UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘സങ്കല്‍പ്’ ഇന്ന് ഒരു യാഥാര്‍ത്ഥ്യമാണ്

Avatar

ജെ. ബിന്ദുരാജ്

പ്രിയാ മേനോനെ പരിചയപ്പെടുക. അവരുടെ സങ്കല്‍പ് ക്രിയേറ്റീവ് വെന്‍ച്വഴേ്‌സിനേയും. നാല്‍പത്തിയഞ്ചുകാരിയായ ഈ യുവതി ഇന്ന് കേരളത്തിലെ വനിതാ തൊഴില്‍ സംരംഭകര്‍ക്ക് ഒരു ഊര്‍ജവും ഉത്തേജനവുമാണ്. ഇംഗ്ലീഷ് സാഹിത്യവും ഇന്റീരിയര്‍ ഡിസൈനിങ്ങും പഠിച്ച അവര്‍ ഇന്ന് അറിയപ്പെടുന്നത് സ്ത്രീശാക്തീകരണവും വനിതാ തൊഴില്‍ സംരംഭകത്വവും പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് വര്‍ഷാവര്‍ഷം കേരളത്തിന്റെ വിവിധയിടങ്ങളില്‍ നടത്തപ്പെടുന്ന സങ്കല്‍പ് ‘ക്രാഫ്റ്റ്‌സ് ആന്റ് വീവ്‌സ്’ എന്ന ലൈഫ്‌സ്‌റ്റൈല്‍ ഷോപ്പിംഗ് ഫെസ്റ്റിന്റെ പേരിലാണ്. വെറും ഒരു എക്‌സിബിഷന്‍ ആണ് അതെന്ന് തെറ്റിദ്ധരിക്കേണ്ട. നൂറുകണക്കിനു സ്ത്രീകളെ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കുന്ന ഒരു മഹാപ്രസ്ഥാനമായി വളരാന്‍ കെല്‍പുള്ള കൂട്ടായ്മയാണത്. തങ്ങളുടെ വീടുകളില്‍ നിര്‍മ്മിച്ച നിലവാരമുള്ള ഉല്‍പന്നങ്ങളുമായി കേരളത്തിന്റെ പലയിടങ്ങളില്‍ നിന്നും സ്ത്രീകള്‍ ആ പ്രദര്‍ശനത്തിന്റെ സ്റ്റാളുകളിലെത്തിയിരിക്കുന്നു. അവരുടെയെല്ലാം മുഖത്ത് ആത്മവിശ്വാസത്തിന്റെ നിറചിരിയുണ്ട്. നാളെ സ്വന്തം കാലില്‍ നില്‍ക്കാന്‍ രണ്ടു ദിവസങ്ങള്‍ മാത്രം നീളുന്ന ഈ പ്രദര്‍ശനം തങ്ങളെ സഹായിക്കുമെന്ന് അവര്‍ക്കുറപ്പുണ്ട്. കൊച്ചിയിലെ പനമ്പിള്ളി നഗറിലുള്ള റോട്ടറി ബാലഭവനില്‍ അതിന്റെ ഒമ്പതാം എഡിഷന് നവംബര്‍ 14ന് രാവിലെ പത്തു മണിക്ക് തുടക്കമായി. നവംബര്‍ 15ാം തീയതി വൈകുന്നേരം ഏഴു മണി വരെ സ്ത്രീ സംരംഭകരുടെ ഉല്‍പന്നങ്ങള്‍ മാത്രം വില്‍പനയ്‌ക്കെത്തിച്ചിരിക്കുന്ന ഈ പ്രദര്‍ശനം നീളും. 

രാജ്യത്തെമ്പാടു നിന്നുമുള്ള അറുപതിലധികം വിദഗ്ധരായ സ്ത്രീ കലാകാരന്മാരും വനിതാ തൊഴില്‍ സംരംഭകരും പ്രിയാ മേനോന്‍ എന്ന മികച്ച സംഘാടക ലാഭേച്ഛയില്ലാതെ നടത്തുന്ന ഈ ഫെസ്റ്റില്‍ പങ്കാളികളായിട്ടുണ്ട്. സങ്കല്‍പ് ക്രാഫ്റ്റ് ആന്റ് വീവ്‌സ് എന്നു പേരിട്ടിരിക്കുന്ന ഈ പ്രദര്‍ശനത്തില്‍ സാരി, ചുരിദാര്‍, സ്‌കര്‍ട്ടുകള്‍ തുടങ്ങിയ വസ്ത്രങ്ങള്‍, വിവിധ തരത്തിലുള്ള കരകൗശല വസ്തുക്കള്‍, ഹാന്‍ഡ്‌മെയ്ഡ് ജുവലറി, ലൈഫ്‌സ്‌റ്റൈല്‍ ഉല്‍പന്നങ്ങള്‍ തുടങ്ങിയവയ്ക്കു പുറമേ ഭക്ഷ്യഉല്‍പന്നങ്ങളുമുണ്ട്. അറുപതോളം സ്റ്റാളുകളുള്ള ഈ മേളയിലേക്ക് കൊച്ചിയിലെ സ്ത്രീകളുടെ പ്രവാഹമാണെന്നറിയുമ്പോഴാണ് ഈ മേളയ്ക്ക് എത്രത്തോളം സ്വീകാര്യതയാണ് ഇതിനകം തന്നെ ഉണ്ടായിരിക്കുന്നതെന്ന് മനസ്സിലാകുക. കൊച്ചി നഗരത്തില്‍ ഇത്തരം ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന നൂറുകണക്കിനു ഷോപ്പുകള്‍ ഉണ്ടെങ്കിലും സ്ത്രീകളേയും കുടുംബങ്ങളേയും ഈ മേളയിലേക്ക് എത്തിക്കുന്നതിനു പിന്നില്‍ മറ്റു ചില ഘടകങ്ങള്‍ കൂടിയുണ്ട്. ഈ മേളയില്‍ പങ്കെടുക്കുന്നവര്‍ തങ്ങളുടെ ബിസിനസില്‍ തുടക്കക്കാരാണെന്നതാണ് അതിലൊന്ന്. സ്വയം തൊഴില്‍ കണ്ടെത്താന്‍ ശ്രമിക്കുന്ന ഈ സ്ത്രീകളുടെ തൊഴില്‍ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് നാളെ അവര്‍ക്ക് സ്വന്തമായി അവരുടെ ജീവിതം കെട്ടിപ്പടുക്കാന്‍ സഹായിക്കുമെന്നതാണ് അതില്‍ പ്രധാനം. 

”നാട്ടിന്‍പുറങ്ങളിലും നഗരപ്രദേശങ്ങളിലും താമസിക്കുന്ന സ്ത്രീകള്‍ക്ക് പലവിധത്തിലുള്ള തൊഴിലുകള്‍ ചെയ്യാനുള്ള ശേഷിയുണ്ടെങ്കിലും തങ്ങളുടെ ഉല്‍പന്നങ്ങളും കലാപരമായ സൃഷ്ടികളും വിപണനം ചെയ്യുന്ന കാര്യത്തില്‍ പലരും പരാജയമാണ്. മികച്ച ഉല്‍പന്നങ്ങളാണെങ്കില്‍ പോലും അവ വിപണനം ചെയ്യുന്നതില്‍ അവര്‍ക്ക് പരിമിതികള്‍ ഏറെയുണ്ട്. സങ്കല്‍പ് നടത്തിവരുന്ന ഇത്തരത്തിലുള്ള മേളകളിലൂടെ സ്ത്രീകള്‍ക്ക് നേരിട്ട് ഉപഭോക്താക്കളുമായി ഇടപഴകാനും അവരുടെ ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും അവ വില്‍ക്കാനും അവസരമൊരുങ്ങുന്നു. ഇത് സ്വന്തം ബിസിനസ് സംരംഭങ്ങള്‍ കെട്ടിപ്പടുക്കാനുള്ള മൂലധനം അവര്‍ക്കുണ്ടാക്കി നല്‍കുമെന്നതിനു പുറമേ, സമൂഹവുമായി ഇടപഴകാനും കൂടുതല്‍ സാമ്പത്തികഭദ്രത തങ്ങളുടെ കുടുംബങ്ങളിലേക്ക് എത്തിക്കാനും അവരെ സഹായിക്കുകയും ചെയ്യുന്നു,” പ്രിയാ മേനോന്‍ പറയുന്നു. വനിതാ സംഘങ്ങളും സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളും സാമൂഹ്യ സംഘടനകളും സര്‍ഗാത്മകരായ വ്യക്തികളും തങ്ങള്‍ നിര്‍മ്മിച്ച വ്യത്യസ്തങ്ങളായ ഉല്‍പന്നങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. 

എന്താണ് പ്രിയ മേനോന്‍ എന്ന യുവതി ഇത്തരമൊരു ഉദ്യമത്തിനിറങ്ങിത്തിരിക്കാന്‍ കാരണം? ഭര്‍ത്താവിന്റെ തണലില്‍ മാത്രം കഴിയുകയും സമൂഹത്തില്‍ മുന്നേറാന്‍ മടിച്ചുനില്‍ക്കുകയും ചെയ്യുന്ന സ്ത്രീകളെ സ്വയം പര്യാപ്തരാക്കാനുള്ള മനസ്സാണ് അതിനു പിന്നിലെന്ന് വ്യക്തം. ചെറുപ്പകാലത്തു തന്നെ കവിതയെഴുത്ത് ഹരമായിരുന്ന പ്രിയയുടെ മനസ്സിനെ പലതരത്തിലുള്ള സാമൂഹ്യവിവേചനങ്ങള്‍ക്ക് വിധേയരാകുന്ന സ്ത്രീകളെക്കുറിച്ചുള്ള ചിന്തകള്‍ വല്ലാതെ അലട്ടിയിരുന്നു. സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് നാട്ടിമ്പുറങ്ങളില്‍ നടക്കുന്ന പല പരിപാടികളും സ്ത്രീകള്‍ക്ക് ദിവസക്കൂലി നേടുന്നതിനു സഹായിക്കുന്നതിനപ്പുറം അവരെ തൊഴില്‍ സംരംഭകരാക്കി മാറ്റുന്നതിലേക്ക് മാറുന്നില്ലെന്ന തിരിച്ചറിവാണ് സങ്കല്‍പ് എന്ന പുതിയൊരു സങ്കല്‍പം യാഥാര്‍ത്ഥ്യമാക്കാന്‍ പ്രിയയെ പ്രേരിപ്പിച്ചത്. 

സ്വന്തം കുടുംബത്തില്‍ തന്നെ പലവിധ കരകൗശല വസ്തുക്കള്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ള നിരവധി പേരുള്ളത് തിരിച്ചറിഞ്ഞാണ് അവര്‍ക്കായി എന്തുകൊണ്ട് ഒരു പ്രദര്‍ശനവില്‍പന നടത്തിക്കൂടാ എന്ന ചിന്ത 2009ല്‍ പ്രിയയുടെ മനസ്സിലെത്തുന്നത്. ഈ പരിപാടിയില്‍ വനിതാ സംഘടനകളെക്കൂടി ഭാഗഭാക്കാനായിരുന്നു പിന്നീടുള്ള നീക്കം. തുടര്‍ന്നാണ് സ്ത്രീ സംഘടനകളായ പ്രേരണ, അഹല്യ തുടങ്ങിയവരുമായി ബന്ധപ്പെടുന്നത്. മകന്‍ വരുണിന്റെ സ്‌കൂളില്‍ പ്രിന്‍സിപ്പാളിന്റെ അനുമതിയോടെ സ്‌കൂള്‍ ഹാളിലായിരുന്നു സങ്കല്‍പിന്റെ ആദ്യ പ്രദര്‍ശനം. 2009ല്‍ യാതൊരു വിധ പബ്ലിസിറ്റിയോ പത്രവാര്‍ത്തകളോ നല്‍കാതെ നടത്തിയ ആ പ്രദര്‍ശനം വന്‍ വിജയമായതോടെയാണ് പ്രിയ ഇത് വര്‍ഷം തോറും നടത്താന്‍ തീരുമാനിച്ചത്. സ്ത്രീസംഘടനകളും വനിതാ സംരംഭകരും നല്‍കിയ പ്രോത്സാഹനമാകട്ടെ അതിനെ കേവലം അഞ്ചു വര്‍ഷങ്ങള്‍ കൊണ്ട് അതിന്റെ ഒമ്പതാം എഡിഷനിലെത്തിക്കുകയും ചെയ്തിരിക്കുന്നു. ഏഴ് പ്രദര്‍ശനങ്ങള്‍ സ്വന്തം നാടായ പാലക്കാടാണ് നടത്തിയതെങ്കില്‍ രണ്ടെണ്ണം കൊച്ചിയിലാണ്. അതില്‍ കൊച്ചിയിലെ പ്രദര്‍ശനത്തിനാണ് ഇന്ന് തുടക്കം കുറിച്ചിരിക്കുന്നത്. 

സങ്കല്‍പ് എന്ന പദത്തിന് സംസ്‌കൃതത്തില്‍ ഇച്ഛാശക്തിയെന്നാണ് അര്‍ത്ഥം. ഈ പ്രദര്‍ശനത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ ഭാഗഭാക്കായ പല സ്ത്രീകളും ഇന്ന് തങ്ങളുടെ സ്വന്തം ബിസിനസ് സ്ഥാപനങ്ങള്‍ക്ക് തുടക്കമിട്ടു കഴിഞ്ഞുവെങ്കിലും (പലരും ഓണ്‍ലൈന്‍ ബിസിനസുകളിലും സജീവമാണ്) അവരെല്ലാം ഇപ്പോഴും പ്രിയയുടെ പ്രദര്‍ശനം എന്നുകേട്ടാലുടനെ അതില്‍ സ്റ്റാളുകള്‍ ബുക്ക് ചെയ്യും. കാരണം തങ്ങളെ പുതിയ രീതിയില്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ചതും സ്വന്തം കാലില്‍ നില്‍ക്കാന്‍ സഹായിച്ചതും ആ യുവതിയാണെന്ന് അവര്‍ക്കറിയാം. മാത്രവുമല്ല തങ്ങളുടെ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിലെ യാതൊരു കമ്മീഷനും ആ സ്ത്രീ വാങ്ങുന്നുമില്ല. സ്ത്രീകള്‍ക്ക് പുറംലോകത്തേക്ക് കുതിക്കാന്‍ ഒരു പ്ലാറ്റ്‌ഫോം ഒരുക്കുക മാത്രമാണ് പ്രിയ ചെയ്യുന്നത്. പ്രിയയുടെ സംഘടന ഇപ്പോള്‍ പാലക്കാട്ട് സ്ത്രീകളുടെ ഉന്നമനത്തിനായി സ്ഥിരമായി വിവിധ വര്‍ക്ക്‌ഷോപ്പുകളും സ്ത്രീകള്‍ അണിയറയില്‍ പ്രവര്‍ത്തിച്ച സിനിമകളും ഷോര്‍ട്ട്ഫിലിമുകളുമൊക്കെയുള്ള ചലച്ചിത്രോത്സവങ്ങളും നടത്തുന്നുണ്ട്. 500ല്‍ അധികം വനിതാ സംരംഭകര്‍ക്ക് ഇതിനകം പ്രത്യാശയുടെ കിരണം സമ്മാനിച്ചിരിക്കുന്നു ഈ യുവതി. സ്ത്രീശാക്തീകരണത്തിന് സ്ത്രീകളുടെ പ്രിയപ്പെട്ട ഒരു മാതൃകയാകുകയാണ് പ്രിയ മേനോന്‍ എന്ന ഈ പാലക്കാട്ടുകാരിയെന്ന് ചുരുക്കം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍