UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ധോണി മതില്‍ കടക്കാന്‍ സഞ്ജുവിനാകുമോ?

Avatar

രാകേഷ് നായര്‍ 

ആദ്യമായി സച്ചിന്‍ തെന്‍ഡുല്‍ക്കറെ അടുത്തു കണ്ടപ്പോള്‍ മുന്നില്‍ ചെന്നുനിന്നു സംസാരിക്കാന്‍ ഭയമായിരുന്നു സഞ്ജുവിന്. പിന്നെ അച്ഛന്‍ നല്‍കിയ ധൈര്യമാണ് ആ അവസരം നഷ്ടപ്പെടുത്താതെ കഴിച്ചത്. എന്നാല്‍ ക്രീസില്‍ നില്‍ക്കുന്ന സഞ്ജു ഈ പറഞ്ഞപോലെയല്ല, അവിടെ അയാള്‍ക്ക് ഭയമില്ല, എതിരെ വരുന്നതാരായാലും അത് സ്‌റ്റെയിനോ മലിംഗയോ നരെയ്‌നോ ആരുമാകട്ടെ, അറച്ചു നില്‍ക്കാറില്ല, കയറി അറ്റാക്ക് ചെയ്യും- ഗ്രൗണ്ടിനകത്തും പുറത്തുമുള്ള സഞ്ജുവിന്റെ രൂപമാറ്റമിങ്ങനെയാണ്. കളിയോട് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്കുള്ള അര്‍പ്പണബോധവും സംസാരത്തില്‍ ധോണിയുടെ മിതത്വവും സഞ്ജുവില്‍ കാണാം. അതുകൊണ്ട് തന്നെ ഇരുപതിലെത്തിയിട്ടില്ലാത്ത ഈ  കൊച്ചുപയ്യന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാഗമാകുന്നുവെന്നു കേള്‍ക്കുമ്പോള്‍; അധികമാരും അത്ഭുതപ്പെടുന്നുമില്ല. 

ഇന്ത്യയില്‍ സിനിമാതാരത്തെ കവച്ചുവയ്ക്കുന്ന താരമുല്യമുണ്ട് ഒരു ക്രിക്കറ്റര്‍ക്ക്. ആ കായികയിനത്തിനായി ആര്‍പ്പുവിളിക്കുമ്പോള്‍ മാത്രമാണ് ‘ഇന്ത്യ’ എന്ന ഏകവിചാരം ഉടലെടുക്കുന്നതെന്നുപോലും സംശയിക്കാം. ആ ക്രിക്കറ്റിന്റെ താരപ്പകിട്ടിലേക്കാണ് കേരളത്തില്‍ നിന്ന് സഞ്ജുവും എത്തുന്നത്. നടാടെ ദേശീയടീമിലേക്ക് എത്തുന്ന മലയാളിയല്ല സഞ്ജു എന്ന് എല്ലാര്‍ക്കും അറിയാം. ടിനു യോഹന്നാനും എസ്.ശ്രീശാന്തും സഞ്ജുവിന്റെ മുന്‍ഗാമികളാണ്. അബി കുരുവിളയെപ്പോലുള്ള മറുനാടന്‍ മലയാളികളും ടീം ഇന്ത്യയുടെ ഭാഗമായിട്ടുണ്ട്. എന്നാല്‍ അവര്‍ക്കെല്ലാം കൊടുത്തതിനേക്കാള്‍ കൂടുതല്‍ വാത്സല്യം, സ്‌നേഹം സഞ്ജുവിന് കൊടുക്കുന്നില്ലേ എന്നൊരു സംശയം. ഐപിഎല്ലിലെ മിന്നും പ്രകടനങ്ങള്‍ക്കു ശേഷം സഞ്ജുവിനോട് ദേശീയടീമിന്റെ ഭാഗമാകാന്‍ സമയമായില്ലേ എന്ന് ചോദിച്ചു- അതിന് ആ പയ്യന്‍ പറഞ്ഞ മറുപടി ഇങ്ങിനെയായിരുന്നു- ‘വളര്‍ന്നു വരുന്നൊരു ക്രിക്കറ്റര്‍ മാത്രമാണ് ഞാന്‍. ഇനിയുമുണ്ട് ഏറെ മുന്നോട്ടു പോകാന്‍, കളിയിലും പരിശീലനത്തിലും ഏറെ ശ്രദ്ധവയ്‌ക്കേണ്ട സമയമാണ്. ഇതിനിടയില്‍ രണ്ടു കാര്യങ്ങള്‍ നമ്മളെ ശല്യപ്പെടുത്താം; പണവും പ്രശസ്തിയും. എന്നാല്‍ ഇവ രണ്ടിനും ഞാന്‍ വലിയ പ്രധാന്യം കൊടുക്കുന്നില്ല’. ഈ വാചകങ്ങളില്‍ സഞ്ജു ആഗ്രഹിക്കുന്നത് ഒന്നു മാത്രമാണെന്ന് തിരിച്ചറിയാം- തനിക്ക് ക്രിക്കറ്റിന്റെ ഉയരങ്ങള്‍ കീഴടക്കണം.  

ഇന്ത്യയുടെ ഏറ്റവും നല്ല ഫാസ്റ്റര്‍ ബൗളര്‍ തന്നെയായിരുന്ന ശ്രീശാന്ത്. വിദേശ പിച്ചുകളില്‍ അയാളുടെ ബോളിംഗ് കൂടതല്‍ അപകടരമാവുമായിരുന്നു. എന്നിടും ശ്രീക്ക് എന്തുപറ്റി? കേസും പുറത്താക്കാലുമൊന്നും അല്ല ഉദ്ദേശിച്ചത്. മലയാളികള്‍ക്ക് ആ മലയാളിയോടുണ്ടായിരുന്ന മനോഭാവം എന്തായിരുന്നു? പകുതിയിലേറെപ്പേര്‍ക്കും ശ്രീശാന്ത് അഹങ്കാരിയോ കോമാളിയോ ആയിരുന്നു. മലയാളിയുടെ സ്വതസിദ്ധമായ ‘ഇവനാര്’ മനോഭാവമായിരിക്കാം അതിനു പിന്നിലെങ്കിലും പാളിച്ചകള്‍ ശാന്തകുമാരന്‍ ശ്രീശാന്തിന്റെ ഭാഗത്തുമുണ്ടായിരുന്നു. പലപ്പോഴും, കളത്തിനകത്തും പുറത്തും ശ്രീ ശാന്തനായിരുന്നില്ല. അവിടെയാണ് സഞ്ജുവിനുള്ള വ്യത്യാസം. കളിക്കളത്തില്‍ സഞ്ജു അഗ്രസ്സീവ് തന്നെയാണ്. എന്നാല്‍ അത് കലാപരമായൊരു ആവേശമാണ്. ഗ്രൗണ്ടിന് പുറത്ത് നാണം കുണുങ്ങിയും മിതഭാഷിയും. ദ്രാവിഡ്, സച്ചിന്‍ എന്നിവരെയാണ് സഞ്ജു പലപ്പോഴും ഓര്‍മ്മപ്പെടുത്താറ്.

ബെസ്റ്റ് ഓഫ് അഴിമുഖം

വൃദ്ധിമാന്‍ സാഹ-തഴയപ്പെടലിന്‍റെ ക്ലാസിക് എക്സാമ്പിള്‍
ധോണിയെ ക്രൂശിക്കുന്നതിനു പിന്നില്‍
യുവരാജ് സിംഹ് ഒരു നിഗൂഢതയാണ്
സര്‍വപ്രതാപികളുടെ കാലം കഴിയുമ്പോള്‍
ടെണ്ടുല്‍ക്കര്‍: ഒരായുസിലേക്കുള്ള ഓര്‍മപ്പുസ്തകം

താരമായി മാറുന്ന മനുഷ്യനെക്കാത്ത് സൗഭാഗ്യങ്ങളുടെയും ആഘോഷങ്ങളുടെയും ലോകം തുറന്നിരിപ്പുണ്ട്. അതിലേക്ക് ചെന്നു വീഴുകയാണ് പലരും. എന്നാല്‍ അത്തരം ആവേശത്തിന്റെ ഭാഗമാകാതെ മാറി നില്‍ക്കുന്നവരാണ് കളിക്കളത്തില്‍ ഒരു ജനതയുടെ നിസ്വാര്‍ത്ഥമായ ആവശേത്തിന് ഉടമകളാകുന്നതെന്ന് സച്ചിനെപ്പോലുള്ളവര്‍ തെളിയിച്ചിട്ടുണ്ട്. വികാരങ്ങള്‍ക്ക് അടിമപ്പെടാതെ ടീമിന്റെ വിജയത്തിനായി പോരാടാന്‍ ഒരു കളിക്കാരനെ പ്രാപ്തനാക്കുന്നതില്‍ അയാളുടെ വ്യക്തിസ്വഭാവത്തിന് വലിയ പങ്കുണ്ട്. ഇത്തരം അവസ്ഥകളില്‍ നമ്മുടെ സൂപ്പര്‍ താരങ്ങളില്‍ പലരും പകച്ചുപോകുന്നത് കണ്ടിട്ടുണ്ട്. അതോ അവരുടെ കെയര്‍ലെസ് മനോഭവമാണോ അതിനു പിന്നിലെന്നും അറിയില്ല. ദേശീയടീമിന്റെ ഭാഗമായി കളിച്ചിട്ടില്ലെങ്കിലും ജൂനിയര്‍ ടീമുകളിലും ഐപിഎല്ലിലും സഞ്ജു കാഴ്ച്ചവച്ച ചില ഇന്നിംഗ്‌സുകള്‍ നോക്കണം. ഈയടുത്ത ദിവസം ചതുഷ്‌കോണ ടൂര്‍ണമെന്റില്‍ ഓസ്‌ട്രേലിയുമായുള്ള ഫൈനലില്‍ തോല്‍വിയില്‍ നിന്ന് ടീമിനെ കരകയറ്റിയ ഇന്നിംഗ്‌സ്, 2013 ഐപിഎല്ലില്‍ മുംബൈക്കെതിരെ ഫൈനലില്‍ നടത്തിയ പോരാട്ടം- ഇതെല്ലാം വലിയ ടൂര്‍ണമെന്റുകളില്‍ എങ്ങിനെ ഈ താരം തന്റെ മികവ് കാട്ടുന്നു എന്നതിന്റെ ഉദ്ദാഹരണമാണ്. ബിഗ് സ്‌റ്റേജ് പെര്‍ഫോമര്‍ എന്നാണ് പ്രമുഖ ക്രിക്കറ്റ് പരിശീലകനായ പി.ബാലചന്ദ്രന്‍ സഞ്ജുവിനെ വിശേഷിപ്പിക്കുന്നത്. അതിനുള്ള കാരണമായി പറയുന്നതും വലിയ ടൂര്‍ണമെന്റുകളില്‍ സഞ്ജു നടത്തുന്ന മികവ് തന്നെയാണ്.  മികച്ച കളിക്കാര്‍പോലും വലിയ ടൂര്‍ണമെന്റുകളിലും കളികളിലും പരാജയപ്പെട്ടുപോകുമ്പോള്‍ സഞ്ജു അതിന് വിപരീതമാണെന്ന് ബാലചന്ദ്രന്‍ ചൂണ്ടിക്കാണിക്കുന്നു. 2012-13 ഐപിഎല്‍ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനായി മികച്ച പ്രകടനമാണ് സഞ്ജു പുറത്തെടുത്തത്. ആ സീരീസില്‍ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം നേടി, ഐപിഎല്ലില്‍ അര്‍ദ്ധ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞതാരം എന്ന ബഹുമതി സ്വന്തമാക്കിയ സഞ്ജു ഫൈനലില്‍ മുംബൈക്കെതിരേ 33 പന്തുകളില്‍ 60 റണ്‍സ് നേടി. 2013-14 ല്‍ നടന്ന അണ്ടര്‍-19 ഏഷ്യാ കപ്പ് ഫൈനലില്‍ പാക്കിസ്ഥാനെതിരേ സെഞ്ച്വറി നേടിക്കൊണ്ട് കിരീട നേട്ടത്തില്‍ മുഖ്യ പങ്കുവഹിച്ചു. ഈയടുത്ത് നടന്ന എ ടീം ചതുഷ്‌കോണ ടൂര്‍ണമെന്റില്‍ ഫൈനലിലടക്കം തിളങ്ങി ടൂര്‍ണമെന്റിന്റെ ടോപ് സ്‌കോറര്‍ ആയി. വലിയ ടൂര്‍ണമെന്റുകളില്‍ എങ്ങിനെ ഈ കളിക്കാരന്‍ പെര്‍ഫോം ചെയ്യുന്നു എന്നതിന്  ഇവ ഉദാഹരണങ്ങളാണ്.  ഇരുപത്തിരണ്ട് വാര നീളമുള്ള പിച്ചനകത്ത് നില്‍ക്കുന്ന ഏതൊരു ബാറ്റ്‌സ്മാനും നേരിടാനുള്ളത് കൈവിട്ട് വരുന്ന വെല്ലുവിളികളും കാത്തു നില്‍ക്കുന്ന തടസ്സങ്ങളുമാണ്. ഇതുരണ്ടിനെയും മറികടക്കുന്നവനാണ് മിടുക്കന്‍. മനക്കരുത്തും കളിത്തികവുമാണ് അവിടെ ബാറ്റ്‌സ്മാന്റെ ആയുധങ്ങള്‍. ഐപിഎല്ലില്‍ കളിക്കുന്ന ലോകോത്തര ബോളര്‍മാരെ പലരേയും സഞ്ജു നേരിട്ടുണ്ട്( ഇന്ത്യന്‍ പിച്ചിലാണെന്നത് മറക്കാം), അവര്‍ക്കെതിരെയെല്ലാം സമ്മര്‍ദ്ദത്തിനടിപ്പെടാതെ തന്നെ കളിക്കാനും കഴിഞ്ഞു. ആക്രമണ ക്രിക്കറ്റ് കളിക്കുമ്പോഴും സാങ്കേതികതയും കൃത്യതയും കൈവിടാതെ കളിക്കാന്‍ കഴിയുന്നതാകണം സഞ്ജുവിനെ ഇതിന് പ്രാപ്തനാക്കുന്നത്.

2013 ലെ ഐപിഎല്‍ സമാപിച്ചപ്പോള്‍ തൊട്ട് ഇന്ത്യന്‍ ടീമിലേക്ക് സഞ്ജുവിന്റെ വരവ് പ്രതീക്ഷച്ചവരാണേറെയും. എന്നാല്‍ സമയം ആകുന്നതേയുണ്ടായിരുന്നുള്ളൂ. അതിനിടയില്‍ ഈ കളിക്കാരന്‍, തന്നെ കൂടുതല്‍ തേച്ചുമിനുക്കിയെടുത്തു. പാകമായി പഴുത്തതിനെ മധുരമുണ്ടാകൂ എന്ന് പറയും. സഞ്ജുവിന്റെ നേട്ടം നേരത്തെയുമായിട്ടില്ല, താമസിച്ചിട്ടുമില്ല. അതതിന്റെ സമയത്ത് നടന്നുവെന്നാണ് കരുതേണ്ടത്. ഇന്ത്യന്‍ ടീമില്‍ നിലവില്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് കുറവൊന്നുമില്ല. പോരാത്തതിന് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് സഞ്ജു. ധോണിയുള്ളിടത്തോളം കാലം വേറൊരുത്തനും അത്യാഗ്രഹങ്ങളൊന്നും വേണ്ടെന്നാണ് നിലവിലെ സ്ഥിതി. വൃദ്ധിമാന്‍ സാഹയും ദിനേശ് കാര്‍ത്തിക്കുമൊക്കെ ഡ്രസ്സിംഗ് റൂം കയറിയിറങ്ങാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. എന്നാല്‍ ധോണിക്ക് ശേഷം പ്രളയം സംഭവിക്കില്ലെന്നുള്ളത് കൊണ്ട് ഒരു പകരക്കാരന്‍ ടീമിന് ആവശ്യവുമാണ്. ഇപ്പോഴുള്ളവരില്‍ കാര്‍ത്തിക്കിന് വലിയ ഭാവിയൊന്നും ശേഷിച്ചിട്ടില്ല. സാഹയുടെ കാര്യത്തലും ഒന്നുമങ്ങോട്ടു ഉറപ്പിച്ചു പറയാന്‍ വയ്യ. ആഭ്യന്തര മത്സരങ്ങളില്‍ തിളങ്ങുന്നുണ്ടെങ്കിലും സായിപ്പിനെ കാണുമ്പോള്‍ കവാത്ത് എങ്ങിനെയിരിക്കുമെന്ന കാര്യത്തില്‍ സംശയമുണ്ട്. ഇവിടെയും പ്രധാന ചോയ്‌സ് സഞ്ജു തന്നെയാണ്. ഉള്ളതു പറഞ്ഞാല്‍ വിക്കറ്റിനു പിന്നില്‍ ,ധോണിയോളം തന്നെ കാര്യങ്ങള്‍ നോക്കി നടത്താന്‍ സഞ്ജുവിന് പ്രാപ്തിയുണ്ട്. വിക്കറ്റിനു പിന്നിലും മുന്നിലും ധോണിക്ക് സമനായിട്ട്, ഇന്നല്ലെങ്കില്‍ നാളെ സഞ്ജു മാറും.

ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന-ട്വന്റി-20 മത്സരങ്ങള്‍ക്കായാണ് സഞ്ജുവിനെ തെരഞ്ഞെടുത്തിട്ടുള്ളതെങ്കിലും അവിടെ സഞ്ജു കളിക്കുമോ ഇല്ലയോ എന്ന് ഉറപ്പില്ല. മറ്റ് പലതിനെയും പിന്നെ ധോണിയെയുമൊക്കെ ആശ്രയിച്ചായിരിക്കും കാര്യങ്ങള്‍ നടക്കുക. അതില്‍ നിരാശവേണ്ട.കടവത്തെത്തിയില്ലെ, ഇനി കരയിലോട്ട് കാല്‍ വച്ചാല്‍ മതിയല്ലോ! ഇംഗ്ലണ്ടിലല്ലെങ്കില്‍ ഇന്ത്യയില്‍ അതല്ലെങ്കില്‍ മറ്റൊരു രാജ്യത്തില്‍ ടീം ഇന്ത്യക്കായി സഞ്ജു കളിക്കും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍