UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സഞ്ജു, കരിയര്‍ അവസാനിച്ചാല്‍ അത് സ്വന്തം പിഴവാണെന്ന് കരുതേണ്ടി വരും

Avatar

അഴിമുഖം പ്രതിനിധി

ടീം ഇന്ത്യയില്‍ സ്ഥാനം ഉറപ്പിക്കാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനു പകരം കരിയറില്‍ നിന്നും റണ്‍ ഔട്ടാകാന്‍ ശ്രമിക്കുകയാണോ സഞ്ജു സാംസണ്‍? പുതിയ വാര്‍ത്തകള്‍ സഞ്ജുവിനെ് അത്ര നല്ലകാലമല്ല വരാന്‍ പോകുന്നതെന്നാണു വ്യക്തമാക്കുന്നത്.

കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഭാഗത്തു നിന്നും കടുത്ത അച്ചടക്ക നടപടി സഞ്ജു സാംസണെ തേടിയെത്തുമെന്നാണ് അറിയുന്നത്. സഞ്ജുവിനെതിരേ കിട്ടിയ പരാതികളെ കുറിച്ച് അന്വേഷിക്കാന്‍ നാലംഗ സമിതിയെ കെസിഎ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്മേലായിരിക്കും താരത്തിനെതിരേയുള്ള നടപടി തീരുമാനിക്കപ്പെടുന്നത്. സഞ്ജുവിനു കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. അതിരുവിട്ട പെരുമാറ്റമാണ് ഈ ചെറുപ്പക്കാരന്റെ ഭാവിയില്‍ നിഴല്‍ വീഴ്ത്തിയിരിക്കുന്നത്. സഞ്ജു വീണാല്‍ അതു സ്വന്തം പിഴവുകൊണ്ടാണെന്നു തന്നെ കരുതണം.

നടന്നു വരുന്ന രഞ്ജി ട്രോഫി മത്സരങ്ങള്‍ക്കിടയില്‍ സഞ്ജുവില്‍ നിന്നുണ്ടായ മോശം പെരുമാറ്റങ്ങളുട പേരിലാണ് കെസിഎ അച്ചടക്കവാള്‍ കൈയിലെടുത്തിരിക്കുന്നത്. സഞ്ജുവിനെതിരേയുള്ള ആരോപണങ്ങളുടെ അപ്പീല്‍ വളരെ ശക്തമായതിനാല്‍ കേരള ക്രിക്കറ്റ് അസോസിയേഷന്റെ ചൂണ്ടുവിരല്‍ മുകളിലേക്ക് ഉയരാന്‍ തന്നെയാണ് സാധ്യത.

രഞ്ജി ട്രോഫിയുടെ ഈ സീസണ്‍ സെഞ്ച്വറിയോടെ തുടങ്ങാന്‍ കഴിഞ്ഞെങ്കിലും പിന്നീടങ്ങോട്ടുള്ള മത്സരങ്ങളില്‍ സഞ്ജു ഫോം നഷ്ടപ്പെട്ട് ഉഴറുകയായിരുന്നു. മുംബൈയില്‍ ഗോവയുമായി നടന്ന മത്സരത്തില്‍ തിളങ്ങാന്‍ കഴിയാതെ പോയതിന്റെ നിരാശ തീര്‍ക്കാന്‍ ബാറ്റ് തല്ലിയൊടിച്ചെന്നും ടീം അംഗങ്ങള്‍ക്കുള്ള യോഗത്തില്‍ പങ്കു ചേരാതിരിക്കുകയും ആരോടും പറയാതെ താമസസ്ഥലത്തു നിന്നും പുറത്തുപോയെന്നും സഞ്ജുവിനെതിരേയുള്ള പരാതിയായി കേള്‍ക്കുന്നു. ഇത്തരം ആക്ഷേപങ്ങള്‍ ഇതിനു മുന്നേ തന്നെ സഞ്ജുവുമായി ബന്ധപ്പെട്ട് ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.

പി ബാലചന്ദ്രനു പകരം കേരള ടീമിന്റെ കോച്ചായി ചുമതലയേറ്റ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗം കൂടിയായ ടിനു യോഹന്നാനോടു പെരുന്തല്‍മണ്ണയില്‍ നടന്ന മത്സരത്തിനിടയില്‍ സഞ്ജു തട്ടിക്കയറിയെന്ന പരാതിയുമുണ്ട്. സഞ്ജുവിനെതിരേ കോച്ച് പരാതി നല്‍കിയിട്ടുണ്ടെന്നും അറിയുന്നു.

കാല്‍പന്തു കളിയില്‍ ശ്രദ്ധയാര്‍ന്ന ഒരു സംസ്ഥാനത്തുനിന്നും ഉദിച്ചുയര്‍ന്ന ഒരു യുവപ്രതിഭ എന്ന നിലയില്‍ സഞ്ജു ഏറെ ശ്രദ്ധ ആകര്‍ഷിക്കുന്നു. കേരളത്തില്‍ നിന്നും വളര്‍ന്ന നല്ല ഇനം വിളവാണ് സഞ്ജുവെന്ന് ഒരിക്കല്‍ ഹര്‍ഷ ഭോഗ്‌ലെ പ്രശംസിച്ച താരമാണ് ഇന്നിപ്പോള്‍ കരിയറിനെ തന്നെ സാരമായി ബാധിക്കുന്ന വിവാദങ്ങളില്‍ പെട്ടിരിക്കുന്നത്. ഐപിഎല്ലിലെ പ്രകടനങ്ങള്‍ രാജ്യാന്തരശ്രദ്ധയില്‍ എത്തിക്കുകയും ഇന്ത്യന്‍ എ ടീമിലും തുടര്‍ന്ന് ടീം ഇന്ത്യയുടെ ഭാഗമാകാനും വളരെ ചെറിയ പ്രായത്തില്‍ കഴിഞ്ഞു സഞ്ജുവിന്. ഇംഗ്ലണ്ടിനെതിരായ ഏകദിന-ട്വന്റി 20 പരമ്പരകള്‍ക്കായി ടീമിലേക്കു വിളിവന്നെങ്കിലും കളത്തില്‍ ഇറങ്ങാന്‍ കഴിഞ്ഞില്ല. എന്നാല്‍ സിംബാവേയ്‌ക്കെതിരേ ട്വന്റി-20 കളിച്ച് രാജ്യാന്തര അരങ്ങേറ്റം കുറിച്ചു. ഈ കണക്കുകള്‍ എല്ലാം പരിശോധിക്കുമ്പോള്‍ സഞ്ജുവിന് ടീം ഇന്ത്യയുടെ സ്‌ക്വാഡില്‍ ഉറപ്പുള്ളൊരു സ്ഥാനം വിദൂരമല്ലായിരുന്നു. ടെസ്റ്റില്‍ നിന്നും ധോണി വിരമിച്ചു കഴിഞ്ഞു. ഏകദിന-ട്വന്റി ക്രിക്കറ്റിലും മഹി ഇനി തുടരുക അടുത്ത ലോകകപ്പ് വരെ. മഹേന്ദ്ര സിംഗ് ധോണിയെന്ന മഹാമേരുവിന്റെ പകരക്കാരന്‍ ആരാകുമെന്ന കാര്യത്തില്‍ ഇതുവരെ കൃത്യമായൊരു ഉത്തരം ഉണ്ടായിട്ടില്ല. ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങുന്ന വിക്കറ്റ്-കീപ്പര്‍ ബാറ്റ്‌സ്മാന്‍മാര്‍ പലരുണ്ട്.

 

ടെസ്റ്റ് ടീമില്‍ ഇപ്പോള്‍ വൃദ്ധിമാന്‍ സാഹയോടാണ് കോഹ്ലിയുടെ താതപര്യമെങ്കിലും ധോണിയുടെ പകരക്കാന്‍ എന്നു പറയിപ്പിക്കുന്ന പ്രകടനങ്ങളൊന്നും സാഹ ഇതുവരെ നടത്തിയിട്ടില്ല. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിനു മുന്നോടിയായി സാഹയ്ക്ക് പരിക്കേറ്റപ്പോള്‍ അതുപകാരപ്പെട്ടത് പാര്‍ഥിവ് പട്ടേലിന്. ടീം ഇന്ത്യയില്‍ നിന്നും പുറത്തായിട്ട് അഞ്ചു വര്‍ഷങ്ങള്‍ക്കുശേഷമാണ് പാര്‍ത്ഥിവിന് തിരിച്ചുവിളി ഉണ്ടായത്. വീണുകിട്ടിയ അവസരം ശരിക്കും മുതലാക്കാന്‍ ഈ ഗുജറാത്തുകാരനു കഴിഞ്ഞു. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ വിജയിക്കുമ്പോള്‍ 54 പന്തുകളില്‍ നിന്നും 67 റണ്‍സുമായി പാര്‍ത്ഥിവ് പുറത്താകാതെ നിന്നു. ആദ്യ ഇന്നിംഗ്‌സില്‍ പാര്‍ത്ഥിവ് 41 റണ്‍സും നേടിയിരുന്നു. ശേഷിക്കുന്ന രണ്ട് ടെസ്റ്റുകളിലും പട്ടേല്‍ തന്നെയായിരിക്കും ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍. ടീമില്‍ നിന്നു പുറത്തായിട്ടും ധോണിയെന്ന വമ്പന്‍ ഉള്ളിടത്തോളം മറ്റേതു വിക്കറ്റ് കീപ്പറെപോലെയും അതിയായ മോഹമൊന്നും കൊണ്ടു നടക്കേണ്ടതില്ലെന്ന തിരിച്ചറിവ് ഉണ്ടായിട്ടും പാര്‍ത്ഥിവ് ആഭ്യന്തര ക്രിക്കറ്റില്‍ തന്റെ പ്രകടനം മെച്ചപ്പെടുത്തി കൊണ്ടേയിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും അയാള്‍ തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. ഒന്നും അവസാനിച്ചിട്ടില്ല എന്ന ബോധമായിരുന്നു അയാളിലെ പോരാട്ടവീര്യം നിലനിര്‍ത്തിയത്.

കുറഞ്ഞത് രണ്ടുവര്‍ത്തേക്കെങ്കിലും ഏകദിന-ട്വന്റി 20 ടീമില്‍ ഇടം പിടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ടെസ്റ്റില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറാകാന്‍ ആര്‍ക്കും മത്സരിക്കാമെന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. സാഹയും പട്ടേലും നമന്‍ ഓജയുമെല്ലാം അതിനായാണ് മത്സരിക്കുന്നത്. എന്നാല്‍ ഇവരോളം തന്നെ കളിമികവ് പ്രകടിപ്പിച്ചിരൊളായിട്ടും പ്രായത്തിന്റെ ആനുകൂല്യം മറ്റുള്ളവരെക്കാള്‍ ഉണ്ടായിട്ടും സഞ്ജുവില്‍ നിന്നും അയാളുടെ ഭവിക്ക് ഉതകുന്ന വിധമുള്ള പ്രകടനങ്ങള്‍ ഉണ്ടാകുന്നില്ല. പോരാത്തത്തിന് അയാള്‍ വിക്കറ്റ് കീപ്പിംഗില്‍ അത്രകണ്ട് താത്പര്യപ്പെടുന്നില്ലെന്ന മട്ടിലും സംസാരിക്കുന്നു. കീപ്പിംഗിനെക്കാള്‍ താന്‍ ബാറ്റിംഗ് ഇഷ്ടപെടുന്നൂവെന്ന് ഒരു അഭിമുഖത്തില്‍ സഞ്ജു പറയുന്നുണ്ട്. രഞ്ജി മത്സരങ്ങളില്‍ അയാളുടെ കീപ്പിംഗ് ഗ്ലൗസുകളില്‍ നിന്നും പന്തുകള്‍ പലപ്പോഴും വഴുതി വീണുപോകുന്നത് ആ കളിക്കാരനുമേലുള്ള വിശ്വാസ്യതയാണ് ഇല്ലാതാക്കുന്നതെന്നു സ്വയം തിരിച്ചറിയുന്നുണ്ടോ? ഏതായാലും ഒരു ബാറ്റ്‌സ്മാന്‍മാന്‍ മാത്രമായി ടീം ഇന്ത്യയുടെ ഡ്രസിംഗ് റൂമിലെങ്കിലും കസേര കിട്ടുക ഇപ്പോഴത്തെ സാഹചര്യത്തില്‍ സഞ്ജു സാംസണ് ബുദ്ധിമുട്ടാണ്. വിക്കറ്റിനു മുന്നിലും പിന്നിലും അയാള്‍ ചടുലതയോടെ നില്‍ക്കുകില്‍ മാത്രമെ കേരളത്തിന് അഭിമാനിക്കാന്‍ സാധ്യമായത് സംഭവിക്കൂ. തനിക്കു മുന്നിലുള്ള സാഹചര്യങ്ങള്‍ മനസിലാക്കാനും മുതലെടുക്കാനും അയാള്‍ക്ക് കഴിയുന്നില്ലെന്നത് അത്ഭുതപ്പെടുത്തുന്നു.

ഫോം നഷ്ടപ്പെടുന്നതിലെ ആശങ്കയും മാനസിക പ്രശ്‌നങ്ങളും സഞ്ജുവിനെ ബാധിച്ചിട്ടുണ്ടെന്നു കരുതാം. പക്ഷെ സ്വയം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരു കളിക്കാരനെന്ന നിലയില്‍ മാത്രമല്ല വ്യക്തിയെന്ന നിലയിലും സഞ്ജുവിന് ദോഷം മാത്രമെ ഉണ്ടാകൂ. സഞ്ജുവിന്റെ ഐപിഎല്‍ കരിയറിലും കറുത്ത വരകള്‍ കാണാം. ഒരുപക്ഷേ രാഹുല്‍ ദ്രാവിഡ് എന്ന സംരക്ഷകന്‍ ഇല്ലായിരുന്നെങ്കില്‍ വിവാദങ്ങളിലേക്ക് ഈ ചെറുപ്പക്കാരന്‍ ഇതിനു മുന്നേ ഓടിക്കയറിയേനെ.

കേരളത്തിലെ ക്രിക്കറ്റ് താരങ്ങളില്‍ ഇപ്പോഴുള്ളവരില്‍ ഏറ്റവും മികച്ച പ്രൊഫൈല്‍ ഉള്ളയാള്‍, ഏതുനിമിഷവും ദേശീയ ടീമിലേക്ക് വിളിക്കപ്പെടാന്‍ സാധ്യതയുള്ള താരം എന്നൊക്കെയുള്ള കാരണത്താല്‍ കെസിഎ പ്രത്യേക പരിഗണന നല്‍കുന്ന കളിക്കാരന്‍ കൂടിയാണ് സഞ്ജു. ഫോം ഔട്ടായ കളിക്കാരനെ പോലെയുള്ള പ്രകടനങ്ങളാണ് കളിക്കളത്തില്‍ നടത്തുന്നതെങ്കിലും സഞ്ജു ഇപ്പോഴും ടീമില്‍ നിലനില്‍ക്കുന്നതിനും കളിക്കാന്‍ ഇറങ്ങുന്നതിനും കാരണവും കെസിഎയുടെ താതപര്യം തന്നെയാണ്. എന്നാല്‍ സഞ്ജുവിന്റെ പിതാവ് കെസിഎ അധികൃതരുമായി മകന്റെ പേരില്‍ വാക്കുതര്‍ക്കം നടത്തിയെന്നും പിതാവിന്റെ അനാവശ്യ ഇടപെടലുകള്‍ കളിക്കാരനെന്ന നിലയില്‍ സഞ്ജുവിനുമേല്‍ ഉണ്ടെന്നും ആക്ഷേപം നിലനില്‍ക്കുകയാണ്. കാല്‍മുട്ടിലെ പരുക്ക് ചികിത്സിക്കാന്‍ അവധി കിട്ടണമെന്ന ആവശ്യം കെസിഎ എതിര്‍ത്തതാണ് പിതാവിന്റെ വിദ്വേഷത്തിനു കാരണമെന്നു കേള്‍ക്കുന്നു. പരിശീലനയിടങ്ങളില്‍ പോലും നിയന്ത്രണങ്ങള്‍ തെറ്റിച്ച് പിതാവിന്റെ ഇടപെടലുകള്‍ നടക്കുന്നതായും മാധ്യമങ്ങള്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ സഞ്ജുവിനും തനിക്കുമെതിരേ ഉയരുന്ന ആരോപണങ്ങളെല്ലാം നിഷേധിച്ച് പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ട്.

ഐഎപിഎല്‍ സീസണ്‍ അടുത്തുവരികയാണ്. നിലവിലെ ഫോമും വിവാദങ്ങളും സഞ്ജിവിനെ ബാധിക്കുകയാണെങ്കില്‍ അതയാളെ ലേലം കൊള്ളുന്നതില്‍ ടീം ഉടമകളില്‍ സംശയം ഉളവാക്കുകയും സഞ്ജുവിന്റെ വാല്യു അതുമൂലം ഇടിയുകയും ചെയ്യും. ഐഎപിഎല്ലിലെ പ്രകടനം അയാളുടെ ഭാവിക്ക് ഗുണം ചെയ്യുന്നതാണെന്നതിനു സഞ്ജുവിന്റെ തന്നെ മുന്‍കാലം തെളിയിച്ചിട്ടുണ്ട്. ഹര്‍ദിക് പാണ്ഡ്യയേയും ലോകേഷ് രാഹൂലിനെയും അതുപോലെ തന്നെ മറ്റൊരു മലയാളി കൂടിയായ കരുണ്‍ നായര്‍ക്കുമെല്ലാം ടീം ഇന്ത്യയില്‍ സ്ഥാനം കിട്ടാന്‍ ഐപിഎല്‍ പ്രകടനങ്ങളാണ് സഹായം ചെയ്തത്. സഞ്ജുവിനും ഇതേ വഴി വളരെ ഉപകാരപ്പെടും. എന്നാല്‍ അയാള്‍ സ്വയം തെളിയിക്കേണ്ടതുണ്ട്.

അയാള്‍ ഫോം വീണ്ടെടുക്കുമായിരിക്കും. എന്നാല്‍ ഏതുതരം നടപടിയാണ് സഞ്ജുവിനുമേല്‍ കെസിഎയുടെ ഭാഗത്തു നിന്നും ഉണ്ടാവുക എന്നതിനെ ആശ്രയിച്ചിരിക്കും ഈ ക്രിക്കറ്ററുടെ ഭാവി. എന്നന്നേക്കുമായി ഒന്നും അവസാനിക്കില്ലെങ്കിലും പിന്നീടുള്ള യാത്ര സഞ്ജു സാംസണ് ദുര്‍ഘടമായിരിക്കും. കെസിഎ നിയോഗിച്ച നാലംഗ സമിതി എതിരായ റിപ്പോര്‍ട്ടാണ് സമര്‍പ്പിക്കുന്നതെങ്കില്‍ കാത്തിരിക്കുന്നത് ബാക്കിയുള്ള രഞ്ജി മത്സരങ്ങളില്‍ നിന്നുള്ള വിലക്കാകാം, അല്ലെങ്കില്‍ മാച്ച് ഫീസ് പിഴയായി ഒടുക്കലായിരിക്കാം. അതല്ലെങ്കില്‍ ആറുമാസത്തെ വിലക്ക് സഞ്ജുവിനെ തേടിയെത്താം. അങ്ങനെയെങ്കില്‍ അടുത്ത ഐപിഎല്‍ സീസണ്‍ നഷ്ടപെടും. രഞ്ജിയില്‍ നിന്നും ഐപിഎല്ലില്‍ നിന്നും പുറത്തായാല്‍ കേരളത്തിന്റെ പ്രതീക്ഷയെന്നു അഭിമാനിച്ചിരുന്ന ഒരു കളിക്കാരന് അതുമൂലമുണ്ടാകുന്ന നഷ്ടം ചെറുതാകില്ല. തീര്‍ത്തും ദുര്‍ഘടമായൊരു പിച്ചില്‍ അയാള്‍ക്ക് ബാറ്റ് ചെയ്യാന്‍ ഇടവരും. വിക്കറ്റ് നഷ്ടപ്പെടാതിരിക്കാന്‍ വളരെ പാടുപെടേണ്ടി വരും. സഞ്ജു ഇന്ത്യക്കായി കളിക്കുന്നത് കാണാന്‍ കാത്തിരിക്കുന്ന ഒരു നാടിനെ നിരാശയില്‍ വീഴ്ത്താതിരിക്കാന്‍ അയാള്‍ക്കു കഴിയുമോ?

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍