിവരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ ആറു മാസത്തിലധികമായി ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ ഫേസ്ബുക്കിലും ട്വിറ്ററിലും സജീവമാണ്.  ബംഗാളിലെ ഗ്രാമീണ മേഖലകളില്‍ വിഭാഗീയത ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ വളരെ ശക്തമാണ്. പശു സംരക്ഷണം ഒരു അജണ്ടയായി മാറിയിരിക്കുന്നു.

മതത്തിന്റെയും ജാതിയുടേയു പേരില്‍ ജനങ്ങളെ വിഘടിപ്പിക്കുന്നതിന് ശക്തിയേറിയിരിക്കുന്നു. ഇതിനുള്ള പ്രാചരണങ്ങളും ശക്തമാണ്. ബംഗാളി ഹിന്ദു ഉണര്‍ന്നെണീല്‍ക്കണമെന്നും തങ്ങളുടെ യഥാര്‍ത്ഥ ചരിത്രം അറിയണം എന്നുമൊക്കെയാണ് പ്രചരണ മുദ്രാവാക്യങ്ങള്‍.

നാളെ നടക്കുന്ന രാമനവമിക്ക് തങ്ങള്‍ ശൂലവും വാളുമായി പ്രകടനം നടത്തുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ് പ്രസ്താവിച്ചു കഴിഞ്ഞു. ബംഗാളില്‍ ഇല്ലാത്ത ഒന്നായിരുന്നു രാമ നവമി ആഘോഷങ്ങളെന്നും ഹിന്ദുത്വയുടെ പശു രാഷ്ട്രീയം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമിത്തിന്റെഭാഗമാണിതെന്നും അദ്ദേഹം പറയുന്നു. 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് ശതമാനം 17 ആയിരുന്നെങ്കില്‍ 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത് 10 ശതമാനമായി കുറഞ്ഞിരുന്നു. ഇത് തിരിച്ചു പിടിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത് എന്നാണ് അദ്ദേഹം പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍