UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇത് ആര്‍ക്കൊക്കെ വേണ്ടിയുള്ള ജനാധിപത്യമാണ് സര്‍?

Avatar

ടീം അഴിമുഖം / എഡിറ്റോറിയല്‍

 
ഇന്ത്യന്‍ ജനാധിപത്യത്തില്‍ വരേണ്യവര്‍ഗം നടത്തുന്ന കടന്നുകയറ്റങ്ങള്‍ എത്രത്തോളം ആശങ്കയുളവാക്കുന്നതാണ് എന്നതിന്റെ രണ്ട് ഉദാഹരണങ്ങളാണ് വ്യാഴാഴ്ച നടന്നത്. ഒന്ന് ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന്റെ ജയില്‍ മോചനം, മറ്റൊന്ന് യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡി (USL)ന്റെ നോണ്‍-എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ പദവിയില്‍ നിന്ന് രാജിവച്ചുകൊണ്ട് ബ്രിട്ടനിലേക്ക് താമസം മാറ്റാനുള്ള വിജയ് മല്യയുടെ തീരുമാനം. 
 
വരേണ്യവര്‍ഗാധിപത്യം ഇന്ത്യന്‍ ജനാധിപത്യത്തെ വിഴുങ്ങുന്നതിന്റെ ഏറ്റവുമടുത്ത ഉദാഹരണങ്ങളാണ് ഇവ രണ്ടും. പണക്കാര്‍ക്കും പ്രശസ്തര്‍ക്കും വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന ഒരു ജനാധിപത്യമായി നമ്മള്‍ മാറുന്നോ? സാധാരണക്കാര്‍ക്ക് ഈ ജനാധിപത്യവും അതിലെ നടത്തിപ്പും അഴിമതിയും ആശങ്കകളും ഒക്കെ നിറഞ്ഞ ഒന്നായി മാത്രം അനുഭവപ്പെടുമ്പോള്‍ പ്രത്യേകിച്ചും. 
 
സഞ്ജയ് ദത്തിന്റെ കേസ് തന്നെയെടുക്കുക. 1993-ലെ മുംബൈ സ്‌ഫോടനത്തില്‍ പങ്കുള്ള ക്രിമിനല്‍ ഗ്യാംഗുകള്‍ നല്‍കിയ ആയുധങ്ങള്‍ സൂക്ഷിച്ചതിനാണ് സഞ്ജയ് ദത്തിന് ശിക്ഷ ലഭിച്ചത്. എന്നാല്‍ പൂനെയിലെ യര്‍വാദ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ സഞ്ജയ് ദത്തിന് കുടുംബവും ഫാന്‍സുമൊക്കെ ഒരു ഹീറോയ്ക്ക് ചേരുന്ന സ്വീകരണമാണ് നല്‍കിയത്. 
 
“സൈബുന്നിസ കാസിയെക്കൂടി ഓര്‍ക്കുക”- മുംബൈയിലെ ആം ആദ്മി പാര്‍ട്ടി വക്താവ് പ്രീതി ശര്‍മ മേനോന്‍ ട്വീറ്റ് ചെയ്തതാണിത്. സഞ്ജയ് ദത്തിനെ പോലെ തന്നെ ആയുധം കൈവശം വച്ചതിന് ശിക്ഷിക്കപ്പെട്ട, 70 വയസുകഴിഞ്ഞ സൈബുന്നിസയ്ക്ക് ലഭിക്കാതിരിക്കുന്ന നീതിയെക്കുറിച്ച് സൂചിപ്പിക്കുകയായിരുന്നു അവര്‍. “സഞ്ജയ് ദത്തിനുണ്ടായിരുന്നതുപോലെ സെലിബ്രിറ്റി വക്കീലന്മാരെ വച്ച് ആയുധക്കേസില്‍ ശിക്ഷ കുറപ്പിക്കാന്‍ സൈബുന്നിസയ്ക്ക് കഴിഞ്ഞില്ല. സഞ്ജയ് ദത്തിന്റെ കൈവശമുണ്ടായിരുന്നു ആയുധങ്ങള്‍ ഒളിപ്പിക്കാന്‍ ശ്രമിച്ചതിന് സൈബുന്നിസയുടെ പേരില്‍ അതുകൊണ്ടുതന്നെ ടാഡ ചുമത്തി. പരോളില്ല, പുറത്തിറങ്ങലില്ല”- അവര്‍ ചൂണ്ടിക്കാട്ടി. രണ്ടു പേരും ചെയ്തത് ഒരേ കുറ്റം. ലഭിച്ചതും ഒരേ ശിക്ഷ- അഞ്ചുവര്‍ഷം. ടാഡ കോടതി സഞ്ജയ് ദത്തിനെ കുറ്റവിമുക്തനാക്കിയപ്പോള്‍ ആ നീതി സൈബുന്നിസയ്ക്ക് ലഭിച്ചുമില്ല. സഞ്ജയ് ദത്തിന്റെ വീട്ടില്‍ നിന്നു വന്ന ഒരു ബാഗ് അബു സലിമിന്റെ അഭ്യര്‍ഥന പ്രകാരം ഒളിപ്പിക്കുകയാണ് സൈബുന്നിസ ചെയ്തത്, അതില്‍ എന്താണ് ഉണ്ടായിരുന്നതെന്ന് തനിക്കറിയില്ലെന്ന് അവര്‍ പറഞ്ഞിട്ടും ശിക്ഷിക്കപ്പെട്ടു. 
 
“ഞാനോ അല്ലെങ്കില്‍ എന്റെ ഉമ്മയോ സെലിബ്രിറ്റികളായിരുന്നെങ്കില്‍, എന്റെ സഹോദരി ഒരു എം.പി ആയിരുന്നെങ്കില്‍ എന്നാണ് ഞാനിപ്പോള്‍ ആഗ്രഹിക്കുന്നത്”- സൈബുന്നിസയുടെ മകളുടെ വാക്കുകളാണിത്. “എങ്കില്‍ സഞ്ജയ് ദത്തിന് ലഭിച്ചതുപോലെ പിന്തുണ ഉമ്മയ്ക്കും ലഭിച്ചേനെ. മാനുഷിക പരിഗണന വച്ചാണ് ദത്തിന് ഇളവ് ലഭിച്ചതെങ്കില്‍ എന്തുകൊണ്ട് ദത്ത്? എന്തുകൊണ്ട് സൈബുന്നിസയ്ക്ക് അതില്ല? അവരും ഒരു മനുഷ്യജീവിയല്ലേ? അവരും ഈ രാജ്യത്തെ പൗരയല്ലേ?”- മകള്‍ ചോദിക്കുന്നു. 
 
സഞ്ജയ് ദത്തിന്റെ നേരത്തെയുള്ള മോചനം ബോംബെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്ത മുംബൈയില്‍ നിന്നുള്ള ആക്റ്റിവിസ്റ്റായ പ്രദീപ് ഭാലേക്കറുടെ അഭിഭാഷകന്‍ നിതിന്‍ സത്പുരെ ഈ ഇരട്ടത്താപ്പ് ചൂണ്ടിക്കാണിക്കുന്നുണ്ട്. “നിയമത്തിനു മുന്നില്‍ എല്ലാ പൗരന്മാരും തുല്യരാണെങ്കിലും നമ്മുടെ ഭരണകൂടവും അധികൃതരുമൊക്കെ ഇത് ഇടയ്ക്കിടെ മറന്നുപോകുന്നു. രണ്ടുതവണ പരോള്‍ ലഭിച്ചതിനു പുറമെയാണ് സഞ്ജയ് ദത്തിന് ഇപ്പോള്‍ ഇളവ് ലഭിച്ചിരിക്കുന്നതും. 70 വയസ് കഴിഞ്ഞവരടക്കം നിരവധി പേര്‍, എയ്ഡ്‌സ്, ക്യാന്‍സര്‍ പോലുള്ള അസുഖങ്ങള്‍ ബാധിച്ചവരടക്കം, ഇപ്പോഴും ഇത്തരത്തിലുള്ള ഇളവുകള്‍ക്കൊക്കെ പുറത്താണ്. മിക്കവര്‍ക്കും പരോള്‍ പോലുമില്ല”- അദ്ദേഹം പറയുന്നു. തന്റെ ശിക്ഷാ കാലാവധിയുടെ 155 ദിവസവും ദത്ത് പരോളില്‍ പുറത്തായിരുന്നു. ഇപ്പോള്‍ ശിക്ഷ തീരാന്‍ 103 ദിവസം ബാക്കിയുള്ളപ്പോള്‍ മോചനവും.
 
 
ഇനി വിജയ് മല്യയുടെ കാര്യം നോക്കൂ. ബി.ജെ.പിയും ജനതാദള്‍-എസും ഒരുമിച്ച് ചേര്‍ന്നാണ് ഈ ബിസിനസുകാരനെ രാജ്യസഭയില്‍ എത്തിച്ചത്. യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡിന്റെ ഭൂരിഭാഗം ഓഹരികളും കൈയാളുന്ന ബ്രിട്ടീഷ് മദ്യക്കമ്പനി ഡിയാജിയോയുമായി മല്യ തെറ്റിയെന്ന അഭ്യൂഹങ്ങളും ഒപ്പം നിരവധി ആരോപണങ്ങളും ഉയര്‍ന്നിരുന്നു. 2014 ജൂലൈയില്‍ യു.എസ്.എല്ലിന്റെ 54 ശതമാനം ഓഹരികള്‍ ഡിയാജിയോ സ്വന്തമാക്കിയപ്പോള്‍ മുതല്‍ ഇരുകൂട്ടരും തമ്മില്‍ ഉരസല്‍ ആരംഭിച്ചിരുന്നു. 
 
“ഡിയാജിയോയും യു.എസ്.എല്ലുമായുള്ള ബന്ധം സംബന്ധിച്ച് നിലനിന്നിരുന്ന കെട്ടിഘോഷിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങളും അനിശ്ചിതാവസ്ഥകളും അവസാനിച്ചിരിക്കുന്നു. മുന്നോട്ടു പോകാനുള്ള എന്റെ സമയം എത്തിയിരിക്കുന്നു”- ഒരു പ്രസ്താവനയില്‍ മല്യ വ്യക്തമാക്കി. “വയസ് 60 ആയി. മക്കള്‍ക്കൊപ്പം കൂടുതല്‍ സമയം ഇംഗ്ലണ്ടില്‍ ചെലവഴിക്കാന്‍ ഞാന്‍ തീരുമാനിച്ചു”- അദ്ദേഹം പറഞ്ഞു. അടുത്ത അഞ്ചു വര്‍ഷം കൊണ്ട് മല്യയ്ക്ക് 515 കോടി രൂപയോളം കൊടുക്കുമെന്ന് ഡിയാജിയോ വ്യക്തമാക്കിയിട്ടുണ്ട്. 
 
അപ്പോള്‍ മല്യയുടെ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് ഇന്ത്യന്‍ ബാങ്കുകള്‍ക്ക് നല്‍കാനുള്ള 7000 കോടി രൂപയുടെ കാര്യമോ? ഈ പണം നല്‍കാതെ ബാങ്കുകളെ കബളിപ്പിക്കാനുള്ള ഒരു ഗൂഡാലോചനയുടെ ഭാഗമാണോ ഈ പുതിയ കരാറെന്ന അന്വേഷണം നടക്കേണ്ടതുണ്ട്. അതോ അതൊരു വെറും ബിസിനസ് കരാര്‍ മാത്രമാണോ എന്നും. സുന്ദരികളായ മോഡലുകളെ അണിനിരത്തി മല്യ ഇനിയും കിംഗ് ഫിഷര്‍ കലണ്ടറുകള്‍ ഇറക്കും, തന്റെ ആഡംബര ഭവനങ്ങളില്‍ ഇനിയും പാര്‍ട്ടികള്‍ നടത്തും, നമ്മുടെ മറ്റേതൊരു വരേണ്യവര്‍ഗത്തെയും പോലെ ആഘോഷമായി ജീവിക്കും. 
 
സാധാരണക്കാരെ നോക്കി ഇവരൊക്കെ നടത്തുന്ന ചിരിയുണ്ടെല്ലോ, നമ്മുടെ ജനാധിപത്യം എവിടേക്കാണ് പോകുന്നതെന്ന് ഇതില്‍ കൂടുതല്‍ മറ്റെന്ത് ഉദാഹരണം വേണം? 
 
 
Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍