UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഏറെയാരുമറിയാത്ത ഒരു മുഖചിത്രകാരന്‍- ശങ്കരനാരായണ മാരാരെ ഓര്‍ക്കുമ്പോള്‍

Avatar

ജി.വി.രാകേശ്

കഥയോ കവിതയോ എന്തോ ആവട്ടെ പുസ്തകത്തിന്റെ പുറംചട്ട വായനക്കാരന്‍റെ മനസ്സില്‍ മിക്കവാറും തങ്ങി നില്‍ക്കും. പക്ഷെ ചിത്രം വരച്ചയാളുടെ പേര് ഉള്ളില്‍ കൊടുത്താലും അത് ഓര്‍ത്തു വെയ്ക്കുക അപൂര്‍വ്വം. കമ്പ്യൂട്ടര്‍ ഉപയോഗിച്ചുള്ള പുറംചട്ട ഡിസൈനിങ്ങ് വരുന്നതിന് മുന്‍പ് പുസ്തകങ്ങളുടെ പുറംചട്ട ഒരുക്കിയ നിരവധി ചിത്രകാരന്മാരുണ്ടായിരുന്നു. അങ്ങനെ ഒരാളാണ് തലശേരി കതിരൂരിലെ കെ. ശങ്കരനാരായണ മാരാര്‍. 1200-ല്‍ പരം പുസ്തകങ്ങള്‍ക്കാണ് മാരാര്‍ പുറംചട്ടയൊരുക്കിയത്. ഒ. ചന്തുമേനോന്‍, കേശവദേവ്, ചെറുശ്ശേരി, കുമാരനാശാന്‍, വള്ളത്തോള്‍, കുഞ്ചന്‍ നമ്പ്യാര്‍, എസ്. കെ. പൊറ്റക്കാട്, സി. വി. രാമന്‍പിള്ള, കെ. ടി. മുഹമ്മദ്, നാലപ്പാട്ട്, ടാഗോര്‍, എം. ടി.വാസുദേവന്‍ നായര്‍, ടി. പത്മനാഭന്‍, എം. മുകുന്ദന്‍, മാടമ്പ് ഇങ്ങനെ നീളുന്നു ശങ്കരനാരായണ മാരാര്‍ മുഖചിത്രം വരച്ച എഴുത്തുകാര്‍.

60കളില്‍ പുസ്തകങ്ങളുടെ  പുറം ചട്ടകള്‍ക്ക് അത്ര പ്രാധാന്യമൊന്നുമുണ്ടായിരുന്നില്ല. ഉള്ളടക്ക സന്ദര്‍ഭത്തിന്റെ  നേര്‍ചിത്രീകരണങ്ങളായിരുന്നു വരച്ചു ചേര്‍ത്തിരുന്നത്. പുസ്തകത്തിന്റെയും, എഴുത്തുകാരുടെയും പേരുമാത്രമടങ്ങിയവയായിരുന്നു പല പുസ്തകങ്ങളും. 70കളോടെ ഈ രീതി പാടെ മാറി. അമൂര്‍ത്തമായ ചിത്രങ്ങള്‍ പുറംചട്ടകളായി വരച്ചു ചേര്‍ത്തു തുടങ്ങി. ചുരുങ്ങിയ വരകളിലൂടെയും കാഠിന്യം കുറഞ്ഞ നിറങ്ങളിലൂടെയും ഈ കാലയളവില്‍ പരീക്ഷണങ്ങള്‍ നടന്നു. ഇതിനു മുന്‍പന്തിയില്‍ നിന്ന ചിത്രകാരന്മാരില്‍ ഒരാള്‍ മാരാരായിരുന്നു.


ശങ്കരനാരായണ മാരാര്‍

കതിരൂര്‍ സുര്യ നാരായണ ക്ഷേത്രത്തിനു സമീപത്തെ ‘പ്രസാദം’എന്ന വീട്ടിലെ ലൈബ്രറിയിലുള്ളത് മാരാര്‍ പുറംചട്ട മെനഞ്ഞ പുസ്തകങ്ങള്‍ മാത്രം. ഇത്തരമൊരു പുസ്തക ശേഖരം തന്നെ വിരളമായിരിക്കാം. വൈദ്യുതി ബോര്‍ഡില്‍ സബ് എഞ്ചിനിയറായിരുന്നു അദ്ദേഹം. 1964ല്‍ കോഴിക്കോട്ട് ജോലി ചെയ്തിരുന്നപ്പോള്‍ തുടങ്ങിയതാണ് പുസ്തകങ്ങളുടെ ഈ മുഖം മിനുക്കല്‍. കെ.ആര്‍. ബ്രദേഴ്‌സ്, പി. കെ. ബ്രദേഴ്‌സ് തുടങ്ങിയ സ്ഥാപനങ്ങളുടെ പുസ്തകങ്ങള്‍ ആദ്യം ചെയ്തു ഒരു കൊല്ലത്തിനകം കോഴിക്കോട് പൂര്‍ണ്ണ പബ്ലിഷിംഗ് കമ്പനിയുമായി ബന്ധപ്പെട്ടു. തുടര്‍ന്നങ്ങോട്ട് ‘മാതൃഭൂമി ഗ്രന്ഥവേദി’,എന്‍. ബി. എസ്. എന്നിവയ്ക്കുവേണ്ടിയും പുറം കവറുകള്‍ ഒരുക്കി.

ശങ്കരനാരായണ മാരാരെക്കുറിച്ചും, അദ്ദേഹത്തിന്റെ ചിത്രങ്ങളെക്കുറിച്ചും പ്രശസ്ത ചിത്രകാരനും,  ചിത്രകലാ ഗവേഷകനുമായ കെ.കെ.മാരാര്‍ പറയുന്നതിങ്ങനെ:  ‘ഓരോ പുസ്തകക്കവറും ഓരോ പെയിന്റിങ്ങാക്കി മാറ്റുന്നതായിരുന്നു ശങ്കരനാരായണ മാരാരുടെ രീതി. പുസ്തകക്കവറുകള്‍ കാന്‍വാസ് ചിത്രങ്ങളെപ്പോലെ പഠന വിഷയമാക്കുകയോ അല്ലങ്കില്‍ വലിയ കാന്‍വാസുകളിലാക്കി പ്രദര്‍ശിപ്പിക്കുകയോ ചെയ്തിരുന്നുവെങ്കില്‍ ശങ്കരേട്ടന്‍ എന്ന സൃഷ്ടാവും,  അദ്ദേഹത്തിന്റെ സൃഷ്ടിയും കേരളത്തിലെ പ്രമുഖ ചിത്രകാരന്മാരുടെ ഇടയില്‍ സ്ഥാനം പിടിക്കുമായിരുന്നു. ശങ്കരേട്ടന്‍ മുഖചിത്രം വരച്ചിട്ടുള്ള മിക്ക പുസ്തകങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്, നിരൂപണം ചെയ്യപ്പെട്ടിട്ടുണ്ട്. സാഹിത്യത്തിലെ നിരൂപണശാഖ സൂക്ഷ്മമായി വിലയിരുത്തിയാല്‍ ഒരു കാര്യം മനസ്സിലാവും ആ പുസ്തകത്തിന്റെ ഉള്ളടക്കത്തിലെ സാഹിത്യത്തെക്കുറിച്ചു മാത്രമാണ് നിരൂപണം ലക്ഷ്യമാക്കിയിട്ടുള്ളൂ. വിഷയത്തെ എത്ര ശക്തമായി ഭാഷാന്തരം ചെയ്ത് ചിത്ര രൂപത്തില്‍ അതിന് പുറംചട്ട രചിച്ചാലും നിരൂപകന്റെ ശ്രദ്ധയുടെ അടുത്തേയ്ക്ക് പോലും എത്താറില്ല. അതിനുകാരണം അവര്‍ സാഹിത്യ നിരൂപകര്‍ മാത്രമാണ്. ചിത്ര നിരൂപകരല്ല. എം. എന്‍. വിജയനെപ്പോലുള്ളവരെ ഇതില്‍ നിന്നും മാറ്റി നിര്‍ത്താം. മലയാളത്തിലെ ചിത്ര നിരൂപണശാഖ സാഹിത്യ നിരൂപണം പോലെ പടര്‍ന്ന് പന്തലിച്ചിട്ടില്ല. സാഹിത്യത്തെപ്പോലെ വിലയിരുത്തേണ്ടവ തന്നെയാണ് മുഖചിത്രങ്ങളായിട്ടുള്ള ശങ്കരേട്ടന്റെ കനപ്പെട്ട പല ചിത്രങ്ങളും.”

‘അതേ സമയം കഥ, കവിത, നോവല്‍ തുടങ്ങിയവയ്ക്ക് അനുബന്ധമായി മലയാളത്തിലെ പല വാരികയിലും വന്നിട്ടുള്ള രേഖാചിത്രങ്ങള്‍ പലപ്പോഴും സാഹിത്യത്തോളം തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണമായി എം.ടി.യുടെ രണ്ടാമൂഴത്തിന് നമ്പൂതിരിയുടെ വര, ബഷീറിന്റെ ബാല്യകാല സഖിക്ക് എം.വി.ദേവന്റെ വര എന്നിവ എടുത്തുപറയാം. രേഖാ ചിത്രങ്ങള്‍ സൃഷ്ടിന്മുഖമായ പേയ്ന്റിങ്ങുകളായി രൂപാന്തരം പ്രാപിച്ചു. എ.എസ്.നായര്‍, ചന്ദ്രശേഖരന്‍, മദനന്‍, ഷറീഫ്, സി.എന്‍.കരുണാകരന്‍, ഭാസ്‌കരന്‍ തുടങ്ങി കരുത്തുറ്റ ചിത്രകാരന്മാരുടെ നിരതന്നെ നമുക്ക് കാണാനാവും. പക്ഷെ ശങ്കരേട്ടന്‍ ഇക്കൂട്ടത്തില്‍ വന്നില്ലെന്നതാണ് സത്യം.’ കെ. കെ. മാരാര്‍ കൂട്ടിച്ചേര്‍ക്കുന്നു.

‘അച്ഛന്‍ ഓരോ പുസ്തകവും വളരെ ആഴത്തില്‍ വായിച്ചും, എഴുത്തുകാരനുമായി സംവദിച്ചുമാണ് മുഖചിത്രങ്ങള്‍ തയ്യാറാക്കിയിരുന്നത്. ഒരിക്കല്‍ കുഞ്ഞുണ്ണി മാഷ് അച്ഛനെക്കാണാന്‍ കക്കയത്തെ വീട്ടില്‍ വന്നിരുന്നു. അച്ഛന്‍ മാഷുടെ ഒരു പുസ്തകത്തിന്‍റെ കവര്‍ ചെയ്യുകയാണ് അപ്പോള്‍. മുഖച്ചിത്രം ചെയ്യുമ്പോള്‍ അതില്‍ പുട്ടും കുറ്റിക്ക് കൈയ്യും, കാലും വെച്ച ഒരു രൂപം ഉള്‍ക്കൊള്ളിക്കണമെന്ന് അദ്ദേഹം അച്ഛനോട് പറഞ്ഞത് ഇന്നും എനിക്ക് ഓര്‍മ്മയുണ്ട്.’  മകനും, കൂത്തുപറമ്പ് ഹൈസ്‌കൂള്‍ അധ്യാപകനുമായ എസ്.ജയദീപ് പറഞ്ഞു.

ചിത്രകാരനും, അധ്യാപകനുമായ പ്രേമന്‍ പൊന്ന്യം മാരാരെ ഓര്‍ക്കുന്നതിങ്ങനെ: ‘എണ്ണച്ചായമായാലും, അക്രിലിക്കായാലും ശങ്കരേട്ടന്റെ ചിത്രങ്ങള്‍ക്ക് ജലച്ചായത്തിന്റെ അനുഭൂതിയാണുണ്ടാവുക. ആശയവ്യക്തത, ട്രാന്‍സ്പരന്‍സി എന്നിവ എടുത്തുപറേണ്ടവയാണ്. ഉത്തരാധുനികത കൊട്ടിഘോഷിക്കുന്നതിനു മുമ്പ് അത്തരത്തിലുള്ള ചിത്രങ്ങളാണ് മാരാര്‍ ചെയ്തിരുന്നത്. പുസ്തകങ്ങളുടെ കവറുകള്‍ ആ ഗണത്തില്‍പ്പെട്ടതാണ്.’

‘ദേഷ്യം വരുമ്പോള്‍ വരയ്ക്കുക അപ്പോള്‍ നല്ലൊരു പെയിന്റിങ്ങ് കിട്ടും എന്ന് ഞങ്ങളോടെന്നും പറയും. ക്യാമ്പുകളില്‍ ഞങ്ങളെപ്പോലുള്ളവര്‍ വരയാന്‍ തുടങ്ങുമ്പോഴേയ്ക്കും അദ്ദേഹം പകുതി വരച്ചിട്ടുണ്ടാവും. വലിയ സ്‌ട്രോക്‌സാണ് ഉപയോഗിക്കുക. ഏത് കഠിന വര്‍ണ്ണത്തേയും അതേപടി ഉപയോഗിക്കാതെ വെള്ള നിറം ചേര്‍ത്ത് മെലഡിയാക്കുക. കൂടുതല്‍ വര്‍ണ്ണങ്ങള്‍ ഉപയോഗിക്കുക. ലൈറ്റില്‍ നിന്ന് ഡാര്‍ക്കിലേക്ക് എന്നതൊക്കെ അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. അത് അദ്ദേഹത്തിന്റെ സ്വഭാവത്തില്‍പ്പോലും കാണാനാവും. നേരിയ ശബ്ദവും, പക്വതയാര്‍ന്ന പെരുമാറ്റവും ചിത്രങ്ങളെപ്പോലെത്തന്നെ മനസ്സില്‍ നിറഞ്ഞു നില്ക്കും’  പ്രേമന്‍ പൊന്ന്യം പറഞ്ഞു. 

1993ല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചതോടെയാണ്  മാരാര്‍ ഈ രംഗത്തോട് വിടപറഞ്ഞത്. അപ്പോഴേക്കും കമ്പ്യൂട്ടര്‍ വിപ്ലവം പുസ്തക മേഖലയിലും എത്തിച്ചേര്‍ന്നു. അതോടെ  കൈകൊണ്ട്  വരച്ചെടുക്കുന്ന പുറം ചട്ടകള്‍ മെല്ലെ പിന്നാക്കം വലിഞ്ഞു

വിരമിച്ചശേഷം പൂര്‍ണ്ണമായും ചിത്രരചനയിലേക്ക് മാറി. സാമൂഹ്യപ്രശ്‌നങ്ങള്‍ വിവരിക്കുന്ന ഹ്യൂമന്‍ സ്‌കേപ്പ് പരമ്പര, വര്‍ണ്ണലയം എന്ന പ്രകൃതിദൃശ്യ പരമ്പര, പറവകളെപ്പറ്റിയുള്ള പരമ്പര എന്നീ രചനകളിലൂടെ മാരാര്‍ ചിത്രകലാലോകത്തും ശ്രദ്ധേയ സാന്നിധ്യമറിയിച്ചു. 1978ല്‍ കേരളാ ലളിതകലാ അക്കാദമിയുടെ ഉന്നത ബഹുമതി പത്രവും ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ തന്നെ ആദ്യമായി ഒരു ഗ്രാമ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ആര്‍ട് ഗ്യാലറി കതിരൂരില്‍ സ്ഥാപിക്കാന്‍ നേതൃത്വം നല്‍കിയതും ശങ്കരനാരായണ മാരാരാണ്.

(കെ. ശങ്കര നാരായണമാരാര്‍ വിടവാങ്ങിയിട്ട് ഇന്നേക്ക് രണ്ടു വര്‍ഷം തികയുന്നു.)

 

*Views are personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍