UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഈ സര്‍ക്കാരിനേക്കാള്‍ വിനാശകരമായതു വന്നാലും പോരാട്ടം തുടരുക; സഞ്ജീവ് ഭട്ടിനോട് മകന്‍

Avatar

അഴിമുഖം പ്രതിനിധി

ഗുജറാത്ത് സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പുറത്താക്കിയ ഐപിഎസ് ഓഫിസര്‍ സഞ്ജീവ് ഭട്ട് ഇന്ന് ഫേസ്ബുക്കില്‍ അദ്ദേഹത്തിന്റെ മകന്‍ അയച്ച സന്ദേശം ഷെയര്‍ ചെയ്യുകയുണ്ടായി. 2002 ലെ ഗുജറാത്ത് കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കും അറിവുണ്ടായിരുന്നതായി വെളിപ്പെടുത്തിയ ഉദ്യോഗസ്ഥനായിരുന്നു സഞ്ജീവ്. പിന്നാലെ സര്‍വീസില്‍ നിന്ന് സഞ്ജീവ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു. അധികാര ദുര്‍വിനിയോഗവും സദാചാരവിരുദ്ധമായ പ്രവൃത്തികള്‍ ഏര്‍പ്പെട്ടെന്ന കുറ്റങ്ങളും ചുമത്തി 27 വര്‍ഷത്തെ സേവനമുള്ള ഈ ഐപിഎസ് ഓഫിസറെ സര്‍വീസില്‍ നിന്ന് പുറത്താക്കിയിരിക്കുന്നു. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് സഞ്ജീവിന് പിന്തുണ കിട്ടുന്ന സാഹചര്യത്തില്‍ തന്റെ മകന്‍ തനിക്ക് അയച്ച ഈ സന്ദേശം ഏറെ അഭിമാനം നല്‍കുന്നതായി അദ്ദേഹം പറയുന്നു. സര്‍വീസില്‍ നിന്നും എന്നെ നീക്കിയ വിവരം എന്റെ മകന്‍ ശന്തനു അറിഞ്ഞത് ലണ്ടനിലെ കിംഗ്‌സ് ക്രോസ്സ് സ്‌റ്റേഷനില്‍വെച്ചായിരുന്നു. ഈ സന്ദേശം അവന്‍ അവിടെ നിന്നും അയച്ചതാണ്. അവനെപ്പോലെ ഒരു മകനുള്ളതില്‍ ഞാനും ശ്വേതയും (എന്റെ ഭാര്യ) അഭിമാനിക്കുന്നതായും സഞ്ജീവ് ഭട്ട് കുറിക്കുന്നു. തന്റെ ഏറ്റവും വലിയ ശക്തിയായ കുടുംബത്തിന്റെ പിന്തുണയില്‍ ഏറെ അഭിമാനം കൊണ്ടാണ് സഞ്ജീവ് മകന്‍ തനിക്കയച്ച സന്ദേശം ഫെയ്‌സ്ബുക്കിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്.

ശന്തനു സഞ്ജീവ് ഭട്ടിനയച്ച സന്ദേശത്തിന്റെ പൂര്‍ണരൂപം 

ഈ ദുഖകരമായ ദിവസം ഇന്ത്യന്‍ റിപ്പബ്ലിക്കിന് നഷ്ടമായത് ബുദ്ധിശാലിയും, ധൈര്യശാലിയും, സത്യസന്ധനുമായ ഉദ്യോഗസ്ഥരില്‍ ഒരാളെയാണ്. അങ്ങയുടെ മകന്‍ എന്ന നിലയ്ക്കും ഉത്കൃഷ്ടമായ ഈ രാജ്യത്തെ ബോധവും വിദ്യാഭ്യാസവും ഉത്തരവാദിത്വവുമുള്ള ഒരു പൗരന്‍ എന്ന നിലയ്ക്കും ഒരു പൊലീസ് ഓഫിസര്‍ എന്ന തന്റെ കരിയറില്‍ ഉണ്ടായേക്കാവുന്ന പരിണിതഫലങ്ങളേക്കുറിച്ച് ഒരു തവണപോലും ചിന്തിക്കാതെ, ഉചിതമായത് എന്തോ അത് ചെയ്തതിന് ഞാന്‍ അങ്ങയെ വണങ്ങാനും നന്ദി പറയാനും ആഗ്രഹിക്കുന്നു. സഹായത്തിനു വേണ്ടി അലമുറയിടുകയും അത് ബധിരകര്‍ണങ്ങളില്‍ അവസാനിക്കുകയും ചെയ്യപ്പെടുന്ന ജനതയ്ക്ക് വേണ്ടി നിലകൊണ്ടതിന് അങ്ങയോടുള്ള നന്ദി രേഖപ്പെടുത്താനാഗ്രഹിക്കുന്നു.

തലകീഴായ് മറിഞ്ഞതും അപകടകരമായതും അതെ സമയം സര്‍വസജ്ജീകരണങ്ങള്‍ ഉള്ളതുമായ ഒരു സംവിധാനത്തിനെതിരായുള്ള യുദ്ധത്തില്‍ അങ്ങയുടെ മുഴുവന്‍ മനോബലത്തോടെയും ശൗര്യത്തോടെയും നിലകൊണ്ടതിനു ഞാനെത്ര അഭിമാനം കൊള്ളുന്നുവെന്ന് അങ്ങയോടു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതേ സമയം ഈ യുദ്ധം അവസാനിച്ചിട്ടില്ല എന്നും അങ്ങയെ ഓര്‍മപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആ യുദ്ധം കൂടുതല്‍ മലീമസവും അപകടകരവും ആയിരിക്കും. പക്ഷേ ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്ന സര്‍ക്കാരിനേക്കാള്‍ വിനാശകരമായതു വന്നാലും എതിര്‍ക്കാന്‍ തയ്യാറായി 27 വര്‍ഷം മുമ്പ് പൊലീസ് സേവനത്തില്‍ പ്രവേശിക്കുമ്പോള്‍ ഉള്ള അതെ ചങ്കൂറ്റത്തോടെയും ഭയമില്ലായ്മയോടെയും അങ്ങ് നില്‍ക്കുന്നത്, 14 വര്‍ഷം മുമ്പ് 2002ല്‍ നിന്ന അതേ ഇടത്തു തന്നെയാണ്.

ഒരു കുടുംബമായി ഒറ്റക്കെട്ടായി എന്നും അങ്ങയുടെ പിന്നില്‍ നിന്നിട്ടേയുള്ളൂ ഞങ്ങള്‍. ഇനിയും അത് അങ്ങനെ തന്നെ തുടരും. ദുര്‍ഭരണം നടത്തുന്ന ഈ സര്‍ക്കാര്‍ നമ്മുടെ കുടുംബത്തെ ശിഥിലമാക്കാന്‍ ശ്രമിച്ചേക്കാം, പക്ഷേ അമരമായ സ്‌നേഹത്താലും വിശ്വാസത്താലും പരസ്പര ബഹുമാനത്താലും ബന്ധിക്കപ്പെട്ട നമ്മുടെ കുടുംബത്തെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ഓരോന്നും അങ്ങയോടും അങ്ങു നിലകൊള്ളുന്ന കാരണത്തിനും ഞങ്ങള്‍ നല്‍കുന്ന അചഞ്ചലമായ പിന്തുണയെ ബലപ്പെടുത്താന്‍ മാത്രമേ ഉതകൂ. അവസാനമായി, വിദ്വേഷികളും അതിനെ എതിര്‍ത്തു ശബ്ദമുയര്‍ത്തുന്നവരെയും ശരിയായതെന്താണോ അതിനുവേണ്ടി നിലകൊള്ളുന്നന്നവരെയും തകര്‍ക്കാനും ശ്രമിക്കുന്ന ഈ സര്‍ക്കാരിന്റെ ചങ്ങലകളില്‍ നിന്നും സ്വാതന്ത്ര്യം നേടിയതിന് അങ്ങയെ ഞാന്‍ അഭിനന്ദിക്കുന്നു. അങ്ങയുടെ ജീവിതത്തിലെ ഈ പുതിയ അധ്യായത്തില്‍ അങ്ങേയ്ക്ക് സന്തോഷം പകരുന്നതെന്താണോ, അത് ചെയ്യാന്‍ അങ്ങേയ്ക്കാകട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു. അങ്ങ് കൈക്കൊള്ളുന്ന എല്ലാ തീരുമാനങ്ങളിലും ഒരു കുടുംബമായി അങ്ങയുടെ പിന്നില്‍ ഞങ്ങളുണ്ടാവും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍