UPDATES

സഞ്ജീവ് ഭട്ടിനെ നാളെ കോടതിയില്‍ ഹാജരാക്കിയേക്കും; കസ്റ്റഡിയില്‍ എടുത്തിട്ട് 19 ദിവസം

അറസ്റ്റിനെതിരെ സുപ്രീം കോടതിയെ സമീപിക്കുന്നതില്‍ നിന്നും സഞ്ജീവ് ഭട്ടിനെ തടഞ്ഞിരിക്കുന്നു എന്നതടക്കമുള്ള ആരോപണങ്ങളാണ് പൊലീസിനും സര്‍ക്കാരിനുമെതിരെ ശ്വേത ഉന്നയിച്ചിരിക്കുന്നത്.

1996ലെ കേസുമായി ബന്ധപ്പെട്ട് ഗുജറാത്ത് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ബിജെപിയുടേയും കടുത്ത വിമര്‍ശകനുമായ സഞ്ജീവ് ഭട്ടിനെ പൊലീസ് കസ്റ്റഡിയിലെടുത്തത് സെപ്റ്റംബര്‍ 5 നാണ്. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി. രാജസ്ഥാന്‍ അഭിഭാഷകനെ മയക്കുമരുന്ന് കേസില്‍ പെടുത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് സഞ്ജീവ് ഭട്ടിനെ അറസ്റ്റ് ചെയ്തത് എന്നാണ് പൊലീസ് പറയുന്നത്. 16 ദിവസം സഞ്ജീവ് ഭട്ടിന്റ ഭാര്യയടക്കം ആര്‍ക്കും അദ്ദേഹം എവിടെയാണ് എന്നത് സംബന്ധിച്ച് ഒരു വിവരവുമുണ്ടായിരുന്നില്ല. 21നാണ് അഭിഭാഷകനുമായി സംസാരിക്കാന്‍ അദ്ദേഹത്തെ അനുവദിച്ചത്. അതേസമയം നാളെ അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കിയേക്കും എന്ന സൂചനയുണ്ട്.

സഞ്ജീവ് ഭട്ടിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ശ്വേത ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളില്‍ പ്രതികരിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നു. അറസ്റ്റിനെതിരെ സുപ്രീം കോടതിയെ സമീപിക്കുന്നതില്‍ നിന്നും സഞ്ജീവ് ഭട്ടിനെ തടഞ്ഞിരിക്കുന്നു എന്നതടക്കമുള്ള ആരോപണങ്ങളാണ് പൊലീസിനും സര്‍ക്കാരിനുമെതിരെ ശ്വേത ഉന്നയിച്ചിരിക്കുന്നത്. ശ്വേതയുടെ ആരോപണത്തില്‍ വാസ്തവമുണ്ടെങ്കില്‍ അത് ഗൗരവമുള്ള കാര്യമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. സാധാരണഗതിയില്‍ പ്രതിയാണ് കോടതിയെ സമീപിക്കാറ്. ഇത് അദ്ദേഹത്തിന്റെ ഭാര്യയാണ് സമീപിച്ചിരിക്കുന്നത്. ഒരു പൗരന്‍ ഇത്തരത്തിലൊരു കാര്യം ഉന്നയിക്കുമ്പോള്‍ പ്രതികരിക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും കോടതി പറഞ്ഞു. വെള്ളിയാഴ്ചയ്ക്കകം പ്രതികരിക്കാം എന്നാണ് ഗുജറാത്ത് സര്‍ക്കാരിന് വേണ്ടി ഹാജരായ മുന്‍ അറ്റോണി ജനറല്‍ മുകുള്‍ റോത്താഗി കോടതിയെ അറിയിച്ചത്. ഒക്ടോബര്‍ നാലിന് കേസ് വീണ്ടും കോടതി പരിഗണിക്കും.

സഞ്ജീവ് ഭട്ട് എവിടെയാണ് എന്നത് സംബന്ധിച്ച് ഒരു വിവരവുമില്ലെന്ന് അദ്ദേഹത്തിന്റ ഭാര്യ ശ്വേത സഞ്ജീവ് ഭട്ട് സോഷ്യല്‍ മീഡിയയിലെ വീഡിയോ പോസ്റ്റില്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 22 വർഷം പഴക്കമുള്ള ഈ കേസിൽ സഞ്ജീവിനെ ക്രിമിനൽ കുറ്റവിചാരണ ചെയ്യാനുള്ള യാതൊന്നും തന്നെയില്ലെന്ന് ശ്വേത ചൂണ്ടിക്കാട്ടി. സർക്കാർ കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതിൽ വിജയിച്ചിട്ടുണ്ട്. എന്നാൽ ഇതധികകാലം തുടരാനാകില്ലെന്നും ജുഡീഷ്യറിയിൽ തനിക്ക് വിശ്വാസമുണ്ടെന്നും ശ്വേത പറയുന്നു.

READ ALSO: സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് പൊലീസ് എന്ത് ചെയ്തു? ഈ ചോദ്യത്തിന്റെ ഉത്തരത്തിന് നമ്മുടെ ജീവന്റെ വിലയുണ്ട്

സമര്‍സിംഗ് രാജ് പുരോഹിത് എന്ന അഭിഭാഷകനാണ് സഞ്ജീവ് ഭട്ടിനെതിരെ കേസ് ഫയല്‍ ചെയ്തത്. 1996ല്‍ ബാനസ്‌കന്ധ എസ് പി ആയിരുന്നു സഞ്ജീവ് ഭട്ട്. ഗുജറാത്ത് സിഐഡിയുടെ പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) ഗുജറാത്ത് ഹൈക്കോടതിയാണ് നിയോഗിച്ചത്. സഞ്ജീവ് ഭട്ടിന് പുറമെ ഹൈക്കോടതിയിലെ മുന്‍ സിറ്റിംഗ് ജഡ്ജിയായ ജസ്റ്റിസ് ജയിന്‍, സഞ്ജീവ് ഭട്ടിന്റെ കീഴുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ കേസില്‍ പ്രതികളാണ്. രാജസ്ഥാനിലെ പാലിയില്‍ ജസ്റ്റിസ് ജയിനിന്റെ സഹോദരിയുടെ ഉടമസ്ഥതയിലൂള്ള സ്ഥലത്ത് നിന്നും വാടകക്കാരനായ തന്നെ ഒഴിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി തന്നെ നാര്‍കോട്ടിക്‌സ് കേസില്‍ പെടുത്തുകയായിരുന്നു എന്നാണ് സമര്‍സിംഗിന്റെ ആരോപണം. ഗുജറാത്തിലെ പാലന്‍പൂരിലുള്ള ഹോട്ടലില്‍ നിന്നാണ് ഒരു കിലോ ഒപ്പിയവുമായി സമര്‍സിംഗിനെ അറസ്റ്റ് ചെയ്തത് എന്നാണ് ബാനസ്‌കന്ധ പൊലീസ് പറഞ്ഞിരുന്നത്.

സഞ്ജീവ് ഭട്ടിനെ 2015ലാണ് ഐപിഎസില്‍ നിന്ന് പിരിച്ചുവിട്ടത്. സെക്‌സ് വീഡിയോയുമായി ബന്ധപ്പെട്ട് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ ശേഷമായിരുന്നു ഗുജറാത്ത് ആഭ്യന്തര വകുപ്പിന്റെ നടപടി. 2011ല്‍ ഗുജറാത്ത് വര്‍ഗീയ കലാപത്തെ സഹായിക്കുന്നവിധം മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി പ്രവര്‍ത്തിച്ചു എന്ന ഗുരുതരമായ ആരോപണം ഉന്നയിച്ച് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ സഞ്ജീവ് ഭട്ടിനെ സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.

ഗുജറാത്ത് വര്‍ഗീയ കലാപം – സഞ്ജീവ് ഭട്ട്, മോദിയുടെ ശത്രുവായ സാഹചര്യം

2002ൽ ഗുജറാത്തില്‍ മുസ്ലീം സമുദായത്തില്‍ പെട്ടവരെ ലക്‌ഷ്യം വച്ച് സംഘപരിവാര്‍ സംഘടനകള്‍ ആസൂത്രണം ചെയ്ത വര്‍ഗീയ കലാപങ്ങൾ അരങ്ങേറുമ്പോൾ സംസ്ഥാന ഇന്റലിജൻസ് ബ്യൂറോയിൽ ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്റെ ഡെപ്യൂട്ടി കമ്മീഷണർ ഇൻ ചാർജായി ജോലി ചെയ്യുകയായിരുന്നു സഞ്ജീവ് ഭട്ട്. അതിർത്തി സുരക്ഷ, വിവിഐപി സെക്യൂരിറ്റി, തീരദേശ സുരക്ഷ തുടങ്ങിയവയ്ക്കൊപ്പം മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ കാര്യങ്ങളും ഇദ്ദേഹത്തിന്റെ ചുമതലയിലായിരുന്നു. കലാപ കാലത്ത് സംഘപരിവാറിന്‍റെ ‘ഹിന്ദുത്വ പരീക്ഷണ’ങ്ങളുടെ കേന്ദ്രമായി മാറിയ ഗുജറാത്തിൽ ഒരു ഗൂഢാലോചക സംഘമായി പരിണമിച്ചെന്ന ആരോപണം നേരിടുന്ന പൊലീസ് സംവിധാനത്തിനകത്ത് തികച്ചും ഒറ്റപ്പെട്ടതും എന്നാല്‍ ശക്തവുമായ ശബ്ദമായി മാറി സഞ്ജീവ് ഭട്ടിന്റേത്.

2002 ഫെബ്രുവരിയിൽ ഗുജറാത്തിലെ ഗോധ്ര റെയിൽവേ സ്റ്റേഷനടുത്ത് ട്രെയിന്‍ കോച്ചുകള്‍ക്ക് തീ പിടിച്ച് 59 പേർ മരിച്ചപ്പോള്‍ തന്നെ സംഭവത്തിന്റെ ഗതിവിഗതികളെക്കുറിച്ച് പൊലീസിന് വ്യക്തമായ ധാരണയുണ്ടായിരുന്നു എന്ന് സഞ്ജീവ് ഭട്ട് പറയുന്നു. അയോധ്യയിലെ ബാബറി മസ്ജിദ് നിലകൊണ്ടിരുന്ന സ്ഥലം സന്ദര്‍ശിച്ച് മടങ്ങുന്ന കർസേവകരായിരുന്നു ട്രെയിനിലുണ്ടായിരുന്നത്. വലിയ കലാപമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ക്രമസമാധാന പാലനത്തിനായി ശക്തമായി മുന്നോട്ടിറങ്ങേണ്ട സാഹചര്യമുണ്ടെന്നും ഇന്റലിജൻസ് റിപ്പോർട്ടുകൾ ലഭിച്ചിരുന്നെങ്കിലും അതിൽ നടപടിയൊന്നുമുണ്ടായില്ല. അടുത്ത ഒരാഴ്ചക്കിടെ നടന്ന കലാപങ്ങളിൽ മുസ്ലീം സമുദായത്തില്‍ പെട്ട രണ്ടായിരത്തിനടുത്ത് പേർ കൊല്ലപ്പെട്ടു.

തികച്ചും പ്രവചനീയമായ കലാപങ്ങളിലാണ് ഇത്രയധികം പേരുടെ മരണമുണ്ടായത്. കൊലവിളികളുമായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നടക്കുന്നതിന്റെ ദൃശ്യങ്ങൾ ലോകത്തെ ഞെട്ടിച്ചു. ഉത്തരവാദപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ അന്നത്തെ ഗുജറാത്ത് സർക്കാരിന്റെ കീഴിൽ നിശ്ശബ്ദത പാലിച്ചിരുന്നതായി സഞ്ജീവ് ഭട്ടിന് പുറമേ മുന്‍ ഡിജിപിമാരായ ആര്‍ബി ശ്രീകുമാറും ജാതവേദന്‍ നമ്പൂതിരിയും അടക്കമുള്ള ഐപിഎസുകാര്‍ ആരോപിച്ചിരുന്നു. ഈ സമയങ്ങളിലെല്ലാം സഞ്ജീവ് ഭട്ട് കൃത്യമായ ഇന്റലിജൻസ് വിവരങ്ങൾ ശേഖരിക്കുകയും അവ ആവശ്യമുള്ള ഇടങ്ങളില്‍ എത്തിക്കുകയും ചെയ്തു. ഉദ്യോഗസ്ഥ സംവിധാനം മൊത്തം നിശ്ശബ്ദത പാലിച്ചപ്പോൾ സഞ്ജീവ് ഭട്ട് മാത്രം നിരന്തരം ഗുജറാത്ത് സര്‍ക്കാരിനും മുഖ്യമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ സംസാരിച്ചുകൊണ്ടിരുന്നു. അഹമ്മദാബാദിലെ ഗുല്‍ബര്‍ഗ സൊസൈറ്റിയില്‍ കോൺഗ്രസ് നേതാവും മുന്‍ എംപിയുമായിരുന്ന എഹ്സാൻ ജാഫ്രിയെ ആർഎസ്എസ്-വിഎച്ച്പി പ്രവർത്തകർ കൈകാലുകൾ വെട്ടിമാറ്റി, തലയറുത്ത് ശൂലത്തിൽ കുത്തി നിര്‍ത്തി കത്തിച്ച സംഭവവുമായി ബന്ധപ്പെട്ട് ജാഫ്രിയുടെ ഭാര്യ സാകിയ നൽകിയ കേസിൽ 2008ൽ സഞ്ജീവ് ഭട്ട് സമർപ്പിച്ച സത്യവാങ്മൂലം നിർണായകമായിരുന്നു.

2002 ഫെബ്രുവരി 26, 27 എന്നീ ദിവസങ്ങളിലെ (27നാണ് തീപ്പിടിത്തമുണ്ടായത്) നിർണായകമായ ഫോൺ കോൾ രേഖകൾ അടക്കമുള്ള നിരവധി വിവരങ്ങൾ താൻ പ്രത്യേകാന്വേഷക സംഘത്തിന് കൈമാറിയ വിവരം തന്റെ സത്യവാങ്മൂലത്തിൽ സഞ്ജീവ് ഭട്ട് കോടതിയെ ധരിപ്പിച്ചു. 27ാം തിയ്യതി രാത്രിയിൽ മുഖ്യമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേർത്ത യോഗത്തിൽ താൻ സന്നിഹിതനായിരുന്ന വസ്തുത സഞ്ജീവ് ഭട്ട് വിശദീകരിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന്റെ എകെ മൽഹോത്ര എന്ന ഉദ്യോഗസ്ഥൻ തന്നെ വിളിപ്പിച്ച സംഭവം ലീക്കായതും ഈ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വിളിക്ക് പിന്നാലെ മൽഹോത്രയോട് വെളിപ്പെടുത്താനിരിക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് ചോദിച്ച് ഗുജറാത്ത് സർക്കാരിലെ ഏറ്റവും ഉന്നതരായ ആളുകളിലൊരാളുടെ വിളി തനിക്ക് വന്നെന്നും സഞ്ജീവ് പറഞ്ഞു. താൻ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്ന ഓരോ വിവരവും ചോരുകയും തന്റെ ജീവൻ തന്നെ അപകടത്തിലാകുകയും ചെയ്തതായി സത്യവാങ്മൂലം പറഞ്ഞു.

READ ALSO: കാക്കിയുടെ വ്യക്തിത്വം നഷ്ടമായി; ഏകാധിപതികള്‍ വീഴുന്ന കാലം വരികതന്നെ ചെയ്യും: ശ്വേത സഞ്ജീവ് ഭട്ട്

സുപ്രീം കോടതിയിൽ സഞ്ജീവ് ഭട്ട് നൽകിയ ഈ സത്യവാങ്മൂലത്തിൽ ഗോധ്ര സംഭവത്തിനു ശേഷം മുഖ്യമന്ത്രി നരേന്ദ്ര മോദി തന്റെ വസതിയിൽ ഫെബ്രുവരി 27ന് വിളിച്ചു ചേർത്ത യോഗത്തിൽ ഒരു പ്രത്യേക മതത്തില്‍ പെട്ടവരോട് രോഷം പ്രകടിപ്പിക്കാന്‍ ഹിന്ദുക്കളെ അനുവദിക്കണം) പറഞ്ഞ കാര്യം സഞ്ജീവ് ഭട്ട് വെളിപ്പെടുത്തിയിരുന്നു. തന്റെ ഈ സാക്ഷിമൊഴികൾ രേഖപ്പെടുത്താൻ ആര്‍കെ രാഘവന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) തയ്യാറാകാതിരുന്നതും അദ്ദേഹം വിശദീകരിച്ചു. ട്രെയിനിലെ തീ പിടിത്തത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ അഹമ്മദാബാദിലേക്ക് വിലാപയാത്രയായി കൊണ്ടുവരുന്നതും അന്നേ ദിവസം വിഎച്ച്പി നടത്തുന്ന ബന്ദിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചതും വർഗീയ കലാപങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് മോദി വിളിച്ചു ചേർത്ത ഈ യോഗത്തിൽ വെച്ച് സഞ്ജീവ് ഭട്ട് പറഞ്ഞിരുന്നു. സഞ്ജീവ് എസ് ഐ ടിക്ക് നൽകിയ മൊഴിയുടെ ഒരു ഭാഗം ഇങ്ങനെ പറയുന്നു:

“ബന്ദ് ആഹ്വാനം ഇതിനകം തന്നെ നടന്നുവെന്നും അതിനെ പിന്തുണയ്ക്കാൻ പാർട്ടി തീരുമാനിച്ചു കഴിഞ്ഞുവെന്നും മുഖ്യമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഗോധ്രയിൽ കർസേവകരെ കത്തിച്ചതു പോലുള്ള സംഭവങ്ങൾ അംഗീകരിക്കാൻ കഴിയുന്നതല്ല. ദീർഘകാലമായി ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കുമിടയിൽ ഗുജറാത്ത് പൊലീസ് ഒരുതരം ബാലൻസിങ് തത്വം പുലർത്തി വരികയാണ്. ഈ സന്ദർഭം ആവശ്യപ്പെടുന്നത് മുസ്ലീങ്ങളെ ഒരു പാഠം പഠിപ്പിക്കണമെന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹിന്ദുക്കൾക്കിടയിൽ വലിയ വികാരം ഉയർന്നിട്ടുണ്ട്. അവരെ ആ വികാരം പുറന്തള്ളാൻ അനുവദിക്കണമെന്നും നരേന്ദ്ര മോദി യോഗത്തിൽ പറഞ്ഞു“.
നാനാവതി കമ്മീഷനു മുമ്പിലും നാഷണൽ കമ്മീഷന്‍ ഫോർ മൈനോരിറ്റീസിന് മുമ്പാകെയും തന്റെ മൊഴികള്‍ സഞ്ജീവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗുജറാത്ത് കലാപകാലത്ത് സംസ്ഥാനത്തിന്റെ നിയമപാലന സംവിധാനങ്ങളെല്ലാം അനങ്ങാതിരുന്നത് സംബന്ധിച്ചുള്ള വിശദമായ വിവരങ്ങളാണ് ഇതുവഴി പുറത്തുവന്നത്.

“കാലുകളും കൈകളും വെട്ടിമാറ്റി; തല വെട്ടിയെടുത്ത് ത്രിശൂലത്തിൽ കുത്തിയുയർത്തി” -പിതാവിനെ കൊല ചെയ്തത് ഓർത്തെടുക്കുന്ന ഒരു മകൾ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍