UPDATES

സിനിമാ വാര്‍ത്തകള്‍

ബന്‍സാലിയുടെ ‘പത്മാവതി’ക്കു നേരേ വീണ്ടും ആക്രമണം; ഷൂട്ടിംഗ് സെറ്റ് കത്തിച്ചു

കഴിഞ്ഞ ജനുവരിയില്‍ രാജസ്ഥാനില്‍ വച്ച് രാജ്പുത് കര്‍നിസേന ആക്രമിച്ചതിനെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ കോലാപ്പൂരിലായിരുന്നു ചിത്രീകാരണം

പ്രമുഖ ബോളീവുഡ് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന പത്മാവതി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റ് തീയിട്ട് നശിപ്പിച്ചു. മൂന്നു മാസത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് ഈ ചിത്രത്തിന്റെ ഷൂട്ടിംഗിനു നേര്‍ക്ക് ആക്രമണം ഉണ്ടാകുന്നത്. കഴിഞ്ഞ ജനുവരിയില്‍ ജയ്പൂരില്‍ ഷൂട്ടിംഗ് നടത്തുന്നതിനിടെ ബന്‍സാലിയും സംഘത്തേയും രാജ്പുത് കര്‍നി സേന എന്ന ഹിന്ദുത്വ സംഘടന ആക്രമിച്ചിരുന്നു. തുടര്‍ന്ന് രാജസ്ഥാനിലെ ഷൂട്ടിംഗ് അവസാനിപ്പിച്ച ബന്‍സാലിയും സംഘവും മഹാരാഷ്ട്രയിലെ കോലാപ്പൂരിലാണ് ചിത്രത്തിന്റെ ബാക്കി ഭാഗം ചിത്രീകരിച്ചിരുന്നത്. യുദ്ധരംഗം ചിത്രീകരിക്കാനായി നിര്‍മിച്ച വമ്പന്‍ സെറ്റാണ് ബുധനാഴ്ച വെളുപ്പിനെ തീയിട്ട് നശിപ്പിച്ചത്.

വെളുപ്പിനെ രണ്ടു മണിയോടെ പെട്രോള്‍ ബോംബുകളും കത്തിയും ലാത്തികളുമായി എത്തിയ 30-ഓളം  വരുന്ന സംഘം ആദ്യം സെറ്റിലെ സുരക്ഷ ജീവനക്കാരെ ആക്രമിക്കുകയും ഷൂട്ടിംഗിനുള്ള വസ്തുവകകള്‍ തകര്‍ക്കുകയുമായിരുന്നു. പിന്നീടാണ് തീയിട്ടത്. സിനിമയുടെ ആവശ്യത്തിനായി കൊണ്ടുവന്ന കുതിരകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. ഒരു കുതിരയ്ക്ക് മാരകമായി പരിക്കേറ്റു. ആക്രമണം നടക്കുമ്പോള്‍ ബാന്‍സാലിയോ മറ്റ് സിനിമാ പ്രവര്‍ത്തകരോ സ്ഥലത്ത് ഉണ്ടായിരുന്നില്ല. ചിത്രത്തിന്റെ കോസ്റ്റ്യൂംസ് പൂര്‍ണമായി കത്തി നശിച്ചു. ഇതോടെ ചിത്രീകരണം നിര്‍ത്തി വച്ചിരിക്കുകയാണ്.

ചിത്രത്തില്‍ പത്മാവതി റാണിയും അലാവുദ്ദീന്‍ ഖില്‍ജിയും തമ്മിലുള്ള പ്രണയരംഗം ഉള്‍പ്പെടുത്തി റാണിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നു എന്ന് ആരോപിച്ചായിരുന്നു നേരത്തെ ആക്രമണം. ഇനിയും ബന്‍സാലിയും സംഘവും പഠിച്ചില്ലെങ്കില്‍ ഇത്തരത്തില്‍ തന്നെ കൈകാര്യം ചെയ്യപ്പെടുമെന്ന് കര്‍നി സേനയുടെ രാജസ്ഥാന്‍ പ്രസിഡന്റ് മഹിപാല്‍ സിംഗ് അന്ന് അറിയിച്ചിരുന്നു. ഷൂട്ടിംഗ് സെറ്റിലെത്തി സംസാരിക്കാന്‍ മാത്രമാണ് തന്റെ ആളുകളോട് പറഞ്ഞതെന്നും താന്‍ ആക്രമണത്തിന് ഉത്തരവിട്ടിരുന്നെങ്കില്‍ ആരും മര്യാദയ്ക്ക് വീട്ടില്‍ പോകില്ലായിരുന്നെന്നും സിംഗ് കൂട്ടിച്ചേര്‍ത്തു.

Also Read: കര്‍നി സേനയുടെ ആക്രമണം: സഞ്ജയ് ലീല ബന്‍സാലി സംഘം ജയ്പൂര്‍ വിടുന്നു

ബന്‍സാലിക്ക് രാജസ്ഥാനോടുള്ള താല്‍പര്യം മൂലം അദ്ദേഹത്തിന്റെ രണ്ട് ചിത്രങ്ങള്‍ ജയ്പൂരില്‍ ചിത്രീകരിച്ചിട്ടുണ്ട്. ആദ്യം ആക്രമണം ഉണ്ടായതിനു പിന്നാലെ കര്‍നി സേനയുമായി ഒതുതീര്‍പ്പിന് ബന്‍സാലി ശ്രമിച്ചിരുന്നു. റാണി പത്മാവതിയും അലാവുദ്ദീന്‍ ഖില്‍ജിയും തമ്മിലുള്ള പ്രണയരംഗങ്ങളോ മറ്റു കാര്യങ്ങളോ ചിത്രത്തില്‍ ഇല്ലെന്നും വ്യക്തമായ ചരിത്ര ബോധത്തോടെയാണ് സിനിമ നിര്‍മിക്കുന്നതെന്നും ബന്‍സാലി പറഞ്ഞിരുന്നു. എന്നാല്‍ അത്തരം രംഗങ്ങള്‍ ഉണ്ടെന്നാണ് തങ്ങളുടെ അറിവെന്നും അതിനാല്‍ അനുവദിക്കില്ല എന്നുമാണ് കര്‍നി സേനയുടെ നിലപാട്. അതിനെ തുടര്‍ന്ന് സംഘം രാജസ്ഥാനിലെ ഷൂട്ടിംഗ് അവസാനിപ്പിച്ചു. തുടര്‍ന്നായിരുന്നു കോലാപ്പൂരിലേക്ക് ചിത്രീകരണം മാറ്റിയത്. വിഷയത്തില്‍ ഔദ്യോഗികമായി പരാതി നല്‍കിയെന്ന് ബാന്‍സാലിയുടെ ഓഫീസ് അറിയിച്ചു. 12 പോലീസുകാരെ സ്ഥലത്ത് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.

അതിനിടെ, ഇത്തരം വിഷയങ്ങള്‍ സിനിമയാക്കുമ്പോള്‍ നിര്‍മാതാക്കള്‍ കൂടുതല്‍ സംയമനം പാലിക്കണമെന്ന് മഹാരാഷ്ട്ര സാംസ്കാരിക മന്ത്രി വിനോദ് താവ്ദേ അഭിപ്രായപ്പെട്ടു. പുതിയ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍